scorecardresearch

2024 മാർച്ച് മാസത്തിലെ നക്ഷത്രഫലം, മൂലം മുതല്‍ രേവതി വരെ: March 2024 Horoscope

മൂലം മുതല്‍ രേവതി വരെ വരെയുള്ള ആദ്യ ഒന്‍പതു നക്ഷത്രങ്ങളുടെ മാർച്ച് മാസത്തിലെ നക്ഷത്രഫലമാണ്, ഇവിടെ അവതരിപ്പിക്കുന്നത്

മൂലം മുതല്‍ രേവതി വരെ വരെയുള്ള ആദ്യ ഒന്‍പതു നക്ഷത്രങ്ങളുടെ മാർച്ച് മാസത്തിലെ നക്ഷത്രഫലമാണ്, ഇവിടെ അവതരിപ്പിക്കുന്നത്

author-image
S. Sreenivas Iyer
New Update
March Horoscope

March 2024 Horoscope Astrological Predictions

മാർച്ച് 13 വരെ കുംഭമാസമാകയാൽ ആദിത്യൻ കുംഭം രാശിയിലും തുടർന്ന് മീനമാസമാകയാൽ ആദിത്യൻ മീനം രാശിയിലും സഞ്ചരിക്കും. ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി എന്നീ ഞാറ്റുവേലകൾ മാർച്ചിലുണ്ട്. മാർച്ച് 31 ന് രേവതി ഞാറ്റുവേല തുടങ്ങും.

Advertisment

ചന്ദ്രൻ മാർച്ച് ഒന്നിന് കൃഷ്ണപക്ഷ ഷഷ്ഠി ചോതി നക്ഷത്രത്തിലാണ്. മാർച്ച് 31 നും കൃഷ്ണപക്ഷ ഷഷ്ഠി തന്നെയാണ്. നക്ഷത്രം തൃക്കേട്ടയും. മാർച്ച് 10 ന് ആണ് അമാവാസി അഥവാ കറുത്തവാവ്; മാർച്ച് 25 ന് പൗർണമി അഥവാ വെളുത്തവാവും. 

മാർച്ച് 15 ന് ചൊവ്വ കുംഭം രാശിയിൽ പ്രവേശിക്കുന്നു. ബുധൻ മാർച്ച് 7 ന് മീനത്തിലും മാർച്ച് 25 ന് മേടത്തിലും സംക്രമിക്കും. 

മാർച്ച് 15 ന് ബുധൻ്റെ മൗഢ്യം തീരുന്നു. മീനം രാശി ബുധൻ്റെ നീച ക്ഷേത്രമാണ്. വ്യാഴം മേടം രാശിയിൽ ഭരണി നക്ഷത്രത്തിലാണ് തുടരുന്നത്.

Advertisment

ശുക്രൻ മാർച്ച് 7 ന് കുംഭത്തിലും മാർച്ച് 18 ന് മീനത്തിലും പകരുന്നു. മീനം ശുക്രൻ്റെ ഉച്ചരാശിയാണ്. ശനി കുംഭം രാശിയിൽ ചതയം നക്ഷത്രത്തിൽ തുടരുന്നു. മാർച്ച് 18 ന് ശനിയുടെ വാർഷികമായ മൗഢ്യം തീരുകയുമാണ്. 

രാഹു മീനം രാശിയിൽ രേവതി നക്ഷത്രത്തിൻ്റെ രണ്ടാം പാദത്തിലാണ്. കേതു കന്നിരാശിയിൽ ചിത്തിര നക്ഷത്രത്തിൽ സഞ്ചരിക്കുന്നു. മാർച്ച് 6-ാം തീയതി മുതൽ കേതു അത്തം നാളിലാണ് സഞ്ചരിക്കുക. രാഹുകേതുക്കളുടെ സഞ്ചാരം പിന്നിലേക്കാണ്. ഇതിനെ 'അപസവ്യഗതി'  (Anti Clockwise) എന്ന് വിളിക്കുന്നു.

ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ 2024 മാർച്ച് മാസത്തിലെ മൂലം മുതല്‍ രേവതി വരെയുള്ള  ഒന്‍പത്  നക്ഷത്രങ്ങളുടെ സമ്പൂർണ്ണ നക്ഷത്രഫലം ഇവിടെ അവതരിപ്പിക്കുന്നു.

മൂലം

കാലം താരതമ്യേന അനുകൂലമാണ്. സഹായസ്ഥാനത്ത് ആദിത്യനും ശനിയും ഉള്ളതിനാൽ ഒറ്റയ്ക്കല്ല എന്നും, പിന്തുണയ്ക്ക് ആളുണ്ടെന്നും ബോധ്യമാകും. പ്രവർത്തനങ്ങൾക്ക് സ്വീകാര്യത ലഭിക്കുന്നതാണ്. സാമ്പത്തിക ഇടപാടുകൾ ലാഭകരമായേക്കും. പണയവസ്തു തിരിച്ചെടുക്കാൻ കഴിയുന്നതാണ്.  

കുടുംബത്തിലെ വൃദ്ധജനങ്ങളുടെ ആരോഗ്യസ്ഥിതിയിലെ ആശങ്ക ഒഴിയും. വാഗ്ദാനം പാലിക്കാനായേക്കും. അന്യനാട്ടിൽ കഴിയുന്നവർക്ക് ജന്മദേശത്തേക്ക് മടങ്ങാൻ സാധിക്കുന്നതാണ്. പുതുകച്ചവടം തുടങ്ങാൻ കടയ്ക്ക് അഡ്വാൻസ് നൽകാനാവും. ഇടയ്ക്കിടെ ആലസ്യം, വാക്കുകൾ പരുഷമായിത്തീരുക തുടങ്ങിയ അനുഭവങ്ങളും സാധ്യതകൾ.

പൂരാടം

നിലവിലെ തൊഴിലിൽ അസംതൃപ്തി തുടരും. എന്നാൽ ഇപ്പോഴത്തെ ജോലി ഉപേക്ഷിച്ച് പുതിയത് തേടുന്നത് അല്പം സാഹസമായിരിക്കും. മുതിർന്നവരുടെ വാക്കുകൾ സ്വീകരിച്ചേക്കില്ല. വിലകൂടിയ ആഭരണങ്ങൾ വാങ്ങുന്നതാണ്. വിദ്യാർത്ഥികൾക്ക് പ്രൊഫഷണൽ കോഴ്സുകൾക്ക് പ്രവേശനം ലഭിക്കും.

പൊതുവിഷയങ്ങളിൽ ഖണ്ഡിതമായ അഭിപ്രായം പറയുന്നത് ശത്രുക്കളെ സൃഷ്ടിക്കാനിടയുണ്ട്. നാലാമെടത്തിലെ രാഹു ഗാർഹിക ക്ലേശങ്ങൾക്ക് കാരണമാകുന്നതാണ്. മാതൃബന്ധുക്കളുടെ സഹകരണം കുറയാം. നാട്ടിലെ ഉത്സവനടത്തിപ്പിൽ ഭാഗഭാക്കാകും. കലാപരമായ കഴിവുകൾ ജനങ്ങളുടെ അംഗീകാരം നേടും.

ഉത്രാടം

നക്ഷത്രാധിപൻ ആയ ആദിത്യന് പാപയോഗം വരുന്നതിനാൽ കൂട്ടുകെട്ടുകൾ ദോഷത്തിന് കാരണമാകാം. പ്രവർത്തനങ്ങളുടെ മുൻഗണന തീർപ്പുകല്പിക്കുന്നതിൽ പാളിച്ച സംഭവിച്ചേക്കാം. ഗാർഹിക കാര്യങ്ങളിൽ അലംഭാവം വരുന്നതാണ്. വേണ്ടപ്പെട്ടവരോട് ശത്രുതാ മനോഭാവം പുലർത്തും. ധനപരമായി ഞെരുക്കം അനുഭവപ്പെടുന്നതാണ്.

സാമൂഹികമായ അംഗീകാരം കിട്ടിയേക്കില്ല. മാസത്തിൻ്റെ രണ്ടാം പകുതിയിൽ സാമ്പത്തിക ഗുണം പ്രതീക്ഷിക്കാം. പുതിയ അവസരങ്ങൾ തേടി വരുന്നതാണ്. ചെലവുകൾ നിയന്ത്രിക്കാനുള്ള ആത്മാർത്ഥ ശ്രമം ഫലിച്ചേക്കും. സാങ്കേതിക കാര്യങ്ങൾ പഠിക്കാനുള്ള ശ്രമം നടത്തുന്നതാണ്.

തിരുവോണം

ജന്മരാശിയിൽ ചൊവ്വ തുടരുകയാൽ മാനസിക സംഘർഷമുണ്ടാവും. വൈകാരിക പ്രതികരണമേറും. എല്ലാക്കഴിവുകളും ചിലപ്പോൾ പ്രയോജനപ്പെടുത്താൻ കഴിഞ്ഞേക്കില്ല. ചിന്തിക്കാതെ തീരുമാനങ്ങൾ കൈക്കൊള്ളാനിടയുണ്ട്. പതിവ് രോഗപരിശോധനകൾ മുടക്കരുത്.

മാസത്തിൻ്റെ രണ്ടാം പകുതി മുതൽ മെച്ചപ്പെട്ട ഫലങ്ങൾ ഉണ്ടാവും. രാഷ്ട്രീയത്തിൽ ആത്മവിശ്വാസപൂർവ്വം പ്രവർത്തിക്കും. ഉദ്യോഗസ്ഥർക്ക് അധികാരമുള്ള പദവി ലഭിക്കുന്നതാണ്. ബിസിനസ്സിൽ നേട്ടങ്ങൾ സ്വാഭാവികമായി വന്നുചേരും. കുടുംബത്തിൻ്റെ ആവശ്യങ്ങൾ ഭംഗിയായി നിറവേറ്റുന്നതാണ്. സാമ്പത്തിക മെച്ചം കരഗതമാവും.

അവിട്ടം

പന്ത്രണ്ട്, ജന്മരാശി, രണ്ടാമെടം എന്നീ ഭാവങ്ങളിൽ രണ്ടോ അതിലധികമോ ഗ്രഹങ്ങൾ വരുന്നുണ്ട്.  സാഹചര്യങ്ങളുടെ സമ്മർദ്ദം സ്വാതന്ത്ര്യത്തെ ഹനിച്ചേക്കാം. ആലോചനാ ശൂന്യതയുണ്ടാവും. ഇഷ്ടമുള്ളവർ മറുചേരിയിലായതിൻ്റെ വൈക്ലബ്യം വന്നുചേരും. സ്വതന്ത്രമായി പ്രവർത്തിക്കാൻ പലതടസ്സങ്ങൾ ഉള്ളതായി അനുഭവപ്പെടുന്നതാണ്.

കഴിവതും ഊഹക്കച്ചവടം, കടം വാങ്ങി കച്ചവടം വിപുലീകരിക്കുക തുടങ്ങിയ സാമ്പത്തിക സാഹസങ്ങൾക്ക് മുതിരരുത്. അപരിചിതരുമായുള്ള സൗഹൃദം ദോഷകാരിയായേക്കാം. സാധാരണ കാര്യങ്ങൾ മുടങ്ങില്ല. ധനവരവ് സാമാന്യമായിരിക്കും. ജീവിത പങ്കാളിയുടെ പിന്തുണ കരുത്തേകും.

ചതയം

ശനിയും സൂര്യനും  ജന്മനക്ഷത്രത്തിൽ തന്നെയുണ്ട്.  മുന്നിലും പിന്നിലും രാഹുവും ചൊവ്വയുമുണ്ട്. സങ്കീർണ്ണമായ അനുഭവങ്ങൾ ഉണ്ടാവാം. പലതിനും ഉത്തരം കിട്ടുക എളുപ്പമാവില്ല. മനോവാക്കർമ്മങ്ങളിൽ ശ്രദ്ധ വേണം. സാമ്പത്തിക കാര്യങ്ങളിൽ ദുഷ്പേരുണ്ടാവാൻ ഇടയുണ്ട്. ഉദ്യോഗസ്ഥർക്ക് പ്രതീക്ഷിച്ച സ്ഥാനക്കയറ്റം വൈകാം. കച്ചവടത്തിൽ ലാഭം നാമമാത്രമാവും. 

പണയവസ്തുക്കൾ ലേലത്തിന് വെക്കുന്നതായി അറിയിപ്പ് കിട്ടും.  കൈവായ്പകളെ ആശ്രയിച്ചേക്കും . പഠനത്തിൽ ഏകാഗ്രത കുറയുന്നതാണ്. പരീക്ഷാർത്ഥികൾക്ക് മാനസിക പിൻബലം അനിവാര്യം. പ്രാർത്ഥനകളിൽ അഭയം തേടും.

പൂരൂരുട്ടാതി

 ഗ്രഹാനുകൂല്യം കുറയുന്ന കാലമാണ്. ചെറിയ നേട്ടങ്ങൾക്കുപോലും അത്യദ്ധ്വാനം ആവശ്യമായി വരും. വാഗ്ദാനങ്ങൾ പാലിക്കപ്പെടില്ല. തർക്കങ്ങളിൽ ഏർപ്പെടാൻ ദുഷ്പ്രേരണയുണ്ടാവും. ബന്ധുത്വം ചിലപ്പോൾ ശത്രുത്വത്തിനും കാരണമാകാം. അലസതയും നിരുന്മേഷതയും കൂടുന്നതായി തോന്നും.

ബിസിനസ്സ് യാത്രകൾ കൊണ്ട് ഉദ്ദേശിച്ചത്ര ഫലം കിട്ടിയേക്കില്ല. കമ്മീഷൻ / ഏജൻസി ഏർപ്പാടുകൾ ഗുണകരമാവുന്നതാണ്. ചെറുപ്പക്കാരുടെ വിവാഹകാര്യത്തിൽ തീരുമാനം നീളാം. ഇൻഷ്വറൻസ്, പെൻഷൻ തുക ഇത്യാദികൾ സാമ്പത്തിക ഞെരുക്കത്തിൽ നിന്നും ആശ്വാസമായേക്കാം. വസ്തുകരം സംബന്ധിച്ച് പ്രാദേശിക ഭരണകൂടവുമായി പക്ഷഭേദം ഉണ്ടാവാം.

ഉത്രട്ടാതി

പന്ത്രണ്ടിലും ജന്മരാശിയിലും ആദിത്യൻ സഞ്ചരിക്കുന്നതിനാൽ ദേഹക്ലേശവും മനക്ലേശവും ഏർപ്പെടും. വീടുവിട്ട് നിൽക്കാനുള്ള സാഹചര്യം ഉണ്ടാവും. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് തടസ്സങ്ങൾ അനുഭവപ്പെടും. അശുഭവാർത്തകൾ കേൾക്കേണ്ടി വരുന്നതാണ്. നിക്ഷേപങ്ങൾ പിൻവലിച്ച് ചെലവ് നടത്തേണ്ട സാഹചര്യം ഒരു സാധ്യതയാണ്.

മാസത്തിൻ്റെ ആദ്യപകുതി താരതമ്യേന മെച്ചപ്പെട്ടതായിരിക്കും. മത്സരങ്ങളിൽ / പരീക്ഷകളിൽ നല്ല പ്രകടനം നടത്താനാവുന്നതാണ്. കലാപരമായ സിദ്ധികൾ വർദ്ധിക്കും. ഭൂമിയിടപാടുകളിൽ ലാഭം നേടുന്നതാണ്. സഹോദരരുടെ സാമ്പത്തിക പിന്തുണ ലഭിച്ചേക്കും.

രേവതി

ജന്മരാഹു ആലസ്യമേകും. പ്രശ്നങ്ങളെ നേരെ നിന്ന് നേരിടുന്നതിനു പകരം വളഞ്ഞ വഴികൾ തേടാൻ പ്രേരിപ്പിക്കാം. പന്ത്രണ്ടിലെയും ജന്മത്തിലെയും ആദിത്യൻ കടബാധ്യതകൾ വരുത്താം. ലഘുവായ കാര്യങ്ങൾ പോലും പല ശ്രമങ്ങളിലൂടെ മാത്രം നേടാനാവൂകയുള്ളൂ എന്ന സ്ഥിതി വരാം. ഉദ്യോഗസ്ഥർക്ക് അമിതമായ അധ്വാനഭാരം ഉണ്ടാവും. സഹപ്രവർത്തകരുടെ സഹകരണം കിട്ടിയേക്കില്ല.

മാർച്ച് 15 വരെ അല്പം മെച്ചപ്പെട്ട രീതിയിൽ കാര്യങ്ങൾ നടന്നേക്കും. പ്രണയികൾക്ക് ഹൃദയൈക്യം ഉണ്ടാവും. കെട്ടിട നിർമ്മാണത്തിന് തദ്ദേശസ്ഥാപനത്തിൻ്റെ അനുമതി ലഭിക്കുന്നതാണ്. കുടുംബത്തിൻ്റെ ആവശ്യങ്ങൾക്ക് പണം വന്നുചേരും. സുഹൃത് സമാഗമം സന്തോഷമേകും.

Read More

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: