scorecardresearch

നക്ഷത്രഫലം, മാർച്ച് 2024, മകം മുതല്‍ തൃക്കേട്ട വരെ: March 2024 Horoscope

മകം മുതല്‍ തൃക്കേട്ട വരെയുള്ള ഒന്‍പതു നക്ഷത്രങ്ങളുടെ മാർച്ച് മാസത്തിലെ നക്ഷത്രഫലമാണ്, ഇവിടെ അവതരിപ്പിക്കുന്നത്

മകം മുതല്‍ തൃക്കേട്ട വരെയുള്ള ഒന്‍പതു നക്ഷത്രങ്ങളുടെ മാർച്ച് മാസത്തിലെ നക്ഷത്രഫലമാണ്, ഇവിടെ അവതരിപ്പിക്കുന്നത്

author-image
S. Sreenivas Iyer
New Update
March Horoscope

March 2024 Horoscope Astrological Predictions

മാർച്ച് 13 വരെ കുംഭമാസമാകയാൽ ആദിത്യൻ കുംഭം രാശിയിലും തുടർന്ന് മീനമാസമാകയാൽ ആദിത്യൻ മീനം രാശിയിലും സഞ്ചരിക്കും. ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി എന്നീ ഞാറ്റുവേലകൾ മാർച്ചിലുണ്ട്. മാർച്ച് 31 ന് രേവതി ഞാറ്റുവേല തുടങ്ങും.

Advertisment

ചന്ദ്രൻ മാർച്ച് ഒന്നിന് കൃഷ്ണപക്ഷ ഷഷ്ഠി ചോതി നക്ഷത്രത്തിലാണ്. മാർച്ച് 31 നും കൃഷ്ണപക്ഷ ഷഷ്ഠി തന്നെയാണ്. നക്ഷത്രം തൃക്കേട്ടയും. മാർച്ച് 10 ന് ആണ് അമാവാസി അഥവാ കറുത്തവാവ്; മാർച്ച് 25 ന് പൗർണമി അഥവാ വെളുത്തവാവും. 

മാർച്ച് 15 ന് ചൊവ്വ കുംഭം രാശിയിൽ പ്രവേശിക്കുന്നു. ബുധൻ മാർച്ച് 7 ന് മീനത്തിലും മാർച്ച് 25 ന് മേടത്തിലും സംക്രമിക്കും. 

മാർച്ച് 15 ന് ബുധൻ്റെ മൗഢ്യം തീരുന്നു. മീനം രാശി ബുധൻ്റെ നീച ക്ഷേത്രമാണ്. വ്യാഴം മേടം രാശിയിൽ ഭരണി നക്ഷത്രത്തിലാണ് തുടരുന്നത്.

Advertisment

ശുക്രൻ മാർച്ച് 7 ന് കുംഭത്തിലും മാർച്ച് 18 ന് മീനത്തിലും പകരുന്നു. മീനം ശുക്രൻ്റെ ഉച്ചരാശിയാണ്. ശനി കുംഭം രാശിയിൽ ചതയം നക്ഷത്രത്തിൽ തുടരുന്നു. 
മാർച്ച് 18 ന് ശനിയുടെ വാർഷികമായ മൗഢ്യം തീരുകയുമാണ്. 

രാഹു മീനം രാശിയിൽ രേവതി നക്ഷത്രത്തിൻ്റെ രണ്ടാം പാദത്തിലാണ്. കേതു കന്നിരാശിയിൽ ചിത്തിര നക്ഷത്രത്തിൽ സഞ്ചരിക്കുന്നു. മാർച്ച് 6-ാം തീയതി മുതൽ കേതു അത്തം നാളിലാണ് സഞ്ചരിക്കുക. രാഹുകേതുക്കളുടെ സഞ്ചാരം പിന്നിലേക്കാണ്. ഇതിനെ 'അപസവ്യഗതി'  (Anti Clockwise) എന്ന് വിളിക്കുന്നു.

ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ 2024 മാർച്ച് മാസത്തിലെ മകം മുതല്‍ തൃക്കേട്ട വരെയുള്ള  ഒന്‍പത്  നക്ഷത്രങ്ങളുടെ നക്ഷത്രഫലം ഇവിടെ അവതരിപ്പിക്കുന്നു.

മകം

റിയൽ എസ്റ്റേറ്റ് ബിസിനസ്സ് ഗുണകരമാവും. ഉദ്യോഗസ്ഥർക്ക് സമ്മർദ്ദമേറുന്നതാണ്. ' മേലധികാരിയുടെ അപ്രീതി നേടും. മടിയും ലക്ഷ്യബോധമില്ലായ്മയും പിടികൂടാം. പുതിയ ആദായമാർഗങ്ങൾക്കുള്ള ശ്രമം തുടരുന്നതാണ്. കുടുംബാംഗങ്ങൾ / സഹോദരന്മാർ എന്നിവരുമായി ഒത്തുചേർന്ന് പുതുബിസിനസ്സ് തുടങ്ങിയേക്കും.  ആരോഗ്യപ്രശ്നങ്ങളിൽ ജാഗ്രത വേണം. ദാമ്പത്യത്തിൽ പൊരുത്തക്കേടുകൾ വരാം. 

മക്കളുടെ ഉപരിപഠനത്തിൽ വ്യത്യസ്തമായ അഭിപ്രായം ഉണ്ടായേക്കും. വായ്പാ തിരിച്ചടവിന് കൂടുതൽ അവധി ചോദിക്കേണ്ടി വരാം. പൂജാദികർമ്മങ്ങൾക്കും തീർത്ഥാടനാദികൾക്കും സമയം കണ്ടെത്തും. ഉഷ്ണരോഗങ്ങൾ ഉപദ്രവിച്ചേക്കാം. ധനം ചെലവു ചെയ്യുന്നതിൽ നിയന്ത്രണം അനിവാര്യം.

പൂരം

ചെറുകിട കച്ചവടക്കാർക്കും ഏജൻസികൾ നടത്തുന്നവർക്കും സാമ്പത്തികമായി തരക്കേടില്ലാത്ത കാലമാണ്. എന്നാൽ സർക്കാരിൽ നിന്നും ലഭിക്കേണ്ട അനുമതികൾക്ക് കാലതാമസം വരാം. നക്ഷത്രാധിപനായ ശുക്രൻ ആറാം ഭാവത്തിൽ തുടരുന്നതിനാൽ ശത്രുക്കളുടെ ഉപദ്രവം ഉണ്ടാവുന്നതാണ്. ദാമ്പത്യത്തിൽ അനുരഞ്ജനത്തിന് സ്ഥാനമില്ലെന്ന് തോന്നും. പല കാര്യങ്ങളിൽ താല്പര്യമുണ്ടാകുന്നതാണ്. 

പല ദൗത്യങ്ങളും ഏറ്റെടുക്കും. എന്നാൽ പൂർത്തിയാക്കാൻ കഴിയുക ഒന്നോ രണ്ടോ കാര്യങ്ങളാവും. അന്യനാട്ടിൽ കഴിയുന്നവർക്ക് നാട്ടിലേക്ക് വരാൻ തൽകാലം കഴിഞ്ഞേക്കില്ല. ആരോഗ്യകാര്യത്തിൽ ശ്രദ്ധയുണ്ടാവണം.

ഉത്രം

അന്യനാട്ടിൽ മക്കളുടെ വീട്ടിൽ താമസിക്കേണ്ടിവരും. ഉദ്യോഗസ്ഥർക്ക് തൊഴിൽപരമായ യാത്രകൾ ഉണ്ടാവുന്നതാണ്. കന്നിക്കൂറുകാർക്ക് ശത്രുവിജയം, വ്യവഹാരങ്ങളിൽ അനുകൂലത എന്നിവ പ്രതീക്ഷിക്കാം. കിടപ്പ് രോഗികൾക്ക് ആശ്വസിക്കാനാവും. കടബാധ്യത പരിഹരിക്കാനുള്ള ശ്രമം ഭാഗികമായി വിജയിക്കും. ചിങ്ങക്കൂറുകാരായ ഉത്രം നാളുകാർക്ക് വസ്തുവില്പന നേട്ടത്തിൽ കലാശിക്കും. 

ഗൃഹനിർമ്മാണത്തിൽ പുരോഗതിയുണ്ടാകും. നവസംരംഭങ്ങളിൽ ലാഭം വന്നുചേരും. 
പഴയ സുഹൃത്തുക്കളെ കാണാനവസരമുണ്ടാകുന്നതാണ്. ഇലക്ട്രോണിക് വസ്തുക്കൾ, ശീതീകരണ ഉപകരണങ്ങൾ ഇവ വാങ്ങുന്നതിന് ചെലവുണ്ടാകുന്നതാണ്

അത്തം

ആദിത്യനും ശനിയും അനുകൂല ഭാവത്തിലാകയാൽ നേട്ടങ്ങൾക്കാവും മുൻതൂക്കം. ബിസിനസ്സിൽ മുന്നേറാൻ കഴിയും. സാമ്പത്തിക ഞെരുക്കം നീങ്ങുന്നതായിരിക്കും. സർക്കാർ/സർക്കാരിതര ഉദ്യോഗസ്ഥർക്ക് ജോലിയിൽ സ്ഥാനക്കയറ്റമോ വേതനവർദ്ധനവോ പ്രതീക്ഷിക്കാം. പിതാവിൻ്റെ രോഗകാര്യത്തിലെ ആശങ്ക ഒഴിയുന്നതാണ്. പാരമ്പര്യസ്വത്തിന്മേൽ അവകാശം സിദ്ധിക്കും. 

മക്കളുടെ പഠിപ്പോ തൊഴിൽകാര്യമോ അല്പം മനപ്രയാസത്തിന് കാരണമായേക്കാം. അവിവാഹിതരുടെ വിവാഹകാര്യത്തിൽ തടസ്സങ്ങൾ തുടരും. വാഹനം ഉപയോഗിക്കുന്നതിൽ ഏറ്റവും ജാഗ്രത വേണ്ടതുണ്ട്. പ്രതീക്ഷിച്ച സഹായം ലഭിക്കുന്നതാണ്.

ചിത്തിര

മാസമധ്യം വരെ നക്ഷത്രനാഥനായ ചൊവ്വ ഉച്ചത്തിലാണ്. പ്രശ്നങ്ങളെ അതിജീവിച്ച് മുന്നേറാൻ തന്മൂലം വഴിയൊരുങ്ങും. കന്നിക്കൂറുകാർക്ക് മാസത്തിൻ്റെ ആദ്യപകുതി കൂടുതൽ ഗുണകരമാണ്. അധ്വാനം അംഗീകരിക്കപ്പെടും. ഉദ്യോഗസ്ഥന്മാർക്ക് സ്ഥാനക്കയറ്റം സാധ്യതയാണ്. സഹപ്രവർത്തകരുടെ നല്ല പിന്തുണ ലഭിക്കും. കലാകാരന്മാർക്ക് സമൂഹത്തിൻ്റെ അംഗീകാരം ഉണ്ടാകുന്നതാണ്. 

തുലാക്കൂറുകാർക്ക് മാസത്തിൻ്റെ രണ്ടാം പകുതിയിൽ ക്ഷേമവും സൗഖ്യവും അധികരിക്കുന്നതാണ്. എതിർക്കുന്നവരുടെ മുന്നിൽ തലയുയർത്തി നടക്കാനാവും. കുടുംബ ബന്ധങ്ങളുടെ സ്വാച്ഛന്ദ്യം തുടരപ്പെടും. കൂട്ടുകച്ചവടത്തിൽ ഉയർച്ചയുണ്ടാവും.

ചോതി

നാലിലെ ചൊവ്വയും അഞ്ചിലെ രവിശനിമാരും മാസാദ്യം സ്വൈരമേകില്ല. ഇഷ്ടവ്യക്തികൾ പിണക്കം ഭാവിച്ചകലാം. വിദ്യാർത്ഥികൾക്ക് കഠിനകാലമാണ്. ഇരട്ടി അദ്ധ്വാനം ആവശ്യമായി വരും. വസ്തുതർക്കങ്ങൾ ഒരു സാധ്യതയാണ്. ചിലപ്പോൾ അത് അയൽതർക്കമായി മാറാം. വാഹനത്തിൻ്റെ അറ്റകുറ്റത്തിന് പ്രതീക്ഷിച്ചതിലും ചെലവുണ്ടായേക്കും. മാസത്തിൻ്റെ രണ്ടാം പകുതിയിൽ ആശ്വസിക്കാനും ആഹ്ളാദിക്കാനും സന്ദർഭം വർദ്ധിക്കുന്നതാണ്.

കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും. മൂന്നാം തലമുറയെ ലാളിക്കാൻ ഭാഗ്യം ഭവിക്കാം. നല്ല കാര്യങ്ങൾക്കായി യാത്രകൾ ഉണ്ടാകുന്നതാണ്. സംരംഭങ്ങൾ നിർബാധം മുന്നോട്ടു പോകും. പിണങ്ങിയവർ ഇണങ്ങിയേക്കും.

വിശാഖം

പലവട്ടം ചിന്തിച്ചശേഷം പ്രധാന കാര്യങ്ങൾ ചെയ്യുകയാവും ഉചിതം. ചിലരുടെ ഉപദേശം നേർവഴി കാട്ടണമെന്നില്ല. ബുധൻ്റെ ദുർബലത പഠനത്തെ ബാധിക്കാനിടയുണ്ട്. ചില രഹസ്യങ്ങൾ പരസ്യമായേക്കും. അതിനാൽ അല്പം അഭിമാനക്ഷയം വരാം. പിതൃബന്ധുക്കളുടെ സഹകരണം കുറയുന്നതായി മനസ്സിലാക്കും. അന്യനാട്ടിൽ മകൻ്റെ/മകളുടെ വീട്ടിൽ പോയി നിൽക്കേണ്ടി വന്നേക്കും.  

സമൂഹമാധ്യമങ്ങളിലെ പ്രവർത്തനത്തിലൂടെ പ്രതീക്ഷിച്ചത്ര വരുമാനം ഉണ്ടായേക്കില്ല. കച്ചവടത്തിൽ ലാഭം കുറയും. വായ്പക്കുള്ള ശ്രമം നീളുന്നതാണ്. പൊതുപ്രവർത്തനത്തിൽ ശത്രുക്കളെ സമ്പാദിച്ചേക്കും. അധിക വരുമാനത്തിന് വഴി തേടുന്നതാണ്. ജീവിതപങ്കാളിയുടെ ഉപദേശം ചെവിക്കൊള്ളും.

അനിഴം

രാശിനാഥൻ്റെ ഉച്ചാധിപത്യം തുടരുകയാൽ ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകും. പ്രതിബന്ധങ്ങളിൽ തളരില്ല. വസ്തുവാങ്ങാൻ / ഗൃഹനിർമ്മാണം തുടങ്ങാൻ നല്ലരീതിയിൽ പരിശ്രമിക്കും. കുടുംബാന്തരീക്ഷം സമ്മിശ്രമായി തുടരുന്നതാണ്. പരസ്യമായ അഭിപ്രായപ്രകടനം വീട്ടിലും പുറത്തും ശത്രുക്കളെ സൃഷ്ടിച്ചേക്കാം. നക്ഷത്രനാഥനായ ശനിക്ക് മാസപ്പകുതി വരെ മൗഢ്യം തുടരുകയാൽ മറവി മൂലം വല്ല കുഴപ്പവും വരാനിടയുണ്ട്.  

മംഗളകർമ്മങ്ങൾക്ക് നേതൃത്വം വഹിക്കും. ഇൻഷ്വറൻസ്, ചിട്ടി, പെൻഷൻ തുക, നിക്ഷേപങ്ങളുടെ പലിശ ഇവ മൂലം സാമ്പത്തിക സ്ഥിതി ഉയരാം. മകൻ്റെ / മകളുടെ വിവാഹാലോചനയിൽ തീരുമാനം നീണ്ടേക്കും.

തൃക്കേട്ട

വിജയിക്കാനും ലക്ഷ്യം നേടാനും കഠിന പരിശ്രമമല്ലാതെ മറ്റു കുറുക്കുവഴികൾ ഒന്നുമില്ലെന്ന് ബോധ്യമാകും. വിദ്യാർത്ഥികൾക്കും തൊഴിൽ തേടുന്നവർക്കും എല്ലാം ഇത് സംഗതമാണ്. പ്രതീക്ഷിച്ച പ്രൊമേഷൻ വൈകുന്നത് ഉദ്യോഗസ്ഥരെ അസ്വസ്ഥരാക്കാം. കുടുംബത്തിൽ നിന്നും, വിശിഷ്യാ ജീവിതപങ്കാളിയിൽ നിന്നും ഉള്ള പിന്തുണ കരുത്തേകും. തീർത്ഥാടനയോഗമുണ്ട്. ധാർമ്മിക കർമ്മങ്ങളിൽ താല്പര്യമേറാം. 

നാലാം ഭാവത്തിലെ പാപഗ്രഹയോഗം മനസ്സിൻ്റെ സ്വസ്ഥതയെ ബാധിക്കാം. ഏജൻസി/കമ്മീഷൻ ഏർപ്പാടുകൾ ഗുണകരമാവുന്നതാണ്. ജാമ്യം നിൽക്കുക, തർക്കത്തിൽ മാധ്യസ്ഥം വഹിക്കുക എന്നിവ ദോഷകരമായേക്കും. ആദർശം ഉപേക്ഷിക്കാൻ സന്നദ്ധരാവും.

Read More

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: