scorecardresearch

നക്ഷത്രഫലം, മാർച്ച് 2024, അശ്വതി മുതൽ ആയില്യം വരെ: March 2024 Horoscope

അശ്വതി മുതൽ ആയില്യം വരെയുള്ള ഒന്‍പതു നക്ഷത്രങ്ങളുടെ മാർച്ച് മാസത്തിലെ നക്ഷത്രഫലമാണ്, ഇവിടെ അവതരിപ്പിക്കുന്നത്

അശ്വതി മുതൽ ആയില്യം വരെയുള്ള ഒന്‍പതു നക്ഷത്രങ്ങളുടെ മാർച്ച് മാസത്തിലെ നക്ഷത്രഫലമാണ്, ഇവിടെ അവതരിപ്പിക്കുന്നത്

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
March Horoscope

March 2024 Horoscope Astrological Predictions

മാർച്ച് 13 വരെ കുംഭമാസമാകയാൽ ആദിത്യൻ കുംഭം രാശിയിലും തുടർന്ന് മീനമാസമാകയാൽ ആദിത്യൻ മീനം രാശിയിലും സഞ്ചരിക്കും. ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി എന്നീ ഞാറ്റുവേലകൾ മാർച്ചിലുണ്ട്. മാർച്ച് 31ന് രേവതി ഞാറ്റുവേല തുടങ്ങും.

Advertisment

ചന്ദ്രൻ മാർച്ച് ഒന്നിന് കൃഷ്ണപക്ഷ ഷഷ്ഠി ചോതി നക്ഷത്രത്തിലാണ്. മാർച്ച് 31നും കൃഷ്ണപക്ഷ ഷഷ്ഠി തന്നെയാണ്. നക്ഷത്രം തൃക്കേട്ടയും. മാർച്ച് 10 ന് ആണ് അമാവാസി അഥവാ കറുത്തവാവ്; മാർച്ച് 25ന് പൗർണമി അഥവാ വെളുത്ത വാവും.

മാർച്ച് 15ന് ചൊവ്വ കുംഭം രാശിയിൽ പ്രവേശിക്കുന്നു. ബുധൻ മാർച്ച് 7 നു മീനത്തിലും മാർച്ച് 25 ന് മേടത്തിലും സംക്രമിക്കും. മാർച്ച് 15ന് ബുധൻ്റെ മൗഢ്യം തീരുന്നു. മീനം രാശി ബുധൻ്റെ നീചക്ഷേത്രമാണ്. വ്യാഴം മേടം രാശിയിൽ ഭരണി നക്ഷത്രത്തിലാണ് തുടരുന്നത്.

ശുക്രൻ മാർച്ച് 7 ന് കുംഭത്തിലും മാർച്ച് 18 ന് മീനത്തിലും പകരുന്നു. മീനം ശുക്രൻ്റെ ഉച്ചരാശിയാണ്. ശനി കുംഭം രാശിയിൽ ചതയം നക്ഷത്രത്തിൽ തുടരുന്നു. മാർച്ച് 18 ന് ശനിയുടെ വാർഷികമായ മൗഢ്യം തീരുകയുമാണ്. 

Advertisment

രാഹു മീനം രാശിയിൽ രേവതി നക്ഷത്രത്തിൻ്റെ രണ്ടാം പാദത്തിലാണ്. കേതു കന്നിരാശിയിൽ ചിത്തിര നക്ഷത്രത്തിൽ സഞ്ചരിക്കുന്നു. മാർച്ച് 6-ാം തീയതി മുതൽ കേതു അത്തം നാളിലാണ് സഞ്ചരിക്കുക. രാഹുകേതുക്കളുടെ സഞ്ചാരം പിന്നിലേക്കാണ്. ഇതിനെ 'അപസവ്യഗതി' (Anti Clockwise) എന്ന് വിളിക്കുന്നു.

ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ 2024 മാർച്ച് മാസത്തിലെ അശ്വതി മുതൽ ആയില്യം വരെയുള്ള 9 നക്ഷത്രങ്ങളുടെ നക്ഷത്രഫലം ഇവിടെ അവതരിപ്പിക്കുന്നു.

അശ്വതി

മാസത്തിൻ്റെ ആദ്യപകുതിയിൽ സർക്കാർ സംബന്ധിച്ച കാര്യങ്ങളിൽ നേട്ടവും കാര്യസാദ്ധ്യവും പ്രതീക്ഷിക്കാം. ഉദ്യോഗസ്ഥർക്ക് പലതരത്തിൽ മെച്ചമുണ്ടാവുന്നതാണ്. രണ്ടാം പകുതിയിൽ ഗുണാനുഭവങ്ങൾക്ക് മങ്ങലുണ്ടാവും. സാമ്പത്തിക സ്ഥിതി മോശമാവില്ല. 

ഭൂമി വാങ്ങാനോ വിൽക്കാനോ കഴിയുന്നതാണ്. ലാഭം പ്രതീക്ഷിച്ചതിലധികമാവും. ബിസിനസ്സ് രംഗം പുഷ്ടിപ്പെടും. വിദേശത്ത് പഠനം, ജോലി എന്നിവയ്ക്ക് ശ്രമിക്കുന്നവർക്ക് കാലം അനുകൂലമാണ്. അവസാനിക്കാതെ നീണ്ടുപോകുന്ന വ്യവഹാരങ്ങൾ അനുരഞ്ജനത്തിലാവും. അവസരോചിത തീരുമാനങ്ങളുടെ പേരിൽ അഭിനന്ദിക്കപ്പെടും. പാദരോഗങ്ങൾ, വാതം, പകർച്ചവ്യാധി ഇവ ഉപദ്രവിക്കാം.

ഭരണി

കർമ്മരംഗത്തിൽ ശുഷ്കാന്തി തുടരും. സമൂഹമദ്ധ്യത്തിൽ ആദരവ് ലഭിക്കുന്നതാണ്. സ്വന്തം ആദർശത്തിൽ ഉറച്ചുനിൽക്കും. പദവിയിൽ കയറ്റമോ വേതന വർദ്ധനവോ  ശക്തമായ സാധ്യതയാണ്. രാഷ്ട്രീയക്കാർക്ക്/പൊതുപ്രവർത്തകർക്ക് പോരാട്ട വീര്യം ഉണ്ടാവും. ജോലിക്ക് ശ്രമിക്കുന്നവർക്ക് നിരാശപ്പെടേണ്ടി വരില്ല.

മാസത്തിൻ്റെ രണ്ടാം പകതിയിൽ കനിഷ്ഠസഹോദരരെക്കൊണ്ട് ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം. വസ്തു/വീട് ഇവ സംബന്ധിച്ച കാര്യങ്ങളിൽ മേന്മ വന്നു ചേരുന്നതാണ്. കലാകാരന്മാർക്ക് നല്ല അവസരങ്ങൾ സംജാതമാകും.  പഠന വിഷയകമായി ശ്രദ്ധ വേണം. യാത്ര ചെയ്യുമ്പോൾ നല്ല ജാഗ്രത അനിവാര്യമാണ്. സാംക്രമിക രോഗങ്ങൾ ഉപദ്രവിച്ചേക്കാം.

കാർത്തിക

സാധാരണ ചെയ്യുന്ന പ്രവർത്തനങ്ങൾ മുടക്കം കൂടാതെ നിർവഹിക്കും.  തൊഴിൽ സംബന്ധിച്ച കരാറുകളിൽ ഒപ്പിടുന്നതിന് മുൻപ് വ്യവസ്ഥകൾ മനസ്സിലാക്കാൻ ശ്രമിക്കേണ്ടതുണ്ട്. ഔദ്യോഗിക യാത്രകൾ ഉണ്ടാവുന്നതാണ്.  സ്ഥാനക്കയറ്റത്തിന് സാധ്യത കാണുന്നു.  'ഡെപ്യൂട്ടേഷൻ' കഴിഞ്ഞ് പഴയ ലാവണത്തിലേക്ക് മടങ്ങേണ്ടിവരാം.

ഗാർഹികമായി സംതൃപ്തിയുണ്ടാവും. ജീവിത പങ്കാളിയുടെ പിന്തുണ പ്രതീക്ഷിക്കാം. ഊഹക്കച്ചവടത്തിൽ നിന്നും ചെറിയ ലാഭമുണ്ടാകും. പണയ വസ്തുക്കൾ തിരിച്ചെടുക്കാൻ കഴിഞ്ഞേക്കും. വേനലവധിക്ക് വിനോദയാത്ര ചെയ്യാൻ തയ്യാറെടുക്കും. വിദ്യാർത്ഥികളുടെ പരീക്ഷാ തയ്യാറെടുപ്പിന് ആവശ്യമായ പ്രോൽസാഹനം അനിവാര്യമാണ്. സാംക്രമിക രോഗങ്ങൾ, ഉഷ്ണരോഗങ്ങൾ ഇവയ്ക്കെതിരെ മുൻകരുതൽ വേണ്ടതാണ്.

രോഹിണി

ഏജൻസി/ഡിലർഷിപ്പ് ഇത്യാദി ബിസിനസ്സുകൾ നടത്തുന്നവർക്ക്  വിപണിയിൽ വിജയിക്കാനാവും.  സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാർക്ക് കൂടുതൽ അദ്ധ്വാനിക്കേണ്ട നില വരുന്നതാണ്. സാങ്കേതിക വിദഗ്ദ്ധർക്ക് വിദേശത്തുനിന്നും  വാഗ്ദാനങ്ങൾ ലഭിച്ചേക്കും. കലാപ്രവർത്തനത്തിലൂടെ ഉപജീവനം കണ്ടെത്തുന്നവർക്ക് പുതിയ അവസരങ്ങൾ സംജാതമാകുന്നതാണ്.

മാസത്തിൻ്റെ രണ്ടാം പകുതിയ്ക്ക്  മെച്ചം കൂടുവാൻ സാധ്യതയുണ്ട്. വായ്പകൾക്കുള്ള അപേക്ഷകൾ അംഗീകരിക്കപ്പെടും. ഏഴാം ഭാവാധിപനായ ചൊവ്വയ്ക്ക് ബലം ഉള്ളതിനാൽ പ്രണയം വിജയിക്കുന്നതാണ്. വളഞ്ഞ വഴികളിൽ കൂടി പണം സമ്പാദിക്കാൻ സാധിക്കും. നല്ല കാര്യങ്ങൾക്ക് ചെലവേർപ്പെടും.

മകയിരം

സമ്മിശ്രഫലം അനുഭവപ്പെടുന്ന കാലമാണ്. അതിനാൽ നേട്ടമെന്നോ കോട്ടമെന്നോ പറയാനാവില്ല. എന്തിനെക്കുറിച്ചും മനസ്സിൽ രണ്ടഭിപ്രായം ജനിക്കും. അനായാസം നേടാൻ കഴിയുമെന്ന് കരുതിയ കാര്യങ്ങൾ തടസ്സപ്പെടാം. ഉദ്യോഗസ്ഥർക്ക് ദുർഘടപ്രശ്നങ്ങൾ പരിഹരിക്കേണ്ട സ്ഥിതി വന്നുചേരും. കുടുംബാംഗങ്ങളുടെ പിന്തുണ കുറയുന്നതാണ്.

അമിതമായ ഉൽക്കണ്ഠ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിതെളിച്ചേക്കാം. അന്യനാട്ടിൽ കഴിയുന്നവർക്ക് ജന്മനാട്ടിലേക്ക് മടങ്ങാൻ കാലവിളംബം വരുന്നതാണ്. ധനവരവ് മോശമാവില്ല. ഗൂഢമാർഗങ്ങളിലൂടെയും ധനാഗമം പ്രതീക്ഷിക്കാം. തൊഴിൽ തേടുന്നവർക്ക് മാസത്തിൻ്റെ രണ്ടാം പകുതിമുതൽ മെച്ചപ്പെട്ട കാലമാവും.

തിരുവാതിര

പൊതുവേ ആശയക്കുഴപ്പവും ആശങ്കയും അധികരിക്കുന്നതാണ്. പലപ്പോഴും മുന്നോട്ടു വെച്ച കാൽ പിന്നോട്ടെടുത്തേക്കും. ഗാർഹികമായ പ്രശ്നങ്ങൾക്ക് പോംവഴി വിദൂരതയിലാണെന്ന് തോന്നും. ആത്മവിശ്വാസം കുറയുന്നതാണ്. വിദ്യാർത്ഥികൾക്കും ഗവേഷകർക്കും കൂടുതൽ പരിശ്രമം വേണ്ടി വരുന്നതാണ്. ചിലരെ മടിയും മടുപ്പും ബാധിച്ചേക്കാം. ആത്മീയ സാധനകളിൽ മനസ്സർപ്പിക്കാൻ കഴിഞ്ഞെന്നു വരില്ല.

മാസത്തിൻ്റെ രണ്ടാം പകുതി മുതൽ സ്ഥിതഗതികൾ അനുകൂലമായേക്കാം. മകളുടെ വിവാഹകാര്യത്തിൽ ശുഭതീരുമാനം ഉണ്ടാവുന്നതാണ്. രാഷ്ട്രീയകാര്യങ്ങൾക്ക് ഏറെ സമയം ചെലവഴിച്ചേക്കും. പെൻഷൻ സംബന്ധിച്ച രേഖകൾ സമർപ്പിക്കാനും നടപടി സത്വരമാക്കാനും കഴിയുന്നതാണ്.

പുണർതം

ലാഘവബുദ്ധി ഉപേക്ഷിക്കേണ്ടതുണ്ട്.  കഠിനാദ്ധ്വാനം കൊണ്ടുമാത്രമേ ഇപ്പോൾ നേട്ടങ്ങൾ ഉണ്ടാക്കാനാവുകയുള്ളു എന്ന വസ്തുത തിരിച്ചറിയപ്പെടണം. കാര്യങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്യുകയും വേണം. ചൊവ്വയുടെ അനിഷ്ടസ്ഥിതി മനക്ലേശങ്ങൾക്കും ആരോഗ്യപ്രശ്നങ്ങൾക്കും ഇടവരുത്തിയേക്കാം. പത്തിലെ രാഹു  കർമ്മവിമുഖതയരുളും.  

ക്രയവിക്രയങ്ങളിൽ പറ്റിക്കപ്പെടാനിടയുണ്ട്. മാസത്തിൻ്റെ രണ്ടാം പകുതി മുതൽ സ്ഥിതിഗതികൾ മെച്ചപ്പെടാം. വ്യാപാരത്തിൽ ലാഭം ഉണ്ടാകുന്നതാണ്. സഹപ്രവർത്തകരുടെ സഹകരണം ലഭിക്കും. കുടുംബ ബന്ധങ്ങളിൽ ദാർഢ്യം വന്നു ചേരും. മകളുടെ വിവാഹകാര്യത്തിൽ നല്ല തീരുമാനം പ്രതീക്ഷിക്കാം

പൂയം

ഗ്രഹങ്ങളുടെ അനിഷ്ടസ്ഥിതി തുടരുകയാണ്. അതിനാൽ കാര്യനേട്ടത്തിന് ഒരുപാട് വിയർപ്പൊഴുക്കേണ്ടി വന്നേക്കും. കൂട്ടുകച്ചവടം തുടരണോ എന്ന കാര്യത്തിൽ സംശയം ഉണ്ടാകുന്നതാണ്. ഉദ്യോഗസ്ഥർക്ക് സൂര്യൻ്റെ വിപരീതസ്ഥിതിയാൽ സ്ഥലംമാറ്റം, പദവിതാഴ്ത്തൽ ഇവ സാധ്യതകളാണ്. ഭാഗ്യവും ഗുണാനുഭവങ്ങളും ഒക്കെ പലപ്പോഴും കപ്പിനും ചുണ്ടിനുമിടയിൽ വഴുതുന്ന സ്ഥിതി വരാം. പൊതുപ്രവർത്തനത്തിൽ തിരിച്ചടിയുണ്ടാകാം. ജീവിതപങ്കാളിയുമായി അനൈക്യത്തിന് സാഹചര്യം ഒരുങ്ങാം.

ക്ഷമയും അവധാനതയും വിട്ടുവീഴ്ചയും ഒപ്പം നിരന്തര പരിശ്രമവും ആണ് ഈ പ്രതികൂലതയെ മറികടക്കാനുള്ള മന്ത്രങ്ങൾ. ആരോഗ്യപരമായ ജാഗ്രതയും വേണം.

ആയില്യം

നക്ഷത്രനാഥനായ ബുധന് മാസമധ്യത്തോളം മൗഢ്യം തുടരുകയാൽ പഠനത്തിൽ ഏറ്റവും ജാഗ്രതയുണ്ടാവണം.  മനസ്സാന്നിദ്ധ്യത്തോടെ വേണം പരീക്ഷയിൽ പങ്കെടുക്കാൻ. ബിസിനസ്സിൽ വലിയ മുതൽമുടക്കുകൾക്കോ നവസംരംഭങ്ങൾക്കോ  ഇപ്പോൾ കാലത്തിൻ്റെ പിന്തുണയില്ല. പിതാവിൻ്റെ ആരോഗ്യത്തിൽ നല്ല ജാഗ്രത വേണം. ദാമ്പത്യപ്രശ്നങ്ങൾ പെട്ടെന്ന് വഷളാകാം. 

വ്യവഹാരാദികൾക്ക് മുതിരാതിരിക്കുക ഉചിതം. പഠനം, തൊഴിൽ മുതലായവക്കായി വിദേശ യാത്രക്ക് ശ്രമിക്കുന്നവർക്ക് അതിനുള്ള അവസരം തെളിയും. ഇൻഷ്വറൻസ്, ചിട്ടി ഇവ മൂലം ചില സാമ്പത്തിക ഗുണങ്ങൾ ഉണ്ടാകും. കൈവായ്പകളിലൂടെ അത്യാവശ്യച്ചിലവുകൾ പരിഹരിക്കാനാവും. സാമ്പത്തിക അച്ചടക്കം അനിവാര്യം.

Read More: 


 

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: