scorecardresearch

തൊഴിലിടങ്ങളിൽ സ്ഥാനക്കയറ്റം, സാമ്പത്തിക നേട്ടം; കുംഭമാസത്തിൽ ഈ 6 നാളുകാർക്ക് ഗുണകരം

അശ്വതി, ഭരണി, കാർത്തിക, അത്തം, മൂലം, രേവതി തുടങ്ങിയ നക്ഷത്രങ്ങളിൽ ജനിച്ചവരുടെ കുംഭത്തിലെ നക്ഷത്രഫലം ഇവിടെ അപഗ്രഥിക്കുന്നു

അശ്വതി, ഭരണി, കാർത്തിക, അത്തം, മൂലം, രേവതി തുടങ്ങിയ നക്ഷത്രങ്ങളിൽ ജനിച്ചവരുടെ കുംഭത്തിലെ നക്ഷത്രഫലം ഇവിടെ അപഗ്രഥിക്കുന്നു

author-image
S. Sreenivas Iyer
New Update
Kumbham Horoscope

Monthly Horoscope: കുംഭമാസം നിങ്ങൾക്കെങ്ങനെ?

സഞ്ചരിക്കുന്ന കാലത്തെയാണ് കുംഭമാസം എന്നുപറയുന്നത്. ഒഴിഞ്ഞ കുടമേന്തിയ പുരുഷനാണ് ഈ രാശിയുടെ സ്വരൂപം. 29 ദിവസങ്ങൾ മാത്രമുള്ള ഒരു ഹ്രസ്വമാസമാണ് കുംഭം. കൊല്ലവർഷം 1199 ൽ ധനു, കുംഭം എന്നിവ രണ്ടും 29 ദിവസങ്ങളുള്ള മാസങ്ങളാകുന്നു. 2024 ഫെബ്രുവരി 14 ന് കുംഭമാസം തുടങ്ങുന്നു. മാർച്ച് 13 ന്  അവസാനിക്കുന്നു.

Advertisment

കുംഭമാസത്തെപ്പോലെ ഫെബ്രുവരിക്കും ഈ വർഷം 29 ദിവസങ്ങളുണ്ടെന്നത് (Leap year ആകയാൽ) കൗതുകമാണ്. ആദിത്യൻ കുംഭം രാശിയിൽ അവിട്ടം, ചതയം, പൂരൂരുട്ടാതി എന്നീ ഞാറ്റുവേലകളിൽ സഞ്ചരിക്കുന്നു. കുംഭം ഏഴാം തീയതി വരെ അവിട്ടം ഞാറ്റുവേലയും, തുടർന്ന് ഇരുപതാം തീയതി വരെ ചതയം ഞാറ്റുവേലയും ശേഷം പൂരൂരുട്ടാതി ഞാറ്റുവേലയുമാണ്. രേവതി നക്ഷത്രത്തിൽ തുടങ്ങി ഒരു തവണ രാശിചക്രഭ്രമണം നടത്തി അശ്വതി നക്ഷത്രത്തിൽ പ്രവേശിക്കുന്നതുവരെയാണ് കുംഭത്തിലെ ചന്ദ്രസഞ്ചാരം. 

കുംഭം ഒന്നിന് ശുക്ലപഞ്ചമി തിഥിയാണ്. കുംഭം 11 ന് വെളുത്തവാവും (പൗർണമിയും) കുംഭം 26 ന് കറുത്തവാവും  (അമാവാസിയും) സംഭവിക്കുന്നു. ശുക്ല ചതുർത്ഥിയിലാണ് കുംഭമാസം അവസാനിക്കുന്നത്. വ്യാഴം മേടം രാശിയിൽ ഭരണി നക്ഷത്രത്തിലും ശനി കുംഭം രാശിയിൽ ചതയം നക്ഷത്രത്തിലും സഞ്ചരിക്കുന്നു. ശനിക്ക് മകരം 30 മുതൽ മീനം 5 വരെ മൗഢ്യമുണ്ട്. കുംഭമാസം മുഴുവൻ ബുധനും മൗഢ്യത്തിലാണ്.

കുംഭമാസം 7 ന് ബുധൻ  മകരത്തിൽ നിന്നും കുംഭം രാശിയിലേക്കും കുംഭം 23 ന് കുംഭത്തിൽ നിന്നും മീനം രാശിയിലേക്കും സംക്രമിക്കുന്നു. ബുധന്റെ നീചരാശിയാണ് മീനം. അങ്ങനെ മൗഢ്യം, നീചസ്ഥിതി എന്നിവ സംഭവിക്കുകയാൽ ദുർബലനായി മാറുന്നു, ബുധൻ. ചൊവ്വ മകരം രാശിയിൽ തുടരുന്നു. ഉച്ചസ്ഥനാണ് മകരം രാശിയിലെ ചൊവ്വ. ആ രാശിയിൽ തന്നെ ശുക്രനും സഞ്ചരിക്കുന്നുണ്ട്. കുംഭം 23 ന് ശുക്രൻ കുംഭം രാശിയിലേക്ക് പകരുന്നു. 

Advertisment

മീനം രാശിയിൽ അപസവ്യഗതിയിൽ  രാഹുവും അപ്രകാരം കന്നിരാശിയിൽ കേതുവും സഞ്ചരിക്കുന്നു. രേവതി നക്ഷത്രത്തിലാണ് രാഹു. കേതു ചിത്തിരയിലാണ്; മാസമധ്യത്തോടെ അത്തം നക്ഷത്രത്തിൽ പ്രവേശിക്കും. ഈ ഗ്രഹനിലയെ മുൻനിർത്തി അശ്വതി, ഭരണി, കാർത്തിക, അത്തം, മൂലം, രേവതി തുടങ്ങിയ നക്ഷത്രങ്ങളിൽ ജനിച്ചവരുടെ കുംഭത്തിലെ നക്ഷത്രഫലം ഇവിടെ അപഗ്രഥിക്കുന്നു.

അശ്വതി

ഗുണാനുഭവങ്ങളും സൽകർമ്മങ്ങളും വർദ്ധിക്കുന്ന കാലമാണ്. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റമോ അല്ലെങ്കിൽ പുതിയ ചുമതലകളോ  ഭവിക്കും.  വേതനത്തിലും ഉയർച്ചയുണ്ടാവുന്നതാണ്. സർക്കാരിൽ നിന്നോ, മറ്റേതെങ്കിലും സ്ഥാപനങ്ങളിൽ നിന്നോ നേടേണ്ട ലൈസൻസ്, അനുമതിപത്രങ്ങൾ എന്നിവ ക്ലേശിക്കാതെ തന്നെ നേടാനാവും. മേലുദ്യോഗസ്ഥരുടെ പ്രീതി കൈവരുന്നതാണ്. യാത്രകൾ കൊണ്ട് പ്രയോജനം സിദ്ധിക്കും. മത്സരങ്ങൾ, പരീക്ഷകൾ, അഭിമുഖങ്ങൾ എന്നിവയ്ക്ക് നല്ല തയ്യാറെടുപ്പ് നടത്താനും മികച്ച പ്രകടനം കാഴ്ചവെക്കാനും കഴിയുന്നതാണ്. സാമ്പത്തികരംഗത്ത് മെച്ചം വന്നുചേരും. പൊതുപ്രവർത്തകർക്ക് അനുയായികളുടെ പൂർണ പിന്തുണയുണ്ടാവും. പന്ത്രണ്ടാം ഭാവത്തിൽ രാഹു സഞ്ചരിക്കുന്നതിനാൽ പാദരോഗം, ആലസ്യം, ശരീരക്ലേശം എന്നിവയും സാധ്യതകളാണ്. 

ഭരണി

പതിനൊന്നാമെടത്തിലെ ആദിത്യ-ശനി സഞ്ചാരം ഗുണമരുളും. ബുധനും കൂടി അവിടേക്ക് സഞ്ചരിക്കുമ്പോൾ കച്ചവടത്തിൽ ലാഭം വർദ്ധിക്കുന്നതാണ്. പ്രൊഫഷണലുകൾക്ക് നല്ല അവസരങ്ങൾ സംജാതമാകും.  പിതൃസ്വത്തുക്കൾ സംബന്ധിച്ച് അനുകൂലമായ വിധി സമ്പാദിക്കാനാവും. ഉദ്യോഗക്കയറ്റം ഒരു സാധ്യതയാണ്. അന്യദേശത്ത് കഴിയുന്നവർക്ക് ജന്മനാട്ടിലേക്ക് മടങ്ങാനുള്ള സാഹചര്യം ഉണ്ടാകുന്നതാണ്. രാഷ്ട്രീയ പ്രവർത്തനത്തിൽ കൂടുതൽ ചുമതലകൾ ഉണ്ടാവും. പരീക്ഷയ്ക്കുളള തയ്യാറെടുപ്പുകൾ ഊർജ്ജസ്വലമാകുന്നതാണ്. ചിലർക്ക് സാഹസികയാത്രകൾ നടത്താനാവും. നവസംരംഭങ്ങൾ തുടങ്ങാനും സാധിച്ചേക്കും. ജീവിതപങ്കാളിയുടെ ആരോഗ്യകാര്യത്തിൽ ജാഗ്രത വേണ്ടിവരാം.

കാർത്തിക

മേടക്കൂറുകാർക്കാവും കൂടുതൽ നല്ല അനുഭവങ്ങൾ വരിക. മുൻപ് ശ്രമിച്ചിട്ട് ഫലവത്താകാത്ത സർക്കാർ സംബന്ധിച്ച കാര്യങ്ങൾ ഇപ്പോൾ വലിയ പരിശ്രമം കൂടാതെ തന്നെ കൈ വന്നേക്കും. കൃത്യമായ ആസൂത്രണം ബിസിനസ്സ് വളർച്ചയ്ക്ക് ഗുണകരമാവും. ലോൺ, ചിട്ടി മുതലായവ പ്രയോജനപ്പെടുത്തും. ഉന്നതാധികാരികളുടെ പ്രോൽസാഹനം ലഭിക്കുന്നതാണ്. ഇടവക്കൂറുകാർക്ക് തൊഴിൽ സ്ഥിതി മെച്ചപ്പെട്ടേക്കും. മാനസികമായ സമ്മർദ്ദം ന്യൂനീകരിക്കപ്പെടും. തൊഴിൽ യാത്രകൾ വേണ്ടിവന്നേക്കും. ഗൃഹത്തിലെ അറ്റകുറ്റപ്പണികൾക്ക് പ്രതീക്ഷിച്ചതിലും പണച്ചെലവ് വരുന്നതാണ്. മകളുടെ വിവാഹാലോചനയിൽ ശുഭതീരുമാനം ഉണ്ടായേക്കാം. ആത്മീയ യാത്രകൾക്ക് സമയം കണ്ടെത്തും.

അത്തം

ആറാം ഭാവത്തിൽ പാപഗ്രഹങ്ങൾ കൂടുതൽ ഗുണദാതാക്കളാവും. കന്നിക്കൂറുകാരാണ് അത്തം നാളുകാർ. ആറാമെടമായ കുംഭം രാശിയിൽ സൂര്യനും ശനിയും സഞ്ചരിക്കുന്നതിനാൽ വൃദ്ധജനങ്ങളുടെ അംഗീകാരവും സ്നേഹവാത്സല്യങ്ങളും ലഭിക്കും. ഉദ്യോഗസ്ഥർക്ക് സ്വതന്ത്രമായി ജോലി ചെയ്യാൻ അധികാരം കിട്ടുന്നതാണ്. ഭൂമിയിൽ നിന്നുമുള്ള ആദായം അല്പം കുറയാം. ചിന്താശക്തിയെ ക്രിയാത്മകമാക്കുന്നതിൽ മാനസിക സമ്മർദ്ദം അനുഭവിക്കും. കലാകാരന്മാർക്ക് പഞ്ചമഭാവത്തിലെ ശുക്രസ്ഥിതി അനുകൂലമാണ്. സദസ്സുകളിൽ ശോഭിക്കാനാവും. ഏഴാമെടത്തിൽ രാഹുവുള്ളതിനാൽ യാത്രകൾ കൊണ്ട് ഉദ്ദേശിച്ച ഫലം കിട്ടിയേക്കില്ല.

മൂലം

ചിലരോട്  മൃദുലസമീപനം ഉപേക്ഷിക്കേണ്ട സ്ഥിതി വരാം. വാക്കുകളിൽ പാരുഷ്യം കലരും. സ്വാഭാവികമായി വിരോധികൾ വർദ്ധിക്കും. ഉദ്യോഗസ്ഥർക്ക് അനുകൂലമായ കാലമാണ്. സഹപ്രവർത്തകരുടെ പിന്തുണ ദുർഘടമായ ഉത്തരവാദിത്വങ്ങൾ പൂർത്തിയാക്കാൻ സഹായകമാകും.  തൊഴിൽപരമായി അന്യനാട്ടിൽ കഴിയുന്നവർക്ക് സ്വദേശത്തേക്ക് മടങ്ങാനായേക്കും .  ഗവേഷകർക്ക് തടസ്സങ്ങളെ അഭിമുഖീകരിക്കേണ്ടതായി വരാം. സ്വന്തമായി തൊഴിൽ ചെയ്യുന്നവർക്ക് രജിസ്ട്രേഷൻ/ ലൈസൻസ് മുതലായവ നേടുവാനാവും. സാമ്പത്തിക വരവ് മോശമാവില്ല. കടം വാങ്ങാതെ കാര്യങ്ങൾ നിർവഹിക്കാനാവും. നാലാം ഭാവത്തിലെ രാഹു സ്ഥിതി മനക്ലേശം തുടർക്കഥയാക്കും.

രേവതി

സൂര്യൻ, ശനി എന്നിവയുടെ സഞ്ചാരം പന്ത്രണ്ടാം ഭാവത്തിലാകയാൽ അനുകൂലമല്ല. ജന്മത്തിൽ രാഹു സഞ്ചരിക്കുന്നതിനാൽ യാഥാർത്ഥ്യങ്ങൾ മറച്ചുപിടിക്കാനും പൊയ്മുഖം അണിയാനും നിർബന്ധിതരാവും. ചൊവ്വ, ശുക്രൻ, വ്യാഴം എന്നീ ഗ്രഹങ്ങളുടെ അനുകൂലതയുണ്ട്. കഠിനമെന്ന് കരുതിയവ അനായാസം നിർവഹിക്കാനാവും. ലാഘവബുദ്ധിയോടെ പരിഗണിച്ചവ ദുഷ്കരമാവാനും സാധ്യതയുണ്ട്. അധികാരികളുടെ ഇഷ്ടക്കേട് ഭവിക്കാം വയോജനങ്ങൾക്ക് അഹിതമായവ ചെയ്യേണ്ടതായി വരുന്നതാണ്. വീടുവിട്ടുനിൽക്കേണ്ട സ്ഥിതിയുണ്ടാവും. സ്വന്തം തൊഴിലിൽ ലാഭമുണ്ടാകും. വീടുവിട്ടുനിൽക്കേണ്ട സാഹചര്യവും ഫലങ്ങളിൽ പറയുന്നുണ്ട്. സുഖഭോഗങ്ങൾ, വസ്തുവിൽ നിന്നും ആദായം, സ്ത്രീകളുടെ പിന്തുണ, സജ്ജന സംസർഗം, പാരിതോഷിക ലബ്ധി  എന്നിവയും ഇക്കാലയളവിൽ പ്രതീക്ഷിക്കാവുന്നതാണ്.

Read More

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: