/indian-express-malayalam/media/media_files/2025/08/30/lunar-eclipse-03-2025-08-30-15-01-07.jpg)
പൂർണ്ണ ചന്ദ്രഗ്രഹണം: ദോഷഫലങ്ങൾ ഏതൊക്കെ കൂറുകാർക്ക്?
Lunar Eclipse on September 7: 2025 സെപ്തംബർ 7 ന്/ 1201 ചിങ്ങം 22 ന്, ഞായറാഴ്ച രാത്രി 9 മണി 58 മിനിറ്റു മുതൽ 1 മണി 22 മിനിറ്റുവരെ പൂർണ്ണചന്ദ്രഗ്രഹണം നടക്കും. കുംഭക്കൂറിൽ ചതയം/പൂരൂരുട്ടാതി നക്ഷത്രസന്ധികളിൽ ഗ്രഹണം ആരംഭിക്കും. തുടർന്ന് പൂർണ്ണമാകുന്നത് പൂരൂരുട്ടാതി നക്ഷത്രത്തിലായിരിക്കും.
സെപ്തംബർ 7 ലെ ചന്ദ്രഗ്രഹണം ഭാരതത്തിലും ലോകത്തിൻ്റെ മിക്ക ഭാഗങ്ങളിലും ദൃശ്യവും ആചരണീയവുമാകയാൽ ഇതിനെ 'സമ്പൂർണ്ണ ചന്ദ്രഗ്രഹണം' എന്ന് വിശേഷിപ്പിക്കാം.
ഏതാണ്ട് രാത്രി 11 മുതൽ 12 മണി വരെ ഗ്രഹണമദ്ധ്യകാലമാണ്. ഗ്രഹണം വ്യക്തമായും ദൃശ്യമാകുമ്പോൾ ചുവന്നനിറത്തിലുള്ള ചന്ദ്രനെ കാണാനാകുന്നതിനാൽ 'Blood Moon Eclipse' എന്ന് ഈ ഗ്രഹണം വിശേഷിപ്പിക്കപ്പെടുന്നു.
കുംഭക്കൂറിൽ പൂരൂരുട്ടാതി നക്ഷത്രത്തിൽ രാഹു സഞ്ചരിക്കുകയാണ്. ആയതിനാൽ ഈ ഗ്രഹണം 'രാഹുഗ്രസ്ത ചന്ദ്രഗ്രഹണ' മാകുന്നു. പുരാണകഥകൾ പ്രകാരം സൂര്യചന്ദ്രഗ്രഹണങ്ങൾ ഒന്നുകിൽ രാഹു ഇവയെ വിഴുങ്ങുന്നതാവും. അല്ലെങ്കിൽ കേതു ഇവയെ വിഴുങ്ങുന്നതാവും. ഇത്തവണ ചന്ദ്രനെ രാഹു ഗ്രഹിക്കുന്നു അഥവാ ഗ്രസിക്കുന്നു. ആകയാൽ ഇത് 'രാഹുഗ്രസ്തഗ്രഹണ' മായി അറിയപ്പെടും.
Also Read: ഓഗസ്റ്റ് മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
ഗ്രഹണഫലങ്ങൾ പ്രായേണ ദോഷപ്രധാനമാണ്. അവ നൽകുന്ന കയ്പൻ അനുഭവങ്ങളും ജീവിതവിഘാതങ്ങളും രാഷ്ട്രത്തിൻ്റെ പ്രവർത്തനങ്ങളെപ്പോലും ബാധിക്കാറുള്ളതായി പണ്ഡിതന്മാർ ചൂണ്ടിക്കാണിക്കുന്നു.
ഗ്രഹണഫലം ചില കൂറുകാർക്ക് ആറുമാസത്തോളം അനുഭവത്തിൽ വരും. 2025 സെപ്തംബർ 7ാം തീയതിയിലെ ചന്ദ്രഗ്രഹണഫലം ധനുക്കൂറു മുതൽ മീനക്കൂറുവരെയുള്ള നാല് കൂറുകാർക്കും അതിലെ ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ചവർക്കും ഏതുവിധത്തിലുള്ള ഫലങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് ഈ ലേഖനം വിശദീകരിക്കുന്നു.
ധനുക്കൂറിന് (മൂലം, പൂരാടം, ഉത്രാടം ഒന്നാംപാദം)
മൂന്നാമെടത്തിലാണ് ഗ്രഹണം സംഭവിക്കുന്നത്. അനുകൂലഫലമില്ല. എന്നാൽ കഠിനദോഷഫലങ്ങളുമില്ല എന്നത് ആശ്വാസകരമാണ്. സഹായ വാഗ്ദാനങ്ങൾ പാലിക്കാൻ ക്ലേശിച്ചേക്കും. തനിക്ക് ലഭിക്കേണ്ടതായ സഹായവും വൈകും. സമയബന്ധിതമായി തീർക്കേണ്ട ചുമതലകളിൽ കാലതാമസം ഏർപ്പെടുന്നതാണ്. കാര്യക്ഷമതയ്ക്ക് കുറവു വരാം. പരാശ്രയം ഇഷ്ടപ്പെടാത്തവരെങ്കിലും കാര്യസാധ്യത്തിന് ചിലരുടെ സഹായസഹകരണങ്ങൾ കൂടിയേ കഴിയൂ എന്ന നില ഭവിക്കാം. ഏകാഗ്രത ശിഥിലമാവാനിടയുണ്ട്. സഹോദരരുമായി ഏതെങ്കിലും തരത്തിൽ തെറ്റിദ്ധാരണകൾ രൂപപ്പെടാം. സഹപ്രവർത്തകരുമായി ആശയവിനിമയത്തിൽ പാളിച്ചകൾ വന്നെന്നുവരും. സാഹസകർമ്മങ്ങളിൽ നിന്നും പിന്തിരിയുന്നത് നന്നായിരിക്കും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർ കുറച്ചുനാൾകൂടി കാത്തിരിക്കുന്നത് ഉചിതം. ദാമ്പത്യത്തിൽ മുൻനില തുടരപ്പെടും. പ്രണയാഭ്യർത്ഥനയ്ക്ക് ഉത്തരം വൈകുന്നതാണ്.
Also Read: ചിങ്ങ മാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
മകരക്കൂറിന് (ഉത്രാടം 2, 3,4 പാദങ്ങൾ, തിരുവോണം, അവിട്ടം 1,2 പാദങ്ങൾ)
ചന്ദ്രഗ്രഹണം സംഭവിക്കുന്നത് രണ്ടാംകൂറിലാകയാൽ ദോഷഫലങ്ങളുണ്ട്. രണ്ടാമെടത്തിന് ധനസ്ഥാനമെന്നും പേരുള്ളതിനാൽ ധനകാര്യത്തിൽ നല്ല ജാഗ്രത ആവശ്യമാണ്. കൊടുക്കൽ വാങ്ങലുകളുടെ രേഖകൾ സൂക്ഷിക്കണം. പ്രതീക്ഷിക്കുന്ന വായ്പ കിട്ടാൻ വൈകിയേക്കും. വായ്പയുടെ തിരിച്ചടവിനും ക്ലേശിക്കുന്നതാണ്. ബിസിനസ്സുകാർക്ക് ആദായം കുറയും. വിപണന തന്ത്രങ്ങൾ വേണ്ടത്ര ഏശുകയില്ല. വിദ്യാർത്ഥികൾക്ക് പഠനത്തിൽ പരാങ്മുഖത്വമുണ്ടാവാം. പഠനവൈകല്യം ഒരു സാധ്യതയാണ്. ഗവേഷകർക്ക് പ്രബന്ധരചനക്കാവശ്യമായ ഉപാദാനങ്ങൾ ലഭിച്ചേക്കില്ല. വാഗ്വാദങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കുന്നത് അഭികാമ്യം. കോടതി വ്യവഹാരങ്ങൾ നീളുന്നതായിരിക്കും. ആരോഗ്യപരിശോധനകളിൽ അലംഭാവമരുത്. സൗഹൃദങ്ങൾക്ക് മുന്നത്തെ മുറുക്കം ഉണ്ടാവില്ല. ചിലരുടെ ഉപദേശങ്ങൾക്ക് ചെവികൊടുക്കരുത്. നിയമനോത്തരവ് കൈപ്പറ്റാൻ വൈകും. കുടുംബ ബന്ധങ്ങൾ, അനുരാഗം ഇവയിൽ ഊഷ്മളത കുറയാം.
Also Read: സമ്പൂർണ വർഷഫലം; അശ്വതി മുതൽ രേവതി വരെ
കുംഭക്കൂറ് (അവിട്ടം 3,4 പാദങ്ങൾ, ചതയം, പൂരൂരുട്ടാതി 1,2,3 പാദങ്ങൾ)
ജന്മരാശിയിലെ നക്ഷത്രങ്ങളായ ചതയം, പൂരൂരുട്ടാതി എന്നിവയിലാണ് ഗ്രഹണം സംഭവിക്കുന്നത്. അതിനാൽ ഈ ചന്ദ്രഗ്രഹണം ഏറ്റവും ദോഷപ്രദമാകുന്നത് കുംഭക്കൂറുകാർക്കാണ്. സുഗമമായ കാര്യങ്ങൾ ദുർഗ്ഗമമാവും. അതുപോലെ സുലഭവസ്തുക്കൾ ദുർലഭമാവുന്നതാണ്. കാര്യനിർവഹണത്തിൽ തടസ്സങ്ങളേർപ്പെടും. അടുത്ത ബന്ധുക്കളുമായി പിണക്കമേർപ്പെടാം. രാഷ്ട്രീയ നേതൃത്വവുമായി ഭിന്നതയുണ്ടാവാൻ സാധ്യത കാണുന്നു. മത്സരങ്ങളിലും അഭിമുഖങ്ങളിലും ശോഭിക്കാനായേക്കില്ല. ദൂരദിക്കിൽ നിന്നും ജന്മനാട്ടിലേക്ക് മാറ്റം പ്രതീക്ഷിക്കുന്നവർക്ക് അനുകൂലമാം വിധത്തിൽ ഉത്തരവ് ഇറങ്ങിയേക്കില്ല. പണം വെച്ചുള്ള ചൂതുകളി പോലുള്ള പ്രലോഭനങ്ങളെ ചെറുക്കേണ്ടതുണ്ട്. ഏല്പിച്ച ദൗത്യങ്ങളിൽ പരാജയപ്പെടാനിടയുണ്ട്. മനസ്സമാധാനം കിട്ടാതെ വിഷമിക്കും. വാഹന യാത്രകളിൽ ഏറ്റവും കരുതൽ വേണ്ടതുണ്ട്. വിശ്വാസികൾക്ക് ഗ്രഹണദോഷ പരിഹാരങ്ങൾ പിന്തുടരാവുന്നതാണ്.
Also Read:നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
മീനക്കൂറിന് (പൂരൂരുട്ടാതി 4-ാം പാദം, ഉത്രട്ടാതി, രേവതി)
പന്ത്രണ്ടാം രാശിയിൽ ഗ്രഹണം സംഭവിക്കുന്നു. അപ്രതീക്ഷിത യാത്രകൾ വേണ്ടിവന്നേക്കും. പല കാരണങ്ങളാൽ വീടുവിട്ടുനിൽക്കേണ്ടതായി വരുന്നതാണ്. സഹായ വാഗ്ദാനങ്ങൾ ലംഘിക്കപ്പെടാം. അമിതവ്യയത്തിന് സാഹചര്യമൊരുങ്ങും. കച്ചവടം നടത്തുന്നവർ പുതിയതരം ഉപഭോക്തൃ സംസ്കാരവുമായി പൊരുത്തപ്പെടാനാവാതെ കുഴങ്ങിയേക്കും. ദൗത്യങ്ങൾ വിചാരിച്ചതിനെക്കാൾ വിഷമകരമാവും. പ്രമാണങ്ങളിൽ / വ്യവസ്ഥകളിൽ ഒപ്പിടുമ്പോൾ സേവന-വേതന നിയമങ്ങൾ അറിയാൻ മറക്കരുത്. കുടുംബത്തിൻ്റെ ആവശ്യങ്ങളോട് പരാങ്മുഖത്വം പുലർത്തിയേക്കും. സംഘടനകളിൽ ശത്രുക്കളേറുന്നതാണ്. പരീക്ഷകളിൽ കരുതിയത്ര മാർക്ക്നേടാൻ കഴിയാത്തത് വിഷമമുണ്ടാക്കും. നിക്ഷേപങ്ങൾ സംബന്ധിച്ച രേഖകൾ സൂക്ഷിക്കാൻ മറക്കരുത്. ആരോഗ്യപരിശോധനകൾ ഒഴിവാക്കുക നന്നല്ല. രോഗങ്ങൾ സ്വയം ചികിത്സിക്കരുത്. വിലപ്പെട്ട വസ്തുക്കൾ യാത്രകളിൽ / അല്ലാതെ നഷ്ടപ്പെടാൻ സാധ്യതയുളളതിനാൽ കരുതൽ വേണം.
Read More: ശുക്രൻ കർക്കടകം, ചിങ്ങം രാശികളിലേക്ക്; അശ്വതി മുതൽ രേവതി വരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.