/indian-express-malayalam/media/media_files/2025/10/04/jupiter-moolam-2025-10-04-14-10-47.jpg)
കർക്കടകം രാശിയാണ് വ്യാഴത്തിൻ്റെ ഉച്ചരാശി
Astrology Predictions for Jupiter Transit 2025: 2025 ഒക്ടോബർ 18 ന് / 1201 തുലാം 1 ന് വ്യാഴം ഉച്ചരാശിയായ കർക്കടകം രാശിയിലേക്ക് പ്രവേശിക്കുന്നു. ഗ്രഹങ്ങളിൽ ഈശ്വരതുല്യനാണ് വ്യാഴം (Jupiter). ബൃഹസ്പതി, ഗുരു, ആംഗിരസ്സ്, ദേവമന്ത്രി തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു. സാധാരണ രീതിയിൽ പന്ത്രണ്ടുരാശികളിൽ ഒരോന്നിലും വ്യാഴം ഒരുകൊല്ലം വീതം സഞ്ചരിക്കും. പന്ത്രണ്ടുവർഷം കൊണ്ട് രാശിചക്രഭ്രമണം പൂർത്തീകരിക്കും. ഇതിനെ സാങ്കേതികമായി 'വ്യാഴവട്ടം' എന്നുപറയും.
വ്യാഴത്തിൻ്റെ സ്വക്ഷേത്രം ധനു, മീനം രാശികൾ. ഒരു ഗ്രഹത്തിൻ്റെ ശക്തി മുഴുവൻ പ്രകടമാവുന്നത് ഉച്ചക്ഷേത്രത്തിലൂടെ ( Exalted House) സഞ്ചരിക്കുമ്പോഴാണ്. കർക്കടകം രാശിയാണ് വ്യാഴത്തിൻ്റെ ഉച്ചരാശി. ഇപ്പോൾ മിഥുനം രാശിയിലാണ് വ്യാഴം.
തുലാം ഒന്നിന്/ഒക്ടോബർ പതിനെട്ടിന് കർക്കടകം രാശിയിൽ പ്രവേശിക്കുന്ന വ്യാഴം ചുരുങ്ങിയ കാലം (അമ്പതു ദിവസം) മാത്രമാണ് ആ രാശിയിൽ സഞ്ചരിക്കുന്നത്. ഡിസംബർ 5 ന്/വൃശ്ചികം 19ന് വക്രഗതിയിൽ വീണ്ടും മിഥുനം രാശിയിൽ പ്രവേശിക്കും. നവംബർ 14/ തുലാം 28 മുതൽ വക്രഗതി അഥവാ തിരിച്ചുപോക്ക് തുടങ്ങുകയും ചെയ്യും.
വ്യാഴത്തിൻ്റെ കർക്കടകം രാശിയിലേക്കുള്ള മാറ്റം പന്ത്രണ്ടുകൂറിൽ ജനിച്ചവരെ എങ്ങനെയൊക്കെ സ്വാധീനിക്കന്നു? ഗുണവും ദോഷവും ആർക്കൊക്കെയാണ്? ഈ അന്വേഷണം ആ വഴിക്കാണ് നീങ്ങുന്നത്.
Also Read: ചൊവ്വ തുലാം രാശിയിൽ, അശ്വതി മുതൽ രേവതിവരെ
ധനുക്കൂറിന് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം)
വ്യാഴം അനുകൂലമായ ഏഴാം ഭാവത്തിൽ നിന്നും അനിഷ്ടകരമായ അഷ്ടമത്തിലേക്ക് മാറുന്നു. ഉച്ചരാശിയാകയാൽ ദോഷഫലങ്ങൾ കുറയും; ചില ഗുണാനുഭവങ്ങൾ ഉണ്ടാവുന്നതുമാണ്. ധനുരാശിയുടെ അധിപനാകയാൽ വ്യാഴത്തിൻ്റെ ഉച്ചസ്ഥിതി ആത്മവിശ്വാസം വളർത്താനും ഇടവരുത്തും. വിലയേറിയ വസ്തുക്കൾ നഷ്ടപ്പെടാനോ കളവ് പോകാനോ സാധ്യതയുണ്ട്. വാഹനയാത്രയിൽ കരുതലുണ്ടാവണം. രോഗികൾക്ക് തുടർന്നുവരുന്ന ചികിൽസ ഫലപ്രദമായേക്കില്ല. അമിതമായി മറ്റുള്ളവരെ വിശ്വസിക്കുന്നത് ദോഷം ചെയ്യുന്നതാണ്. സ്വന്തബന്ധുക്കൾ വാഗ്ദാനം പാലിക്കാത്തതിനാൽ കോപമുണ്ടാവും. പുതിയ ജോലിക്ക് ശ്രമിക്കുന്നവർക്ക് കാത്തിരിപ്പ് തുടരേണ്ടതായി വരും. സാമ്പത്തിക സമ്മർദ്ദത്തിന് സാധ്യത കാണുന്നു. കടബാധ്യതകൾ ശല്യപ്രദമാവാം. പ്രതീക്ഷിച്ച വരുമാനം, പദവി എന്നിവ 'കപ്പിനും ചുണ്ടിനുമിടയിൽ' ചോർന്നുപോകാം. സഹപ്രവർത്തകർ വേണ്ടത്ര സഹകരിച്ചേക്കില്ല. നവസംരംഭങ്ങൾ തുടങ്ങുവാൻ തടസ്സങ്ങളുണ്ടാവും. പന്ത്രണ്ടിൽ വ്യാഴദൃഷ്ടി വരികയാൽ നല്ലകാര്യങ്ങൾക്കായി ചെലവേർപ്പെടും. രണ്ടാമെടത്താൽ നോക്കുകയാൽ വിദ്യാഗുണം, കുടുംബ സൗഖ്യം എന്നിവയും നാലാമെടത്തിൽ ദൃഷ്ടിചെയ്യുകയാൽ ഗൃഹത്തിൽ സമാധാനവും ഭവിക്കുന്നതാണ്.
മകരക്കൂറിന്ന് (ഉത്രാടം 2,3,4 പാദങ്ങൾ, തിരുവോണം, അവിട്ടം 1,2)
വ്യാഴം പ്രതികൂലഭാവമായ ആറാമെടത്തിൽ നിന്നും ഗുണഫലപ്രദമായ ഏഴാമെടത്തിലാണ് മാറുന്നത്. വ്യാപാരം, വിശേഷിച്ചും കൂട്ടുകച്ചവടം മെച്ചപ്പെടുന്നതാണ്. യാത്ര മൂലം ജീവിതപുരോഗതി കൈവരും. പഠനം,തൊഴിൽ എന്നിവയ്ക്കായി വിദേശയാത്ര സാധ്യമാകുന്നതാണ്. ഏഴാമെടം പ്രണയം, ദാമ്പത്യം, രതിസുഖം എന്നിവയുടെ ഭാവം കൂടിയാകുന്നു. പ്രണയബന്ധം പൊട്ടിവിടരാം. പ്രണയികൾ ഭാവിതീരുമാനത്തിലെത്തും. വിഘ്നങ്ങളെ മറികടക്കുന്നതാണ്. അവിവാഹിതർക്ക് അനുരൂപമായ വിവാഹബന്ധം കൈവരാം. ദാമ്പത്യത്തിൽ പാരസ്പര്യം ദൃഢമാകുന്നതാണ്. അന്യദിക്കിൽ കഴിഞ്ഞിരുന്ന ഭാര്യാഭർത്താക്കന്മാർക്ക് ഒരുമിക്കാനവസരം കിട്ടും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും. വാഹനം വാങ്ങാനുള്ള സാധ്യത കാണുന്നു. ധനപരമായി പിരിമുറുക്കം വരില്ല. കടം വാങ്ങാതെ കാര്യം നടത്താനാവും. കലാപരമായ കഴിവുകൾ തിരിച്ചറിയപ്പെടും. പുത്തൻ ആശയങ്ങൾ മനസ്സിലുണ്ടാവും. മംഗളകർമ്മങ്ങളുടെ അമരക്കാരനാവാൻ കഴിയും. പൊതുവേ ജീവിതക്ലേശങ്ങൾ മറയുന്ന കാലമായിരിക്കും.
Read More: കന്നി മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
കുംഭക്കൂറിന് (അവിട്ടം 3,4 പാദങ്ങൾ, ചതയം, പൂരൂരുട്ടാതി 1,2,3 പാദങ്ങൾ)
വ്യാഴം പഞ്ചമഭാവത്തിൽ നിന്നും അതിചാരമായി ആറാമെടത്തിലേക്ക് മാറുന്നു. പ്രതിലോമ ഭാവങ്ങളാണ് ആറാമെടം കൊണ്ട് ചിന്തിക്കപ്പെടുന്നത്. രോഗം, ശത്രു, കടബാധ്യത, ചോരശല്യം, വിഘാതം ഇവയെല്ലാം ആറാംഭാവവുമായി ഇണങ്ങിനിൽക്കുന്നു. വ്യാഴം ഉച്ചസ്ഥനായി ആറാമെടത്തിൽ സഞ്ചരിക്കുകയാൽ ഇക്കാര്യങ്ങൾ ശല്യകാരികളാവില്ലെന്ന് കരുതാം. എങ്കിലും കടം വാങ്ങാനുള്ള പ്രവണത നിയന്ത്രിക്കപ്പെടണം. നമ്മുടെ ഉള്ളിലെ ദുർവാസനകൾ തന്നെയാണ് നമ്മുടെ ശത്രുക്കളെന്ന് വരാം. അവയെ നിയന്ത്രിക്കേണ്ടതുണ്ട്. ആരോഗ്യസംരക്ഷണത്തിൽ ആലസ്യം ഭവിക്കരുത്. മനോവാക്കർമ്മങ്ങളിൽ ജാഗ്രത വേണം. ഒന്നും കൂട്ടിച്ചേർക്കാനും പണം പുഷ്ടിപ്പെടുത്താനും കഴിഞ്ഞെന്നു വരില്ല. ചെലവേറാനുമിടയുണ്ട്. എങ്കിലും പൂർവ്വികമായ സ്വത്തും സമ്പാദ്യവും മറ്റും വിറ്റുകളയാതെ സംരക്ഷിക്കാനാവുന്നത് ശ്രേഷ്ഠതയാണ്. യാത്രകൾ പ്രയോജനപ്പെടുത്താൻ സാധിക്കും. കർമ്മരംഗത്ത് അത്ര വലിയ തിരിച്ചടിയൊന്നും ഉണ്ടാവുകയില്ല. ധനവരവ് തീരെ ശുഷ്കിക്കില്ല. വിദ്യാർത്ഥികളല്ലാത്ത വർക്കും എന്തെങ്കിലും പുതുതായി പഠിച്ചറിയാനാവും.
Also Read:നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
മീനക്കൂറിന് (പൂരുരുട്ടാതി നാലാംപാദം, ഉത്രട്ടാതി, രേവതി)
നാലാമെടത്തിൽ നിന്നും അഞ്ചാമെടത്തിലേക്കാണ് വ്യാഴത്തിൻ്റെ മാറ്റം. സൃഷ്ടിപരമാവും, മനസ്സ്. ഭാവനാത്മകത പടർന്ന് പന്തലിക്കുന്നതാണ്. സന്താനങ്ങളില്ലാത്തവർക്ക് സന്താനപ്രാപ്തിക്ക് സാധ്യതയുണ്ട്. പൊതുവേ മക്കൾക്ക് ശ്രേയസ്സ് വന്നെത്തുന്ന കാലമായിരിക്കും. പഠന വൈകല്യം പരിഹരിക്കപ്പെടും. ജോലി തേടുന്നവർക്ക് അവസരങ്ങൾ ലഭിക്കുന്നതാണ്. മകളുടെ നടക്കാനോ വിവാഹാലോചന ഉറയ്ക്കാനോ വിവാഹം നടക്കാനോ സാധ്യത കാണുന്നു. കാവ്യരചന, ഗാനാലാപനം, ചിത്രംവര, അഭിനയം, പ്രസംഗം ഇവയിൽ ശോഭിക്കുന്നതാണ്. പുതിയ കാര്യങ്ങളോട് പുറം തിരിഞ്ഞ് നിൽക്കുകയില്ല. ഭാഗ്യാനുഭവങ്ങൾ ഉണ്ടാവും. പിതാവിൻ്റെ വാത്സല്യം ലഭിക്കുന്നതാണ്. ബന്ധുക്കൾക്ക് ഒത്തുചേരുവാൻ അവസരം കൈവരും. കിട്ടാക്കടങ്ങൾ വലിയ സമ്മർദ്ദം കൂടാതെ തന്നെ കിട്ടാം. ഭോഗസുഖമുണ്ടാവും. ഭൗതിക നേട്ടങ്ങൾക്കൊപ്പം ആത്മികമായ ഔന്നത്യവും പ്രതീക്ഷിക്കാവുന്ന കാലഘട്ടമാണ്. തീർത്ഥാടനം മനസ്സന്തോഷമേകും.
Read More: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us