/indian-express-malayalam/media/media_files/Ds2Nc5bokk6DSmI0SQ7T.jpg)
Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
ആദിത്യൻ മകരം - കുംഭം രാശികളിൽ അവിട്ടം ഞാറ്റുവേലയിൽ സഞ്ചരിക്കുന്നു. ചന്ദ്രൻ വെളുത്ത പക്ഷത്തിലാണ്. ചതയം മുതൽ രോഹിണി വരെയുള്ള നക്ഷത്രങ്ങളിലൂടെയാണ് ചന്ദ്രയാത്ര. ചൊവ്വ ഉച്ചരാശിയായ മകരത്തിൽ സഞ്ചരിക്കുന്നു. ഫെബ്രുവരി 11 ന് ശുക്രൻ മകരത്തിൽ പ്രവേശിക്കുന്നുണ്ട്. ബുധനും മകരത്തിൽ തുടരുകയാൽ ഞായർ, തിങ്കൾ, ചൊവ്വ (ഫെബ്രുവരി 11,12,13) ദിവസങ്ങളിൽ സൂര്യൻ, ചൊവ്വ, ബുധൻ, ശുക്രൻ എന്നീ ചതുർഗ്രഹങ്ങൾ മകരം രാശിയിൽ ഉണ്ടാവുന്നതാണ്.
വ്യാഴം മേടം രാശിയിൽ, ശനി കുംഭത്തിൽ, രാഹു മീനത്തിൽ, കേതു കന്നിയിൽ എന്നിങ്ങനെയാണ് മറ്റുള്ള ഗ്രഹങ്ങളുടെ രാശിയിലെ സഞ്ചാര സവിശേഷതകൾ. ഫെബ്രുവരി 11 ന് ബുധനും 13 ന് ശനിക്കും മൗഢ്യം (combustion) ആരംഭിക്കുന്നു. ശനിയുടെ മൗഢ്യം വർഷത്തിൽ ഒരിക്കലാണ്.
ഒരു മാസത്തിലധികം ശനിയുടെ ബലഹാനി തുടരും. ബുധൻ വർഷത്തിൽ 4 മുതൽ 6 വരെ പ്രാവശ്യം മൗഢ്യത്തിലാകാറുണ്ട്. ശനിദശ, ബുധദശ എന്നീ ദശകളിലൂടെ കടന്നുപോകുന്നവർക്കും ഈ ഗ്രഹങ്ങളുടെ നക്ഷത്രങ്ങളിൽ ജനിച്ചവർക്കും (ശനിയുടെ നക്ഷത്രങ്ങൾ പൂയം, അനിഴം, ഉത്രട്ടാതി എന്നിവയും ബുധൻ്റെ നക്ഷത്രങ്ങൾ ആയില്യം, തൃക്കേട്ട, രേവതി എന്നിവയും) മൗഢ്യകാലം പ്രായേണ ക്ലേശകരമാവാം.
ഫെബ്രുവരി 11 മുതലുള്ള ആഴ്ചയിലെ ചന്ദ്രാഷ്ടമം നോക്കാം. ഞായറാഴ്ച കഴിഞ്ഞ ആഴ്ചയുടെ തുടർച്ചയായി കർക്കിടകക്കൂറുകാർക്കും തിങ്കളും ചൊവ്വയും ബുധൻ പ്രഭാതം വരെയും ചിങ്ങക്കൂറുകാർക്കും അഷ്ടമരാശിയാണ്. അതുമുതൽ വെള്ളി ഉച്ചവരെ കന്നിക്കൂറുകാർക്കും തദനന്തരം ശനിയാഴ്ച മുഴുവനും തുടർന്ന് അടുത്ത ആഴ്ച ആരംഭത്തിലും തുലാക്കൂറുകാർക്കും ചന്ദ്രാഷ്ടമരാശി സംഭവിക്കുന്നുണ്ട്.
ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മകം മുതൽ തൃക്കേട്ട വരെയുള്ള ഒന്‍പത് നാളുകളിൽ ജനിച്ചവരുടെ വാരഫലം നോക്കാം.
മകം
സമ്മിശ്ര ഫലങ്ങൾ ഉണ്ടാവുന്ന വാരമാണ്. പ്രയത്നം കൂട്ടേണ്ടതായി വരും, നേട്ടങ്ങൾ കൊയ്യാൻ. പ്രതീക്ഷിച്ച കേന്ദ്രങ്ങളിൽ നിന്നും പിന്തുണയുണ്ടാവണം എന്നില്ല. പ്രയോഗിക സമീപനത്തിന് മുതിരേണ്ടതുണ്ട്. വിജ്ഞാനസമ്പാദനം സാധ്യമാകുന്നതാണ്. ഉദ്യോഗ സംബന്ധമായോ മറ്റോ വീടുവിട്ടുനിൽക്കേണ്ടി വരാം. ആത്മീയസാധനകൾ തുടരപ്പെടും. ജീവിതശൈലീ രോഗങ്ങൾ ക്ലേശിപ്പിക്കാനിടയുണ്ട്. തിങ്കൾ, ചൊവ്വ ദിവസങ്ങൾ അഷ്ടമരാശിക്കൂറാകയാൽ വാക്കിലും കർമ്മത്തിലും ജാഗ്രത ഉണ്ടാവണം.
പൂരം
കൂട്ടുകെട്ടിൻ്റെ ഗുണവും ദോഷവും അനുഭവിക്കും. അനാവശ്യമായ തിടുക്കം കുഴപ്പത്തിന് കാരണമാകാം. വിജയപ്രതീക്ഷയ്ക്ക് തെല്ല് മങ്ങൽ ഉണ്ടാവുന്നതാണ്. വലിയ മുതൽമുടക്കുകൾക്ക് കാലം അനുകൂലമല്ല. സാധാരണ പ്രവൃത്തികൾ ഭംഗിയായിത്തന്നെ നിർവഹിക്കപ്പെടും. ശത്രുക്കളുടെ ഗൂഢപ്രവൃത്തികളെ വേഗം തിരിച്ചറിയും. പഠനയാത്രകൾ പ്രയോജനപ്പെടുന്നതായിരിക്കും. ഭക്ഷണം തയ്യാറാക്കുന്നതിലെ പരീക്ഷണങ്ങൾ വീട്ടുകാരുടെയും കൂട്ടുകാരുടെയും പ്രശംസ നേടുന്നതാണ്.
ഉത്രം
നക്ഷത്രനാഥനായ സൂര്യൻ ശത്രുരാശികളിൽ സഞ്ചരിക്കുകയാൽ പൊതുവേ സ്വൈരക്കുറവ് അനുഭവപ്പെടും. ആത്മാർത്ഥതയ്ക്ക് അംഗീകാരം ലഭിച്ചില്ലെന്ന് വരാം. ഉദ്യോഗസ്ഥർക്ക് തൊഴിലിൽ സമ്മർദ്ദം കൂടുന്നതാണ്. ചെറിയ കാര്യങ്ങൾ ഭംഗിയായി നിറവേറപ്പെടും. സാമ്പത്തിക കാര്യങ്ങളിൽ തടസ്സം ഉണ്ടാവുന്നതല്ല. കൂട്ടുകച്ചവടത്തിൽ വളർച്ച കുറയുന്നതാണ്. സാങ്കേതിക ജ്ഞാനം നേടാനുള്ള ശ്രമം തുടരുന്നതായിരിക്കും. അകാരണമായ ഭയം മനസ്സിനെ ഗ്രസിക്കാം. മക്കളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്.
അത്തം
ആത്മനിയന്ത്രണം പാലിക്കണം. തർക്കങ്ങളിൽ ഇടപെടരുത്. ജാമ്യം നിൽക്കുന്നത് പ്രശ്നത്തിനിടവരുത്തുന്നതാണ്. കവികളുടെ ഭാവനാശക്തി വർദ്ധിക്കും. കലാകാരന്മാർക്ക് നല്ല അവസരങ്ങൾ വന്നെത്തുന്നതാണ്. ധനപരമായി മെച്ചമുണ്ടായേക്കും. സന്താനങ്ങളുടെ ഉപരി പഠനം സംബന്ധിച്ച് ചില ആശയക്കുഴപ്പങ്ങൾ ഭവിക്കാം. സഹോദരരുടെ പിന്തുണയുണ്ടാകും. ബുധൻ, വ്യാഴം ദിവസങ്ങളിൽ അഷ്ടമരാശിക്കൂറ് ആകയാൽ ശുഭകാര്യങ്ങൾ തുടങ്ങരുത്. മനോവാക്കർമ്മങ്ങളിൽ ജാഗ്രത വേണം.
ചിത്തിര
നക്ഷത്രനാഥനായ ചൊവ്വയ്ക്ക് ഉച്ചാവസ്ഥയുള്ള കാലമാകയാൽ തടസ്സങ്ങളെ വേഗം മറികടക്കാനാവും. കർമ്മരംഗത്ത് മുഴുമനസ്സോടെ പ്രവർത്തിക്കുന്നതാണ്. വാഗ്ദാനങ്ങൾ സഫലതയിലെത്തും. പണയവസ്തുക്കൾ തിരിച്ചെടുക്കാൻ സാധിച്ചേക്കും. സാമ്പത്തിക ക്ലേശങ്ങളുടെ ഇടയിലും വീടുപണി മുന്നേറും. എതിർശബ്ദങ്ങളെ അവഗണിക്കും. കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന സാഹചര്യം ഉണ്ടാകും. ജന്മനാട്ടിലേക്ക് പോകാനും അവിടുത്തെ ആഘോഷങ്ങളിൽ പങ്കെടുക്കാനും കഴിയുന്നതാണ്. വാരാന്ത്യത്തിൽ ചെലവധികരിച്ചേക്കും.
ചോതി
ദാമ്പത്യസൗഖ്യം പ്രതീക്ഷിക്കാം. ഭാര്യാഭർത്താക്കന്മാർ അനുരഞ്ജനത്തിൻ്റെ പാത കൈക്കൊള്ളും. പ്രണയികൾക്ക് സ്നേഹവ്യഗ്രമായ കാലമായിരിക്കും. വ്യാപാരത്തിൽ മുന്നേറാൻ സാധിക്കുന്നതാണ്. ഏജൻസി പ്രവർത്തനത്തിൽ നേട്ടങ്ങൾ സംജാതമാകും. സഹപ്രവർത്തകരുടെ സഹകരണം ദുർഘടമായ കൃത്യങ്ങളിൽ ഏറെ പ്രയോജനം ചെയ്യും. ഇലക്ട്രിക് - ഇലക്ട്രോണിക് സാമഗ്രികൾ വാങ്ങും. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സമയം നീക്കിവെക്കാനാവും. വെള്ളി, ശനി ദിവസങ്ങളിൽ ശുഭാരംഭം ഒഴിവാക്കുക കരണീയം.
വിശാഖം
സന്തോഷത്തിനും സമാധാനത്തിനും ഉള്ള ധാരാളം സാഹചര്യങ്ങൾ ഉരുത്തിരിയും. തൊഴിൽ തേടുന്നവർക്ക് നല്ല അവസരങ്ങൾ വന്നെത്തുന്നതാണ്. സാമ്പത്തികസ്ഥിതി മോശമാവില്ല. ഊഹക്കച്ചവടത്തിൽ കരുതൽ വേണം മക്കളുടെ പഠനാവശ്യത്തിന് വായ്പകൾ പ്രയോജനപ്പെടുത്തും. സഹോദരാനുകൂല്യം പ്രതീക്ഷിക്കാം. കിടപ്പുരോഗികൾക്ക് ആശ്വാസം ഉണ്ടാകുന്നതാണ്. ബഹുകാര്യങ്ങളിൽ കർമ്മോർജ്ജം വ്യാപരിക്കുന്നതിനാൽ ലക്ഷ്യത്തിലെത്താൻ കൂടുതൽ സമയം വേണ്ടിവരാം.
അനിഴം
ഈയാഴ്ചയിലെ ചന്ദ്രസഞ്ചാരം 4,5,6,7 രാശികളിലൂടെയാകയാൽ ഗുണദോഷ സമ്മിശ്രമായിരിക്കും. ഭാഗ്യാധിപനായ ചന്ദ്രൻ വെളുത്തപക്ഷത്തിലാകയാൽ നേട്ടങ്ങൾക്കാവും മുൻതൂക്കം. ഗുരുവിൻ്റെയും പിതാവിൻ്റെയും അനുഗ്രഹമുണ്ടാവും. ആപത്തുകളെ മറികടക്കാൻ കഴിയും. വാരത്തിൻ്റെ ആദ്യഭാഗത്ത് മനസ്സമാധാനം കുറയാം. ഗൃഹത്തിലെ അംഗങ്ങൾക്കിടയിൽ അനൈക്യം തലപൊക്കാം. ആലോചന കൂടിയേക്കും. കർമ്മപരാങ്മുഖത്വം ഭവിക്കും. എന്നാൽ ബുധനാഴ്ച മുതൽ വർദ്ധിതോത്സാഹത്തോടെ കർത്തവ്യങ്ങളിൽ മുഴുകുവാനാവും. സാമ്പത്തിക തടസ്സം നീങ്ങുന്നതായിരിക്കും.
തൃക്കേട്ട
വ്യക്തിപരമായ തെറ്റുകൾ തിരുത്താനുള്ള ആർജ്ജവം നേടും. ചില സൗഹൃദങ്ങൾ ഒഴിവാക്കും. ചിന്താശക്തി വർദ്ധിക്കുന്നതാണ്. പണ്ഡിതോചിതമായ പ്രഭാഷണങ്ങൾ നടത്താനവസരം ഉണ്ടാകും. ഭൂമിയിൽ നിന്നുമുള്ള ആദായം ഉയരുന്നതാണ്. നവസംരംഭങ്ങളുടെ വളർച്ചക്കായി പരസ്യങ്ങളുടെ സഹായം തേടിയേക്കും. അറ്റുപോയ കുടുംബബന്ധങ്ങൾ വിളക്കിച്ചേർക്കാൻ മുൻകൈയെടുക്കുന്നതാണ്. ശാസ്ത്രീയ ഗവേഷണത്തിൽ മുന്നേറാനാവും. ബുധനാഴ്ച മുതൽ കൂടുതൽ അനുകൂല ഫലങ്ങൾ വരാം.
Read More
- February 4– February 10, 2024: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ? Weekly Horoscope
- ഈ ആഴ്ച നിങ്ങളെ കാത്തിരിക്കുന്നതെന്ത്? സംഖ്യാശാസ്ത്ര ഫലങ്ങളിങ്ങനെ: Numerology Predictions 2024 February 05 to February 11
- ചൊവ്വയുടെ മാറ്റം നിങ്ങളെ എങ്ങനെ ബാധിക്കും? അശ്വതി മുതൽ രേവതി വരെയുള്ള നക്ഷത്രക്കാരുടെ സമ്പൂർണ്ണ ഫലം
- ഫെബ്രുവരി 2024 നക്ഷത്രഫലം: February 2024 Horoscope
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.