scorecardresearch

Chingam Month Horoscope: ചിങ്ങ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ ആയില്യം വരെ

Chingam Astrological Predictions: പൊന്നിൻ ചിങ്ങം വരവായി. ആഘോഷങ്ങളുടെ പൂവിളിയിൽ ഗ്രഹങ്ങൾ നിങ്ങൾക്ക് എന്താണ് കരുതി വെച്ചിരിക്കുന്നത്? മധുരമോ കയ്പോ? ചിങ്ങമാസത്തിലെ നക്ഷത്രഫലം എങ്ങിനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Chingam Astrological Predictions: പൊന്നിൻ ചിങ്ങം വരവായി. ആഘോഷങ്ങളുടെ പൂവിളിയിൽ ഗ്രഹങ്ങൾ നിങ്ങൾക്ക് എന്താണ് കരുതി വെച്ചിരിക്കുന്നത്? മധുരമോ കയ്പോ? ചിങ്ങമാസത്തിലെ നക്ഷത്രഫലം എങ്ങിനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Chingam 2025 ashwathy

Chingam Month Horoscope:

Chingam Month Horoscope:  1200 കർക്കടകം 31ന്, 2025 ജൂലൈ 16 ന് ശനിയാഴ്ച രാത്രി 1 മണി 52 മിനിട്ടിന് സൂര്യൻ ചിങ്ങം രാശിയിൽ പ്രവേശിക്കുന്നു. പിറ്റേന്ന്, ആഗസ്റ്റ് 17ന്, ഞായറാഴ്ചയാണ് ചിങ്ങം ഒന്നാം തീയതി.

Advertisment

ആദിത്യൻ ചിങ്ങം രാശിയിൽ മകം, പൂരം, ഉത്രം ഞാറ്റുവേലകളിൽ സഞ്ചരിക്കുന്നു. ചിങ്ങം 6/7 തീയതികളിൽ കറുത്തവാവ് വരുന്നു. ചിങ്ങം 22നാണ് വെളുത്ത വാവ്. അന്നുരാത്രി ചതയം നക്ഷത്രത്തിൽ ചന്ദ്രഗ്രഹണവും ഭവിക്കുന്നുണ്ട്.  

ശുക്രൻ ചിങ്ങം 5ന് മിഥുനം രാശിയിൽ നിന്നും കർക്കടകം രാശിയിലേക്ക് പ്രവേശിക്കുന്നു. ചിങ്ങം 29 ന് ശുക്രൻ ചിങ്ങം രാശിയിലേക്കും സംക്രമിക്കുന്നു. ബുധൻ മാസാദ്യം കർക്കടകം രാശിയിലാണ്. ചിങ്ങം 14ന് ചിങ്ങം രാശിയിലേക്ക് പ്രവേശിക്കുന്നു. ചിങ്ങം 16 മുതൽ കന്നി 16 വരെ ഒരുമാസക്കാലം ബുധന് മൗഢ്യകാലമാണ്. ചിങ്ങം 30ന് ബുധൻ തൻ്റെ ഉച്ചരാശിയായ കന്നിയിലേക്ക് സംക്രമിക്കുന്നുണ്ട്.

ചൊവ്വ മാസാരംഭത്തിൽ കന്നിരാശിയിലാണ്. ചിങ്ങം 18 വരെ അത്തം നക്ഷത്രത്തിലും തുടർന്ന് ചിത്തിരയിലും സഞ്ചരിക്കുന്നു. ചിങ്ങം 28ന് ചൊവ്വ തുലാത്തിലേക്ക് പ്രവേശിക്കുകയാണ്. 

Advertisment

ശനി മീനം രാശിയിൽ ഉത്രട്ടാതി നക്ഷത്രത്തിൽ വക്രഗതി തുടരുന്നു. വ്യാഴം മിഥുനം രാശിയിൽ പുണർതം നക്ഷത്രത്തിൽ സഞ്ചരിക്കുന്നു. രാഹുവും കേതുവും യഥാക്രമം കുംഭം-ചിങ്ങം രാശികളിലാണ്. രാഹു പൂരരുട്ടാതി രണ്ടാം പാദത്തിലും കേതു പൂരം ഒന്നാം പാദത്തിലും പിൻഗതിയായി സഞ്ചരിക്കുന്നു.

ഈ ഗ്രഹനിലയെ മുൻനിർത്തി അശ്വതി മുതൽ ആയില്യം വരെയുള്ള ഒന്‍പത് നാളുകാരുടെ 1201 ചിങ്ങമാസത്തിലെ നക്ഷത്രഫലം ഇവിടെ അപഗ്രഥിക്കുന്നു.

Also Read: ഓഗസ്റ്റ് മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ

അശ്വതി

ആദിത്യൻ അഞ്ചിലും ചൊവ്വ ആറിലും ശനി പന്ത്രണ്ടിലും സഞ്ചരിക്കുകയാൽ ഗുണദോഷസമ്മിശ്രമായ കാലമാണ്. പുതിയ കാര്യങ്ങൾ പഠിക്കാൻ സമയം കണ്ടെത്തും. പ്രജ്ഞാശക്തി അവസരോചിതമായി പ്രവർത്തിക്കുന്നതാണ്.  ചുമതലകൾ നിർവഹിക്കുന്നതിൽ മേലധികാരികളുടെ ഇടപെടലുകൾ ഉണ്ടായേക്കാം. പുതിയ ജോലി തേടുന്നവർക്ക് അകലങ്ങളിൽ അവസരം ലഭിക്കാനിടയുണ്ട്. സുഹൃത്തുക്കളുടെ ഗാർഹിക പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കുന്നതാണ്. ബിസിനസ്സിൽ പാർട്ണർഷിപ്പിന് മുതിരുന്നത് ഇപ്പോൾ ഗുണം ചെയ്തേക്കില്ല. പ്രണയികളുടെ ബന്ധം കൂടുതൽ ഹൃദയപൂർവ്വകമാവും. അറ്റകുറ്റപ്പണി കഴിഞ്ഞ വീട്ടിൽ താമസമാരംഭിക്കാൻ സാധിച്ചേക്കും. രോഗഗ്രസ്തർക്ക് ആശ്വാസം ലഭിക്കുന്നതാണ്. ഏഴരശ്ശനി അലച്ചിലിന് ഇടവരുത്താം.

ഭരണി

പഞ്ചമഭാവത്തിൽ ആദിത്യൻ സ്വക്ഷേത്ര ബലവാനാവുകയാൽ ബുദ്ധിശക്തിയാൽ നേട്ടങ്ങളുണ്ടാവും. സമ്പാദ്യം ഉയരുന്നതായിരിക്കും. തൊഴിലിൽ അഭ്യുദയം ഉണ്ടാവുന്ന കാലമാണ്. പ്രൊജക്ടുകൾക്ക് സ്വീകാര്യത കിട്ടും. നിഗമനങ്ങളും നിരീക്ഷണങ്ങളും ശരിയെന്ന് തെളിയിക്കപ്പെടും. കണക്കുകൂട്ടലുകൾ ശരിയായ് വരാം. മക്കൾക്ക് നാനാതരത്തിൽ ശ്രേയസ്സുണ്ടാവുന്നതാണ്. ജന്മനാട്ടിലേക്ക് പോകാനും പിതൃമാതൃ ബന്ധുക്കളെ സന്ദർശിക്കാനും സാഹചര്യം ഉരുത്തിരിയും. ഭൂമി/ വസ്തു/ ഗൃഹം ഇവ സംബന്ധിച്ച ചില തീരുമാനങ്ങൾ കൈക്കൊള്ളാനിടയുണ്ട്. എതിർക്കുന്നവരെ തമസ്കരിക്കാനുള്ള മനശ്ശക്തി നേടുന്നതാണ്. പഠിപ്പിൽ ഉന്നമനം ഉണ്ടാവും. ചെറിയ ആരോഗ്യപ്രശ്നങ്ങൾ വലയ്ക്കാം. ഏഴരശ്ശനി തടസ്സങ്ങളുടെ രൂപം കൈക്കൊള്ളാം.

കാർത്തിക

നിലവിലെ സാഹചര്യങ്ങൾ തുടരുന്നതാണ്. വലിയ മാറ്റം തൊഴിൽ രംഗത്ത് പ്രതീക്ഷിക്കേണ്ടതില്ല. എന്നാൽ പ്രൈവറ്റ് സ്ഥാപനത്തിൽ ഉത്സവ സീസൺ പ്രമാണിച്ച് താത്കാലിക ജോലി / ദിവസ വേതന ജോലി ലഭ്യമാവും.  സംരംഭകർക്ക് ചില നേട്ടങ്ങൾ വന്നെത്തും.  ബാങ്കിൽ നിന്നും വായ്പ ലഭിക്കുവാനിടയുണ്ട്. കടബാധ്യത പരിഹരിക്കാൻ വഴി തെളിയുന്നതാണ്. പുതുസൗഹൃദങ്ങൾ ഉദയം ചെയ്യും.  ബന്ധുഭവനം സന്ദർശിച്ച് രോഗികൾക്ക് ആശ്വാസം പകരും. ജന്മനാട്ടിൽ വരാൻ അമിത തുക നൽകി ടിക്കറ്റെടുക്കുവാൻ നിർബന്ധിതരാവും. മകൻ്റെ ശാഠ്യത്തിന് വഴങ്ങി ഇരുചക്ര വാഹനം വാങ്ങാൻ ഒരുങ്ങും. ചിരകാലാഭിലാഷിതമായ ഗൃഹനിർമ്മാണം സംബന്ധിച്ച ചർച്ചകൾ കുടുംബത്തിൽ സജീവമായേക്കും.

Also Read: ചൊവ്വ മാറുന്നു, കന്നിരാശിയിലേക്ക്; അശ്വതി മുതൽ രേവതി വരെ

രോഹിണി

ആദിത്യൻ നാലാം ഭാവത്തിൽ സ്വക്ഷേത്രത്തിൽ സഞ്ചരിക്കുകയാൽ മനസ്സിന് ദൗർബല്യം ഉണ്ടാവില്ല. എല്ലാവശങ്ങളും ആലോചിച്ച് നല്ല തീരുമാനങ്ങൾ കൈക്കൊള്ളാനാവും. തിരുത്തേണ്ടവ തിരുത്താനുള്ള ആർജ്ജവം കൈവരുന്നതാണ്. തൊഴിലിൽ നിന്നുള്ള ആദായം വിപുലമാവും. സ്വന്തം ഫ്ളാറ്റിൽ താമസമാരംഭിക്കാൻ കഴിഞ്ഞേക്കും. നാട്ടിലെ പൂർവ്വിക സ്വത്ത് വിറ്റ തുകയുപയോഗിച്ച് കടം വീട്ടുന്നതായിരിക്കും. മത്സരാധിഷ്ഠിതമായ വലിയ കരാർ പണികൾ നേടുന്നതാണ്. കുടുംബത്തിലെ സ്ത്രീകളുടെ ആവശ്യങ്ങൾക്ക് പൂർണ്ണപിന്തുണ  നൽകുന്നതായിരിക്കും. മാർക്കറ്റിംഗ് മേഖലയിൽ ഉണർവുണ്ടാവുന്നതാണ്. ബന്ധുവിൻ്റെ രോഗാവസ്ഥയറിഞ്ഞ് ചികിൽസയ്ക്ക് ഏർപ്പാടാക്കും. അനുരാഗത്തിൽ കയ്പുരസം അനുഭവപ്പെടാം.

Also Read: 'അച്ഛനെയാണെനിക്കിഷ്ടം...' അച്ഛനും മക്കളും ജ്യോതിഷവും

മകയിരം

കാര്യതടസ്സവും ക്ലേശങ്ങളും കഴിഞ്ഞകാല കഥകളായി മാറുന്നതാണ്. ഗുണാനുഭവങ്ങളുടെ പുതിയ സൂര്യോദയം അനുഭവത്തിൽ വരും.  ഔദ്യോഗികമായി അനുകൂലമായ അന്തരീക്ഷമാവും. സ്വാധീനത വർദ്ധിക്കുന്നതാണ്.  തൊഴിൽ തേടുന്നവർക്ക് കാത്തിരുന്ന അവസരങ്ങൾ മുന്നിലെത്തും. ബിസിനസ്സിൽ കൂടുതൽ കരുത്താർജ്ജിക്കും. രാഷ്ട്രീയത്തിലും പൊതുപ്രവർത്തനത്തിലും മുന്നേറ്റമുണ്ടാവും.  ഗൃഹനിർമ്മാണം പൂർത്തിയാക്കി കേറിത്താമസം സാധ്യമായേക്കും.  ഉയർന്നതരം ഇലക്ട്രോണിക് ഉല്പന്നങ്ങൾ മാസവായ്പ വ്യവസ്ഥയിൽ സ്വന്തമാക്കുന്നതാണ്. പ്രണയികൾക്ക് വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കാൻ സാഹചര്യം സംജാതമാകും. ജീവിതശൈലീ രോഗങ്ങളുടെ കാര്യത്തിൽ കരുതൽ ആവശ്യമാണ്.

തിരുവാതിര

മൂന്നാംഭാവത്തിൽ സഞ്ചരിക്കുന്ന ആദിത്യൻ വേണ്ടുവോളം ആത്മവിശ്വാസം പകരും. ഉദ്യോഗസ്ഥർക്ക് മേലധികാരികളുടെയും സഹപ്രവർത്തകരുടെയും മുഴുപിന്തുണയും ലഭിക്കുന്നതാണ്. പുതിയ കാര്യങ്ങൾ അറിയാനും പ്രാവർത്തികമാക്കാനും ഊർജ്ജം ലഭിച്ചേക്കും. പ്രൈവറ്റ് സ്ഥാപനത്തിൽ നിയമനം കിട്ടും. വിദേശത്ത് ജോലി/ പഠനം എന്നിവയ്ക്കുള്ള തടസ്സം നീങ്ങുന്നതാണ്. കണ്ടകശ്ശനിക്കാലമെങ്കിലും സ്വാശ്രയ തൊഴിലിൽ മുന്നോട്ടു പോക്ക് സാധ്യമാവും. ജന്മരാശിയിലും രണ്ടിലും ഒക്കെയായി സഞ്ചരിക്കുന്ന ശുക്രൻ സുഖഭോഗങ്ങൾക്ക് കാരണമാകും. രാഷ്ട്രീയ കാര്യങ്ങളിൽ നിന്നും അകലം പാലിക്കുകയാവും ഉചിതം. അനുരാഗം പുഷ്ടിപ്പെടും. വിവാഹ തീരുമാനം കൈക്കൊള്ളുവാൻ ധൈര്യം വരും. വീട്ടുവാടക ഉയർത്തപ്പെടും. വിശ്രമിക്കാൻ സമയം കുറയുന്നതാണ്.

പുണർതം

പ്രധാന ചുമതലകൾ ഏറ്റെടുക്കാനും കൃത്യതയോടെ പൂർത്തിയാക്കാനും സാധിക്കുന്നതാണ്. ബാങ്ക് വായ്പയുടെ സഹായത്തോടെ സ്വാശ്രയ ബിസിനസ്സ് വിപുലീകരിക്കാൻ കഴിയും. പുതിയ പ്രൊജക്ടുകൾ സഹപ്രവർത്തകരുടെ നിർദ്ദേശങ്ങൾ കൈക്കൊണ്ട്  തയ്യാറാക്കും. ഭാവികാര്യങ്ങളെക്കുറിച്ച് വ്യക്തമായ തീരുമാനങ്ങൾ രൂപപ്പെടുന്നതാണ്. കുടുംബത്തിൽ സമാധാനമുണ്ടാവും. ദാമ്പത്യത്തിൽ ഐക്യം ദൃഢമാവും. ഉന്നത വ്യക്തികളുടെ പിന്തുണ ലഭിക്കുന്നതാണ്. മത്സരങ്ങൾ/ അഭിമുഖ പരീക്ഷകൾ എന്നിവയിൽ ശോഭിക്കാനാവും. പുതിയ വാഹനം വാങ്ങാൻ സാധ്യതയുണ്ട്. ഫ്ളാറ്റിൻ്റെ മോടിപിടിപ്പിക്കൽ പൂർത്തിയാവും. ചെറുപ്പക്കാരുടെ വിവാഹ കാര്യത്തിൽ മാതാപിതാക്കൾ ഊർജ്ജിതമായ അന്വേഷണം തുടരും. സാമ്പത്തികമായി സംതൃപ്തിയുണ്ടാവും.

Also Read: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

പൂയം

നക്ഷത്രാധിപനായ ശനി വക്രസഞ്ചാരത്തിലാകയാൽ മുന്നോട്ടുവെച്ച കാൽ പിറകോട്ടെടുക്കാനിടവരും. പ്രവർത്തന മേഖല  മന്ദഗതിയിലാവാം. പുതിയ സംരംഭങ്ങൾ തുടങ്ങുവാൻ ഓരോ തടസ്സങ്ങൾ പ്രത്യക്ഷപ്പെടും. ഇപ്പോൾ നിലവിലെ തൊഴിൽ ഉപേക്ഷിക്കുന്നത് കരണീയമല്ല. ഭൂമിവ്യാപാരം ആദായകരമായേക്കും. സകുടുംബം  അവധിക്കാല ഉല്ലാസയാത്ര നടത്തുന്നതിന് സാഹചര്യം ഉണ്ടാവും. വാക്കുകൾക്ക് ആജ്ഞാശക്തി വരുന്നതാണ്. പാർട്ണർഷിപ്പിൽ ചെറിയ ആദായം ഉണ്ടാവും. ശുക്രൻ ജന്മരാശിയിൽ സഞ്ചരിക്കുകയാൽ മനസ്സ് പ്രണയാർദ്രമാവും. ജാമ്യം നിൽക്കുന്നതിൽ കരുതലുണ്ടാവണം. വിദ്യാഭ്യാസവായ്പ അനുവദിക്കപ്പെടും. അന്യദേശത്തു നിന്നും നാട്ടിലെത്താനാവും. ഫ്ളാറ്റ് വാങ്ങുന്ന കാര്യത്തിൽ കുടുംബത്തിൽ അനൈക്യം തലയെടുക്കുന്നതാണ്.

ആയില്യം

രണ്ടിൽ ആദിത്യൻ സ്വക്ഷേത്ര ബലവാനായി സഞ്ചരിക്കുന്നു. വിദ്യാഭ്യാസത്തിൽ പുരോഗതിയുണ്ടാവും. തൊഴിലന്വേഷണം പാഴാവില്ല. കൃത്യമായ ആസൂത്രണം ജീവിത പുരോഗതിക്ക് തുണയാകും. കുടുംബത്തിൻ്റെ മനസ്സറിഞ്ഞ് പെരുമാറും.
രാഷ്ട്രീയ എതിരാളികളെ നിഷ്പ്രഭമാക്കുംവിധമുള്ള കരുനീക്കങ്ങൾ നടത്താനാവും. ഒമ്പതിലെ ശനിയും എട്ടിലെ രാഹുവും ഭാഗ്യഭ്രംശങ്ങൾ ഉണ്ടാക്കിയേക്കാം. ചില തിരിച്ചടികൾ വന്നുകൂടായ്കയില്ല. അകാരണമായ ഭയം തോന്നുന്നതാണ്. സമയബന്ധിതമായി ദൗത്യങ്ങൾ പൂർത്തിയാക്കാൻ ക്ലേശമുണ്ടാവും. എങ്കിലും ആത്മവിശ്വാസം വേഗം തന്നെ പുലർത്തും. സ്വന്തം തൊഴിലിൽ വരുമാന മാർഗം ഉയർത്താൻ ഭാഗികമായി സാധിക്കും. സ്നേഹബന്ധം ദൃഢമാവുന്നതാണ്.

Read More: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: