/indian-express-malayalam/media/media_files/2ufohKoNFG0EnjFwymsp.jpg)
August Month 2024 Astrological Predictions for stars Aswathi to Ayilyam
Monthly Horoscope August 2024: ആഗസ്റ്റ് മാസത്തിൽ ആദിത്യൻ കർക്കിടകം, ചിങ്ങം രാശികളിൽ സഞ്ചരിക്കുന്നു. ആയില്യം, മകം, എന്നീ ഞാറ്റുവേലകൾ മുഴുവനായും, പൂയം, പൂരം ഞാറ്റുവേലകൾ ഭാഗികമായും ആഗസ്റ്റ് മാസത്തിൽ കടന്നുപോകുന്നു.
ആഗസ്റ്റ് 1 വ്യാഴാഴ്ച കൃഷ്ണപക്ഷ ദ്വാദശിയും മകയിരം നക്ഷത്രവുമാണ്. ആഗസ്റ്റ് 3,4 തീയതികളിലായി കറുത്തവാവും ആഗസ്റ്റ് 19 ന് വെളുത്തവാവും ഭവിക്കുന്നു. ആഗസ്റ്റ് 3ന് ശനിയാഴ്ചയാണ് (1199 കർക്കടകം 19 ന്) പിതൃകർമ്മങ്ങൾക്ക് പ്രധാനമായ 'കർക്കടക വാവുബലി' വരുന്നത്.
ചൊവ്വ ഇടവം രാശിയിലാണ്. രോഹിണി, മകയിരം നക്ഷത്രങ്ങളിൽ സഞ്ചരിക്കുന്നു. ആഗസ്റ്റ് 26 ന് ചൊവ്വ മിഥുനം രാശിയിൽ പ്രവേശിക്കുന്നു.
ബുധൻ ചിങ്ങം രാശിയിലാണ്. ആഗസ്റ്റ് 22 ന് വക്രഗതിയായി കർക്കടകത്തിലേക്ക് നിഷ്ക്രമിക്കുന്നു. ശുക്രൻ ചിങ്ങം രാശിയിലാണ്. ആഗസ്റ്റ് 24 ന് നീചരാശിയായി കന്നിയിൽ പ്രവേശിക്കുന്നു.
ശനി കുംഭം രാശിയിൽ പൂരൂരുട്ടാതി നക്ഷത്രത്തിൽ വക്രഗതിയിലാണ്. വ്യാഴം ഇടവം രാശിയിൽ രോഹിണി നക്ഷത്രത്തിൽ സഞ്ചരിക്കുന്നു. ആഗസ്റ്റ് 20 ന് മകയിരം നാളിൽ പ്രവേശിക്കുകയാണ്.
രാഹു മീനം രാശിയിൽ ഉത്രട്ടാതി നക്ഷത്രത്തിലും കേതു കന്നിരാശിയിൽ അത്തം നക്ഷത്രത്തിലും വക്രഗ്രതിയിൽ തുടരുകയാണ്.
ആഗസ്റ്റ് 17 ന് കൊല്ലവർഷം 1200 (ചിങ്ങം 1) പിറക്കുന്നു. പുതിയ നൂറ്റാണ്ടിൻ്റെ തുടക്കമായിപ്പറയാം. ആഗസ്റ്റ് 16 വെള്ളിയാഴ്ച വൈകിട്ട് 7:46 ന് പൂരാടം നക്ഷത്രത്തിൽ ചിങ്ങ രവി സംക്രമം ഭവിക്കുന്നു. ചിങ്ങം രാശി രവിയുടെ അഥവാ ആദിത്യൻ്റെ സ്വക്ഷേത്രമാണ് എന്നത് സ്മരണീയമാണ്.
ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ ആയില്യം വരെയുള്ള ഒന്‍പത് നാളുകളിൽ ജനിച്ചവരുടെ 2024 ആഗസ്റ്റ് മാസത്തിലെ നക്ഷത്രഫലം ഇവിടെ രേഖപ്പെടുത്തുന്നു.
അശ്വതി
ന്യായമായ ആഗ്രഹങ്ങൾ സാധിച്ചുകിട്ടും. ജോലി കിട്ടാതെ വിഷമിച്ചവർ നിരാശപ്പെടേണ്ടി വരില്ല. അർഹതയ്ക്കും മികവിന് അവസരവും അംഗീകാരവും ലഭിക്കും. ബുദ്ധിപരമായ നീക്കങ്ങളിലൂടെ എതിർപ്പുകളെ അതിജീവിക്കാനാവും. മക്കളുടെ ജോലിക്കാര്യത്തിലെ വിളംബത്തിന് അവസാനമാകും. മാസത്തിൻ്റെ രണ്ടാം പകുതിയിൽ കൂടുതൽ ഉന്മേഷത്തോടെ പ്രവർത്തിക്കാൻ സാധിക്കും. പിതാവിൽ നിന്നും ധനസഹായം, പിതാവിന്റെ സ്ഥാനലബ്ധി, രാഷ്ട്രീയ വളർച്ച എന്നിവയുണ്ടാവാം. പുണ്യകർമ്മങ്ങൾക്കും ക്ഷേത്ര കാര്യങ്ങൾക്കും സമയം കണ്ടെത്താം. ഔദ്യോഗികമായ ഉയർച്ചക്ക് സാഹചര്യം അനുകൂലമാണ്. ഹൃദയ-ശിരോരോഗികൾക്ക് ആശ്വാസം കിട്ടുന്നതാണ്. പ്രസ്ഥാനങ്ങളിലും മറ്റും നേതൃപദവി ഐക്യകണ്ഠേന ലബ്ധമാകുന്നതാണ്.
ഭരണി
വ്യത്യസ്ത കാര്യങ്ങൾ മടുപ്പില്ലാതെ ചെയ്യാനാവും. പൂർത്തീകരിക്കാത്ത പ്രവൃത്തി മുഴുമിപ്പിക്കാൻ കഴിയുന്നതാണ്. ആത്മാഭിമാനം ഉയരുന്ന സന്ദർഭങ്ങൾ ഉണ്ടാവും. ഗതാഗത നിയമങ്ങൾ തെറ്റിക്കുന്നതുമൂലം പിഴ ഒടുക്കേണ്ടി വരാം. മാതൃബന്ധുക്കളുമായി പിണങ്ങാനിടയുണ്ട്. ദൂരെക്കഴിയുന്നവർക്ക് വീട്ടുകാര്യങ്ങൾ ഓർത്തു വിഷമം ഉണ്ടായേക്കും. ഔദ്യോഗികമായ അനിശ്ചിതാവസ്ഥകൾ നീങ്ങുന്നതായിരിക്കും. അവസരങ്ങൾ ഭംഗിയായി പ്രയോജനപ്പെടുത്തും. ബുദ്ധി ഉണർന്ന് പ്രവർത്തിക്കുന്നതുമൂലം പ്രശ്നങ്ങൾ വേരോടെ പിഴുതു കളയും. ഊഹക്കച്ചവടത്തിൽ ലാഭനഷ്ടങ്ങൾ ഉണ്ടാവുന്നതാണ്. മാസാന്ത്യം നക്ഷത്രനാഥന് നീചസ്ഥിതി വരുന്നത് ചെറിയ തിരിച്ചടികൾക്ക് കാരണമായേക്കാം. മക്കളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കപ്പെടണം.
കാർത്തിക
അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തും. വ്യക്തിപ്രഭാവം സമൂഹത്തിൻ്റെ ആദരവ് നേടുന്നതാണ്. പ്രതിസന്ധികളെ പ്രത്യുല്പന്നമതിത്വത്തോടെ നേരിടുവാനാവും. കുടുംബത്തിൽ സ്വസ്ഥത നിലനിർത്താൻ വിട്ടുവീഴ്ച പുലർത്തും. മകളുടെ വിവാഹക്കാര്യത്തിൽ തീരുമാനം വൈകും. പൈതൃകഗൃഹം നവീകരിക്കാനുള്ള പദ്ധതി തയ്യാറാക്കും. യാത്രാക്ലേശത്തിന് സാധ്യതയുണ്ട്. പൂർവ്വസുഹൃത്തുക്കളെ കണ്ടുമുട്ടും. ഉദ്യോഗം തേടുന്നവർക്ക് കരാർ പണികൾ ലഭിച്ചേക്കും. ബിസിനസ്സിൽ, വൻതോതിൽ മുതൽമുടക്കാൻ ഗ്രഹാനുകൂല്യം ഇല്ല. നക്ഷത്രനാഥനായ സൂര്യന് സ്വക്ഷേത്രബലം വരികയാൽ മാസത്തിൻ്റെ രണ്ടാം പകുതിയിൽ ആത്മവിശ്വാസം വർദ്ധിക്കും. ഉദ്യോഗത്തിൽ ഉന്നതിയിലെത്താൻ കഴിയും.
രോഹിണി
ജന്മരാശിയിൽ, ജന്മനക്ഷത്രത്തിൽ ഗുരുകുജന്മാർ സഞ്ചരിക്കുന്നത് പ്രതികൂലമായ അനുഭവങ്ങൾ സൃഷ്ടിക്കാം. ഗുണാനുഭവങ്ങൾ നീങ്ങിപ്പോകാനിടയുണ്ട്. കാര്യതടസ്സം അനുഭവപ്പെടും. ക്ഷോഭവാസന അധികരിക്കുന്നതാണ്. ക്രമേണ സ്ഥിതി മാറി വരും. സർക്കാരിൽ നിന്നും നേടേണ്ട കാര്യങ്ങൾ നേടാനാവും. സമൂഹത്തിലെ ഉന്നതരുടെയും മേലധികാരികളുടെയും സഹകരണവും പിന്തുണയും ലഭിക്കും. വീട് മോടിപിടിപ്പിക്കാൻ പണം കണ്ടെത്തും. പിരിഞ്ഞു കഴിഞ്ഞ ഭാര്യാഭർത്താക്കന്മാർക്ക് ഇണങ്ങാൻ സാഹചര്യം രൂപപ്പെടുന്നതാണ്. കുടുംബകാര്യങ്ങളിൽ കൂടുതൽ താത്പര്യം പ്രകടിപ്പിക്കും. പാരമ്പര്യമായി ലഭിച്ച വസ്തുവിൽ നിന്നും ആദായം ഉണ്ടാവും. കലാകാരമാർക്ക് മുൻപ് ലഭിക്കാത്ത അവസരവും കഴിവ് തെളിയിക്കാനുള്ള വേദിയും സിദ്ധമാകുന്നതാണ്.
മകയിരം
എല്ലാക്കാര്യങ്ങളും ജാഗ്രതയോടെ നിർവഹിക്കപ്പെടേണ്ട കാലമാണ്. ഒറ്റ ഉദ്യമത്തിൽ തന്നെ നേട്ടങ്ങളെല്ലാം കരഗതമായിക്കൊള്ളണം എന്നില്ല. നിരന്തരമുള്ള യത്നങ്ങളാവും ഫലവത്തായിത്തീരുക. സമയബന്ധിതമായി പ്രവർത്തിക്കാൻ നിർബന്ധിതരാകും. പുതിയ കാര്യങ്ങൾ പഠിക്കേണ്ടതായി വരുന്നതാണ്. വീട്ടിൽ ഇരുന്നു ജോലി ചെയ്തവർക്ക് നേരിട്ട് ഓഫീസിൽ പോകേണ്ട സ്ഥിതി ഉദയം ചെയ്യാം. സ്ത്രീകളുടെ സൗഹൃദം ഗുണകരമാവും. വീട്ടിനടുത്തേക്ക് സ്ഥലം മാറ്റ ഉത്തരവ് ഉണ്ടാവാനിടയുണ്ട്. അനാവശ്യമായ ആധി ദോഷം ചെയ്തേക്കും. ദേശത്തുള്ളവർക്ക്ആഘോഷങ്ങൾക്ക് നാട്ടിലെത്താൻ അവധി അനുവദിക്കപ്പെടാം. ധനസ്ഥിതി മെച്ചപ്പെടുമെങ്കിലും ചെലവിൽ നിയന്ത്രണം വേണ്ടതായുണ്ട്. സഹോദരബന്ധം രമ്യമാവാൻ മുൻകൈയെടുക്കണം.
തിരുവാതിര
മാസാദ്യം ലക്ഷ്യബോധമുണ്ടാവില്ല. അലച്ചിലും ചെലവുമേറും. ആസൂത്രണത്തിലെ മികവ് പ്രവൃത്തിയിലുണ്ടാവണമെന്നില്ല. ക്രമേണ കാര്യങ്ങൾ അനുകൂലമാവും. സഹപ്രവർത്തകർ പിന്തുണയ്ക്കുന്നതാണ്. രാഷ്ട്രീയത്തിൽ ശോഭിക്കാനാവും. സഹോദരർ തമ്മിലുള്ള പ്രശ്നങ്ങൾക്ക് ഉചിതമായ തീർപ്പുകാണും. ക്ഷേത്രോദ്ധാരണ കർമ്മങ്ങളിൽ മുഖ്യത്വം വഹിക്കുന്നതാണ്. സാമ്പത്തിക സ്ഥിതി ആശാവഹമാവും. സർക്കാരിൽ നിന്നും ,ലഭിക്കേണ്ട അനുമതിപത്രങ്ങൾ കൈവശമെത്തും. പിതൃബന്ധുക്കളുടെ സഹായ സഹകരണം പ്രതീക്ഷിക്കാം. വീടിൻ്റെ / വാഹനത്തിൻ്റെ ലോൺ അടഞ്ഞു തീരുന്നതാണ്. മത്സരബുദ്ധിയോടെ ചില വലിയ ടെൻഡറുകൾ നേടുവാനാവും. ആഘോഷ പരിപാടികളുടെ സംഘാടനത്തിൽ മുഖ്യത്വം വഹിക്കുന്നതാണ്.
പുണർതം
ഏറ്റെടുക്കുന്ന ദൗത്യങ്ങൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ വിഷമിച്ചേക്കും. ഔദ്യോഗിക രംഗത്ത് സമ്മിശ്രമായ അനുഭവങ്ങൾ ഉണ്ടാവുന്നതാണ്. ഭൂമിയുടെ ക്രയവിക്രയത്തിൽ അമളി പറ്റാനിടയുണ്ട്. സാമ്പത്തിക ജാഗ്രത അനിവാര്യമാണ്. മാസത്തിൻ്റെ രണ്ടാം പകുതി കൂടുതൽ മിഴിവുള്ളതാവും. കുടുംബത്തിൻ്റെ പിന്തുണ മാനസികോർജ്ജം പകരുന്നതാണ്. തൊഴിൽ തേടുന്നവർക്ക് ചെറിയ വരുമാനമാർഗം തുറന്നുകിട്ടാം. ഓൺലൈൻ ബിസിനസ്സ് ആദായകരമാവും. വാഹനവായ്പ അടഞ്ഞുതീരുന്നത് ആശ്വാസമാകും. സുഹൃത്തുക്കളുമൊത്ത് യാത്രകളും ഉല്ലാസവേളകളും ഭവിക്കും. പ്രണയികൾക്ക് ചില സങ്കടങ്ങളേർപ്പെടും. വൃദ്ധജനങ്ങളുടെ പരിചരണത്തിന് കൂടുതൽ സമയം കണ്ടെത്തും.
പൂയം
ആദിത്യൻ്റെ ജന്മരാശിസ്ഥിതിയാൽ അലച്ചിലും അനാവശ്യമായ പിരിമുറുക്കവും ഒരുഭാഗത്തു തുടരും. അതേസമയം വ്യാഴം, ചൊവ്വ എന്നിവയുടെ അനുകൂലതയാൽ സാമ്പത്തിക നേട്ടങ്ങളും പ്രവൃത്തി ഗുണവും വന്നു ചേരും. ഭൂമിയിൽ നിന്നുള്ള ആദായം, സഹോദരാനുകൂല്യം എന്നിവയും പ്രതീക്ഷിക്കാം. കടബാധ്യതകൾ ഭാഗികമായെങ്കിലും പരിഹൃതമാവും. കുടുംബസ്വത്തുക്കൾ സംബന്ധിച്ച തർക്കങ്ങൾക്കും വ്യവഹാരങ്ങൾക്കും നല്ലതീർപ്പ് ഉണ്ടാവുന്നതാണ്. ഉദ്യോഗത്തിൽ ഉയർച്ചയുണ്ടാവാൻ മാസത്തിൻ്റെ രണ്ടാം പകുതിയിൽ സാധ്യത കൂടുതലായിരിക്കും. പൊതുപ്രവർത്തനം ആദരവ് നേടിത്തരും. വിദ്യാർത്ഥികൾക്ക് പരീക്ഷയിലും അഭിമുഖങ്ങളിലും ശോഭിക്കാനാവും. വയോജനങ്ങൾക്ക് ആരോഗ്യപരമായി സ്വസ്ഥത പ്രതീക്ഷിക്കാം.
ആയില്യം
ജീവിതയാഥാർത്ഥ്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കും. പ്രായോഗിക സമീപനം ലക്ഷ്യം കാണുന്നതാണ്. സഹപ്രവർത്തകരുടെ സഹകരണം വേണ്ടത്രയുണ്ടാവില്ല. മേലധികാരികളെ കാര്യം പറഞ്ഞ് ബോധിപ്പിക്കുക ക്ലേശകരമാവും. വ്യക്തിപരമായും ഔദ്യോഗികമായും അലച്ചിലുണ്ടാവും. ചെലവും കൂടിയേക്കാം. ഭൂമിയുടെ ഈടിന്മേൽ കൂടുതൽ വായ്പ നേടാനുള്ള ശ്രമം വിജയിക്കുന്നതാണ്. കുടുംബാംഗങ്ങളുടെ അനൈക്യം പരിഹരിക്കാൻ ഏറെ ഊർജ്ജം ചെലവാകും. വിദ്യാർത്ഥികൾക്കും ഗവേഷകർക്കും അനുകൂലമായ സന്ദർഭമാണ്. നിലവിലെ തൊഴിൽ ഉപേക്ഷിച്ച് പുതുജോലി തേടുന്നത് ആശാസ്യമാവില്ല. ബിസിനസ്സ് രംഗം പകരക്കാരെ ഏല്പിക്കാൻ തീരുമാനിക്കും. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ വേണം. പതിവ് പരിശോധനകൾ മുടക്കരുത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us