/indian-express-malayalam/media/media_files/2024/12/28/january5-to-january-11-weekly-horoscope-astrological-predictions-makam-to-thriketta.jpg)
Weekly Horoscope: വാരഫലം
Weekly Horoscope: 2025 ജൂൺ 29 ഞായർ മുതൽ ജൂലൈ 5 ശനി (1200 മിഥുനം 15 മുതൽ 21) വരെയുള്ള ഒരാഴ്ചക്കാലത്തെ സമ്പൂർണ്ണ നക്ഷത്ര ഫലം. ആദിത്യൻ മിഥുനം രാശിയിലാണ്. തിരുവാതിര നക്ഷത്രത്തിലൂടെ സഞ്ചരിക്കുകയാൽ 'തിരുവാതിര ഞാറ്റുവേല'ക്കാലമാണ്. ചന്ദ്രൻ വെളുത്തപക്ഷത്തിൽ. മകം മുതൽ ചോതി വരെയുള്ള നക്ഷത്രങ്ങളിലൂടെ സഞ്ചരിക്കുന്നു.
ശനി മീനം രാശിയിൽ ഉത്രട്ടാതി നക്ഷത്രത്തിൻ്റെ രണ്ടാം പാദത്തിലാണ്. വ്യാഴം മിഥുനം രാശിയിൽ തിരുവാതിര നക്ഷത്രത്തിൻ്റെ രണ്ടാം പാദത്തിൽ സഞ്ചരിക്കുന്നു. ബുധൻ കർക്കടകത്തിൽ പൂയം നക്ഷത്രത്തിലാണ്. ശുക്രൻ 29ന്, ഞായർ മദ്ധ്യാഹ്നത്തിൽ മേടം രാശിയിൽ നിന്നും ഇടവത്തിലേക്ക് സംക്രമിക്കുന്നു. ശുക്രൻ കാർത്തിക നക്ഷത്രത്തിലാണ്. ചൊവ്വ ചിങ്ങം രാശിയിലാണ്.
30 ന് തിങ്കളാഴ്ച പൂരം നക്ഷത്രത്തിൽ പ്രവേശിക്കും. രാഹു കുംഭം രാശിയിൽ പൂരൂരുട്ടാതി മൂന്നാം പാദത്തിലും കേതു ചിങ്ങം രാശിയിൽ ഉത്രം ഒന്നാം പാദത്തിലുമാണ്. ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മകം മുതൽ തൃക്കേട്ട വരെയുള്ള ഒന്‍പത് നാളുകളിൽ ജനിച്ചവരുടെ വാരഫലം ഇവിടെ അവതരിപ്പിക്കുന്നു.
Also Read: വാരഫലം, അശ്വതി മുതൽ ആയില്യം വരെ
മകം
ചന്ദ്രൻ, കേതു, ചൊവ്വ എന്നീ ഗ്രഹങ്ങൾ ജന്മരാശിയിൽ സഞ്ചരിക്കുകയാൽ ആശയക്കുഴപ്പം ഉണ്ടാവും. അവിചാരിതമായ സമ്മർദ്ദങ്ങൾ വന്നെത്തും. പ്രത്യേകിച്ചും വാരാദ്യദിവസങ്ങളിൽ. ഉപജാപങ്ങളിൽ കുടുങ്ങാതെ ശ്രദ്ധിക്കുക. ദേഹാസ്വസ്ഥത അനുഭവപ്പെട്ടാൽ വൈദ്യസഹായം തേടണം. ബുധനാഴ്ച മുതൽ മാറ്റം വരാം. പ്രതീക്ഷിച്ച ധനം വന്നുചേരുന്നതാണ്. കുടുംബത്തിൻ്റെ പിന്തുന്ന പ്രതീക്ഷിക്കാം. തൊഴിലിടത്തിൽ സാമാന്യമായ സംതൃപ്തി ഭവിക്കും. അന്യദിക്കിൽ തുടർ പഠനത്തിനുള്ള അവസരം സംജാതമാകുന്നതാണ്.
പൂരം
നക്ഷത്രാധിപനായ ശുക്രൻ്റെ സ്വക്ഷേത്രസ്ഥിതി ആത്മവിശ്വാസമേകും. ജന്മരാശിയിലും ജന്മനക്ഷത്രത്തിലും പാപഗ്രഹങ്ങൾ കടന്നുപോകുന്നത് അനുകൂലമല്ലാത്ത സാഹചര്യങ്ങൾ സൃഷ്ടിക്കും. ക്രയവിക്രയങ്ങളിൽ ശ്രദ്ധിക്കണം. ജോലിയിലെ ആത്മാർത്ഥത അംഗീകരിക്കപ്പെടും. പ്രണയത്തിൽ തിരിച്ചടികൾ വരാം. സ്വന്തം വാക്കുകൾ ദുർവ്യാഖ്യാനിക്കപ്പെടാനിടയുണ്ട്. യാത്രകൾക്ക് ഗുണം കുറയും. കരാറുകളിൽ ഏർപ്പെടുമ്പോൾ വ്യവസ്ഥകൾ കൃത്യമായി മനസ്സിലാക്കാൻ മറക്കരുത്. സാങ്കേതിക വിദ്യകൾ സ്വായത്തമാക്കാനുള്ള ശ്രമം തുടരുന്നതാണ്.
ഉത്രം
ആദിത്യൻ്റെയും ഒപ്പം വ്യാഴത്തിൻ്റെയും അനുകൂലത പ്രതിസന്ധികളെ മറികടക്കാൻ സഹായിക്കുന്നതാണ്. ചിലപ്പോൾ ഏകാന്തത അനുഭവപ്പെടും. കൃത്യനിർവഹണം തൃപ്തികരമാവും. സഹപ്രവർത്തകരുടെ ഉപദേശനിർദ്ദേശങ്ങൾ പ്രയോജനപ്പെടുന്നതാണ്. ഭൗതികമായ ആവശ്യങ്ങൾ കൂടിവരുന്നതിൽ ചിലപ്പോൾ കുടുംബത്തോട് കലഹിച്ചേക്കും. മനസ്സന്തോഷമുള്ള കാര്യങ്ങൾക്ക്, സുഹൃൽ സല്ലാപം, വായന, വിനോദപരിപാടികൾ തുടങ്ങിയവയ്ക്ക് സമയം ലഭിച്ചേക്കില്ല. അനാവശ്യമായ ഉൽക്കണ്ഠകൾ ഒഴിവാക്കുക ഉത്തമം.
Also Read: ചൊവ്വ-കേതുയോഗം; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ
അത്തം
വാരാദ്യം പലതരം ചെലവുകൾ വന്നുപെടും. ക്ഷോഭം നിയന്ത്രിക്കപ്പെടണം. സമയനിഷ്ഠ പാലിക്കാൻ ക്ലേശിക്കുന്നതാണ്. മറ്റു ദിവസങ്ങളിൽ സ്വസ്ഥത പ്രതീക്ഷിക്കാം. തൊഴിൽ വൈദഗ്ദ്ധ്യം അഭിനന്ദിക്കപ്പെടും. വിജ്ഞാനാന്വേഷണത്തിനും നേരം കണ്ടെത്തുന്നതാണ്. പ്രമുഖരുമായുള്ള പരിചയം ആത്മവിശ്വാസം വളർത്തും. സമ്മാനങ്ങൾ ലഭിക്കാനിടയുണ്ട്. കുടുംബ ബജറ്റ് ചുരുക്കാൻ വിഫലശ്രമം നടത്തുന്നതാണ്. ഭാഗ്യസ്ഥാനത്ത് ശുക്രൻ സഞ്ചരിക്കുകയാൽ ഭാഗ്യാനുഭവങ്ങൾ വരാം.
ചിത്തിര
വാക്കുപാലിക്കാൻ കഴിയും. വിവാദങ്ങളിൽ വിജയിക്കുന്നതാണ്. കിട്ടാക്കടങ്ങൾ ഭാഗികമായി കൈവരാം. രോഗക്ലേശിതർക്ക് പുതുചികിൽസയിലൂടെ ആശ്വാസം ലഭിക്കുന്നതാണ്. തൊഴിലിടത്തിൽ ചെറിയ വൈഷമ്യങ്ങൾ ഉണ്ടായേക്കും. അടുത്ത ബന്ധുക്കളുടെ സഹകരണം പ്രതീക്ഷിക്കാം. വിരുന്നുകൾ, ഷോപ്പിംഗ്, ഉല്ലാസം ഇവയ്ക്കുള്ള അവസരം വന്നെത്തുന്നതാണ്. നവസംരംഭങ്ങൾ പുഷ്ടിപ്പെടുത്താൻ പരസ്യത്തിൻ്റെ സഹായം ആവശ്യമാകും. ഊഹക്കച്ചവടത്തിൽ നിന്നും ഊഹിച്ച ആദായം കിട്ടിയേക്കില്ല.
ചോതി
തൊഴിൽ പ്രതിസന്ധികൾ വലച്ചെന്നു വരാം. തിടുക്കത്തിലെടുക്കുന്ന തീരുമാനങ്ങൾ അബദ്ധത്തിലാക്കാം. നിലവിലെ ജോലി ഉപേക്ഷിക്കാതിരിക്കുക
അഭികാമ്യമാണ്. ഭോഗസുഖമുണ്ടാവും. ആഡംബരച്ചെലവുകൾ അധികമായേക്കും. അതിൻ്റെ പേരിൽ കുടുംബ കലഹങ്ങൾ ഉയരാനിടയുണ്ട്. പരാശ്രയത്വം കുറയ്ക്കാൻ ആഗ്രഹിക്കും. മകളുടെ ഭാവികാര്യങ്ങളിൽ ഉചിതമായ തീരുമാനം കൈക്കൊള്ളാൻ സാധിച്ചേക്കില്ല. പൂർവ്വികസ്വത്തു സംബന്ധിച്ച വിവരങ്ങൾ തേടേണ്ടി വരാം. അതിൽ നിന്നും ഗുണാനുഭവങ്ങൾക്ക് സാധ്യതയുണ്ട്. സഹോദരഗുണമുണ്ടാവും.
Also Read: മിഥുന മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
വിശാഖം
ആത്മവിശ്വാസം കുറയാനിടയുണ്ട്. മിഥ്യാധാരണകൾ പുലർത്തും. ഏജൻസി പ്രവർത്തനത്തിൽ ലാഭമുണ്ടാവുന്നതാണ്. കാര്യാലോചനകളിൽ ശബ്ദമുയർത്തി സംസാരിക്കേണ്ടി വരാം. എതിർപ്പുകളെ ആശയപരമായി നേരിടുന്നതാണ്. ധനപരമായ ശോച്യത മാറിക്കിട്ടുന്നതിന് അവസരം ഒരുങ്ങും. പ്രതിമാസപ്പലിശകൾ അടക്കാൻ സാധിക്കും. ബിസിനസ്സ് യാത്രകൾ സാമാന്യമായി ഗുണം ചെയ്യുന്നതാണ്. ഭൂമി വിൽക്കാനുള്ള ഊർജ്ജിതശ്രമം ഫലം കണ്ടുതുടങ്ങും. ബന്ധുക്കളുടെ തർക്കത്തിൽ മാധ്യസ്ഥത്തിന് മുതിരുന്നത് പേരുദോഷമുണ്ടാക്കാം.വാഹനത്തിൻ്റെ അറ്റകുറ്റപ്പണിക്ക് കൂടുതൽ ചെലവുണ്ടാവും.
അനിഴം
പലനിലയ്ക്കും സമാശ്വാസം വന്നെത്തുന്ന വാരമാണ്. പ്രയത്നം വിഫലമല്ലെന്ന തോന്നൽ സന്തോഷിപ്പിക്കും. ഉദ്യോഗസ്ഥർക്ക് പ്രവൃത്തിയിൽ പൂർണതോതിൽ മുഴുകാനാവും. ചുമതലകളിൽ വിജയം നേടുന്നതാണ്. രോഗാരിഷ്ടകൾ കുറയുന്നതിന് സാധ്യതയുണ്ട്. അനാവശ്യച്ചെലവുകൾ പരപ്രേരണകൂടാതെ തന്നെ ചുരുക്കാൻ കഴിയും. വിദ്യാർത്ഥികൾക്ക് ഭാവിയിൽ പ്രയോജനം ചെയ്യുന്ന പുതിയ കോഴ്സുകളിൽ പ്രവേശനം കിട്ടുന്നതാണ്. അനുരാഗികൾക്ക് ആഹ്ളാദിക്കാനാവും. നാലിലെ രാഹു ഇടക്കിടെ ചില ചിത്തവ്യാകുലതകൾ ഉണ്ടാക്കിയേക്കും.
തൃക്കേട്ട
സന്താനങ്ങളുടെ ആവശ്യങ്ങൾക്കായി പണം ചെലവഴിക്കേണ്ടി വരുന്നതാണ്. ആരോഗ്യം തൃപ്തികരമായിരിക്കും. മുൻ ആഴ്ചത്തെ അപേക്ഷിച്ച് കർമ്മരംഗത്തെ തടസ്സങ്ങളെ അനായാസം മറികടക്കുന്നതാണ്. പൊതുവേ സാമ്പത്തിക നില മെച്ചപ്പെടും. ഗൃഹാന്തരീക്ഷത്തിൽ സ്വാച്ഛന്ദ്യം സാമാന്യമായിട്ടാവും. സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ വാക്കുകൾ സ്വീകരിക്കില്ല. തീരുമാനം സ്വന്തം തന്നെയായിരിക്കും. ജനമധ്യത്തിൽ സ്വീകാര്യത വർദ്ധിക്കുന്നതാണ്. ബിസിനസ്സ് കാര്യങ്ങൾക്കായി യാത്രകളുണ്ടാവും. മനസ്സിന് സന്തോഷമുണ്ടാവുന്ന വാർത്തകൾ കേൾക്കുന്നതാണ്.
Read More: നിങ്ങളുടെ ജീവിതപങ്കാളി എങ്ങനെയുള്ള ആളാവും?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.