/indian-express-malayalam/media/media_files/2024/12/28/january5-to-january-11-weekly-horoscope-astrological-predictions-aswathi-to-ayilyam.jpg)
Weekly Horoscope
Weekly Horoscope: ആദിത്യൻ മിഥുനം രാശിയിലാണ്. തിരുവാതിര നക്ഷത്രത്തിലൂടെ സഞ്ചരിക്കുകയാൽ 'തിരുവാതിര ഞാറ്റുവേല'ക്കാലമാണ്. ചന്ദ്രൻ വെളുത്തപക്ഷത്തിൽ. മകം മുതൽ ചോതി വരെയുള്ള നക്ഷത്രങ്ങളിലൂടെ സഞ്ചരിക്കുന്നു.
ശനി മീനം രാശിയിൽ ഉത്രട്ടാതി നക്ഷത്രത്തിൻ്റെ രണ്ടാം പാദത്തിലാണ്. വ്യാഴം മിഥുനം രാശിയിൽ തിരുവാതിര നക്ഷത്രത്തിൻ്റെ രണ്ടാം പാദത്തിൽ സഞ്ചരിക്കുന്നു. ബുധൻ കർക്കടകത്തിൽ പൂയം നക്ഷത്രത്തിലാണ്. ശുക്രൻ 29ന്, ഞായർ മദ്ധ്യാഹ്നത്തിൽ മേടം രാശിയിൽ നിന്നും ഇടവത്തിലേക്ക് സംക്രമിക്കുന്നു. ശുക്രൻ കാർത്തിക നക്ഷത്രത്തിലാണ്. ചൊവ്വ ചിങ്ങം രാശിയിലാണ്.
30 ന് തിങ്കളാഴ്ച പൂരം നക്ഷത്രത്തിൽ പ്രവേശിക്കും. രാഹു കുംഭം രാശിയിൽ പൂരൂരുട്ടാതി മൂന്നാം പാദത്തിലും കേതു ചിങ്ങം രാശിയിൽ ഉത്രം ഒന്നാം പാദത്തിലുമാണ്. ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ ആയില്യം വരെയുള്ള നാളുകളിൽ ജനിച്ചവരുടെ വാരഫലം ഇവിടെ അവതരിപ്പിക്കുന്നു.
Also Read: 'അച്ഛനെയാണെനിക്കിഷ്ടം...' അച്ഛനും മക്കളും ജ്യോതിഷവും
അശ്വതി
വാരാദ്യം അത്ര മികച്ചതാവുമെന്ന് പറയാനാവില്ല. ചന്ദ്രന് കുജകേതുയോഗം ഭവിക്കുന്നതിനാൽ സർവ്വത്ര ആശയക്കുഴപ്പം വരാം. ചില പ്രയത്നങ്ങൾ ആവർത്തിക്കേണ്ടതായ സ്ഥിതിയുണ്ടാവും. സന്താനങ്ങളുടെ കാര്യത്തിൽ, മുഖ്യമായും അവരുടെ പഠനം സംബന്ധിച്ച്, ചില ഉൽക്കണ്‌ഠകൾ ഒരു സാധ്യതയാണ്. ബുധനാഴ്ച തൊട്ട് ആത്മവിശ്വാസം വർദ്ധിക്കും. ചിന്തകൾ നേർരേഖ പോലെ കൃത്യമാവും. ജോലിസ്ഥലത്ത് കർമ്മനിരതത്വം കൈവരിക്കുന്നതാണ്. ആസന്ന ഭാവിയെക്കുറിച്ച് വ്യക്തമായ രൂപരേഖ മനസ്സിൽ തെളിയും. കഴിഞ്ഞ കാര്യങ്ങളെ സൂക്ഷ്മവിശകലനം ചെയ്യാനും തിരുത്തൽ വരുത്തി മുന്നേറാനും സാഹചര്യം അനുകൂലമാവും. ആരോഗ്യ ജാഗ്രത അനിവാര്യം.
ഭരണി
നക്ഷത്രാധിപനായ ശുക്രൻ സ്വക്ഷേത്രത്തിൽ രണ്ടാമെടത്തിലായി സഞ്ചരിക്കുകയാൽ വചോവിലാസം വർദ്ധിക്കും. ധനാഗമം സുഗമമാവുന്നതാണ്. കുടുംബസുഖം ഭവിക്കുകയും ചെയ്യും. ഭോഗാനുഭവങ്ങൾ ഉണ്ടാവും. ഇഷ്ടജനങ്ങളുമായി സല്ലപിക്കാൻ അവസരം വന്നെത്തും. കർമ്മരംഗത്ത് കാര്യമായ തടസ്സങ്ങളൊന്നും ഉണ്ടാവില്ല. ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാൻ സാഹചര്യം ഒത്തിണങ്ങുന്നതാണ്. അഞ്ചാം ഭാവത്തിലെ കുജ - കേതു യോഗം മക്കളുടെ കാര്യത്തിൽ ചില ഉത്കണ്ഠകൾ സൃഷ്ടിച്ചേക്കാം. ആലോചനകൾ അമിതമാവുന്നതാണ്. ചൊവ്വ, ബുധൻ ദിവസങ്ങൾക്ക് മേന്മ കുറയാനിടയുണ്ട്.
Also Read: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
കാർത്തിക
തൊഴിലിടത്തിൽ സമാധാനമുണ്ടാവും. എന്നാൽ അധികാരമുള്ള ചുമതലകൾ ലഭിക്കാൻ കാത്തിരിക്കേണ്ടിവരും. കൃത്യനിഷ്ഠ പുലർത്താൻ മകനെ നിർബന്ധിക്കേണ്ട സാഹചര്യം ഉദിക്കാം. കരാർ പണികളിലെ തടസ്സങ്ങൾ നീങ്ങിയേക്കും. ഒരുപക്ഷേ പ്രതീക്ഷിക്കുന്ന സന്ദേശം എത്തിയേക്കില്ല. കാത്തിരിപ്പ് തുടരാം. പൊതുപ്രവർത്തനത്തിന് കൂടുതൽ സമയം നീക്കിവെക്കുന്നതാണ്. ഏജൻസികളിലൂടെ ആദായം ഉയരുന്നതാണ്. വിദേശത്തുള്ളവർക്ക് ജോലി സംബന്ധിച്ച ആശങ്കകൾ ഉണ്ടായേക്കും. വയോജനങ്ങളുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധയുണ്ടാവണം.
Also Read: ഇടവ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
രോഹിണി
നക്ഷത്രനാഥനായ ചന്ദ്രൻ വെളുത്തപക്ഷത്തിലൂടെ കടന്നുപോവുകയാൽ ആത്മവിശ്വാസം വർദ്ധിക്കുന്നതാണ്. ആലോചനകൾ സാക്ഷാൽക്കരിക്കാൻ ഒരു പരിധിവരെ കഴിഞ്ഞേക്കും. വാരാദ്യം ചന്ദ്രന് കുജകേതു യോഗം വരികയാൽ സമ്മർദ്ദങ്ങൾ ഉയരുവാനിടയുണ്ട്. മിഥ്യാധാരണകൾ വരാം. ആത്മസംയമനം അനിവാര്യമാണ്. മറ്റു ദിവസങ്ങളിൽ കൃത്യനിർവഹണം പ്രശംസിക്കപ്പെടും. ബഹുകാര്യങ്ങളിൽ വ്യാപരിക്കാനാവും. ഭോഗസംതൃപ്തിയുണ്ടാവും. പ്രണയത്തിൽ വിജയിച്ചതായി തോന്നും. കലാപരമായ കാര്യങ്ങളിൽ മനസ്സർപ്പിക്കും. വീട്ടുപകരണങ്ങൾ വാങ്ങാൻ ചെലവുണ്ടായേക്കും.
Also Read: ജൂൺ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
മകയിരം
കഴിഞ്ഞവാരം അനുഭവിച്ച മാനസിക സംഘർഷം ഇപ്പോളുണ്ടാവില്ല. പ്രശ്നങ്ങൾ ഭംഗിയായി പരിഹരിക്കുന്നതാണ്. എന്നാലും ചില സമാധാനക്കേടുകൾ ചൊവ്വ-കുജ യോഗത്താൽ ഉണ്ടായിക്കൊണ്ടിരിക്കും. വ്യാപാരം -വ്യവസായം എന്നിവ വിപുലീകരിക്കാൻ ആലോചിക്കും. ഇടവക്കൂറുകാർക്ക് ഭോഗസുഖമുണ്ടാവും. വിലയേറിയ പാരിതോഷികങ്ങൾ ലഭിക്കാനിടയുണ്ട്. മിഥുനക്കൂറുകാർക്ക് അപ്രതീക്ഷിതമായ സഹായം കൈവരുന്നതാണ്. സർക്കാർ കാര്യങ്ങളിൽ പരിശ്രമങ്ങൾ ഫലം കണ്ടേക്കില്ല. ഗവേഷകർക്ക് പ്രബന്ധ രചനയിൽ തടസ്സങ്ങൾ ഉണ്ടാവാം. ബന്ധുക്കൾ തമ്മിലുള്ള കലഹങ്ങളിൽ വിജയകരമായി ഇടപെടുന്നതാണ്.
തിരുവാതിര
ഉദ്യോഗസ്ഥർക്ക് പ്രതീക്ഷിച്ചതിലും ഭംഗിയായി പല കാര്യങ്ങളും നിർവഹണസന്ധിയിൽ എത്തിക്കുവാനാവും. മേലധികാരികളുടെ അനുമോദനം ലഭിക്കും. അപ്രതീക്ഷിതമായി ചില വ്യക്തികളിൽ നിന്നും സഹകരണം കൈവരുന്നതാണ്. എതിർപ്പുകളെ മൗനത്താൽ നിരാകരിക്കും. ബിസിനസ്സുകാർക്ക് ന്യായമായ ലാഭം കിട്ടും. വിപുലീകരണം സംബന്ധിച്ചുള്ള ചർച്ചകളിൽ പുരോഗതിയുണ്ടാവും. ഗൃഹനിർമ്മാണത്തിലെ തടസ്സം മാറുന്നതിന് സാധ്യത കാണുന്നു. ധനസഹായം കൈവരുന്നതാണ്. ഉപരിവിദ്യാഭ്യാസത്തിന് അടുത്തുള്ള കലാലയത്തിൽ തന്നെ അഡ്മിഷൻ കിട്ടാം.
പുണർതം
നക്ഷത്രാധിപനായ വ്യാഴത്തിൻ്റെ മൗഢ്യം തുടരുകയാണ്. വാരാദ്യം ആത്മവിശ്വാസം വർദ്ധിക്കും. ലഘുപ്രയത്നത്താൽ ചില വലിയ കാര്യങ്ങൾ നേടിയേക്കും. അധികാരികളോട് അകലം പ്രാപിക്കും. എന്നാൽ ഏതുകാര്യവും "വളയ്ക്കുകയേ ചെയ്യാവൂ, ഒടിക്കരുത്" എന്ന നിയമം മറക്കരുത്. മകൻ്റെ ന്യായമായ ആവശ്യങ്ങൾക്ക് ധനസഹായം ചെയ്യും. സംഘടനകളിൽ പ്രവർത്തിക്കുന്നവർക്ക് എതിർപ്പുകളെ നേരിടേണ്ടി വരാം. കടബാധ്യതകൾ ഭാഗികമായി പരിഹരിക്കാൻ വഴിതെളിയുന്നതാണ്. ശുക്രൻ പന്ത്രണ്ടിൽ സഞ്ചരിക്കുകയാൽ ആഡംബരച്ചെലവുകൾ വരുന്നതാണ്.
പൂയം
കൊണ്ടും കൊടുത്തും, നേടിയും നഷ്ടപ്പെടുത്തിയും നീങ്ങുന്ന വാരമാണ്. ഔദ്യോഗികമായി ജോലിഭാരം കൂടുന്നതായിരിക്കും. വാഗ്ദാനലംഘനങ്ങൾ മൂലം പരിഹാസം ഏറ്റുവാങ്ങേണ്ടി വരാം. കുടുംബകാര്യങ്ങളിൽ ശ്രദ്ധ കുറയുന്നതിനാൽ ചില പ്രശ്നങ്ങൾ ഉണ്ടാവുന്നതാണ്. സമാധാന ശ്രമങ്ങൾ ജീവിതപങ്കാളി വിക്കൊള്ളണമെന്നില്ല. ശുക്രൻ പതിനൊന്നിൽ സഞ്ചരിക്കുന്നതിനാൽ നഷ്ടപ്രണയം വീണ്ടും പുഷ്കലമാവാം. കടബാധ്യതകളിൽ തെല്ലൊരു ആശ്വാസം സംജാതമാകും. ആരോഗ്യപ്രശ്നങ്ങളിൽ കരുതൽ വേണം. വാഹനം മോടിപിടിപ്പിക്കാൻ ധനം വ്യയം ചെയ്യുന്നതാണ്.
ആയില്യം
പതിനൊന്നിലെ ശുക്രസഞ്ചാരം ഭൗതികമായ നേട്ടങ്ങൾക്ക് വഴിതുറക്കാം. കലാപ്രവർത്തകർക്ക് മികച്ച അവസരങ്ങൾ സിദ്ധിക്കും. ന്യായമായ ആവശ്യങ്ങൾ നടന്നുകിട്ടും. സാമൂഹികമായ അംഗീകാരം ലഭിക്കുന്നതാണ്. ഉന്നതവിദ്യാഭ്യാസത്തിന് ആഗ്രഹിച്ച സ്ഥാപനത്തിൽ തന്നെ പ്രവേശനം കിട്ടും. ബിസിനസ്സുകാരുടെ കച്ചവടതന്ത്രങ്ങൾ ഫലം കാണുന്നതാണ്. സംഭാഷണത്തിലെ അശ്രദ്ധ മൂലം വിരോധത്തിനിട വരാം. കുടുംബസുഖം തെല്ല് കുറയുവാനിടയുണ്ട്. ഗൃഹനവീകരണം പൂർത്തിയാവും. ലഘുയാത്രകൾ കൊണ്ട് കാര്യസിദ്ധി കൈവന്നേക്കും.
Read More: ചൊവ്വ-കേതുയോഗം; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.