scorecardresearch

Weekly Horoscope June 15-June 21: വാരഫലം, മകം മുതൽ തൃക്കേട്ട വരെ

Weekly Horoscope, June 15- June 21: ജൂൺ 15 ഞായർ മുതൽ ജൂൺ 21 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മകം മുതൽ തൃക്കേട്ട വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope, June 15- June 21: ജൂൺ 15 ഞായർ മുതൽ ജൂൺ 21 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മകം മുതൽ തൃക്കേട്ട വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Horoscope

Weekly Horoscope

Weekly Horoscope: ആദിത്യൻ ജൂൺ 15/ മിഥുനം 1 ഞായറാഴ്ച് രാവിലെ 6 മണി 44 മിനിട്ടിന് മിഥുനം രാശിയിൽ സംക്രമിക്കുന്നു. മകയിരം ഞാറ്റുവേല ഈയാഴ്ച മുഴുവൻ തുടരുന്നു. ചന്ദ്രൻ കൃഷ്ണപക്ഷ ചതുർത്ഥി മുതൽ ഏകാദശി വരെയുള്ള തിഥികളിലാണ്. ഈയാഴ്ച തിരുവോണത്തിൽ തുടങ്ങി അശ്വതി വരെ നക്ഷത്രങ്ങളുമുണ്ട്. 

Advertisment

ചൊവ്വ ചിങ്ങം രാശിയിൽ മകം നക്ഷത്രത്തിൽ സഞ്ചരിക്കുന്നു. ബുധൻ മിഥുനം രാശിയിലാണ്. ഞായറാഴ്ച വരെ തിരുവാതിരയിലും തിങ്കളാഴ്ച മുതൽ പുണർതത്തിലും സഞ്ചരിക്കുന്നു. ശുക്രൻ മേടം രാശിയിൽ ഭരണി നക്ഷത്രത്തിലാണ്. വ്യാഴം മിഥുനം രാശിയിൽ തുടരുന്നു. ഇപ്പോൾ തിരുവാതിര നക്ഷത്രത്തിൽ പ്രവേശിച്ചു കഴിഞ്ഞു.

ശനി മീനം രാശിയിൽ ഉത്രട്ടാതി രണ്ടാം പാദത്തിൽ സഞ്ചരിക്കുന്നു. രാഹു കുംഭം രാശി പൂരൂരുട്ടാതി മൂന്നാം പാദത്തിലും കേതു ചിങ്ങം രാശിയിൽ ഉത്രം ഒന്നാം പാദത്തിലുമാണ്. ഈ ഗ്രഹസ്ഥിതിയെ അവലംബിച്ച് മകം മുതൽ തൃക്കേട്ട വരെയുള്ള നാളുകളിൽ ജനിച്ചവരുടെ വാരഫലം ഇവിടെ അപഗ്രഥിക്കുന്നു.

Also Read: മിഥുന മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ

മകം

വാരാദ്യം സന്ദേഹങ്ങളും സന്ദിഗ്ദ്ധതകളും വരും. ഒന്നും ചെയ്യാനില്ലെന്ന് തോന്നും. ക്രമേണ ഗുണകരമാവും. തിങ്കൾ ഉച്ചതൊട്ട് ക്രിയാത്മകത തെളിയും. ബഹുകാര്യങ്ങളിൽ ഏകാഗ്രതയോടെ പ്രവർത്തിക്കും. ബിസിനസ്സിൽ നിന്നും ലാഭം കരഗതമാവും. ചെറിയ കൈവായ്പകൾ മടക്കിക്കിട്ടാം. കുടുംബത്തോടൊപ്പം ചെലവഴിക്കാൻ ധാരാളം സമയം കൈവരുന്നതാണ്. സുഖഭക്ഷണം, ഭോഗാനുഭവങ്ങൾ ഇവയുണ്ടാവും. വ്യാഴം, വെള്ളി നവാരംഭങ്ങൾക്ക് നന്നല്ല. സർവ്വകാര്യങ്ങളിലും ശ്രദ്ധ വേണം. ശനിയാഴ്ച ക്ഷേത്ര ദർശനാദികൾക്ക് അവസരമുണ്ടാവും.

Advertisment

പൂരം

നക്ഷത്രാധിപനായ ശുക്രൻ ഒമ്പതാം ഭാവത്തിൽ/ ഭാഗ്യസ്ഥാനത്ത് നിൽക്കുന്നതിനാൽ 'ഞാൻ പിടിച്ച മുയലിന് മൂന്നുകൊമ്പെന്ന്' സ്ഥാപിക്കാൻ കഴിഞ്ഞേക്കും. സാമ്പത്തികം മോശമാവില്ല. ചെലവ് നിയന്ത്രിക്കാൻ മറക്കരുത്. പെൺസൗഹൃദം പുഷ്ടിപ്പെടും. സാമൂഹിക മാധ്യമങ്ങളിൽ സജീവമാകുന്നതാണ്. രോഗികൾക്ക് ആശ്വാസം വരും. മുന്തിയ ഹോട്ടലുകളിൽ നിന്നും ഭക്ഷണം, ഷോപ്പിംഗ് ഇവയ്ക്ക് അവസരം കൈവരും. മറ്റുള്ളവരുടെ സേവനം സ്വീകരിക്കും.
വ്യാഴം, വെള്ളി ഗുണം കുറയുന്നതാണ്. വാഹനയാത്രയിൽ ശ്രദ്ധയുണ്ടാവണം.

Also Read: ജൂൺ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ

ഉത്രം

ഉന്മേഷം വാക്കുകളിലുണ്ടാവും. പ്രവൃത്തിയിൽ ചിലപ്പോൾ ഉദാസീനത വരാം. ഏറ്റെടുത്ത ദൗത്യങ്ങളിൽ നിന്നും ഇല്ലാത്ത അസൗകര്യങ്ങൾ സങ്കല്പിച്ച് പിൻവലിയാൻ ഇടയുണ്ട്. ബിസിനസ്സ് കാര്യങ്ങളിൽ വളരെയധികം ശ്രദ്ധ പുലർത്തേണ്ട സന്ദർഭമാണ്. അല്പലാഭങ്ങൾ സന്തോഷത്തിലേക്ക് നയിക്കാം. വിദ്യാർത്ഥികൾക്ക് സന്തോഷ വർത്തമാനം തേടി വരും. ഗാർഹിക ജീവിതത്തിൽ അനുരഞ്ജനം അനിവാര്യമാവും. യാത്രകൾ നേട്ടങ്ങൾ സൃഷ്ടിക്കാം.
ആഴ്ചയുടെ അവസാന ദിവസങ്ങൾക്ക് ഒട്ടും ഗുണം പോര. കരുതൽ വേണ്ടതുണ്ട്.

അത്തം

മനസ്സുണർന്ന് പ്രവർത്തിക്കാനാവും. ശ്രദ്ധയും സമർപ്പണവും അഭിനന്ദിക്കപ്പെടും. വ്യാപാരത്തിലേർപ്പെട്ടവർക്ക് ആദായം കുറയില്ല. വീട്ടിൽ നിന്നും പോയിവരത്തക്കവിധം ഉദ്യോഗസ്ഥർക്ക് അനുകൂലമായ സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചേക്കാം. ചൊവ്വ മുതൽ വെള്ളി വരെ സുഖഭോഗങ്ങൾ ഉണ്ടാവുന്നതാണ്. കുടുംബത്തിൻ്റെ സ്നേഹം അനുഭവിക്കും. മക്കളുടെ ന്യായമായ ആവശ്യങ്ങൾ നിറവേറ്റുന്നതാണ്. സൃഷ്ടിപരമായ കഴിവുകൾ പോഷിപ്പിക്കാൻ മുൻകൈയെടുക്കും. ഞായർ, തിങ്കൾ, ശനി ദിവസങ്ങളിൽ കാര്യതടസ്സം ഉണ്ടാവുന്നതായിരിക്കും.

Also Read: ഇടവ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ

ചിത്തിര

അത്മവിശ്വാസം നല്ലതാണ്. എന്നാൽ അമിതമായ ആത്മവിശ്വാസം അപകടമാണ് എന്ന ചൊല്ല് ഓർക്കത്തക്ക സാഹചര്യങ്ങൾ ഉരുത്തിരിയാം. ധനപരമായ അമളികൾ പറ്റാനിടയുണ്ട്. കരാർ പണികൾ ചെയ്യുന്നവർക്ക് പുതിയ വ്യവസ്ഥകൾ അംഗീകരിക്കേണ്ടതായി വന്നേക്കും. ഏജൻസി സംബന്ധിച്ച ഏർപ്പാടുകളുടെ വിപുലീകരണത്തിന് ശ്രമം തുടരുന്നതാണ്. സുഹൃത്തുക്കളുടെ മാനസിക പിന്തുണ ഗുണകരമാവും. ബന്ധുക്കളുടെ തർക്കപരിഹാരത്തിന് മുതിർന്നേക്കും. വിദേശത്ത് കഴിയുന്നവർക്ക് വിസ പ്രശ്നങ്ങളിൽ ആശ്വാസമുണ്ടാവും.

ചോതി

കർശനമായ തീരുമാനങ്ങൾ കൈക്കൊള്ളും. പ്രവൃത്തി സ്ഥലത്ത് വിരോധികളുണ്ടായാലും അവരെ കൂസില്ല. പതിനൊന്നിൽ സഞ്ചരിക്കുന്ന കേതുവും ചൊവ്വയും നിർഭയത്വമരുളും. കൃഷിയിൽ നിന്നോ വാടക വീട്, ഭൂമി ഇവകളിൽ നിന്നോ വരുമാനമുണ്ടാവും. ഭാഗ്യാനുഭവങ്ങൾ പ്രതീക്ഷിക്കാം. ചിട്ടി മുതലായവയിൽ നിന്നും ധനം വന്നെത്തും. പിതാവിൻ്റെ ആരോഗ്യസ്ഥിതിയിൽ ഉൽക്കണ്ഠയുണ്ടാവും. കുടുംബത്തിനൊപ്പം ചെലവഴിക്കാൻ സമയം കുറയുന്നതാണ്.  മകളുടെ പഠന ആവശ്യത്തിനായുള്ള ലോൺ അപേക്ഷ പരിഗണിക്കപ്പെടാം. ബിസിനസ്സുകാർക്ക് കൂടുതൽ വിഭവങ്ങൾ ജനശ്രദ്ധയിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞേക്കും.

Also Read: Daily Horoscope June 13, 2025: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

വിശാഖം

ഔദ്യോഗിക രംഗത്ത് സ്വതന്ത്രമായി പ്രവർത്തിക്കാൻ ആഗ്രഹിക്കുമെങ്കിലും  പരാശ്രയത്വം വേണ്ടിവരുന്നതാണ്. ബിസിനസ്സ് സ്ഥാപനത്തിന് പുതിയ ശാഖ തുടങ്ങാൻ ഈയാഴ്ച ഒട്ടും ഉചിതമല്ല. സാമ്പത്തികമായി ചെറിയ മെച്ചമുണ്ടായെന്ന് വരാം. ചിട്ടി, ഇൻഷ്വറൻസ് മുതലായവയിൽ നിന്നാവാം. നക്ഷത്രാധിപനായ വ്യാഴം മൗഢ്യത്തിലാകയാൽ എല്ലാക്കാര്യത്തിലും ശ്രദ്ധയുണ്ടാവണം. തുലാക്കൂറുകാർക്ക് അഞ്ചിലെ രാഹുവും വൃശ്ചികക്കൂറുകാർക്ക് അഞ്ചിലെ ശനിയും ആശയക്കുഴപ്പം സൃഷ്ടിക്കാം. വീടു വാങ്ങാനുള്ള ശ്രമം ഊർജ്ജിതമാവും.

അനിഴം

വാരാദ്യത്തിൽ മനസ്സിൽ പല തീരുമാനങ്ങൾ കൈക്കൊള്ളും. ചിലതൊക്കെ പിന്നിട് നടപ്പിലാക്കാനാവും. പ്രവർത്തനത്തിലെ ഏകോപനം മേലധികാരികളാൽ പ്രശംസിക്കപ്പെടും.  ഗൃഹത്തിലെ അറ്റകുറ്റപ്പണികൾ നീളാനിടയുണ്ട്. വിദ്യാർത്ഥികൾക്ക് ഉപരിപഠന കാര്യത്തിൽ അവ്യക്തത തുടരുന്നതായിരിക്കും. ആടയാഭരണങ്ങൾക്ക് അധികം തുക ചെലവഴിക്കപ്പെടാം. സുഹൃത്തുക്കൾ കളവ് പറഞ്ഞതായറിഞ്ഞ് വിഷമിച്ചേക്കും. വളർത്തുമൃഗങ്ങളുടെ കാര്യത്തിൽ കരുതലുണ്ടാവണം. ജീവകാരുണ്യത്തിന് ചെലവഴിക്കാമെന്ന് ഏറ്റ തുക കൊടുക്കാനായേക്കില്ല.

തൃക്കേട്ട

നക്ഷത്രാധിപനായ ബുധൻ സ്വക്ഷേത്രത്തിൽ സ്ഥിതിചെയ്യുകയാൽ ആത്മശക്തി അചഞ്ചലമാവും. മുൻപ് ശ്രമിച്ച് പരാജയപ്പെട്ട ദൗത്യങ്ങളിൽ വിജയിക്കുന്നതാണ്.ന്യായമായ ആവശ്യങ്ങൾ നടന്നു കിട്ടും. മേലധികാരികളുടെ പിന്തുണ ലഭിക്കുന്നതാണ്. മകൻ്റെ/മകളുടെ ഉപരി പഠനമോ ജോലിയോ സംബന്ധിച്ച ആശങ്കയുണ്ടാവാം. ബന്ധുസന്ദർശനം പൂർവ്വകാല സ്മരണകളിലേക്ക് മനസ്സിനെ നയിക്കാം. ഒന്നിലധികം തൊഴിൽ ചെയ്യുന്നവർ അവയിലൊന്ന് ഉപേക്ഷിക്കുന്ന കാര്യം ഗൗരവമായി ചിന്തിക്കും. ഞായർ, തിങ്കൾ, ശനി ദിവസങ്ങൾക്ക് മേന്മ കൂടുന്നതാണ്.

Read More: ചൊവ്വ-കേതുയോഗം; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ

weekly horoscope Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: