scorecardresearch

Weekly Horoscope June 15-June 21: സമ്പൂർണ വാരഫലം, അശ്വതി മുതൽ രേവതി വരെ

Weekly Horoscope, June 15- June 21: ജൂൺ 15 ഞായർ മുതൽ ജൂൺ 21 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope, June 15- June 21: ജൂൺ 15 ഞായർ മുതൽ ജൂൺ 21 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
horoscope

Weekly Horoscope

Weekly Horoscope: ആദിത്യൻ ജൂൺ 15 / മിഥുനം 1 ഞായറാഴ്ച് രാവിലെ 6 മണി 44 മിനിട്ടിന് മിഥുനം രാശിയിൽ സംക്രമിക്കുന്നു. മകയിരം ഞാറ്റുവേല ഈയാഴ്ച മുഴുവൻ തുടരുന്നു. ചന്ദ്രൻ കൃഷ്ണപക്ഷ ചതുർത്ഥി മുതൽ ഏകാദശി വരെയുള്ള തിഥികളിലാണ്. ഈയാഴ്ച തിരുവോണത്തിൽ തുടങ്ങി അശ്വതി വരെ നക്ഷത്രങ്ങളുമുണ്ട്. 

Advertisment

ചൊവ്വ ചിങ്ങം രാശിയിൽ മകം നക്ഷത്രത്തിൽ സഞ്ചരിക്കുന്നു. ബുധൻ മിഥുനം രാശിയിലാണ്. ഞായറാഴ്ച വരെ തിരുവാതിരയിലും തിങ്കളാഴ്ച മുതൽ പുണർതത്തിലും സഞ്ചരിക്കുന്നു. ശുക്രൻ മേടം രാശിയിൽ ഭരണി നക്ഷത്രത്തിലാണ്. വ്യാഴം മിഥുനം രാശിയിൽ തുടരുന്നു. ഇപ്പോൾ തിരുവാതിര നക്ഷത്രത്തിൽ പ്രവേശിച്ചു കഴിഞ്ഞു.

ശനി മീനം രാശിയിൽ ഉത്രട്ടാതി രണ്ടാം പാദത്തിൽ സഞ്ചരിക്കുന്നു. രാഹു കുംഭം രാശി പൂരൂരുട്ടാതി മൂന്നാം പാദത്തിലും കേതു ചിങ്ങം രാശിയിൽ ഉത്രം ഒന്നാം പാദത്തിലുമാണ്. ഈ ഗ്രഹസ്ഥിതിയെ അവലംബിച്ച് അശ്വതി മുതൽ രേവതി വരെയുള്ള നാളുകളിൽ ജനിച്ചവരുടെ വാരഫലം ഇവിടെ അപഗ്രഥിക്കുന്നു.

അശ്വതി

ഞായർ മുതൽ ബുധൻ വരെ അനുകൂല ഫലങ്ങളാവും, പ്രായേണ. ഇഷ്ടവ്യക്തികളെ സംസാരിക്കാൻ/കാണാൻ കഴിയും. ഔദ്യോഗികമായ തലവേദനകൾ അധികം ഉണ്ടാവില്ല. അഥവാ ഉണ്ടായാലും ലഘുയത്നത്താൽ അവയെ പരിഹരിക്കും. സമ്മർദ്ദം കൂടാതെ തീരുമാനമെടുക്കാനും നടപ്പിലാക്കാനുമാവും. നിക്ഷേപങ്ങൾ, ചിട്ടി, ഇൻഷ്വറൻസ് മേഖലകളിലൂടെ ധനലാഭം പ്രതീക്ഷിക്കാവുന്നതാണ്. ഗാർഹികമായ അലട്ടും അല്ലലുമൊഴിയും. വ്യാഴം, വെള്ളി ദിവസങ്ങളിൽ ആലോചനാശൂന്യമായ തീരുമാനങ്ങൾ കൈക്കൊണ്ടേക്കും. മറ്റുചിലർ ചെയ്ത അബദ്ധങ്ങൾക്ക്  ഉത്തരം പറയേണ്ടതായി വരും. ശനിയാഴ്ച ജന്മനക്ഷത്രത്തിൽ ചന്ദ്രൻ സഞ്ചരിക്കുകയാൽ സമ്മിശ്രഫലം.

Advertisment

Also Read: മിഥുന മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ

ഭരണി

ജന്മരാശിയിൽ, ജന്മനക്ഷത്രത്തിൽ നക്ഷത്രാധിപനായ ശുക്രൻ തുടരുകയാൽ ഭോഗസുഖം ഉണ്ടാവും. മനസ്സന്തോഷമേകുന്ന ഒത്തുചേരലുകൾ സാധ്യമാകുന്നതാണ്. ഇഷ്ടവസ്തുക്കൾ പാരിതോഷികമായി ലഭിക്കാം. ചന്ദ്രനും 10,11 രാശികളിലായി സഞ്ചരിക്കുകയാൽ ഞായർ മുതൽ ബുധൻ വരെ സാമ്പത്തിക പ്രയോജനം, ദേഹസുഖം എന്നിവ സംജാതമാകും. നടക്കില്ലെന്ന് നിനച്ച കാര്യങ്ങൾ സഫലമാകുന്നതാണ്. തൊഴിൽ രംഗത്ത് ഉണർവ്വുണ്ടാവും. തുടർ പഠനം സംബന്ധിച്ചുള്ള അറിയിപ്പുകൾ കിട്ടാം. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ അലച്ചിലും പണച്ചെലവും ഉണ്ടാവുന്നതാണ്. മാനസിക പിരിമുറുക്കത്തിന് സാധ്യത കാണുന്നു.

കാർത്തിക

ഇടവക്കൂറുകാർക്ക് തിങ്കൾ മുതൽ വെള്ളി വരെ കാര്യസാധ്യം സുഗമമാകുന്ന വാരമാണ്. തൊഴിലിടത്തിൽ സമാധാനമുണ്ടാവും. മേലധികാരികളുടെ അനാവശ്യമായ ഇടപെടലുകൾ ഉണ്ടാവില്ല. ഉത്തരവാദിത്വങ്ങൾ സമയബന്ധിതമായി നിർവഹിക്കുന്നതാണ്. ധനക്ലേശം ഉണ്ടാവില്ല. ഊഹക്കച്ചവടത്തിൽ നിന്നും ആദായം ലഭിക്കാം. വ്യാപരികൾക്കും വ്യവസായികൾക്കും വിപണിയിൽ അധീശത്വം നേടാനാവും. മേടക്കൂറുകാർക്ക് ആഴ്ച മധ്യം വരെ അല്പയത്നത്താൽ വിജയം കൈവരും. മറ്റു ദിവസങ്ങളിൽ ഗുണദോഷസമ്മിശ്രമായ ഫലങ്ങൾ പ്രതീക്ഷിച്ചാൽ മതിയാകും.

രോഹിണി

അഭീഷ്ട ഫലങ്ങൾ വലിയ തടസ്സം കൂടാതെ കൈവരുന്ന വാരമാണ്.  ചന്ദ്രൻ വാരാദ്യം  ഏകാന്ത സഞ്ചാരിയാവുന്നു.  ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാഹുവിനോടൊപ്പവും വ്യാഴം, വെള്ളി ദിനങ്ങളിൽ ശനിക്കൊപ്പവും, ശനിയാഴ്ച മുതൽ ശുക്രനൊപ്പവും ഇണങ്ങുന്നു. നേരായ വഴികളിലൂടെ മാത്രമല്ല കുമാർഗങ്ങളിലൂടെയും ആദായം വന്നുചേരും.  ജീവിതത്തിൻ്റെ സ്വാഭാവിക താളം നിലനിർത്താനാവും. സുഖഭോഗവും വിനോദവും, വിശ്രമവും കുറയില്ല. കൊള്ളക്കൊടുക്കകളിൽ വിജയിക്കുന്നതാണ്. കലാപരമായ സിദ്ധികൾ പോഷിപ്പിക്കാനവസരം സംജാതമാകും. സംഘടനകളിൽ സ്വാധീനം വർദ്ധിക്കുന്നതാണ്.

മകയിരം

ഇടവക്കൂറുകാർക്ക് ഗുണാധിക്യമുണ്ടാവും. സമസ്ത മേഖലകളിലും സ്വാസ്ഥ്യം ഭവിക്കും. കർമ്മമേഖലയിൽ കൃത്യനിർവഹണം പ്രശംസനീയമാവും. സമയനിഷ്ഠ പാലിക്കും. വ്യാപാരികൾക്ക് ആദായം വർദ്ധിക്കുന്നതാണ്. കുടുംബത്തിലെ അനൈക്യം പരിഹരിക്കാനാവും. വയോജനങ്ങളുടെ രോഗം കുറഞ്ഞുതുടങ്ങും. മിഥുനക്കൂറുകാർക്ക് ഞായർ, തിങ്കൾ  ഒഴികെ മറ്റു ദിവസങ്ങൾക്ക് മേന്മയേറുന്നതാണ്. പ്രണയലോലുപർക്ക് ആഹ്ളാദിക്കാനാവും. പുതിയ കാര്യങ്ങൾ തുടങ്ങുന്നതിനായേക്കും. ഊഹക്കച്ചവടം, ചിട്ടി ഇവയിൽ നിന്നും ധനാഗമം പ്രതീക്ഷിക്കാം. നവീനമായ ഇലക്ട്രോണിക് ഉപകരണം വാങ്ങുവാനിടയുണ്ട്.

തിരുവാതിര

വാരാദ്യദിവസങ്ങൾക്ക് മികവുണ്ടാവില്ല. കാര്യതടസ്സം അനുഭവപ്പെടും. തെറ്റായ തീരുമാനങ്ങൾ കൈക്കൊള്ളാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. വാഹനം ഉപയോഗിക്കുന്നതിൽ കരുതൽ വേണം. ബുധനാഴ്ച മുതൽ കാര്യങ്ങൾ വരുതിയിലാവും. കർമ്മഭൂമികയിൽ നിന്നും സംതൃപ്തി കൈവരുന്നതാണ്. ബിസിനസ്സിലെ നിരുന്മേഷം മാറും. നവസംരംഭങ്ങളുടെ ആലോചന തകൃതിയിൽ മുന്നോട്ടു പോകും. പിണങ്ങിയ സുഹൃത്തുക്കൾ ഇണങ്ങുന്നതാണ്. അനുരാഗത്തിലെ കയ്പും ചവർപ്പും നീങ്ങിയേക്കും. പാരിതോഷികങ്ങൾ കിട്ടാനിടയുണ്ട്. ശുഭവാർത്തകൾ കേൾക്കുന്നതാണ്.

പുണർതം

സങ്കീർണ്ണ വിഷയങ്ങളെ അഭിമുഖീകരിക്കും. അനുഭവജ്ഞാനത്തിൻ്റെ പിൻബലത്തിൽ അവയെ സമവായത്തിലെത്തിക്കാൻ കഴിയും. ആത്മധൈര്യം പ്രശംസിക്കപ്പെടും. പരിഭവങ്ങൾ പറഞ്ഞു തീർക്കും. വിരോധം മനസ്സിൽ കറയായി പറ്റിക്കൂടാൻ അനുവദിക്കില്ല. ചില ദിവസങ്ങളിൽ ഔദ്യോഗികവും വ്യക്തിപരവുമായ അലച്ചിലുണ്ടാവും. ധന വരവ് മോശമാവാനിടയില്ല. ന്യായമായ ആവശ്യങ്ങൾ കൈയയച്ച് നടത്തുന്നതാണ്. വിദ്യാർത്ഥികൾക്ക് ആഗ്രഹിച്ച കോഴ്സിന് ചേരുന്നതിനുള്ള അറിയിപ്പുണ്ടാവും. വസ്തു വിൽപ്പന സംബന്ധിച്ച ആശങ്കകൾ അകലാം.

പൂയം

പന്ത്രണ്ടിലും രണ്ടിലും ഗ്രഹാധിക്യം ഉള്ളതിനാൽ ബഹുവിധ സമ്മർദ്ദങ്ങളെ അഭിമുഖീകരിക്കാൻ ഇടയുണ്ട്. തിടുക്കം ഒഴിവാക്കേണ്ടതാണ്. എല്ലാക്കാര്യങ്ങളും എല്ലാവരോടും വെളിപ്പെടുത്തണമെന്നില്ല. വാക്കുകൾ അറിയാതെ പരുഷങ്ങളായിപ്പോകാം. ധനവരവ് പ്രതീക്ഷിച്ചത്രയാവണമെന്നില്ല. കുടംബാംഗങ്ങളെ ഒരു കുടക്കീഴിൽ ഒന്നിപ്പിക്കാൻ വിഷമിക്കും. പിടിച്ചു നിൽക്കാനും ജീവിതത്തെ സ്നേഹിക്കാനും പ്രേരിപ്പിക്കുന്ന അല്പസുഖങ്ങളും കുറയില്ല. വാക്കുകൾക്ക് കാതോർക്കുന്ന ആരെങ്കിലുമുണ്ടാവും. സുഖഭക്ഷണവും ഭോഗവും വിനോദവും അനുഭവത്തിലെത്തും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ നല്ല കരുതൽ വേണം.

ആയില്യം

മനസ്സും ബുദ്ധിയും ഉണർവ്വോടെ പ്രവർത്തിക്കേണ്ട കാലമാണ്. അശ്രദ്ധയ്ക്ക് വലിയ വിലകൊടുക്കേണ്ടി വരാം. പണം സംബന്ധിച്ച കണക്കുകൾ രേഖകൾ സഹിതം കൃത്യമായി സൂക്ഷിക്കണം. ധനസ്ഥാനത്തിലും പന്ത്രണ്ടിലും ഉള്ള ഗ്രഹങ്ങൾ സാമ്പത്തികമായ പ്രശ്നങ്ങളിലേക്ക് തള്ളിവിടാം.  കർമ്മമേഖലയിൽ നിലനില്പിന് കഠിനാധ്വാനം വേണ്ടി വരുന്നതായിരിക്കും. വലിയ മുതൽമുടക്കിന് ഇപ്പോൾ അനുകൂലതയില്ല. അമിതമായി ആരെയും വിശ്വസിക്കരുത്. ദേഹാരോഗ്യത്തിലും മാനസികാരോഗ്യത്തിലും ശ്രദ്ധയുണ്ടാവണം. ഉപരി പഠനത്തിന് അന്യനാട്ടിനെ ആശ്രയിക്കേണ്ടി വരാം.

Also Read: ജൂൺ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ

മകം

വാരാദ്യം സന്ദേഹങ്ങളും സന്ദിഗ്ദ്ധതകളും വരും. ഒന്നും ചെയ്യാനില്ലെന്ന് തോന്നും. ക്രമേണ ഗുണകരമാവും. തിങ്കൾ ഉച്ചതൊട്ട് ക്രിയാത്മകത തെളിയും. ബഹുകാര്യങ്ങളിൽ ഏകാഗ്രതയോടെ പ്രവർത്തിക്കും. ബിസിനസ്സിൽ നിന്നും ലാഭം കരഗതമാവും. ചെറിയ കൈവായ്പകൾ മടക്കിക്കിട്ടാം. കുടുംബത്തോടൊപ്പം ചെലവഴിക്കാൻ ധാരാളം സമയം കൈവരുന്നതാണ്. സുഖഭക്ഷണം, ഭോഗാനുഭവങ്ങൾ ഇവയുണ്ടാവും. വ്യാഴം, വെള്ളി നവാരംഭങ്ങൾക്ക് നന്നല്ല. സർവ്വകാര്യങ്ങളിലും ശ്രദ്ധ വേണം. ശനിയാഴ്ച ക്ഷേത്ര ദർശനാദികൾക്ക് അവസരമുണ്ടാവും.

പൂരം

നക്ഷത്രാധിപനായ ശുക്രൻ ഒമ്പതാം ഭാവത്തിൽ/ ഭാഗ്യസ്ഥാനത്ത് നിൽക്കുന്നതിനാൽ 'ഞാൻ പിടിച്ച മുയലിന് മൂന്നുകൊമ്പെന്ന്' സ്ഥാപിക്കാൻ കഴിഞ്ഞേക്കും. സാമ്പത്തികം മോശമാവില്ല. ചെലവ് നിയന്ത്രിക്കാൻ മറക്കരുത്. പെൺസൗഹൃദം പുഷ്ടിപ്പെടും. സാമൂഹിക മാധ്യമങ്ങളിൽ സജീവമാകുന്നതാണ്. രോഗികൾക്ക് ആശ്വാസം വരും. മുന്തിയ ഹോട്ടലുകളിൽ നിന്നും ഭക്ഷണം, ഷോപ്പിംഗ് ഇവയ്ക്ക് അവസരം കൈവരും. മറ്റുള്ളവരുടെ സേവനം സ്വീകരിക്കും. വ്യാഴം, വെള്ളി ഗുണം കുറയുന്നതാണ്. വാഹനയാത്രയിൽ ശ്രദ്ധയുണ്ടാവണം.

ഉത്രം

ഉന്മേഷം വാക്കുകളിലുണ്ടാവും. പ്രവൃത്തിയിൽ ചിലപ്പോൾ ഉദാസീനത വരാം. ഏറ്റെടുത്ത ദൗത്യങ്ങളിൽ നിന്നും ഇല്ലാത്ത അസൗകര്യങ്ങൾ സങ്കല്പിച്ച് പിൻവലിയാൻ ഇടയുണ്ട്. ബിസിനസ്സ് കാര്യങ്ങളിൽ വളരെയധികം ശ്രദ്ധ പുലർത്തേണ്ട സന്ദർഭമാണ്. അല്പലാഭങ്ങൾ സന്തോഷത്തിലേക്ക് നയിക്കാം. വിദ്യാർത്ഥികൾക്ക് സന്തോഷ വർത്തമാനം തേടി വരും. ഗാർഹിക ജീവിതത്തിൽ അനുരഞ്ജനം അനിവാര്യമാവും. യാത്രകൾ നേട്ടങ്ങൾ സൃഷ്ടിക്കാം. ആഴ്ചയുടെ അവസാന ദിവസങ്ങൾക്ക് ഒട്ടും ഗുണം പോര. കരുതൽ വേണ്ടതുണ്ട്.

അത്തം

മനസ്സുണർന്ന് പ്രവർത്തിക്കാനാവും. ശ്രദ്ധയും സമർപ്പണവും അഭിനന്ദിക്കപ്പെടും. വ്യാപാരത്തിലേർപ്പെട്ടവർക്ക് ആദായം കുറയില്ല. വീട്ടിൽ നിന്നും പോയിവരത്തക്കവിധം ഉദ്യോഗസ്ഥർക്ക് അനുകൂലമായ സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചേക്കാം. ചൊവ്വ മുതൽ വെള്ളി വരെ സുഖഭോഗങ്ങൾ ഉണ്ടാവുന്നതാണ്. കുടുംബത്തിൻ്റെ സ്നേഹം അനുഭവിക്കും. മക്കളുടെ ന്യായമായ ആവശ്യങ്ങൾ നിറവേറ്റുന്നതാണ്. സൃഷ്ടിപരമായ കഴിവുകൾ പോഷിപ്പിക്കാൻ മുൻകൈയെടുക്കും. ഞായർ, തിങ്കൾ, ശനി ദിവസങ്ങളിൽ കാര്യതടസ്സം ഉണ്ടാവുന്നതായിരിക്കും.

ചിത്തിര

അത്മവിശ്വാസം നല്ലതാണ്. എന്നാൽ അമിതമായ ആത്മവിശ്വാസം അപകടമാണ് എന്ന ചൊല്ല് ഓർക്കത്തക്ക സാഹചര്യങ്ങൾ ഉരുത്തിരിയാം. ധനപരമായ അമളികൾ പറ്റാനിടയുണ്ട്. കരാർ പണികൾ ചെയ്യുന്നവർക്ക് പുതിയ വ്യവസ്ഥകൾ അംഗീകരിക്കേണ്ടതായി വന്നേക്കും. ഏജൻസി സംബന്ധിച്ച ഏർപ്പാടുകളുടെ വിപുലീകരണത്തിന് ശ്രമം തുടരുന്നതാണ്. സുഹൃത്തുക്കളുടെ മാനസിക പിന്തുണ ഗുണകരമാവും. ബന്ധുക്കളുടെ തർക്കപരിഹാരത്തിന് മുതിർന്നേക്കും. വിദേശത്ത് കഴിയുന്നവർക്ക് വിസ പ്രശ്നങ്ങളിൽ ആശ്വാസമുണ്ടാവും.

ചോതി

കർശനമായ തീരുമാനങ്ങൾ കൈക്കൊള്ളും. പ്രവൃത്തി സ്ഥലത്ത് വിരോധികളുണ്ടായാലും അവരെ കൂസില്ല. പതിനൊന്നിൽ സഞ്ചരിക്കുന്ന കേതുവും ചൊവ്വയും നിർഭയത്വമരുളും. കൃഷിയിൽ നിന്നോ വാടക വീട്, ഭൂമി ഇവകളിൽ നിന്നോ വരുമാനമുണ്ടാവും. ഭാഗ്യാനുഭവങ്ങൾ പ്രതീക്ഷിക്കാം. ചിട്ടി മുതലായവയിൽ നിന്നും ധനം വന്നെത്തും. പിതാവിൻ്റെ ആരോഗ്യസ്ഥിതിയിൽ ഉൽക്കണ്ഠയുണ്ടാവും. കുടുംബത്തിനൊപ്പം ചെലവഴിക്കാൻ സമയം കുറയുന്നതാണ്.  മകളുടെ പഠന ആവശ്യത്തിനായുള്ള ലോൺ അപേക്ഷ പരിഗണിക്കപ്പെടാം. ബിസിനസ്സുകാർക്ക് കൂടുതൽ വിഭവങ്ങൾ ജനശ്രദ്ധയിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞേക്കും.

വിശാഖം

ഔദ്യോഗിക രംഗത്ത് സ്വതന്ത്രമായി പ്രവർത്തിക്കാൻ ആഗ്രഹിക്കുമെങ്കിലും  പരാശ്രയത്വം വേണ്ടിവരുന്നതാണ്. ബിസിനസ്സ് സ്ഥാപനത്തിന് പുതിയ ശാഖ തുടങ്ങാൻ ഈയാഴ്ച ഒട്ടും ഉചിതമല്ല. സാമ്പത്തികമായി ചെറിയ മെച്ചമുണ്ടായെന്ന് വരാം. ചിട്ടി, ഇൻഷ്വറൻസ് മുതലായവയിൽ നിന്നാവാം. നക്ഷത്രാധിപനായ വ്യാഴം മൗഢ്യത്തിലാകയാൽ എല്ലാക്കാര്യത്തിലും ശ്രദ്ധയുണ്ടാവണം. തുലാക്കൂറുകാർക്ക് അഞ്ചിലെ രാഹുവും വൃശ്ചികക്കൂറുകാർക്ക് അഞ്ചിലെ ശനിയും ആശയക്കുഴപ്പം സൃഷ്ടിക്കാം. വീടു വാങ്ങാനുള്ള ശ്രമം ഊർജ്ജിതമാവും.

അനിഴം

വാരാദ്യത്തിൽ മനസ്സിൽ പല തീരുമാനങ്ങൾ കൈക്കൊള്ളും. ചിലതൊക്കെ പിന്നിട് നടപ്പിലാക്കാനാവും. പ്രവർത്തനത്തിലെ ഏകോപനം മേലധികാരികളാൽ പ്രശംസിക്കപ്പെടും.  ഗൃഹത്തിലെ അറ്റകുറ്റപ്പണികൾ നീളാനിടയുണ്ട്. വിദ്യാർത്ഥികൾക്ക് ഉപരിപഠന കാര്യത്തിൽ അവ്യക്തത തുടരുന്നതായിരിക്കും. ആടയാഭരണങ്ങൾക്ക് അധികം തുക ചെലവഴിക്കപ്പെടാം. സുഹൃത്തുക്കൾ കളവ് പറഞ്ഞതായറിഞ്ഞ് വിഷമിച്ചേക്കും. വളർത്തുമൃഗങ്ങളുടെ കാര്യത്തിൽ കരുതലുണ്ടാവണം. ജീവകാരുണ്യത്തിന് ചെലവഴിക്കാമെന്ന് ഏറ്റ തുക കൊടുക്കാനായേക്കില്ല.

തൃക്കേട്ട

നക്ഷത്രാധിപനായ ബുധൻ സ്വക്ഷേത്രത്തിൽ സ്ഥിതിചെയ്യുകയാൽ ആത്മശക്തി അചഞ്ചലമാവും. മുൻപ് ശ്രമിച്ച് പരാജയപ്പെട്ട ദൗത്യങ്ങളിൽ വിജയിക്കുന്നതാണ്.ന്യായമായ ആവശ്യങ്ങൾ നടന്നു കിട്ടും. മേലധികാരികളുടെ പിന്തുണ ലഭിക്കുന്നതാണ്. മകൻ്റെ/മകളുടെ ഉപരി പഠനമോ ജോലിയോ സംബന്ധിച്ച ആശങ്കയുണ്ടാവാം. ബന്ധുസന്ദർശനം പൂർവ്വകാല സ്മരണകളിലേക്ക് മനസ്സിനെ നയിക്കാം. ഒന്നിലധികം തൊഴിൽ ചെയ്യുന്നവർ അവയിലൊന്ന് ഉപേക്ഷിക്കുന്ന കാര്യം ഗൗരവമായി ചിന്തിക്കും. ഞായർ, തിങ്കൾ, ശനി ദിവസങ്ങൾക്ക് മേന്മ കൂടുന്നതാണ്.

Also Read: ചൊവ്വ-കേതുയോഗം; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ

മൂലം

നേതൃഗുണം പ്രകടിപ്പിക്കാൻ അവസരമുണ്ടാവും. സന്ദർഭോചിത തീരുമാനങ്ങൾ കൈക്കൊള്ളുന്നതാണ്. സുഹൃത്തുക്കളുടെ പ്രശ്നങ്ങൾക്ക് പോംവഴി നിർദ്ദേശിക്കും. തൊഴിലിടത്തിൽ സക്രിയരാവുന്നതാണ്. എല്ലാ പ്രവർത്തനങ്ങളും തലനാരിഴകീറി പരിശോധിക്കുകയും അഭിപ്രായം പറയുകയും ചെയ്യുകയാൽ ശത്രുക്കളുണ്ടാവും. കുടുംബത്തിനൊപ്പം ചെലവഴിക്കാൻ നേരം കിട്ടിയേക്കില്ല എന്ന സ്ഥിതിവരാം. ഭാഗ്യഭാവത്തിൽ പാപയോഗം ഉള്ളതിനാൽ ചില കാര്യങ്ങൾ പ്രതീക്ഷക്ക് വിരുദ്ധമായി നഷ്ടം ഭവിക്കാനും സാധ്യതയുണ്ട്.

പൂരാടം

ഗുണത്തിന് ദോഷവും, ദോഷത്തിന് ഗുണവും എന്ന സ്ഥിതിയാണ്, പൊതുവേ. ആത്മവിശ്വാസം അമിതമാവരുത്. ഉദ്യോഗസ്ഥർക്ക് സ്വതന്ത്രതീരുമാനം കൈക്കൊള്ളാൻ കഴിഞ്ഞേക്കില്ല. അതിൽ നിരാശ തോന്നും. ബിസിനസ്സ് യാത്രകൾ കൊണ്ട് ഉദ്ദേശിച്ച നേട്ടം കിട്ടിയേക്കില്ല. ഗൃഹത്തിൽ നവീകരണം നടക്കും. രോഗഗ്രസ്തർക്ക് തുടർചികൽസ വേണ്ടിവരുന്നതാണ്.  മാതാപിതാക്കളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധയുണ്ടാവണം. വേണ്ടപ്പെട്ട ചിലർക്ക് കഴിയുന്ന സഹായം ചെയ്യേണ്ടി വരാം.  വാരമധ്യത്തിലെ ദിവസങ്ങൾക്ക് മേന്മ കൂടുന്നതാണ്.

ഉത്രാടം

ഉല്ലസിക്കാൻ നേരം കിട്ടില്ല. ജോലിഭാരം കൂടുന്നതാണ്. വാഗ്ദാനം പാലിക്കാൻ ഇരട്ടി ഊർജ്ജം ചെലവഴിക്കേണ്ടതായി വന്നേക്കാം. കളിതമാശകൾ പറയുന്നത് കരുതലോടെ വേണം. വാക്സ്ഥാനത്ത് രാഹുവുള്ളതിനാൽ കേൾക്കുന്നയാൾ പ്രകോപിതനാവും. സ്വകാര്യ യാത്രകൾ വേണ്ടിവരാം. മംഗളകർമ്മങ്ങളിൽ പങ്കെടുക്കുന്നതാണ്. പ്രതീക്ഷിച്ച ധനം കൈവശമെത്തണമെന്നില്ല. പഠിപ്പിനിടയിൽ ജോലിപരിശീലനത്തിന് അവസരം കൈവരും. വസ്തുവ്യവഹാരം നീണ്ടുപോയേക്കും. ദൈവിക സമർപ്പണങ്ങൾ മറ്റൊരവസരത്തിലേക്ക് മാറ്റുവാനിടയുണ്ട്.

തിരുവോണം

ഞായറും തിങ്കളും ബന്ധുസമാഗമം, പുറമേ നിന്നും ഭക്ഷണം, ഷോപ്പിംഗ്, വസ്ത്രാഭരണലബ്ധി മുതലായവ സാധ്യതകൾ. ചൊവ്വ, ബുധൻ, ദിവസങ്ങളിൽ സ്വസ്ഥത കുറയുന്നതായിരിക്കും. ചിലപ്പോൾ യാഥാർത്ഥ്യങ്ങൾ മറച്ച് സംസാരിക്കേണ്ടിവരും. മേലധികാരികൾ മുഷിയാനിടയുണ്ട്. കാര്യവിഘാതം ഭവിച്ചെന്നും വരാം. വ്യാഴം, വെള്ളി ദിവസങ്ങളിൽ കാര്യാലോചനകളിൽ ശോഭിക്കുന്നതാണ്. സ്വന്തം കഴിവുകൾ തിരിച്ചറിയും.  സർക്കാരിൽ നിന്നും പ്രതീക്ഷിച്ച അനുമതി കിട്ടിയേക്കും. ശനിയാഴ്ച സമ്മിശ്രമായ ദിവസമാണ്.

അവിട്ടം

അറിയുന്ന കാര്യങ്ങൾ ചിലപ്പോൾ പ്രയോജനപ്പെടുത്താൻ കഴിയാതെയാവും. പിന്നീട് അതോർത്ത് പശ്ചാത്തപിക്കും. തെറ്റായ മാർഗ്ഗനിർദ്ദേശങ്ങൾ ലഭിക്കാനിടയുണ്ട്. നക്ഷത്രാധിപനായ ചൊവ്വയ്ക്ക് കേതുയോഗം വന്നതിനാൽ സംസർഗ സൗഹൃദാദികളിൽ കരുതൽ വേണം. വന്നുചേരാനുള്ള ധനത്തിന് അവധികൾ പറയപ്പെടാം. മകരക്കൂറുകാർ യാത്രകളിലും മറ്റും കരുതൽ കൈക്കൊള്ളണം. കുംഭക്കൂറുകാർക്ക് പ്രണയ കാര്യത്തിൽ ഇച്ഛാഭംഗം ഉണ്ടായേക്കാം. വാടക വീട്/പുതിയ താമസസ്ഥലം കണ്ടെത്താനാവും.

ചതയം

ലാഘവത്വത്തോടെ ഒരു കാര്യത്തിലും ഏർപ്പെടരുത്. ചെറിയ കാര്യങ്ങളിൽ പോലും ശ്രദ്ധപുലർത്തണം. സമയബന്ധിതമായി ഫയലുകൾ തീർക്കാനാവാത്തതിനാൽ തൊഴിലിടത്തിൽ പ്രശ്നങ്ങൾ വരാം. ജന്മരാശിയിലും രണ്ടിലും  ഏഴിലും പാപഗ്രഹങ്ങളുടെ സാന്നിധ്യം ശക്തമാണ്.  വ്യക്തിജീവിതത്തിലും പ്രശ്നങ്ങൾ ഉണ്ടാവാം. ജീവിതപങ്കാളിയുമായി മനസ്സു തുറന്ന് സംസാരിക്കാൻ ശ്രമിക്കണം. സന്ധി സംഭാഷണങ്ങൾ പരാജയപ്പെടാം. ട്രാഫിക് നിയമങ്ങൾ തെറ്റിക്കാനും പിഴയീടാക്കപ്പെടാനും സാധ്യത കാണുന്നു. സാഹിത്യം, കല ഇവയിൽ  പ്രതീക്ഷിച്ച ശ്രമങ്ങളൊന്നും നടത്താനായേക്കില്ല.

പൂരൂരുട്ടാതി

ആശയഭദ്രതയുണ്ടാവും. പക്ഷേ പ്രായോഗികമായി പലതും ആവിഷ്കരിക്കാനാവില്ലെന്ന സ്ഥിതി വരാം. ലക്ഷ്യപ്രാപ്തിക്കായി കൂടുതൽ അദ്ധ്വാനം ആവശ്യമായേക്കും. സഹപ്രവർത്തകരുടെ വാക്കുകൾ പൂർണ്ണമായും മുഖവിലയ്ക്കെടുക്കണമെന്നില്ല. സംഘടനകളിൽ ഒതുക്കപ്പെടുകയാണ് എന്ന തോന്നൽ ഉണ്ടാവുന്നതാണ്. സ്വാശ്രയ ബിസിനസ്സ് വിപുലീകരിക്കാൻ ഇപ്പോൾ ഗ്രഹപരമായ അനുകൂലതയില്ല. ബന്ധങ്ങൾ കലുഷമാവാതിരിക്കാൻ സ്വയം നിയന്ത്രണം അനിവാര്യമാണ്. ന്യായമായ ആവശ്യങ്ങൾ ഒരുവിധം നടന്നുകിട്ടും. ദേഹത്തിനും മനസ്സിനും അല്പം വിശ്രമം അനിവാര്യമാണ്.

ഉത്രട്ടാതി

എതിർപ്പുകളെ കൂസാതെ മുന്നോട്ടു പോകാനാവും. തർക്കങ്ങളിലും സംവാദങ്ങളിലും വിജയിക്കുന്നതാണ്.  സഹപ്രവർത്തകരുടെ ഇടയിൽ സ്വീകാര്യത കൂടാം. സാധാരണ കാര്യങ്ങൾ പതിവുപോലെ തന്നെയാവും. നിഴൽ പോലെ അലസതയും ഉണ്ടാവുന്നതാണ്. ഉപരി പഠനം പുറം നാട്ടിലാവാൻ സാധ്യത കൂടുതലായിരിക്കും. കടം കൊടുത്താൽ കിട്ടുക എളുപ്പമായേക്കില്ല. പ്രവാസികൾക്ക് തൊഴിൽപരമായി മെച്ചം വരാനിടയുണ്ട്. നിക്ഷേപങ്ങളിൽ നിന്നും ആദായം വന്നുതുടങ്ങുന്നതാണ്. വാതരോഗത്തിന് ചികിൽസ വേണ്ടി വന്നേക്കും.

രേവതി

ഉദ്യോഗസ്ഥർക്ക് അധികാരമുള്ള ചുമതലകൾ ലഭിക്കുന്ന കാലമാണ്. നക്ഷത്രാധിപനായ ബുധൻ ഭദ്രയോഗത്തോടെ നാലാം ഭാവത്തിൽ തുടരുകയാൽ ആത്മബലം അചഞ്ചലമാവും. ധനപരമായി സമ്മർദ്ദമുണ്ടാവില്ല. നല്ല തുടക്കം കിട്ടുന്ന വാരവുമാണ്. സുഹൃദ്ബന്ധങ്ങൾ മെച്ചപ്പെടുത്താനാവും. ബിസിനസ്സ് തന്ത്രങ്ങൾ ഉപഭോക്താക്കളിൽ ചലനമുയർത്താം. കുടുംബത്തിൽ സമാധാനമുണ്ടാവും. ഭാവിയാത്രകൾ തീരുമാനിക്കും. പൂർവ്വികമായിട്ടുള്ള വസ്തുക്കളിൽ നിന്നും വരുമാനം കിട്ടാം. ശനിയും രാഹുവും ചെറിയ തടസ്സങ്ങളുടെ രൂപത്തിൽ അവരുടെ സാന്നിധ്യം അറിയിക്കും.

Read More: ശുക്രൻ മേടം രാശിയിലേക്ക്; അശ്വതി മുതൽ രേവതി വരെ

weekly horoscope Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: