/indian-express-malayalam/media/media_files/2025/08/09/weekly-horoscope-aug-09-2025-2025-08-09-14-45-30.jpg)
Weekly Horoscope, August 10- August 16
Weekly Horoscope, August 10- August 16: കൊല്ലവർഷം 1200 ലെ അവസാന ആഴ്ചയാണ് കടന്നുപോകുന്നത്. പിന്നിലേക്ക് തിരിഞ്ഞുനോക്കാനും ശരിതെറ്റുകൾ സ്വയം വിലയിരുത്താനും ഉചിത സന്ദർഭമാണ്. പുതുപ്രതിജ്ഞകൾ കൈക്കൊള്ളാനും സംവത്സര സംക്രമ വാരം പ്രയോജനപ്പെടട്ടെ! ഇന്ത്യൻ എക്സ്പ്രസ്സ് മലയാളം വായനക്കാർക്ക് സമ്പൽസമൃദ്ധമായ, സ്വപ്നങ്ങൾ പൂവണിയുന്ന പുതുവർഷം ആശംസിക്കുന്നു.
സൂര്യൻ കർക്കടകം രാശിയിലാണ്. ആയില്യം ഞാറ്റുവേലയിലൂടെ കടന്നുപോവുന്നു. ചന്ദ്രൻ കൃഷ്ണപക്ഷത്തിൽ പ്രഥമ മുതൽ അഷ്ടമി വരെ തിഥികളിലാണ്. കുജൻ അഥവാ ചൊവ്വ കന്നിരാശിയിൽ ഉത്രം - അത്തം നക്ഷത്രങ്ങളിലൂടെ നീങ്ങുന്നു. ബുധൻ കർക്കടകം രാശിയിൽ പൂയം നക്ഷത്രത്തിൽ വക്രഗതി സഞ്ചാരം നടത്തുന്നു. ശുക്രൻ മിഥുനം രാശിയിൽ തിരുവാതിര - പുണർതം നക്ഷത്രങ്ങളിലാണ്.
വ്യാഴം മിഥുനം രാശിയിൽ തിരുവാതിരയിലാണ്. ആഗസ്റ്റ് 13 മുതൽ പുണർതം നക്ഷത്രത്തിൽ സഞ്ചരിക്കും. ശനി മീനം രാശിയിൽ ഉത്രട്ടാതി നക്ഷത്രത്തിൽ വക്രത്തിലാണ്. രാഹു കുംഭം രാശിയിൽ പൂരൂരുട്ടാതിയിലും കേതു ചിങ്ങം രാശിയിൽ പൂരം നക്ഷത്രത്തിലുമാണ്. ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ വാരഫലം ഇവിടെ രേഖപ്പെടുത്തുന്നു.
Also Read: ഓഗസ്റ്റ് മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
അശ്വതി
ഞായറും തിങ്കളും ചന്ദ്രൻ പതിനൊന്നാം ഭാവത്തിൽ രാഹുവിനൊപ്പമാണ്. മനസ്സന്തോഷം ഭവിക്കും. അനായാസേന കാര്യസിദ്ധിയുണ്ടാവും. മുൻകൂട്ടി തീരുമാനിച്ചവ നടപ്പിലാക്കുന്നതാണ്. ഭോഗസുഖം, പ്രിയസമാഗമം ഇവയും സാധ്യതകൾ. ചൊവ്വയും ബുധനും ചന്ദ്രസഞ്ചാരം ശനിക്കൊപ്പം പന്ത്രണ്ടാമെടത്തിൽ വരികയാൽ മന്ദഗതി വന്നുചേരും. പരാശ്രയത്വം വിഷമപ്പിക്കുന്നതാണ്. ചെലവ് കൂടാനിടയുണ്ട്. കൃത്യനിഷ്ഠ തെറ്റിയേക്കും. മറ്റു ദിവസങ്ങളിൽ ചന്ദ്രൻ ജന്മരാശിയിലാവുകയാൽ ഗുണദോഷങ്ങൾ സമ്മിശ്രമാവും. നല്ലവാക്കുകൾ പറയാനും കേൾക്കാനും സാധിച്ചേക്കും. രുചിഭക്ഷണം, വിനോദം ഇവയുണ്ടാവുന്നതാണ്.
ഭരണി
അനുകൂല രാശികളിലൂടെ ചന്ദ്രൻ സഞ്ചരിക്കുകയാൽ ബിസിനസ്സിൽ വിജയിക്കാനാവും. മനസ്സമാധാനം പുലരുന്നതാണ്. കൈവായ്പ മടക്കിക്കിട്ടും. ദുർലഭം എന്നുതോന്നിയ കാര്യങ്ങൾ സുലഭമായിത്തീരാം. പരീക്ഷകൾക്ക് നല്ല രീതിയിൽ തയ്യാറെടുക്കാൻ സാധിക്കുന്നതാണ്. ആരോഗ്യ പരിരക്ഷക്കായി കരുതൽ കൈക്കൊള്ളും. വസ്തുവിൽ നിന്നും നല്ല ആദായം കിട്ടും. വിയോജിപ്പുകളേയും വിമർശനങ്ങളേയും പുച്ഛരസത്തോടെ തള്ളിക്കളയുന്നതാണ്. വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്നതായിരിക്കും.
Also Read: ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?
കാർത്തിക
ഇടവക്കൂറുകാർക്ക് വാരാന്ത്യദിനങ്ങളൊഴികെ എല്ലാ ദിവസങ്ങളും ഗുണകരമായിരിക്കും. കർമ്മരംഗം ഉണരുന്നതാണ്. ധനാഗമ മാർഗങ്ങൾ തടസ്സപ്പെടില്ല. പദവിയിൽ ശോഭിക്കുവാനാവും. വേണ്ടപ്പെട്ടവരുടെ സഹകരണം അഭംഗുരമായി ലഭിച്ചേക്കാം. വാരാന്ത്യത്തിൽ മനസ്സന്തോഷം കുറയും. ദുർവ്യയമേറുന്നതാണ്. വാഗ്ദാനങ്ങൾ സ്വയം ലംഘിക്കും. മേടക്കൂറുകാർക്ക് ചൊവ്വ, ബുധൻ ദിവസങ്ങൾ കാര്യതടസ്സത്തിന് സാധ്യത കാണുന്നു. മേലധികാരികളുടെ തൃപ്തിയുണ്ടാവില്ല. മറ്റു ദിവസങ്ങളിൽ ഭോഗസുഖം, ബിസിനസ്സിൽ ലാഭം, കുടുംബ സന്തോഷം ഇവയുണ്ടാവും.
രോഹിണി
ഞായർ മുതൽ വ്യാഴം വരെ പ്രായേണ കർമ്മഗുണം അനുഭവപ്പെടും. ചുമതലകൾ വെടിപ്പായി പൂർത്തിയാക്കും. തൊഴിലിടത്തിൽ ഏവരുടേയും സഹകരണം പ്രതീക്ഷിക്കാം. വ്യാപാരികൾക്ക് ആദായം ഉയരുന്നതാണ്. അധ്വാനത്തിന് ഫലം വന്നുചേരും. ആകസ്മിക ധനലാഭത്തിന് സാധ്യത കാണുന്നു. പ്രണയികൾക്ക് സമാഗമ സല്ലാപാദികൾക്ക് അവസരം തെളിയും. വാരാന്ത്യദിനങ്ങളിൽ ദേഹസുഖം കുറയാം. യാത്രകൾ ക്ലേശിപ്പിച്ചേക്കും. മകൻ്റെ ആവശ്യങ്ങൾ പരിധി വിടുന്നുണ്ടോ എന്ന സന്ദേഹം വിഷമിപ്പിക്കാം.
മകയിരം
ഇടവക്കൂറുകാർക്ക് വാരാന്ത്യത്തിലെ രണ്ടു ദിവസങ്ങൾ അല്പം ക്ലേശകരമാവും. ചെലവ് കൂടാനിടയുണ്ട്. കാര്യസാധ്യത്തിന് അലച്ചിലുണ്ടാവാം. തീരുമാനിച്ച കാര്യങ്ങൾ നടപ്പിലാക്കാൻ അധ്വാനമേറുന്നതായിരിക്കും. മറ്റു ദിവസങ്ങൾ ക്ഷേമകരമായി അനുഭവപ്പെടും. മിഥുനക്കൂറുകാർക്ക് പൊതുവേ വാരം മുഴുവൻ നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. വിദ്യാഭ്യാസത്തിൽ പുരോഗതി ദൃശ്യമാവുന്നതാണ്. വ്യാപാരികൾ ഉപഭോക്താക്കളെ ആകർഷിക്കാൻ പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യും. ദാമ്പത്യത്തിൽ സംതൃപ്തി അനുഭവപ്പെടുന്നതാണ്. രോഗഗ്രസ്തർക്ക് ആശ്വാസമുണ്ടായേക്കും.
തിരുവാതിര
സമസ്ത മേഖലകളിലും പുരോഗതി ദൃശ്യമാകും. അധ്വാനം സഫലമായതിൽ സന്തോഷമുണ്ടാവും. സഹപ്രവർത്തകരോട് നന്ദി അറിയിക്കും. സംഘടനയിൽ ശത്രുക്കൾ നിശബ്ദരാവുന്നതാണ്. പ്രതീക്ഷിച്ച ലാഭം അക്കൗണ്ടിലെത്തും. പുതിയ വ്യാപാര ശാഖ നല്ലരീതിയിൽ മുന്നോട്ടു പോകും. പാരമ്പര്യ തൊഴിലുകൾ ചെയ്യുന്നവർക്ക് വർദ്ധിച്ച അവസരങ്ങൾ വന്നെത്താം. കിടപ്പുരോഗികൾക്ക് സമാശ്വാസം സംജാതമാകുന്നതാണ്. പ്രണയത്തിലും ദാമ്പത്യത്തിലും സന്തോഷമുണ്ടാവും. വിലപ്പെട്ട പാരിതോഷികങ്ങൾ സമ്മാനിക്കപ്പെടുന്നതാണ്.
പുണർതം
കർക്കടകക്കൂറുകാർക്ക് ഞായറും തിങ്കളും പരീക്ഷണങ്ങൾ നിറയും. മാനസിക പിരിമുറുക്കം ഉണ്ടാവാം. മറ്റു ദിവസങ്ങളിൽ ആസൂത്രണം ചെയ്ത കാര്യങ്ങൾ നിറവേറ്റുവാനാവും. മിഥുനക്കൂറുകാർക്ക് കുടുംബത്തിലും തൊഴിലിടത്തിലും സമാധാനം പ്രതീക്ഷിക്കാം. സ്വതസ്സിദ്ധമായ കഴിവുകൾ കാര്യസിദ്ധിക്ക് പ്രയോജനം ചെയ്യും. സംരംഭകർക്ക് ദിശാബോധത്തോടെ പ്രവർത്തിക്കാൻ കഴിയുന്നതാണ്. ഭോഗസുഖം, ഇഷ്ടഭക്ഷണ യോഗം, പ്രിയ സല്ലാപം, ആവശ്യത്തിന് വിശ്രമം എന്നിവയുണ്ടാവും. പണച്ചെലവ് നിയന്ത്രിക്കാനായേക്കും. ആശിച്ച പദവി തേടി വരുന്നതാണ്.
പൂയം
ഞായർ, തിങ്കൾ അഷ്ടമരാശിക്കൂറ് വരികയാൽ യാത്രയിലും വൈദ്യുതോപകരണം കൈകാര്യം ചെയ്യുമ്പോഴും ജാഗ്രതയുണ്ടാവണം. ചൊവ്വയും ബുധനും ക്ഷേത്രാദി കാര്യങ്ങൾക്ക് സമയം കണ്ടെത്തും. തീർത്ഥാട യോഗമുണ്ട്. ബന്ധു സന്ദർശനം മനസ്സന്തോഷമേകും. ചില പ്രസ്താവനകൾ ചിലരെ അസ്വസ്ഥരാക്കാം. ധനപരമായി ചെലവേറുന്നതാ ണ്. വായ്പ കുടിശിക അടക്കാൻ നോട്ടീസ് ലഭിക്കാം. പരാശ്രയത്വം വേണ്ടി വന്നേക്കും. മറ്റു ദിവസങ്ങളിൽ കർമ്മാഭിവൃദ്ധി ഉണ്ടാവും. കാര്യങ്ങൾ ഭംഗിയായി പഠിക്കും. മേലധികാരികളാൽ അംഗീകരിക്കപ്പെടാം.
ആയില്യം
പ്രധാന കാര്യങ്ങളിൽ തീരുമാനമെടുക്കാൻ നിർബന്ധിതരാവും. കുടുംബ പ്രശ്നങ്ങളിൽ ജാഗ്രത അനിവാര്യമാണ്. അനുരഞ്ജനത്തിൻ്റെ പാത സ്വീകരിക്കാൻ തയ്യാറാവണം. ചില ദിവസങ്ങളിൽ ഉന്മേഷക്കുറവ്, ആലസ്യം ഇവ അനുഭവപ്പെടുന്നതാണ്. അകാരണഭയം ഭവിച്ചേക്കാം. വിദ്യാർത്ഥികളുടെ കാര്യത്തിൽ മാതാപിതാക്കളുടെ ശ്രദ്ധ വേണ്ടതുണ്ട്. ചുമതലകൾ സ്വയം നിർവഹിക്കേണ്ട സ്ഥിതി വന്നേക്കാം. വസ്ത്രാഭരണാദികൾ പാരിതോഷികമായി കിട്ടിയേക്കാം. ജോലിയില്ലാത്തവർക്ക് താൽകാലിക ജോലിയിൽ പ്രവേശിക്കാനവസരം സംജാതമാകും. കടബാധ്യതകൾ കൂടാതിരിക്കാൻ കരുതൽ വേണം.
Also Read: കർക്കടക മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
മകം
പ്രവർത്തന മേഖലയിൽ അംഗീകാരം സിദ്ധിക്കും. സ്ഥിരപരിശ്രമത്തിലൂടെ നിശ്ചയിച്ച കാര്യങ്ങൾ ഭംഗിയായി നിർവഹിക്കാൻ കഴിയുന്നതാണ്. രാഷ്ട്രീയ പ്രവർത്തനത്തിന് ദിശാബോധമുണ്ടാവും. ഒപ്പമുള്ള ചിലരുടെ സ്ഥാപിത താത്പര്യങ്ങളെ തിരിച്ചറിയുന്നതാണ്. വ്യാപാരികൾക്ക് ഉത്സവാഘോഷങ്ങളെ മുൻനിർത്തി കൂടുതൽ സാധന സാമഗ്രികൾ കരുതേണ്ടതായി വന്നേക്കാം. തന്മൂലം അല്പം സാമ്പത്തിക ഞെരുക്കത്തിന് സാധ്യതയുണ്ട്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ നവാരംഭങ്ങളരുത്. വാഹനം ഉപയോഗിക്കുന്നതിൽ ജാഗ്രത വേണം.
പൂരം
ജന്മനക്ഷത്രത്തിൽ കേതു സഞ്ചരിക്കുകയാൽ തടസ്സങ്ങൾ അനുഭവപ്പെടും. ഏറ്റവും സുഗമവും സുലഭവും എന്നുതോന്നുന്ന കാര്യങ്ങൾ പോലും ദുർഗമവും ദുർലഭവും ആവാനിടയുണ്ട്. നാമമാത്രമാവും നേട്ടങ്ങൾ. കുടുംബത്തിൻ്റെ പിന്തുണ പ്രതീക്ഷിക്കാം. പ്രണയഭാവങ്ങൾക്ക് ശുഷ്കത വന്നെത്തും. കപട ഹൃദയങ്ങളെ തിരിച്ചറിയാനാവാതെ പോവും. വ്യാപാരക്കരാറുകളിൽ സൂക്ഷ്മത പുലർത്തണം. ന്യായമായ ആവശ്യങ്ങൾ തടസ്സമില്ലാതെ നടന്നുകിട്ടും. സർക്കാർ കാര്യങ്ങളിൽ ശ്രമം തുടരേണ്ട സ്ഥിതി ഭവിക്കുന്നതാണ്. ചൊവ്വയും ബുധനും ജാഗ്രത കുറയരുത്.
ഉത്രം
നിലപാടുകൾ കർക്കശങ്ങളാവുന്നത് എതിർസ്വരങ്ങളെ ക്ഷണിച്ചുവരുത്തും. പ്രവർത്തനത്തിൽ ശ്രദ്ധ കുറയാനിടയുണ്ട്. സ്ഥലം മാറ്റ ഉത്തരവ് നീളുന്നതിൽ ഉൽക്കണ്ഠ ഉയരും. ജന്മനക്ഷത്രത്തിലെ ചൊവ്വ ആത്മക്ഷോഭങ്ങൾക്ക് കാരണമാകുന്നതാണ്. രക്തസമ്മർദ്ദം പോലുള്ള ജീവിതശൈലി രോഗങ്ങളുള്ളവർ മരുന്നുകൾ മുടക്കരുത്. സഹപ്രവർത്തകരുടെ നിർദ്ദേശങ്ങൾ സ്വീകാര്യമായേക്കില്ല. കുടുംബാന്തരീക്ഷം ഒരുവിധം തൃപ്തികരമാവും. ധനവരവ് മോശമാകാനിടയില്ല. മകൻ്റെ പരിശ്രമങ്ങളിൽ സന്തോഷിക്കുന്നതാണ്. വാരാന്ത്യ ദിവസങ്ങൾക്ക് മേന്മ കുറയാനിടയുണ്ട്.
അത്തം
ആത്മശക്തിക്ക് ലോപം വരില്ല. ക്രിയാശേഷി ഉയരും. പലകാര്യങ്ങളും മുൻകൂട്ടി തീരുമാനിക്കാനാവും. സുഹൃത്തുക്കൾക്ക് ഉചിതമായ ഉപദേശം നൽകുന്നതാണ്. സാഹിത്യകാരന്മാരുടെ ഭാവനാവിലാസം അഭിനന്ദിക്കപ്പെടും. പരീക്ഷകൾക്ക് തൃപ്തികരമായി തയ്യാറെടുക്കും. വ്യാപാരത്തിൽ നിന്നും വരവ് കുറയില്ല. എന്നാൽ ധനകാര്യത്തിൽ നിയന്ത്രണം ആവശ്യമാണ്. ഭോഗസുഖം, ദാമ്പത്യത്തിൽ സ്വൈരം എന്നിവയുണ്ടാവും. സാമൂഹ്യ മാധ്യമങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കും. വ്യാഴം, വെള്ളി ദിവസങ്ങളിൽ കരുതൽ വേണം.
ചിത്തിര
പുതിയ കാര്യങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നതാണ്.എന്നാൽ വിവാദങ്ങളിൽ ഇടപെടുന്നത് ശ്രദ്ധയോടെയാവണം. വ്യവഹാരങ്ങൾ തീരാൻ കാലതാമസമുണ്ടാവും. തുലാക്കൂറുകാർക്ക് ഭാഗ്യപുഷ്ടിയുണ്ടാവുന്ന സന്ദർഭമാണ്. ചിട്ടി, നറുക്കെടുപ്പ് ഇവയിൽ നിന്നും ധനാഗമം വരാം. ഔദ്യോഗികമായി സ്ഥാനക്കയറ്റം ലഭിച്ചില്ലെങ്കിലും അധികാരം കൈവരും. പുതുവാഹനം വാങ്ങാൻ തീരുമാനിക്കും. ബന്ധുവിൻ്റെ വിവാഹത്തിന് ആവശ്യമായ ധനസഹായം നൽകുന്നതാണ്. സുഖഭക്ഷണം, വിശ്രമം എന്നിവയുണ്ടാവും. അവധിക്കാല യാത്രകൾക്ക് തയ്യാറെടുപ്പ് നടത്തും.
ചോതി
പൊതുക്കാര്യങ്ങളിൽ ശക്തമായ അഭിപ്രായം പറയും. സ്വന്തം സാഹചര്യങ്ങളിൽ എളുപ്പം ഇണങ്ങിച്ചേരുന്നതാണ്. പദവികളിൽ ശോഭിക്കുവാനാവും. സർക്കാർ കാര്യങ്ങളിൽ വേഗം ഫലപ്രാപ്തി കൈവരിച്ചേക്കും. പുതിയ ജോലിയിൽ പ്രതീക്ഷിച്ച സമ്മർദ്ദങ്ങൾ ഉണ്ടാവില്ല. പ്രശ്നങ്ങൾ ക്ഷമാപൂർവ്വം പരിഹരിക്കുന്നതാണ്. ഗുരുജനങ്ങളെ കാണാനവസരമുണ്ടാവും. ഗവേഷണത്തിൽ പുരോഗതി ദൃശ്യമായേക്കും. പ്രണയികൾക്കിടയിൽ തെറ്റിദ്ധാരണക്ക് സാധ്യതയുണ്ട്. ആരോഗ്യപരിശോധനാ ഫലം തൃപ്തികരമായിരിക്കും. ഗാർഹിക രംഗത്ത് ചില അതൃപ്തികൾ വരാനിടയുണ്ട്.
വിശാഖം
വിശിഷ്ട വ്യക്തികളെ പരിചയപ്പെടുന്നതിനവസരം വരും. പലകാര്യങ്ങളിൽ ഏകകാലത്ത് മുഴുകുന്നതാണ്. ജയാപജയങ്ങളിൽ ശ്രദ്ധയുണ്ടാവില്ല. അവധിക്കാലം മകളുടെ വീട്ടിൽ ചെലവഴിക്കാൻ തീരുമാനിച്ചേക്കും. അതിനാവശ്യമായ മുന്നൊരുക്കങ്ങൾ നടത്തും. എഗ്രിമെൻ്റുകളിൽ ഒപ്പിടുമ്പോൾ വ്യവസ്ഥകൾ വായിച്ചറിയാൻ മറക്കരുത്. വ്യാപാരത്തിൽ ചെറിയ പുരോഗതി ഉണ്ടാവുന്നതാണ്. വിദ്യാഭ്യാസ ലോൺ ലഭിക്കാൻ വൈകിയേക്കും. വൃശ്ചികക്കൂറുകാർക്ക് ഭൂമിയിൽ നിന്നും ആദായം ലഭിക്കും. തുലാക്കൂറുകാർക്ക് അതുണ്ടാവില്ല.
അനിഴം
സഹോദരാനുകൂല്യത്താൽ നേട്ടങ്ങളുണ്ടാവുന്ന കാലമാണ്. കടം കൊടുത്ത തുക തിരികെ ലഭിക്കാം. തൊഴിൽ പരിശീലനത്തിൽ പങ്കെടുക്കുന്നതിന് അവസരം വരുന്നതായിരിക്കും. പുതിയ ചില ജീവിതപാഠങ്ങൾ അനുഭവങ്ങളുടെ വെളിച്ചത്തിൽ ഉൾക്കൊള്ളുന്നതാണ്. പ്രവാസികൾക്ക് തൊഴിൽ രംഗത്ത് കൂടുതൽ അവസരങ്ങൾ വന്നെത്തിയേക്കും. സന്താനങ്ങളുടെ പഠനത്തിൽ ശ്രദ്ധയാവശ്യമാണ്. യാത്രയിൽ വിലപിടിച്ച വസ്തുക്കൾ നഷ്ടപ്പെടാനിടയുണ്ട്. ഞായർ, തിങ്കൾ ദിവസങ്ങൾക്ക് ഗുണം കുറയാം.
തൃക്കേട്ട
ന്യായമായ കാര്യങ്ങൾ യഥാസമയം നടന്നുകിട്ടുന്നതാണ്. ജോലി നൈപുണ്യത്താൽ അധികാരികളുടെ പ്രശംസ ലഭിക്കാം. സ്വകാര്യ സ്ഥാപനത്തിൽ തുടർന്നുവരുന്ന ഷിഫ്റ്റ് കൂടുതൽ സൗകര്യപ്രദമായ സമയത്തിലേക്ക് മാറുന്നതാണ്.വസ്തുവാങ്ങാൻ ശ്രമം തുടരുന്നതായിരിക്കും. നിസ്സാര കാര്യങ്ങളെച്ചൊല്ലി ഗൃഹത്തിൽ കലഹമുണ്ടാവാനിടയുണ്ട്. അവ എളുപ്പം പരിഹരിക്കാൻ സാധിച്ചേക്കും. വ്യാപാര പുരോഗതിക്കായി പരസ്യങ്ങൾ രൂപപ്പെടുത്തുന്നതാണ്. പ്രണയികൾക്കിടയിൽ ബന്ധം ദൃഢമാകും. പണച്ചെലവ് നിയന്ത്രിക്കാൻ തീരുമാനിക്കുമെങ്കിലും ഫലം ഉണ്ടായിക്കൊള്ളണം എന്നില്ല.
Also Read: ചൊവ്വ മാറുന്നു, കന്നിരാശിയിലേക്ക്; അശ്വതി മുതൽ രേവതി വരെ
മൂലം
സ്വന്തം ആശയങ്ങൾ മറ്റുള്ളവരുടെ മേൽ അടിച്ചേല്പിക്കാൻ ശ്രമിക്കുന്നതായി ആരോപണം ഉയരാം. ബിസിനസ്സ് കാര്യങ്ങൾ പകരക്കാരെ ഏല്പിക്കുന്നത് ഗുണകരമായേക്കില്ല. യാത്രകൾ പ്രയോജനം ചെയ്തേക്കും. പ്രണയത്തിൽ തടസ്സങ്ങളുണ്ടാവാനിടയുണ്ട്. വായ്പകളെ ആശ്രയിക്കെണ്ടെന്ന് തീരുമാനിച്ചതിനാൽ പൂർവ്വിക സ്വത്തുക്കൾ വിൽക്കാനുള്ള ശ്രമം പുനരാരംഭിക്കുന്നതാണ്. ഭക്ഷണശീലത്തിൽ മാറ്റം വരുത്തുന്നത് നന്നായിരിക്കും. വ്യായാമത്തിന് നേരം കണ്ടെത്തണം. മകളുടെ ജോലിക്കാര്യത്തിന് ഉന്നതന്മാരുടെ ശുപാർശ പ്രയോജനപ്പത്തും.
പൂരാടം
ആദർശം പറയുമെങ്കിലും എല്ലാക്കാര്യങ്ങളിലും കൂടുതൽ പ്രായോഗികത പുലർത്തും. കൃത്യമായ കാരണം കണ്ടെത്തുന്നതിൽ വിജയിക്കുന്നതാണ്. തൊഴിൽ രംഗത്ത് പരീക്ഷണങ്ങൾ തുടരുന്നതായിരിക്കും. പരസ്യത്തിൻ്റെ വഴി സ്വീകരിക്കുന്നതിലൂടെ ഉപഭോക്താക്കളെ ആകർഷിക്കാൻ സാധിച്ചേക്കും. ജന്മനാട്ടിലെ വസ്തു വിൽക്കുന്നതിൽ തടസ്സങ്ങൾ ആവർത്തിക്കാം. ദാമ്പത്യത്തിൽ സമാധാനം പുലരും. മകൻ്റെ കാര്യത്തിൽ ശുഭതീരുമാനം പ്രതീക്ഷിക്കാം. സാമൂഹ്യ കാര്യങ്ങൾക്ക് സമയം കണ്ടെത്തുന്നതാണ്.
ഉത്രാടം
അമിതമായ ആത്മവിശ്വാസം പുലർത്തും. വിമർശനങ്ങൾ ഉൾക്കൊള്ളാൻ സന്നദ്ധതയുണ്ടാവില്ല. സാങ്കേതിക ജോലികൾ ചെയ്യുന്നവർക്ക് ജോലിഭാരം കൂടാനിടയുണ്ട്. മേലധികാരികളുടെ വിശ്വാസ്യത ആർജ്ജിക്കും. കടം കൊടുത്ത തുകയുടെ കുറച്ചുഭാഗം തിരികെ കിട്ടാം. കാര്യാലോചനകളിൽ വ്യക്തമായ അഭിപ്രായം പറയുന്നതാണ്. ഗൃഹ / ഇലക്ട്രിക് ഉപകരണങ്ങൾ പ്രതിമാസ വായ്പ വ്യവസ്ഥയിൽ വാങ്ങിയേക്കും. ജീവിതശൈലീ രോഗങ്ങൾക്ക് ചികിൽസ വേണ്ടിവരാം. പഠനകാര്യത്തിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താനായേക്കില്ല.
തിരുവോണം
പലകാര്യങ്ങൾ ഏകോപിപ്പിക്കുക ദുഷ്കരമാവും. വേണ്ടപ്പെട്ടവരിൽ നിന്നും മാനസിക/ ശാരീരിക പിന്തുണ കിട്ടിയേക്കില്ല. സർക്കാരിൽ നിന്നും ലഭിക്കേണ്ട അനുമതികൾ നേടാൻ താമസം വരാം. ആവർത്തിത ശ്രമങ്ങൾക്കും സാധ്യതയുണ്ട്. വിദേശത്തു കഴിയുന്നവർക്ക് നാട്ടിലെത്താൻ അവധി ലഭിച്ചേക്കും. ഉപജാപങ്ങളേയും ഗൂഢാലോചനകളേയും തിരിച്ചറിയും. സൗഹൃദങ്ങൾ ദൃഢമാകുന്നതാണ്. വാരാദ്യ ദിവസങ്ങളിൽ ഈശ്വരാരാധനയ്ക്ക് സന്ദർഭം ലഭിക്കാം. ചൊവ്വയും ബുധനും വ്യാഴനും മനസ്സന്തോഷം പ്രതീക്ഷിക്കാം. വെള്ളി, ശനി സമ്മിശ്രാനുഭവങ്ങളാവും
അവിട്ടം
തർക്കങ്ങളിലും സംവാദങ്ങളിലും ശോഭിക്കുന്നതാണ്. കാര്യങ്ങൾ പഠിച്ച് അവതരിപ്പിക്കുന്ന രീതി ആദരിക്കപ്പെടും. ഔദ്യോഗിക രംഗത്ത് പിരിമുറുക്കം അനുഭവപ്പെടാൻ സാധ്യത കാണുന്നു. വിദ്യാർത്ഥികളുടെ പഠിപ്പിൽ രക്ഷാകർത്താക്കളുടെ ശ്രദ്ധയുണ്ടാവേണ്ട സന്ദർഭമാണ്. ചെയ്തുപോരുന്ന ബിസിനസ്സിൽ പ്രതീക്ഷിച്ച വരുമാനം ഉയരാത്തതിൽ സങ്കടമുണ്ടാവും. ബന്ധുവിൻ്റെ വിവാഹത്തിന് നല്ലൊരുതുക സഹായം നൽകുന്നതാണ്. ജന്മനാട്ടിൽ ഓണം ആഘോഷിക്കാൻ തയ്യാറെടുക്കും. വാരമധ്യത്തിലെ ദിവസങ്ങൾ കൂടുതൽ ഗുണപ്രദമാവും.
ചതയം
ചന്ദ്രൻ ജന്മരാശിയിലൂടെ സഞ്ചരിക്കുകയാൽ വാരാദ്യം മനസ്സന്തോഷം, വിരുന്നൂണ്, പാരിതോഷിക ലബ്ധി ഇവയുണ്ടാവാം. ക്ഷേത്രദർശനാവസരം സിദ്ധിച്ചേക്കും. ബന്ധുസന്ദർശനത്തിലൂടെ പൂർവ്വ സ്മൃതികളിൽ മുഴുകാനാവും. ചൊവ്വയും ബുധനും വ്യാഴവും തൊഴിലിടത്തിൽ പിരിമുറുക്കത്തിന് സാധ്യതയുണ്ട്. ചിലതൊക്കെ കണ്ടില്ല, കേട്ടില്ല എന്നുവെക്കണം. സഹപ്രവർത്തകരുടെ നിർദ്ദേശങ്ങൾ സ്വീകാര്യമായി തോന്നില്ല. ആരോഗ്യകാര്യത്തിൽ ശ്രദ്ധയുണ്ടാവണം. വെള്ളി, ശനി ദിവസങ്ങളിൽ പ്രണയാനുഭവങ്ങൾ പുഷ്ടിപ്പെടും. ആത്മവിശ്വാസം വളരുന്നതായിരിക്കും.
പൂരൂരുട്ടാതി
സർഗഭാവന ഉണരുന്നതായിരിക്കും. ഉയർന്ന ക്രിയാത്മകത കലാപ്രവർത്തനത്തെ ശ്രദ്ധേയമാക്കാം. ഉപേക്ഷിക്കാനിരുന്ന ജോലി തൽക്കാലം ഉപേക്ഷിക്കേണ്ടെന്ന് തീരുമാനിച്ചേക്കും. സ്വകാര്യ സംരംഭകർക്ക് നേട്ടങ്ങളുണ്ടാവുന്ന സാഹചര്യമാണുള്ളത്. വരുമാനത്തിൽ വർദ്ധന പ്രതീക്ഷിക്കാം. കടം വാങ്ങി സ്ഥാപനം മെച്ചപ്പെടുത്തുക ഒട്ടും അഭികാമ്യമല്ല. ആ വഴിക്ക് നീങ്ങരുത്. പരസ്യങ്ങളെ അവലംബിക്കുന്നതായിരിക്കും. ഏഴും എട്ടും ഭാവങ്ങളിൽ കേതുവും ചൊവ്വയുമുള്ളതിനാൽ ബന്ധങ്ങളിൽ വിള്ളൽ വരാൻ സാധ്യത കാണുന്നുണ്ട്. പ്രണയം, സൗഹൃദം, ദാമ്പത്യം എന്നിവ ബാധിക്കപ്പെടാം.
ഉത്രട്ടാതി
പ്രശ്നങ്ങൾക്ക് ഉത്തരം കണ്ടെത്താൻ വൈകുന്നതാണ്. നക്ഷത്രനാഥനായ ശനി നക്ഷത്രത്തിൽ തന്നെ വക്രസഞ്ചാരം നടത്തുകയാൽ സർവ്വകാര്യങ്ങളിലും മാന്ദ്യം ഭവിക്കാം. മുന്നോട്ടുവെച്ച കാൽ പിന്നോട്ടെടുക്കാൻ സാധ്യതയുണ്ട്. ഉദ്യോഗസ്ഥർക്ക് ജോലിഭാരം കൂടുന്നതായിരിക്കും. തൊഴിൽ മാറ്റത്തിന് ഇപ്പോൾ ഗ്രഹാനുകൂല്യമില്ലെന്നത് മറക്കരുത്. വ്യാപാരത്തിൽ ധനവരവ് ഉയരാം. എന്നാൽ അവ വ്യാപാരത്തിൽ തന്നെ തിരിക്കെ ഇടേക്കേണ്ടതായി വന്നേക്കാം. സൗഹൃദം ആത്മവിശ്വാസം ഉയർത്താം. ജീവിതപങ്കാളിയുടെ വാക്കുകൾ തള്ളിക്കളയരുത്. പണയ വസ്തുവിൻ്റെ തിരിച്ചടവ് മുടങ്ങുകയില്ല.
രേവതി
പുതിയ ജോലിയോ പദവിയോ വാഗ്ദാനം ചെയ്യപ്പെടുന്നതാണ്. എന്നാൽ അവ സ്വീകരിക്കുന്നതിൽ രണ്ടുമനസ്സുണ്ടാവും. വിരോധികളുടെ പ്രവർത്തനങ്ങൾ വിജയിച്ചേക്കില്ല. ഗൃഹാന്തരീക്ഷം കലുഷമാവാതിരിക്കാൻ ആത്മസംയമനം അനിവാര്യമാണ്. പുതിയ കാര്യങ്ങളോട് പുറന്തിരിഞ്ഞുനിൽക്കും. മകൻ്റെ ശാഠ്യത്തിനു വഴങ്ങി ആധുനിക ഇലക്ട്രോണിക് ഉല്പന്നങ്ങൾ വാങ്ങേണ്ടിവരാം. ധനവരവ് മോശമാവില്ല. ചെലവുകൾ നിയന്ത്രിക്കാൻ ശ്രമം ആവശ്യമാണ്. ഗൃഹനിർമ്മാണചിന്ത സജീവമായേക്കും. ഓപ്പൺ / വിദൂര സർവ്വകലാശാലയിൽ പ്രവേശനം നേടുന്നതിന് അവസരം രൂപപ്പെടാം.
Read More: സമ്പൂർണ വർഷഫലം; അശ്വതി മുതൽ രേവതി വരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.