/indian-express-malayalam/media/media_files/2025/02/17/march-2-to-march-8-2025-weekly-horoscope-astrological-predictions-aswathi-to-ayilyam-533034.jpg)
Weekly Horoscope
ആദിത്യൻ ഇടവ രാശിയിലാണ്. കാർത്തിക ഞാറ്റുവേല തുടരുന്നു. ചന്ദ്രൻ കറുത്തപക്ഷത്തിലെ ഷഷ്ഠി മുതൽ ദ്വാദശി വരെ തിഥികളിലാണ്. ഉത്രാടം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളാണ് ഈയാഴാഴ്ച. മേയ് 18 ന് / ഇടവം 4 ന് ഞായറാഴ്ച രാത്രി 9:30 ന് രാഹു മീനത്തിൽ നിന്നും കുംഭം രാശിയിലേക്കും കേതു കന്നിയിൽ നിന്നും ചിങ്ങത്തിലേക്കും പിൻഗതിയിൽ സഞ്ചരിക്കുന്നു. രാഹുകേതുമാറ്റം ജ്യോതിഷ വിശ്വാസികളിൽ ആകാംക്ഷയുണ്ടാക്കും.
വ്യാഴം മിഥുനം രാശിയിൽ മകയിരത്തിൽ (മൂന്നാം പാദത്തിൽ) തുടരുന്നു. ശനി മീനം രാശിയിൽ ഉത്രട്ടാതിയിൽ (ഒന്നാം പാദത്തിൽ)സഞ്ചരിക്കുകയാണ്. മേയ് 23 ന് / ഇടവം 9 ന് ബുധൻ മേടത്തിൽ നിന്നും ഇടവം രാശിയിൽ പ്രവേശിക്കുന്നു. കാർത്തിക നക്ഷത്രമണ്ഡലത്തിലാണ് ബുധൻ. ശുക്രൻ മീനം രാശിയിൽ (ഉച്ചക്ഷേത്രത്തിൽ) രേവതി നക്ഷത്രത്തിലാണ് സഞ്ചരിക്കുന്നത്. ചൊവ്വ തൻ്റെ നീചരാശിയായ കർക്കിടകത്തിൽ ആയില്യം നക്ഷത്രത്തിൻ്റെ രണ്ടാം പാദത്തിൽ സഞ്ചരിക്കുകയാണ്.
ഈ ഗ്രഹനിലയെ അവലംബിച്ച് അശ്വതി മുതൽ ആയില്യംവരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ വാരഫലം ഇവിടെ അപഗ്രഥിക്കുന്നു.
അശ്വതി
ചന്ദ്രസഞ്ചാരം അനുകൂലഭാവങ്ങളിലാകയാൽ പ്രസന്നമായ ഫലങ്ങൾ പ്രതീക്ഷിക്കാം. കർമ്മരംഗത്തെ ചില ആശങ്കകൾ ഒഴിയുന്നതാണ്. പ്രവർത്തനങ്ങളിൽ ഉത്സാഹവും സുഗമതയും ഉണ്ടാവും. പരാശ്രയത്വം നന്നേ കുറയും. വിമർശിക്കുന്നവർ തത്കാലം വായടച്ചിരിക്കും. ഒന്നരവർഷത്തിൽ ഒരിക്കൽ സംഭവിക്കുന്ന രാഹുകേതു മാറ്റത്തിൻ്റെ മുഖ്യഗുണഭോക്താക്കളിലൊരാൾ അശ്വതിക്കാരനാണ്. ഏഴരശ്ശനിയുടെ ദുർവ്യയത്തെയും ദുരാസക്തികളെയും ഒരു പരിധിവരെ പതിനൊന്നിലെ രാഹു പ്രതിരോധിക്കുന്നതാണ്. നാലിലെ ചൊവ്വയും ജന്മത്തിലെ ബുധനും സൂചിപ്പിക്കുന്നത് സുഹൃത്തുക്കളെയും ബന്ധുക്കളെയും ഇപ്പോൾ മുഴുവനായും വിശ്വസിക്കരുതെന്നാണ്. വാരാന്ത്യം വിശ്രമസമയം കുറയാം.
ഭരണി
നല്ല തീരുമാനങ്ങൾ കൈക്കൊള്ളാനും ഭംഗിയായി നടപ്പിലാക്കാനും സാധിക്കുന്ന വാരമാണ്. ആത്മവിശ്വാസം വർദ്ധിക്കും. രാഹുമാറ്റത്തിൻ്റെ ഗുണഫലം ഭാഗികമായി കിട്ടിത്തുടങ്ങും. തൊഴിലിൽ അനുമോദനം ലഭിക്കുന്നതാണ്. നിക്ഷേപങ്ങളിൽ നിന്നും കൂടുതൽ ആദായം വന്നുചേരും. ഭോഗസുഖമുണ്ടാവും. കുടുംബകാര്യങ്ങളിൽ സ്വൈരം തെല്ല് കുറയാനിടയുണ്ട്. ബന്ധുക്കളുടെ കാര്യത്തിൽ കാർക്കശ്യമുള്ള സമീപനം ആവശ്യമാവും. ഗൃഹസംബന്ധമായ ചെലവുകൾ സാധ്യതയാണ്. വെള്ളി, ശനി ദിവസങ്ങളിൽ ജോലിഭാരം കൂടാം.
കാർത്തിക
ദേഹസുഖവും മനസ്സഖവും കുറയില്ല. ദൗത്യങ്ങൾ ശ്രദ്ധയോടെ നിർവഹിക്കുന്നതാണ്. ആവശ്യപ്പെടാതെ ലഭിക്കുന്ന സഹായം സ്വീകരിക്കും. കർമ്മകുശലത മേലധികാരികളുടെ പ്രീതിക്ക് കാരണമാവും. പരീക്ഷാവിജയത്തിന് ഉചിത പാരിതോഷികം ലഭിക്കുന്നതാണ്. അന്യനാട്ടിൽ പോയി പഠിക്കുന്നതിന് മനസ്സൊരുക്കം വേണ്ടിവരാം. വ്യാപാരികൾക്ക് ധനലാഭം മോശമാവില്ല. കരാറു പണികൾ ഏറ്റെടുക്കുന്നത് എല്ലാവശവും ചിന്തിച്ചാവണം. അനുരാഗികൾക്ക് ഹൃദയൈക്യം ദൃഢമാവുന്നതാണ്. കുടുംബകാര്യങ്ങളിൽ സമ്മിശ്രമായ ഫലം പ്രതീക്ഷിക്കാം.
രോഹിണി
അഷ്ടമരാശി കഴിയുകയാൽ കഷ്ടങ്ങൾക്കും നഷ്ടങ്ങൾക്കും താത്കാലിക വിടയാവും. രോഗാരിഷ്ടങ്ങളാൽ ഉഴലുന്നവർക്ക് ആശ്വാസം ഭവിക്കും. കച്ചവടത്തിൽ വിറ്റുവരവ് കൂടുന്നതാണ്. ഉപഭോക്താക്കളുടെ പ്രീതി നേടുവാനാവും. ഉദ്യോഗസ്ഥർക്ക് അധികം അധ്വാനം ഉണ്ടാവില്ല. ഔദ്യോഗിക യാത്രകൾ വേണ്ടിവന്നേക്കും. കാര്യാലോചനകളിൽ സ്വന്തം നിലപാടിന് സമ്മതി നേടുന്നതാണ്. അഭ്യുദയകാംക്ഷികൾ എന്നുനടിക്കുന്നവരുടെ ദുസ്സ്വാതന്ത്ര്യത്തെ ചെറുക്കും. ഊഹകച്ചവടം, രഹസ്യനിക്ഷേപങ്ങൾ ഇവയിൽ നിന്നും ആദായമുണ്ടാവും.
മകയിരം
സ്വാധികാരം പ്രയോഗിക്കും. വാക്കുകളും അല്പം പരുക്കനായേക്കാം. തന്മൂലം ശത്രുക്കളെ സമ്പാദിക്കുന്നതാണ്. വിവാദങ്ങളിൽ ഉൾപ്പെടുത്താൻ ചിലർ ശ്രമിച്ചേക്കും. അക്കാര്യത്തിൽ ജാഗ്രത വേണ്ടതുണ്ട്. അധ്വാനഭാരം കൂടുന്നതിനാൽ തൊഴിലിനോടുതന്നെ വൈമുഖ്യം തോന്നാം. സുഹൃൽബന്ധം ദൃഢമാകുന്നതാണ്. പുതിയ കോഴ്സിന് ചേരാൻ ശ്രമം തുടങ്ങും. നവീനമായ വിദ്യാഭ്യാസ രീതികളെക്കുറിച്ച് കൃത്യമായ ഉപദേശം ആവശ്യമാവും. സാമ്പത്തികമായ അമളികൾ പിണയാനിടയുണ്ട്. വാരാദ്യ ദിവസങ്ങളിൽ വാഹനം, ആരോഗ്യം ഇവയിൽ കൂടുതൽ ശ്രദ്ധയുണ്ടാവണം.
തിരുവാതിര
ഞായർ തൊട്ടു ചൊവ്വ വരെ അഷ്ടമരാശിക്കൂറ് ആകുകയാൽ കരുതൽ വേണം. കൃത്യനിഷ്ഠ കുറയുന്നതിനാൽ മേലധികാരികൾ ശാസിക്കാനിടയുണ്ട്. ട്രാഫിക് നിയമങ്ങൾ തെറ്റിക്കുകയാൽ പിഴയുണ്ടായേക്കും. കരുത്തുള്ള നിലപാടുകൾ മനസ്സിലുണ്ടാവും. അവ വ്യക്തമായിത്തന്നെ സംവദിക്കുകയും ചെയ്യും. ഭൂമിവിൽപ്പനയിൽ തടസ്സം ഉണ്ടാവാം. കുടുംബത്തിൻ്റെ പിന്തുണ കരുത്തുപകരും. പ്രധാന തീരുമാനങ്ങളിൽ കുടുംബാംഗങ്ങളുടെ പക്ഷം ചോദിച്ചറിയണം. വ്യാപാരികൾ അമിതമായി സാധന സാമഗ്രികൾ സ്റ്റോക്ക് ചെയ്യുന്നത് ഇപ്പോൾ ഒഴിവാക്കുകയാവും അഭികാമ്യം.
പുണർതം
പലമാറ്റങ്ങളും അന്തരീക്ഷത്തിൽ വന്നെത്തിക്കഴിഞ്ഞു. അവയുടെ സ്വാധീനം വൈകാതെ തന്നെ വ്യക്തിജീവിതത്തിലും പ്രതിഫലിക്കുന്നതാണ്. ആഴ്ചയുടെ തുടക്കത്തിൽ ആലസ്യം അനുഭവപ്പെടാം. പ്രതീക്ഷിച്ച വേഗത ഒരുകാര്യത്തിലും ഉണ്ടായേക്കില്ല. ക്ഷോഭം നിയന്ത്രിക്കപ്പെടണം. ശുഭകാര്യങ്ങൾ തുടങ്ങാൻ അല്പം കൂടി കാത്തിരിപ്പ് വേണ്ടതുണ്ട്. പണമെടപാടുകളിൽ ശ്രദ്ധ പുലർത്തണം. ബുധൻ മുതൽ സ്ഥിതി മെച്ചപ്പെടും. ലഘുപ്രയത്നത്താൽ പലതും നേടിയെടുക്കും. കലാകാരന്മാർക്ക് അവസരങ്ങൾ തെളിയുന്നതാണ്. ഗൃഹത്തിൽ ഒട്ടൊക്കെ സമാധാനമുണ്ടാവും.
പൂയം
ആദിത്യൻ്റെ പതിനൊന്നിലെ സഞ്ചാരം കുറച്ചൊക്കെ ആത്മവിശ്വാസം പകരും. കാര്യവിജയം ഉണ്ടാവുന്നതാണ്. സർക്കാർ സംബന്ധിച്ചുള്ള വിഷയങ്ങളിൽ തടസ്സമുണ്ടവില്ല. വ്യാഴം പന്ത്രണ്ടിലായതിൻ്റെ വിപരീതഫലങ്ങൾ അനുഭവത്തിലെത്താൻ വൈകും. ജന്മത്തിലെ ചൊവ്വ മനസ്സിനെ സമ്മർദ്ദത്തിലാക്കും. അഷ്ടമത്തിലേക്കുള്ള രാഹുമാറ്റം മൂലം ദോഷഫലങ്ങൾ വരുമെങ്കിലും ഉടനടി ഉണ്ടായേക്കില്ല. ചന്ദ്രൻ ഏഴിൽ സഞ്ചരിക്കുകയാൽ വാരാരംഭം സുഖകരമാവും. ഭോഗസൗഖ്യം ഉണ്ടാവും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ വാഹനം ഉപയോഗിക്കുന്നതിൽ ജാഗ്രത കുറയരുത്.
ആയില്യം
നക്ഷത്രാധിപനായ ബുധൻ അനുകൂലഭാവങ്ങളിൽ സഞ്ചരിക്കുകയാൽ വിദ്യാഭ്യാസത്തിൽ ലക്ഷ്യം കൈവരിക്കും. ആശയപ്രകാശനത്തിലെ മികവ് അഭിനന്ദിക്കപ്പെടും. ബന്ധുക്കളുടെ സഹകരണം ലഭിക്കാം. ആദിത്യാനുകൂല്യത്താൽ ഉദ്യോഗസ്ഥർക്ക് തൊഴിലിടത്തിൽ അംഗീകാരമുണ്ടാവും. ഒപ്പമുള്ളവരുടെ പിന്തുണ നേടാനാവും. സുഹൃത്തുക്കളുമായി ഭാവികാര്യങ്ങൾ ആലോചിക്കുന്നതാണ്. ചൊവ്വ, ബുധൻ ദിനങ്ങളിൽ അപ്രസക്തകാര്യങ്ങൾക്കായി ഊർജ്ജവും സമയവും വ്യയം ചെയ്യും. മനക്ലേശം ഉണ്ടാവാം. മറ്റു ദിവസങ്ങളിൽ ഭക്ഷണ സംതൃപ്തി, ഭോഗസുഖം, സ്വാസ്ഥ്യം ഇവ പ്രതീക്ഷിക്കാം.
Read More
- ഇടവ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
- രാഹു കേതു രാശി മാറുന്നു, അശ്വതി മുതൽ രേവതിവരെ
- Jupiter Transit 2025: വ്യാഴം രാശിമാറുന്നു, ഗുണം ഏതൊക്കെ കൂറുകൾക്ക്? അശ്വതി മുതൽ രേവതിവരെ
- Medam Month Horoscope: മേട മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
- Vishu Phalam 2025: സമ്പൂർണ വിഷു ഫലം; അശ്വതി മുതൽ രേവതി വരെ, എസ് ശ്രീനിവാസ അയ്യർ എഴുതുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us