/indian-express-malayalam/media/media_files/2025/02/27/march-23-to-march-29-2025-weekly-horoscope-astrological-predictions-moolam-to-revathi-934367.jpg)
Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
Weekly Horoscope May 04 to May 10 2025: ആദിത്യൻ മേടം രാശിയിൽ ഭരണി ഞാറ്റുവേലയിൽ. ചന്ദ്രൻ വെളുത്ത സപ്തമി മുതൽ ത്രയോദശി വരെയുള്ള തിഥികളിൽ. പൂയത്തിൽ തുടങ്ങി ചിത്തിര വരെയാണ് ഈ ആഴ്ചത്തെ നക്ഷത്രങ്ങൾ.
ബുധൻ മീനം രാശിയിലാണ്. മേയ് 7 ന് മേടത്തിൽ പ്രവേശിക്കുന്നു. അപ്പോൾ രേവതിയിൽ നിന്നും അശ്വതിയിലാവും ബുധസഞ്ചാരം. ചൊവ്വ നീചക്ഷേത്രമായ കർക്കടകത്തിൽ പൂയം നക്ഷത്രത്തിൽ സഞ്ചരിക്കുകയാണ്.
ശുക്രൻ ഉച്ചരാശിയായ മീനത്തിൽ ഉത്രട്ടാതി നക്ഷത്രത്തിലാണ്. ശനിയും ഉത്രട്ടാതി നക്ഷത്രത്തിൽ സഞ്ചരിക്കുന്നുണ്ട്. വ്യാഴം ഇടവം രാശിയിൽ മകയിരം നക്ഷത്രത്തിലാണ്. വ്യാഴം ഇടവം രാശിയിൽ സഞ്ചരിക്കുന്ന ഒടുവിലത്തെ ആഴ്ചയാണിതെന്ന സവിശേഷതയുണ്ട്.
ശനി മീനം രാശിയിൽ ഉത്രട്ടാതിയിൽ സഞ്ചരിക്കുന്നു. രാഹു മീനം രാശിയിൽ പൂരൂരുട്ടാതിയിലാണ്. മീനം രാശിയുടെ ഒരു ഡിഗ്രിയിൽ നിന്നും പൂജ്യം ഡിഗ്രിയിൽ പിൻഗതിയായാണ് രാഹുവിൻ്റെ സഞ്ചാരം കൃത്യമായും രാശിസന്ധിയിലാണ് രാഹു. ഗ്രഹത്തിൻ്റെ ദോഷശക്തി ഏറ്റവും തീവ്രമാവും, രാശിസന്ധിയിൽ എത്തുമ്പോൾ. സ്വാഭാവികമായും കേതുവും രാശിസന്ധിയിലാണ്. കന്നിരാശിയുടെ 1 ഡിഗ്രിയിൽ നിന്നും പൂജ്യം ഡിഗ്രിയിലേക്കാണ് കേതുവിൻ്റെ സഞ്ചാരം.
ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മൂലം മുതൽ രേവതി വരെയുള്ള നാളുകളിൽ ജനിച്ചവരുടെ വാരഫലം ഇവിടെ അപഗ്രഥിക്കുന്നു.
- Weekly Horoscope May 04- May 10: വാരഫലം, അശ്വതി മുതൽ ആയില്യം വരെ
- Weekly Horoscope May 04- May 10: വാരഫലം, മകം മുതൽ തൃക്കേട്ട വരെ
മൂലം
ഞായർ ബന്ധുസമാഗമം, കുടുംബത്തിനൊപ്പം ലഘുവിനോദയാത്ര, പുറമേ നിന്നും ഭക്ഷണം കഴിക്കൽ ഇവയുണ്ടാവും. തിങ്കളും ചൊവ്വയും ചന്ദ്രൻ അഷ്ടമരാശിയിൽ സഞ്ചരിക്കുകയാൽ മനക്ലേശം വരാം. ദേഷ്യം കൂടുന്നതാണ്. ചിലരുടെ വിരോധം സമ്പാദിക്കാനിടയുണ്ട്. ബുധൻ സമ്മിശ്രമായ അനുഭവങ്ങൾ ഭവിക്കാം. മറ്റുദിവസങ്ങളിൽ പലതരത്തിലുള്ള ഗുണഫലങ്ങൾ ഉണ്ടാവുന്നതാണ്. കച്ചവടത്തിൽ കൂടുതൽ ശ്രദ്ധചെലുത്താൻ കഴിയും. സംഘടനയിൽ ബഹുമാന്യത ഉയരും. ഭാവിയെക്കുറിച്ച് ഗൗരവത്തോടെ ആലോചിക്കുവാനും നല്ല തീരുമാനങ്ങൾ കൈക്കൊള്ളാനുമാവും.
പൂരാടം
കർമ്മമേഖലയിൽ ഗുണം ഭവിക്കാൻ കൂടുതൽ അധ്വാനം ആവശ്യമാവും. മറ്റുള്ളവരെ ആശ്രയിക്കുന്ന കാര്യങ്ങൾ സാർത്ഥകമാവാൻ തുടർസമ്മർദ്ദം വേണ്ടതുണ്ട്. നവസംരംഭങ്ങളുടെ പ്രാരംഭ നടപടികൾ ആരംഭിക്കും. ഗൃഹാന്തരീക്ഷം കുറച്ചൊക്കെ സമാധാനം നൽകും. ധനവരവ് തൃപ്തിയേകുമെങ്കിലും മിതവ്യയം പാലിക്കാനായേക്കില്ല. തിങ്കളും ചൊവ്വയും എല്ലാക്കാര്യങ്ങളിലും കരുതലുണ്ടാവണം. ഉപാസനാദികൾക്ക് മുടക്കം വരാനിടയുണ്ട്. മംഗളകർമ്മങ്ങളിൽ സംബന്ധിക്കും. പാരിതോഷികങ്ങൾ ലഭിക്കാം.
ഉത്രാടം
ജോലിത്തിരക്കുകൾക്കിടയിൽ സ്വന്തം കാര്യം മറക്കും. സംഘടനാ ചുമതലകൾ ഒഴിയാൻ തീരുമാനിച്ചാലും തുടരാനുള്ള സമ്മർദ്ദം ഉണ്ടാവും. കരാർ പണികൾ നീട്ടിക്കിട്ടും. ബിസിനസ്സിനായി ലോൺ സ്വീകരിക്കും. ബന്ധുകലഹങ്ങളിൽ മാധ്യസ്ഥം വഹിക്കും. പുതിയ സാങ്കേതികവിദ്യ പഠിക്കാൻ ഓഫീസിൽ നിന്നും നിർദ്ദേശം ലഭിക്കാം. ഔദ്യോഗിക - അനൗദ്യോഗിക യാത്രകൾ വേണ്ടി വരുന്നതാണ്. ഗൃഹനിർമ്മാണം തടസ്സപ്പെടാതിരിക്കാൻ സ്വർണ്ണപ്പണയമോ കൈവായ്പയോ വേണ്ടിവരാം. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങൾക്ക് മേന്മ കുറയാം.
തിരുവോണം
പദവി ഉയർന്നില്ലെങ്കിലും ചുമതലകൾ കൂടാം. വേതനം വർദ്ധിച്ചില്ലെങ്കിലും ജോലിഭാരം കുറയില്ല. അധികാരികൾ കൂടുതൽ നിർദ്ദേശങ്ങൾ മുന്നോട്ടുവെക്കും. പ്രണയത്തിൽ നിന്നും പിന്മാറാൻ ഏഴാം ഭാവത്തിൽ സഞ്ചരിക്കുന്ന ചൊവ്വ കാരണമാകാം. ഗൃഹത്തിൻ്റെ അറ്റകുറ്റപ്പണിക്കായി ചെലവേറുന്നതാണ്. ആവശ്യത്തിന് വിശ്രമം കിട്ടിയേക്കില്ല. ഞായർ തിങ്കൾ ദിവസങ്ങളിൽ സുഹൃൽ സമാഗമം സന്തോഷമേകും. ചൊവ്വ, ബുധൻ ദിവസങ്ങൾ അഷ്ടമരാശിയാകയാൽ എല്ലാക്കാര്യത്തിലും കരുതൽ ആവശ്യമാണ്. കുടുംബാംഗങ്ങളുടെ പിന്തുണ കുറയും.
അവിട്ടം
പ്രവർത്തനത്തിൽ അപ്രതീക്ഷിത തടസ്സമോ മേലധികാരികളുടെ ഇടപെടലുകളോ ഭവിക്കാം. സഹപ്രവർത്തകരുമായി വാക്കുതർക്കങ്ങൾ ഉണ്ടാവാനിടയുണ്ട്. കുടുംബ സുഖവും ദാമ്പത്യത്തിൽ തൃപ്തിയും അനുഭവപ്പെടും. മകളുടെ പരീക്ഷാവിജയം ആനന്ദിപ്പിക്കും. ഇഷ്ടജനങ്ങളുമായി ഒത്തുചേരൽ, ഉല്ലാസം ഇവയുണ്ടാവും. കുംഭക്കൂറുകാർക്ക് കൃഷിയിൽ ആഭിമുഖ്യം വളരുന്നതാണ്. ഭൂമിയിൽ നിന്നും ചെറിയ ആദായം പ്രതീക്ഷിക്കാം. മകരക്കൂറുകാർക്ക് വാടകവീട് ലഭിക്കും. വ്യാപാര കാര്യങ്ങളിൽ ശ്രദ്ധ കുറയാനിടയുണ്ട്. വാരമധ്യത്തിലെ ദിവസങ്ങളിൽ സുഗമത ലോപിക്കാം.
ചതയം
കുടുംബകാര്യങ്ങളിൽ അഭിപ്രായൈക്യം കുറയാം. മകൻ്റെ മികച്ച വിജയം പിണക്കങ്ങളെ പരിഹരിക്കുന്നതാണ്. രോഗാവസ്ഥയിലുള്ളവർക്ക് വിദഗ്ദ്ധ ചികിൽസ വേണ്ടിവരാം. ആദർശ ചിന്തകളെ പ്രായോഗികമാക്കാൻ ശ്രമിച്ചേക്കും. തൊഴിലിടത്തിലെ എതിർപ്പുകളെ തമസ്കരിച്ച് മുന്നേറും. ഉൽസവാദികളിൽ പങ്കെടുക്കുന്നതാണ്. യോഗ, പ്രഭാഷണങ്ങൾ ഇവയ്ക്കായും സമയം കണ്ടെത്തും. സ്വന്തം സംരംഭങ്ങൾ പ്രവർത്തനക്ഷമമാവാൻ അല്പം കൂടി കാത്തിരിക്കണം. വ്യവഹാരങ്ങൾ കോടതിക്ക് പുറത്തുവെച്ച് പരിഹരിക്കാൻ എതിർകക്ഷികൾ താല്പര്യപ്പെടാം.
പൂരൂരുട്ടാതി
രാഹു പൂരൂരുട്ടാതിയിൽ ഇനി കുറേക്കാലം ഉണ്ടാവും. ഇപ്പോൾ നാലാംപാദത്തിൽ നിന്നും മൂന്നാം പാദത്തിലേക്ക് കടക്കാൻ പോവുന്നു. ചിന്തകൾ പിന്നിലോട്ട് പോവാം. ക്രിയാശേഷി കുറയാനുമിടയുണ്ട്. കാര്യസാധ്യത്തിന് കുറുക്കുവഴികൾ തേടുന്നതാണ്. ഗൃഹജീവിതത്തിൽ പൂർണതൃപ്തി പറയാനാവില്ല. സുഖസൗകര്യങ്ങൾക്കായി കൂടുതൽ ചെലവ് ചെയ്യും. ദുശ്ശീലങ്ങളുള്ളവർ സ്വയം നിയന്ത്രിക്കണം. വലിയ മുതൽമുടക്കി പുതിയ കാര്യങ്ങൾ ഇപ്പോൾ തുടങ്ങരുത്. ജോലി ഉപേക്ഷിച്ചാൽ പുതിയതുകിട്ടാൻ വൈകുന്നതാണ്. വെള്ളി, ശനി ദിവസങ്ങളിൽ കരുതൽ വേണം.
ഉത്രട്ടാതി
ശനിയും ശുക്രനും ഉത്രട്ടാതിയിൽ സഞ്ചരിക്കുന്നു. പൊതുവേ സമ്മർദ്ദങ്ങൾ പിടിമുറുക്കും. ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിൽ തടസ്സങ്ങളുണ്ടാവാം. ജന്മരാശിയിൽ രാഹുവും തുടരുകയാൽ ദുർബോധനങ്ങൾക്ക് വിധേയരാവേണ്ടി വരാം. പഞ്ചമത്തിലെ ചൊവ്വ അനാവശ്യമായ കാര്യങ്ങളിൽ ശാഠ്യമുണ്ടാക്കും. ദാമ്പത്യത്തിൽ പാരസ്പര്യം കുറയുന്നതാണ്. ചില തെറ്റിദ്ധാരണകൾ ഗൃഹാന്തരീക്ഷത്തെ കലുഷമാക്കാം. ധനപരമായി സ്വസ്ഥതയുണ്ടാവും. വായ്പകളുടെ തിരിച്ചടവ് മുടങ്ങില്ല. അന്യനാട്ടിൽ കഴിയുന്നവർക്ക് നാട്ടിലെത്താൻ കാത്തിരിക്കേണ്ടിവരും.
രേവതി
സമയബന്ധിതമായി പ്രവർത്തിക്കാൻ മടിക്കും. ചിലതൊക്കെ പിന്നീടത്തേക്ക് മാറ്റിവെക്കുന്നതാണ്. വാതരോഗം ഉപദ്രവിക്കാം. സാമ്പത്തികമായ അമളി പിണയാനിടയുണ്ട്. അനർഹർക്ക് അവസരം കിട്ടുന്നതിൽ ക്ഷോഭിച്ചേക്കും. പ്രതിഷേധം അതിരുകവിയരുത്. പിതൃസ്വത്തിന്മേൽ തർക്കങ്ങൾ ഉടലെടുക്കാനിടയുണ്ട്. ജീവകാരുണ്യത്തിന് സമയം കണ്ടെത്തുന്നതാണ്. കുടുംബത്തിൻ്റെ, ജന്മനാട്ടിൻ്റെ വേരുകൾ അന്വേഷിക്കുന്നതിൽ ഔത്സുക്യം ഉണ്ടാവും. ആഢംബരച്ചെലവുകൾ വന്നേക്കും. മകൻ്റെ പഠനാവശ്യത്തിന് കരുതൽ ധനമുണ്ടാവും.
Read More
- Daily Horoscope May 03, 2025: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
- Jupiter Transit 2025: വ്യാഴം രാശിമാറുന്നു, ഗുണം ഏതൊക്കെ കൂറുകൾക്ക്? അശ്വതി മുതൽ രേവതിവരെ
- Medam Month Horoscope: മേട മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
- Vishu Phalam 2025: സമ്പൂർണ വിഷു ഫലം; അശ്വതി മുതൽ രേവതി വരെ, എസ് ശ്രീനിവാസ അയ്യർ എഴുതുന്നു
- Vishu Phalam 2025: വിഷു ഫലം; അശ്വതി മുതൽ രേവതി വരെ, സി വി ഗോവിന്ദൻ എടപ്പാൾ എഴുതുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us