scorecardresearch

Weekly Horoscope Feb 09-Feb 15: സമ്പൂർണ വാരഫലം, അശ്വതി മുതൽ രേവതി വരെ

Weekly Horoscope, February 09-February 15: ഫെബ്രുവരി 09 ഞായർ മുതൽ ഫെബ്രുവരി 15 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope, February 09-February 15: ഫെബ്രുവരി 09 ഞായർ മുതൽ ഫെബ്രുവരി 15 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Horoscope

Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?

ആദിത്യൻ മകരം - കുംഭം രാശികളിൽ സഞ്ചരിക്കുന്നു. അവിട്ടം ഞാറ്റുവേലക്കാലമാണ്. ചന്ദ്രൻ വെളുത്ത - കറുത്ത പക്ഷങ്ങളിൽ തിരുവാതിര മുതൽ ഉത്രം വരെയുള്ള നക്ഷത്രങ്ങളിലൂടെ സഞ്ചരിക്കുന്നു. ഫെബ്രുവരി 12നാണ് വെളുത്തവാവ് വരുന്നത്. ചൊവ്വ  മിഥുനം രാശിയിൽ പുണർതം നക്ഷത്രത്തിൽ വക്രഗതി തുടരുന്നു. ബുധൻ മകരം- കുംഭം രാശികളിലും അവിട്ടം - ചതയം നക്ഷത്രങ്ങളിലും സഞ്ചരിക്കുകയാണ്. ബുധൻ ക്രമമൗഢ്യത്തിൽ തുടരുന്നു. 

Advertisment

ശനി കുംഭം രാശിയിൽ പൂരൂരുട്ടാതി നക്ഷത്രത്തിൽ സഞ്ചരിക്കുകയാണ്. ശുക്രൻ മീനം രാശിയിൽ ഉത്രട്ടാതി നക്ഷത്രത്തിൽ തുടരുന്നു. വ്യാഴം ഇടവം രാശിയിൽ രോഹിണി നക്ഷത്രത്തിലാണ്. രാഹു മീനം രാശിയിൽ ഉത്രട്ടാതിയിലും കേതു കന്നിരാശിയിൽ ഉത്രത്തിലുമാണ്. ഈ ആഴ്ചയിലെ അഷ്ടമരാശിക്കൂറ് ചുവടെ പറയുന്ന വിധത്തിലാണ്. ഞായറാഴ്ചയും തിങ്കൾ ഉച്ചവരെയും വൃശ്ചികക്കൂറുകാർക്കും തുടർന്ന് ബുധനാഴ്ച 
സായാഹ്നം വരെ ധനുക്കൂറുകാർക്കും തദനന്തരം ശനിയാഴ്ച പ്രഭാതം വരെ മകരക്കൂറുകാർക്കും മേൽ കുംഭക്കൂറുകാർക്കും അഷ്ടമ രാശി വരുന്നു. 

ഈ ഗ്രഹനിലയെ അവലംബിച്ച് അശ്വതി മുതൽ രേവതി വരെയുള്ള 27 നാളുകാരുടെയും വാരഫലം ഇവിടെ അപഗ്രഥിക്കുന്നു.

അശ്വതി

ചിന്തിച്ചും പുനരാലോചിച്ചും തീരുമാനങ്ങൾ കൈക്കൊള്ളാൻ കഴിയുന്നതാണ്. തന്മൂലം കർമ്മരംഗത്ത് കൂടുതൽ വളർച്ച പ്രകടമാവും. പ്രത്യുല്പന്നമതിത്വവും പരിചയസമ്പത്തും പ്രയോജനപ്പെടുത്തുവാൻ കഴിയുന്നതാണ്. കൂടിയാലോചനകൾ ഗുണകരമായേക്കും. എന്നാൽ അനുഭവങ്ങളുടെ ഏകതാനത  മുഷിപ്പിച്ചേക്കാം. സുഹൃത് സല്ലാപങ്ങൾ, മനസ്സിനിഷ്ടപ്പെട്ട വിനോദങ്ങളിൽ വ്യാപരിക്കൽ എന്നിവയ്ക്ക് അവസരം തീരെ വിരളമാവും. സാമ്പത്തിക കാര്യങ്ങളിൽ അല്പം അച്ചടക്കം വേണ്ടതുണ്ട്.  ജീവിതശൈലീ രോഗങ്ങളെ 
'ലക്ഷ്മണ രേഖ' യുടെ ഉള്ളിൽ തളച്ചുനിർത്താൻ സാധിച്ചേക്കും.

Advertisment

ഭരണി

ജീവിതത്തിൻ്റെ സ്വാഭാവിക താളം തുടരപ്പെടും. ആത്മവിശ്വാസം പകരുന്ന ഊർജ്ജം മുന്നോട്ടുനയിക്കും. പ്രവർത്തന വേഗത സഹപ്രവർത്തകരിൽ വിസ്മയവും ഈർഷ്യയും നിറയ്ക്കാം. ബിസിനസ്സിൽ കൂടുതൽ മുതൽമുടക്ക് നടത്താൻ കഴിയുന്നതാണ്.  സഹോദരരുടെയും കുടുംബത്തിൻ്റെയും പിന്തുണ പ്രതീക്ഷിക്കാം. അന്യദേശത്തു കഴിയുന്നവർക്ക് വീട്ടുകാര്യങ്ങളിൽ സമാധാനമുണ്ടാവും. പഠനത്തിലും ഗവേഷണത്തിലും  മുന്നേറാൻ സാധിക്കുന്നതാണ്. ആഢംബരച്ചെലവ് അധികരിച്ചേക്കാം. അക്കാര്യത്തിൽ നിയന്ത്രണം വേണ്ടതുണ്ട്.

കാർത്തിക

രാഷ്ട്രീയം പറഞ്ഞും കേട്ടും അതിൽ തന്നെ മുഴുകിയും കാലം പോക്കുന്നവർക്ക് പുനശ്ചിന്തയുണ്ടാവും. കുടുംബ ജീവിതത്തിൽ കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നതാണ്. ബിസിനസ്സിൽ പകരക്കാരെ ഒഴിവാക്കും. സ്വന്തം മേൽനോട്ടം മാറ്റം കൊണ്ടുവരുന്നത് ആഹ്ളാദം നിറയ്ക്കും. പ്രണയികൾക്ക് ശുഭതീരുമാനം കൈക്കൊള്ളാൻ ധൈര്യമുണ്ടാവും. കലാപരമായ പ്രവർത്തനങ്ങളിലെ വിഘ്നങ്ങൾ നീങ്ങുന്നതായിരിക്കും. ജന്മനാട്ടിലെ ഉത്സവത്തിൽ പങ്കുകൊള്ളും. വാരമദ്ധ്യത്തിലെ ദിവസങ്ങൾ കൂടുതൽ ശബളാഭമാവും.

രോഹിണി

ആദർശത്തിൽ മുറുകെ പിടിച്ചാലും പ്രായോഗികത ഉപേക്ഷിക്കില്ല. ദന്തഗോപുരത്തിൽ ഇരിക്കുന്നവരെ പരിഹസിക്കുവാൻ മുതിർന്നേക്കും. രണ്ടാം ഭാവത്തിൽ ശശിമംഗലയോഗം വരികയാൽ ധനാഗമം ഉറപ്പിക്കാം. വാക്കുകളിൽ മധുരവും തീക്ഷ്ണതയും ഇടകലരുന്നതാണ്. ഭോഗസുഖമുണ്ടാവും. സുഹൃൽബന്ധം പുഷ്ടിപ്പെടുന്നതാണ്. സ്ത്രീകളിൽ നിന്നും ധനാഗമം വന്നെത്തും. ആടയാഭരണങ്ങൾ പാരിതോഷികമായി ലഭിച്ചേക്കാം. തൊഴിൽ രംഗത്ത് വാര മധ്യത്തിനുശേഷം പ്രകടമായ ഉണർവ്വനുഭവപ്പെടും. കുടുംബത്തിൻ്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് നിറവേറ്റും. വാരാന്ത്യത്തിൽ ആലോചനകളിൽ മുഴുകി സമയം പോക്കും.

മകയിരം

സ്വന്തം കാര്യത്തിൽ ഉദാസീനരായേക്കാം. എന്നാൽ അന്യൻ്റെ കാര്യത്തിനായി അഹോരാത്രം പ്രവർത്തിക്കും. തന്മൂലം ഗാർഹികാന്തരീക്ഷം കലുഷമാവാനിടയുണ്ട്.  ബിസിനസ്സ് രംഗം നവീകരിക്കാൻ ആഗ്രഹിക്കും. പ്രാരംഭ  പ്രവർത്തനങ്ങൾ തുടങ്ങും. എന്നാൽ തടസ്സങ്ങൾ വന്നെത്തും. ബന്ധുക്കളിൽ നിന്നും കടം വാങ്ങിയ തുക മടക്കിക്കൊടുക്കാൻ സാധിക്കുന്നതാണ്. കൃഷിയിലും ആഭിമുഖ്യം ഉള്ളതിനാൽ മട്ടുപ്പാവ് കൃഷ്, പൂക്കൃഷി ഇവ തുടങ്ങുന്നതിന് കൃഷിഭവനുമായി ബന്ധപ്പെടും. ഊഹക്കച്ചവടം, ചിട്ടി, ഇൻഷ്വറൻസ് ഇവയിൽ നിന്നും സാമാന്യമായ വരുമാനം ലഭിക്കുന്നതാണ്.

തിരുവാതിര

ബന്ധുസമാഗമം പ്രതീക്ഷിക്കാം. വിരുന്നുകളിൽ സംബന്ധിക്കുന്നതാണ്. ഉന്നതവ്യക്തികളുമായി പരിചയപ്പെടും. ഉദ്യോഗസ്ഥർക്ക് സഹപ്രവർത്തകരുടെ സഹകരണം തൃപ്തികരമാവും. ആത്മീയ സാധനകൾക്ക് അവസരം ഭവിക്കും. സ്വതസ്സിദ്ധമായ കഴിവുകൾ പ്രാവർത്തികമാക്കാൻ തടസ്സങ്ങൾ വരുന്നതായിരിക്കും.  പുതുതലമുറയുടെ പ്രശ്നങ്ങൾ ചെവികൊടുത്തു കേൾക്കാൻ തയ്യാറായേക്കും. ധനവിനിയോഗത്തിൽ ശ്രദ്ധ പുലർത്തണം.  പാഴ്ചെലവുകൾ അമിതമാവാനിടയുണ്ട്. ഞായർ, തിങ്കൾ, വ്യാഴം, വെള്ളി ദിവസങ്ങൾ കൂടുതൽ ഗുണകരമായിരിക്കും.

പുണർതം

ചന്ദ്രസഞ്ചാരം അനുകൂലരാശികളിൽ ആവുകയാൽ മനസ്സമാധനം പുലരും. ക്ഷോഭരഹിതമായി കാര്യങ്ങളെ വിലയിരുത്താൻ കഴിഞ്ഞേക്കും. മിത്രങ്ങളിലെ ശത്രുഭാവത്തെയും ശത്രുക്കളിലെ മിത്രഭാവത്തെയും തിരിച്ചറിയുന്നതാണ്. സാമ്പത്തിക ബാധ്യതകൾ പരിഹരിക്കാൻ പോംവഴി തെളിയാം.  മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. മകൻ്റെ നിർബന്ധത്തിന് വഴങ്ങി ഇരുചക്രവാഹനം വാങ്ങാൻ തീരുമാനിക്കും. അവധിക്കാല യാത്രകൾ ആസൂത്രണം ചെയ്യും. ചൊവ്വ, ബുധൻ, ശനി ദിവസങ്ങൾക്ക് മേന്മ കുറയുന്നതാണ്.

പൂയം

ഞായർ, തിങ്കൾ ദിവസങ്ങളിൽ ശുഭകാര്യങ്ങൾ തുടങ്ങരുത്. ഗുണകരമല്ലാത്ത യാത്രകൾ വേണ്ടിവരുന്നതാണ്. കടം കൊടുക്കേണ്ടി വരും.  ചൊവ്വ, ബുധൻ ദിവസങ്ങളിൽ വാക്കുകൾ പാലിക്കാൻ സാധിക്കും. സമൂഹത്തിൽ സ്വാധീനം ഉയരുന്നത് നേരിട്ടറിയും. എന്നാൽ രാഷ്ട്രീയ നിലപാടുകൾ ശത്രുക്കളെ സൃഷ്ടിക്കുന്നതാണ്. വ്യാഴം മുതലുള്ള ദിവസങ്ങളിൽ മനസ്സമാധാനത്തോടെ പ്രവർത്തനങ്ങളിൽ കേന്ദ്രീകരിക്കാനാവും. ജീവിത പങ്കാളിയുടെ നിർദ്ദേശങ്ങളെ അഭിനന്ദിക്കും. കഫജന്യ രോഗങ്ങൾക്ക് തുടർച്ചയായി മരുന്നു കഴിക്കാൻ തുടങ്ങും.

ആയില്യം

ജീവിതാനുഭവങ്ങൾ നൽകിയ പാഠം കരുത്തുപകരും. ആത്മവിശ്വാസത്തിന് ഉലച്ചിലുണ്ടാവാത്ത കാലമാണ്.  കുടുംബത്തിലെ പുതുതലമുറയുടെ പ്രശ്നങ്ങൾക്ക് പോംവഴി നിർദേശിക്കും. അധിക സാമ്പത്തിക ഭാരം വരുത്തിവെക്കുന്ന സംരംഭങ്ങളിൽ നിന്നും പിന്മാറുകയാവും ഉചിതം. ഉദ്യോഗസ്ഥർക്ക് ജോലിഭാരം കൂടുന്നതാണ്.  സ്ഥലംമാറ്റക്കാര്യം നീളുന്നതിൽ വിഷമിക്കും. ബന്ധുക്കൾ തമ്മിലുള്ള പ്രശ്നത്തിൽ ഇടപെടാതിരിക്കുക കരണിയം. വാരാദ്യം  അലച്ചിലുണ്ടാവാം. ഒമ്പതാം ഭാവത്തിൽ ശുക്രൻ തുടരുകയാൽ പ്രാർത്ഥനയ്ക്കും ആത്മീയ സാധനകൾക്കും  ഭംഗം ഉണ്ടാവുന്നതല്ല. വാരമധ്യം ശുഭവാർത്തകൾ ശ്രവിക്കും.

മകം

അനുകൂല സാഹചര്യങ്ങൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കണം. ചില ഊഹങ്ങളും തോന്നലുകളും ശരിയായി വരുന്നതാണ്. കർമ്മമേഖലയിൽ ഏൽപ്പിക്കപ്പെട്ട ദൗത്യങ്ങൾ ഭംഗിയായി പൂർത്തീകരിക്കും.  ഗാർഹികാന്തരീക്ഷം തൃപ്തിയേകുന്നതാണ്. ഭാര്യാ ഭർത്താക്കന്മാർ തമ്മിലുള്ള പരസ്പരവിശ്വാസം  മനശ്ശക്തി പകരും. ജന്മനാട്ടിലെ വസ്തുവിൽക്കുന്ന കാര്യത്തിൽ ഏതാണ്ട് തീരുമാനമാകും. സാമ്പത്തിക ബാധ്യതകൾ പരിഹരിക്കാൻ സമയം നീട്ടികിട്ടുന്നത് ആശ്വാസം പകരും.  ചൊവ്വ, ബുധൻ ദിവസങ്ങളിൽ ദേഹക്ലേശം/ അധികച്ചെലവുകൾ ഇവ സാധ്യതകൾ.

പൂരം

നക്ഷത്രാധിപൻ ശുക്രൻ ഉച്ചസ്ഥനായി സഞ്ചരിക്കുന്നത് ഭൗതികമായ സന്തോഷങ്ങൾ സൃഷ്ടിക്കുന്നതാണ്. ധനാഗമം മോശമാവില്ല. അണിഞ്ഞൊരുങ്ങാൻ താല്പര്യമുണ്ടാവും. വീട്, വാഹനം ഇവ മോടിപിടിപ്പിക്കാനും തയ്യാറാവും. കച്ചവടത്തിൽ മാറ്റങ്ങൾ നടപ്പിലാക്കിയത് ഉപഭോക്താക്കളെ ആകർഷിച്ചു തുടങ്ങും. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് അധികച്ചുമതലകൾ ഉണ്ടാവുന്നതാണ്. മകളുടെ സ്കൂൾ സന്ദർശിക്കേണ്ടി വരാം. പഴയ സൗഹൃദങ്ങൾ പുതുക്കപ്പെടും. പണയവസ്തുവിന്മേലുള്ള തിരിച്ചടവിന് വിഷമമുണ്ടാവില്ല. വാരമധ്യത്തിലെ ദിവസങ്ങൾക്ക് മേന്മ കുറയാം.

ഉത്രം

ദിശാബോധമുള്ള പ്രവർത്തനം മേലധികാരികളിൽ മതിപ്പുളവാക്കും. മറ്റുള്ളവരിലെ നന്മയെ അഭിനന്ദിക്കുവാൻ തയ്യാറാകും. സംഘടനയിലെ അംഗങ്ങളെ ഏകോപിപ്പിക്കുന്നതിൽ വിജയിക്കുന്നതാണ്. പിൻവലിഞ്ഞാലും കൂടുതൽ ചുമതലകൾ വന്നുചേരും. പാരമ്പര്യമായി ചെയ്യുന്ന തൊഴിലുകളിലെ മാന്ദ്യം മാറുന്നതായിരിക്കും.  രോഗഗ്രസ്തർക്ക് ആശ്വാസം ഭവിക്കുന്നതാണ്.  ബഹുകാര്യങ്ങൾക്കിടയിൽ ജന്മനാട്ടിലെ ക്ഷേത്രോത്സവത്തിൻ്റെ നടത്തിപ്പിലും സഹകരിക്കും.  മക്കളുടെ പഠിപ്പിലും കൂട്ടുകെട്ട് തുടങ്ങിയവയിലും ശ്രദ്ധ പുലർത്താൻ മറക്കരുത്.

അത്തം

പ്രവർത്തനരംഗത്ത് സ്വാതന്ത്ര്യമനുഭവിക്കും.  സഹപ്രവർത്തകർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതാണ്. കുറച്ചുകാലമായി പരിശ്രമിച്ചു കൊണ്ടിരിക്കുന്ന പുതിയ വരുമാനമാർഗം യാഥാർത്ഥ്യമാകാം. കുടുംബാംഗങ്ങളെ സ്വന്തം ബിസിനസ്സിൽ പാർട്ണർമാരാക്കും. വിദ്യാർത്ഥികൾക്ക് ഉയർന്ന പരീക്ഷകൾ എഴുതാനുള്ള ആത്മവിശ്വാസം സംജാതമാകുന്നതാണ്. അവിവാഹിതർക്ക് വിവാഹാലോചനകൾ ഇണങ്ങിക്കിട്ടും. ഗ്രന്ഥരചന പൂർത്തീകരിക്കാൻ കഴിയും. ബന്ധുക്കളുടെ ഉദാസീനത വിഷമിപ്പിക്കും. ഞായർ മുതൽ ബുധൻ വരെ കൂടുതൽ അനുകൂലത ഭവിക്കുന്നതായിരിക്കും.

ചിത്തിര

സാമൂഹ്യവീക്ഷണത്തോടെ പ്രവർത്തിക്കുവാനും ഒപ്പമുള്ളവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും മുന്നോട്ടിറങ്ങും. ജോലിസ്ഥലത്ത് സമാധാനമുണ്ടാവും. പഠിത്തം പൂർത്തിയാക്കിയ ചെറുപ്പക്കാർ കൂടുതൽ നല്ല അവസരങ്ങൾക്ക് കാത്തിരിക്കും. വ്യാപാരത്തിലെ പരീക്ഷണങ്ങൾ പാളിപ്പോകാനിടയുണ്ട്. ധനവിനിയോഗത്തിൽ ജാഗ്രത വേണ്ടതുണ്ട്. നക്ഷത്രാധിപനായ ചൊവ്വ ശത്രുരാശിയിലാകയാൽ ദേഹക്ലേശത്തിന് സാധ്യത കാണുന്നു. സുകുമാരകലകളിൽ പരിശീലനം നേടും. സാമൂഹ്യ മാധ്യമങ്ങളിലെ അഭിപ്രായങ്ങൾ വിമർശിക്കപ്പെടാം.

ചോതി

ഉന്നമനേച്ഛ ഉള്ളവർക്ക് ലക്ഷ്യപ്രാപ്തി കൈവരുന്ന കാലമാണ്.  ഗ്രഹാനുകൂല്യത്താൽ സ്വപ്നങ്ങൾ സാക്ഷാല്കരിക്കാൻ കഴിയും. തൊഴിൽ രംഗത്തെ കിടമത്സരങ്ങളെ സധൈര്യം തിരസ്കരിച്ച് മുന്നേറുന്നതാണ്. വ്യാപാരരംഗം ഉന്മേഷകരമാവും. ഉപഭോക്താക്കളെ ആകർഷിക്കുന്നതിൽ വിജയിച്ചേക്കും. ദൂരദേശത്ത് പോകാൻ താല്പര്യപ്പെടുന്നവർക്ക് കാര്യസാധ്യത്തിനുള്ള വഴി തെളിയുന്നതാണ്. പഴയ തടി ഉപകരണങ്ങൾ, അലമാര തുടങ്ങിയവ വിൽക്കാനാവും. പ്രണയികൾക്ക് തടസ്സങ്ങൾ ഉണ്ടാവാം. പൂർവ്വകാല സുഹൃത്തുക്കളുമായി വീണ്ടും ആശയവിനിമയം നടത്താൻ കഴിയും.

വിശാഖം

സാധാരണ കാര്യങ്ങൾ മുടക്കം വരാതെ നിർവഹിക്കാനാവും. ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കും. അതിനുവേണ്ട പ്രായോഗിക പരിശീലനത്തിന് ചില ക്ളാസ്സുകളിൽ പങ്കെടുക്കുന്നതാണ്. മുതൽമുടക്കുകളെക്കുറിച്ച് ഓർത്ത് അധീരനാവും. പൂർവ്വികസ്വത്തിന്മേൽ നടക്കുന്ന വ്യവഹാരം കോടതിക്ക് പുറത്ത് പരിഹരിക്കാൻ ശ്രമം തുടരുന്നതാണ്. ഉപരിപഠനത്തിനുള്ള സാധ്യത തെളിയും. സംഘടനയിലെ ചുമതലകൾ ഒഴിയാൻ ആഗ്രഹിക്കും. പലതരം താല്പര്യങ്ങൾ മനസ്സിലൂടെ കടന്നുപോവുകയാൽ ഏകാഗ്രത ബാധിക്കപ്പെടാം. ചൊവ്വ മുതൽ വെള്ളി വരെ ദിവസങ്ങളിൽ മനസ്സമാധാനം അനുഭവപ്പെടുന്നതാണ്.

അനിഴം

ലക്ഷ്യം നേടാൻ കൂടുതൽ പ്രയത്നം ആവശ്യമായി വരുന്നതാണ്. അശ്രദ്ധയാൽ അബദ്ധം സംഭവിക്കാം. തെറ്റിദ്ധാരണ മൂലം ശത്രുക്കളെ സമ്പാദിച്ചേക്കും. വാരാദ്യം അഷ്ടമരാശിയാകയാൽ  വാക്കിലും പ്രവൃത്തിയിലും കരുതലുണ്ടാവണം. മറ്റു ദിവസങ്ങളിൽ അനുകൂല ഫലം പ്രതീക്ഷിക്കാം. ഊഹക്കച്ചവടത്തിൽ ആദായമുണ്ടാവും. രോഗഗ്രസ്തരായിട്ടുള്ളവർക്ക് ആശ്വാസം അനുഭവപ്പെടുന്നതാണ്. കൈവായ്പകൾ മടക്കിക്കൊടുക്കാൻ കഴിഞ്ഞേക്കും. രാഷ്ട്രീയ ശുപാർശകളാൽ കാര്യസിദ്ധിയുണ്ടാവും. ബന്ധുക്കളുടെ സഹകരണം പ്രതീക്ഷിക്കാം.

തൃക്കേട്ട

കൂടുതൽ പഠിക്കാനായി ജോലി ഉപേക്ഷിക്കുകയോ അവധിയെടുക്കുകയോ ചെയ്യുവാനിടയുണ്ട്.. പുതുജോലിയിൽ നിയമനം പ്രതീക്ഷിക്കുന്നവർക്ക് കാലവിളംബം വന്നേക്കും. ഭൂരിപക്ഷത്തിൻ്റെ അഭിപ്രായം നോക്കാതെ സമിതികളിൽ സ്വന്തം നിലപാടിൽ ഉറച്ചുനിൽക്കും. എഴുത്തുകാർക്ക് നവീനമായ ഭാവുകത്വത്തെ തൃപ്തിപ്പെടുത്താൻ സാധിക്കുന്നതാണ്. വസ്തുവിൽപ്പനയിൽ വളരെ ശ്രദ്ധ വേണം. ഞായർ, തിങ്കൾ ദിവസങ്ങളിൽ പുതുകാര്യങ്ങൾ തുടങ്ങുക ശ്ലാഘ്യമല്ല. വാഗ്ദാനങ്ങൾ പാലിക്കുവാൻ ക്ലേശിക്കുന്നതാണ്. വാഹനം, യന്ത്രം എന്നിവ കൈകാര്യം ചെയ്യുന്നതിൽ ജാഗ്രത ആവശ്യമാണ്.

മൂലം

ശാസ്ത്രീയവും പ്രായോഗികവുമായ വശങ്ങൾ ചിന്തിച്ചാവും പ്രവർത്തിക്കുക.  കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാനാവും. സമൂഹത്തിൻ്റെ സമാദരം ലഭിക്കുന്നതാണ്. ഭിന്നാഭിപ്രായങ്ങളും കേൾക്കാൻ തയ്യാറാവും. ലാഭവിഹിത വ്യവസ്ഥയോടുകൂടി കൂട്ടുകച്ചവടത്തിൽ പങ്കുചേർന്നേക്കും. എന്നാൽ വലിയ തോതിൽ പണം മുടക്കുവാൻ ഇപ്പോൾ ഗ്രഹാനുകൂല്യം ഇല്ലെന്നത് വിസ്മരിക്കരുത്. കുടുംബാംഗങ്ങളുടെ ഭാവി ശ്രേയസ്സിനായി സാമ്പത്തിക നിക്ഷേപം നടത്തും. ദാമ്പത്യത്തിൽ സ്വൈരം ഉണ്ടാവാൻ വിട്ടുവീഴ്ചകൾ വേണ്ടി വരുന്നതാണ്.

പൂരാടം

കർമ്മരംഗത്ത് സക്രിയമാവുന്നതാണ്. അന്യരുടെ ചുമതലകൾ സ്വയം ഏറ്റെടുക്കും. സഹായ മനസ്ഥിതിയെ ചിലർ ചൂഷണം ചെയ്യും എന്നത് ഓർമ്മിക്കണം. സ്വാശ്രയ ബിസിനസ്സിൽ ഏർപ്പെട്ടവർക്ക് ലാഭം സാമാന്യമായിട്ടാവും വന്നു ചേരുക. നവസംരംഭങ്ങൾ തുടങ്ങുന്നത് പിന്നീടത്തേക്കാക്കും. കരുതി വെച്ചിരുന്ന ധനം വീടുപുതുക്കാൻ ചെലവഴിക്കുന്നതാണ്. മകൻ്റെ ഉപരിപഠന കാര്യത്തിൽ തീരുമാനമുണ്ടാവും. വയോജനങ്ങളുടെ അഭിപ്രായം സ്വീകാര്യമാവും. സുഹൃൽ സമാഗമങ്ങളിൽ സംബന്ധിക്കുന്നതാണ്. ചൊവ്വ, ബുധൻ ദിവസങ്ങൾക്ക് മേന്മ കുറയും. ആരോഗ്യ ജാഗ്രത പുലർത്തണം.

ഉത്രാടം

ഔദ്യോഗിക മേഖലയിലെ അവഗണനക്കെതിരെ ശബ്ദമുയർത്തും. പ്രതിഷേധങ്ങൾ എതിർപ്പുകൾക്ക് കാരണമാവുന്നതാണ്. ജോലി തേടുന്നവർക്ക് കാത്തിരിക്കേണ്ടി വരും. കൂട്ടുകെട്ടുകളെക്കുറിച്ച് ചിന്തിക്കാൻ അവസരമുണ്ടാവും. ചിലരുമായുള്ള സൗഹൃദം ഉപേക്ഷിക്കുന്നതാണ്. ഓൺലൈൻ ബിസിനസ്സിൽ ലാഭം പ്രതീക്ഷിക്കാം. ഇൻഷ്വറൻസ്, ചിട്ടി, നറുക്കെടുപ്പ് ഇവയിൽ നിന്നും ആദായമുണ്ടാവും. കുടുംബ പ്രശ്നങ്ങൾ താത്കാലികമായി പരിഹരിക്കുന്നതാണ്.  വ്യായാമം മുടങ്ങാതിരിക്കാൻ  ശ്രദ്ധയുണ്ടാവും. വാരമധ്യത്തിലെ ദിവസങ്ങളിൽ സർവ്വകാര്യങ്ങളിലും കരുതൽ വേണ്ടതുണ്ട്.

തിരുവോണം

കരുതിയതുപോലെ പലതും അത്ര എളുപ്പമാവില്ല. കുറച്ചധികം വിയർപ്പൊഴുക്കേണ്ടി വരുന്നതാണ്. സാമ്പത്തിക അച്ചടക്കം പാലിക്കേണ്ട സന്ദർഭമാണ്. സ്ത്രീസൗഹൃദം പുഷ്ടിപ്പെടുന്നതാണ്. അപ്രതീക്ഷിത സഹായങ്ങൾ ലഭിച്ചേക്കാം. ഗുരുജനങ്ങളെ സന്ദർശിക്കാനിടയുണ്ട്. ശത്രുക്കളാവുന്നത് തൻ്റെ തന്നെ സ്വഭാവത്തിലെ വൈകല്യങ്ങളാണെന്ന് തിരിച്ചറിയും. അവയെ തിരുത്താൻ ആത്മാർത്ഥമായ ശ്രമം തുടരുന്നതാണ്. ആയുർവേദ മരുന്നുകൾ കഴിക്കുന്നവർ പഥ്യം തെറ്റിക്കാനിടയുണ്ട്. വ്യാഴം, വെള്ളി ദിവസങ്ങളിൽ വാക്കർമ്മങ്ങളിൽ മിതത്വം പാലിക്കണം.

അവിട്ടം

ആത്മാർത്ഥതക്ക് അംഗീകാരം കിട്ടുന്നതാണ്. സുഹൃത്തുക്കളുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരാവാൻ കഴിയും.  ഔദ്യോഗിക ചുമതലകൾ നിശ്ചിത സമയത്തിനു മുന്നേ പൂർത്തീകരിക്കും. കടബാധ്യത മൂലം  കയ്പുരസം അനുഭവിച്ചേക്കാം. ജോലി തേടുന്നവർ ഭാഷാപ്രാവീണ്യത്തിനായി ഹ്രസ്വകാല കോഴ്സുകൾക്ക് ചേരുന്നതാണ്. മുതിർന്നവരുടെ ഉപദേശങ്ങൾ ചെവിക്കൊള്ളില്ല. കാലിക വിഷയങ്ങളോട് ശക്തമായി പ്രതികരിക്കുന്നതാണ്. ഭക്ഷണ രീതിയിൽ മാറ്റം വരുത്താൻ ഉപദേശം ലഭിക്കും. കുംഭക്കൂറുകാർക്ക് മകൻ്റെ നിലപാടുകൾ മനക്ലേശത്തിന് കാരണമാകുന്നതാണ്. 

ചതയം

ജന്മരാശിയിൽ ശനിയും സൂര്യനും ബുധനും സഞ്ചരിക്കുകയാൽ പലതരം  സമ്മർദങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നതാണ്. ചെറിയ പ്രശ്നങ്ങൾ പെട്ടെന്ന് വലുതാകും. ക്ഷോഭം നിയന്ത്രണം വിടാതിരിക്കാൻ ജാഗ്രത വേണം. നിലപാടുകളിൽ ആർജ്ജവം വരുത്തുന്നത് ഗുണകരമാവും. കുടുംബാംഗങ്ങളെ വിശ്വാസത്തിലെടുക്കണം. സാമ്പത്തിക ഞെരുക്കത്തിന് തെല്ല് അയവുണ്ടായേക്കും. ചെയ്യുവാനുള്ള കാര്യങ്ങളുടെ മുൻഗണന നിശ്ചയിച്ച് പ്രവർത്തിക്കുന്നത് ഉചിതമാവും. സർക്കാർ കാര്യങ്ങളിൽ കാലവിളംബം വരാം. ശനിയാഴ്ച പുതിയ കാര്യങ്ങൾ തുടങ്ങുക അഭിലഷണീയമല്ല.

പൂരൂരുട്ടാതി

സ്വന്തം ഇഷ്ടാനിഷ്ടങ്ങൾ മറ്റുള്ളവരുടെ മേൽ അടച്ചേല്പിക്കുകയാണ് എന്ന ആരോപണം  ഉയരാം. പ്രവൃത്തിയിൽ ആലസ്യത്തിന് സാധ്യതയുണ്ട്. മേലധികാരികൾക്ക് അപ്രീതി തോന്നാം. എന്നാലും സാമാന്യമായ ഗുണാനുഭവങ്ങളും നേട്ടങ്ങളും പ്രതീക്ഷിക്കാം. ചന്ദ്രസഞ്ചാരം ആറ്, ഏഴ് രാശികളിലാവുകയാൽ ഭോഗസുഖം ഉണ്ടാവുന്നതാണ്. വിരുന്നുകളിലും വിനോദങ്ങളിലും പങ്കുകൊള്ളും. സ്ത്രീകളിൽ നിന്നും ധനാഗമം ഉണ്ടാവും. വിലയേറിയ പാരിതോഷികങ്ങൾ ലഭിക്കാനിടയുണ്ട്. പണമെടപാടുകളിൽ ശ്രദ്ധ വേണം. വാരാന്ത്യത്തിന് മികവ് കുറയുന്നതായിരിക്കും.

ഉത്രട്ടാതി

ലക്ഷ്യബോധവും നിരന്തരപരിശ്രമവും വിജയമരുളും. ഞായറും തിങ്കളും ഗൃഹത്തിൽ സ്വൈരം കുറവായിരിക്കും. അധികാരം പ്രകടിപ്പിക്കുന്നതായി ആക്ഷേപം ഉയരുന്നതാണ്. മറ്റു ദിവസങ്ങളിൽ നിർത്തിവെച്ച കാര്യങ്ങൾ പുനരാരംഭിക്കാൻ കഴിയും. സങ്കീർണമായ പ്രശ്നങ്ങൾ ലളിതമായ സമവാക്യങ്ങളിലൂടെ പരിഹരിക്കും. വാക്കുകൾ പരുഷങ്ങളാവാതെ ശ്രദ്ധിക്കണം. സുഹൃൽസംഗമങ്ങൾക്കും തന്മൂലമുള്ള ആഹ്ളാദങ്ങൾക്കും അവസരം ഭവിക്കും. പ്രണയികൾക്ക് ഹൃദയബന്ധം സുദൃഢമാകുന്നതാണ്. രോഗഗ്രസ്തർക്ക് ആശ്വാസം വരും. കലാപരമായ സാധനകൾക്ക് സന്ദർഭമുണ്ടായേക്കും.

രേവതി

ജീവിതശൈലി നവീകരിക്കാൻ ശ്രമിക്കുന്നതാണ്. വ്യത്യസ്ത ചുമതലകൾ ഏകാഗ്രതയോടെ നിർവഹിക്കും. അശുഭ ചിന്തകളെ ഒഴിവാക്കുന്നതിന് കഴിയുന്നതാണ്. കുടുംബകാര്യങ്ങൾക്ക് കൂടുതൽ സമയം കണ്ടെത്തും. ബിസിനസ്സിൽ തരക്കേടില്ലാത്ത ലാഭം ഉണ്ടാവുന്നതാണ്. ജീവികാരുണ്യ പ്രവർത്തനങ്ങൾക്ക് കുറച്ചുതുക മാറ്റിവെക്കും. അനുജൻ്റെ ജോലിക്കാര്യത്തിൽ ശുഭസൂചനയുണ്ടാവും. ജന്മനാട്ടിൽ പോകാൻ അവസരം ലഭിക്കുന്നതാണ്. സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രതക്കുറവ് വരരുത്. സമഭാവന പ്രശംസിക്കപ്പെടും.

Read More

weekly horoscope Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: