/indian-express-malayalam/media/media_files/bah3uO7MMyqY8lWDRsYV.jpg)
എക്സ്പ്രസ് ഫൊട്ടോ
പ്ലാസ്റ്റിക്ക് കുപ്പിയിൽ വരുന്ന വെള്ളത്തിലും പ്ലാസ്റ്റിക് കാണുമോ? ചോദ്യത്തിൽ അൽപ്പം കൗതുകം തോന്നിയേക്കാമെങ്കിലും സംഭവം കുറച്ച് ഗൗരവമുള്ളത് തന്നെയാണ്. ഏറ്റവും ഒടുവിലായി പ്ലാസ്റ്റിക് കുപ്പികളിലെത്തുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനായി നടത്തിയ ഒരു പഠനം ഈ ആശങ്ക ശരിവെക്കുന്നതാണ്. ശരാശരി ഒരു ലിറ്റർ കുപ്പിവെള്ളത്തിൽ നാനോപ്ലാസ്റ്റിക്സിന്റെ ഏതാണ്ട് കാൽലക്ഷത്തോളം അദൃശ്യമായ പീസുകൾ ഉണ്ടെന്നാണ് പുതിയ ഗവേഷണത്തിൽ തെളിഞ്ഞിരിക്കുന്നത്.
കുപ്പിവെള്ളത്തിൽ മൈക്രോസ്കോപ്പിക് പ്ലാസ്റ്റിക്കിന്റെ സാന്നിധ്യമുണ്ടോ എന്നത് നേരത്തേ തന്നെ സംശയിക്കപ്പെട്ടിരുന്ന ഒന്നാണ്. എന്നാൽ കൊളംബിയ സർവകലാശാലയിലെയും റട്‌ജേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെയും ഗവേഷകർ ഇതേക്കുറിച്ചുള്ള വിശദമായ വിവരശേഖരണം നടത്തുന്നത് വരെ ഇതിൽ ആധികാരികത ഉണ്ടായിരുന്നില്ല. നാനോപ്ലാസ്റ്റിക്കിന്റെ അളവ് എത്രയെന്നും ഇവ ഏത് തരത്തിലുള്ളതാണെന്നും വ്യക്തത വന്നിരുന്നില്ല. എന്നാൽ തിങ്കളാഴ്ച നാഷണൽ അക്കാദമി ഓഫ് സയൻസസിന്റെ പ്രൊസീഡിംഗ്‌സിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, കണികാ അളവ് ലിറ്ററിന് 1,10,000 മുതൽ 4,00,000 വരെ പ്ലാസ്റ്റിക് കഷണങ്ങളാണെന്നും ഇത് ശരാശരി 240,000 വരെയാണെന്നും ഗവേഷകർ രേഖപ്പെടുത്തുന്നു.
ഏറ്റവും ചെറിയ ശകലങ്ങൾ പോലും കണ്ടെത്താൻ കഴിയുന്ന നൂതനമായ ലേസർ സാങ്കേതികവിദ്യയാണ് പഠനത്തിനായി ഉപയോഗിച്ചത്. ഇത് കുപ്പിവെള്ളത്തിൽ കണ്ടെത്താനാകുന്ന പ്ലാസ്റ്റിക് കണങ്ങളുടെ എണ്ണം പത്തിലധികം മടങ്ങ് വർദ്ധിപ്പിച്ചു എന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ പ്ലാസ്റ്റിക്കിന്റെ അംശങ്ങൾ കൂടുതലായും വരുന്നത് പ്ലാസ്റ്റിക് കുപ്പിയിൽ നിന്ന് തന്നെയാണെന്നും ബാക്കിയുള്ളവ മറ്റ് മലിനീകരണം തടയാൻ ഉപയോഗിക്കുന്ന റിവേഴ്സ് ഓസ്മോസിസ് മെംബ്രൻ ഫിൽട്ടറിൽ നിന്നാണെന്നുമാണ് കണ്ടെത്തൽ.
അതേസമയം ഗവേഷകർ പഠനത്തിൽ ഉപയോഗിച്ച മൂന്ന് കുപ്പിവെള്ള ബ്രാൻഡുകൾ ഏതാണെന്ന് വെളിപ്പടുത്തിയിട്ടില്ല. മറ്റ് ബ്രാൻഡുകളിൽ കൂടി പഠനങ്ങൾ നടത്തിയ ശേഷം മാത്രമേ ബ്രാൻഡുകളുടെ വിവരങ്ങൾ പുറത്തുവിടുകയുള്ളൂ എന്നാണ് സൂചന.
എന്നാൽ പരിശോധന നടത്തിയവ യുണൈറ്റഡ് സ്റ്റേറ്റ്സിൽ സാധാരണയായി ലഭ്യമായ ബ്രാൻഡുകളാണെന്നും അവ വാൾമാർട്ടിൽ കാണാമെന്നും ഗവേഷകർ സൂചിപ്പിച്ചു.
സ്മിത്‌സോണിയൻ മാഗസിൻ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം കുപ്പിവെള്ളത്തിലെ പ്ലാസ്റ്റിക്കുകൾ വ്യത്യസ്ത വലുപ്പത്തിലും ആകൃതിയിലും വിതരണത്തിലും ഉള്ളവയാണ്. ഉദാഹരണത്തിന് പോളിയെത്തിലീൻ ടെറഫ്താലേറ്റ് (പിഇടി), ചങ്കി മൈക്രോമീറ്റർ വലിപ്പത്തിലുള്ള കഷ്ണങ്ങളായാണ് പ്രത്യക്ഷപ്പെട്ടത്. അവ പലപ്പോഴും PET ഉപയോഗിച്ച് നിർമ്മിച്ച കുപ്പികളിൽ നിന്ന് തന്നെയാണ് വെള്ളത്തിൽ വരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
ചെറിയ നാനോകണങ്ങൾ ഒരുപക്ഷേ കുപ്പിവെള്ള ഉൽപാദനത്തിന്റെ ആദ്യഘട്ടങ്ങളിൽ തന്നെ ഉണ്ടാവുന്നവയാണ്. പ്രോസസ്സിംഗിലൂടെ അവ കൂടുതൽ ചെറിയ ഭാഗങ്ങളായി വിഘടിപ്പിക്കുന്നതാകാമെന്നാണ് ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്. പോളിമൈഡ്, പോളിസ്റ്റൈറൈൻ പ്ലാസ്റ്റിക്കുകളുടെ സാന്നിധ്യവും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യമെന്നത് ഇവ ട്രീറ്റ്‌മെന്റ് പ്ലാന്റുകളിൽ വെള്ളം ഫിൽട്ടർ ചെയ്യാൻ ഉപയോഗിക്കുന്ന മെംബ്രൻ മെറ്റീരിയലായാണ് ഉപയോഗിക്കുന്നത് എന്നതാണ്.
നാനോപ്ലാസ്റ്റിക് ആരോഗ്യത്തിന് ഹാനികരമാകുമോ?
ഇക്കാര്യത്തിൽ ഒരു അഭിപ്രായത്തിലേക്കെത്താൻ ഗവേഷകർക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് വസ്തുത. നാനോപ്ലാസ്റ്റിക്കിന്റെ സാന്നിധ്യം എതത്രമാത്രം അപകടകരമാണ് എന്ന് വിലയിരുത്താൻ കഴിഞ്ഞിട്ടില്ലെന്നും എന്നാൽ അവ ടിഷ്യൂകളിലേക്ക് (ആളുകൾ ഉൾപ്പെടെയുള്ള സസ്തനികളുടെ) പ്രവേശിക്കുന്നുവെന്ന് മാത്രമാണ് ആധികാരികമായ വിലയിരുത്തലെന്നും ഗവേഷകർ പറയുന്നു. കൂടാതെ അവ മനുഷ്യ കോശങ്ങളിൽ എങ്ങനെയാണ് ബാധിക്കുന്നതെന്ന് പഠിച്ചശേഷം മാത്രമേ വ്യക്തത വരൂവന്നും റട്‌ജേഴ്‌സിലെ ടോക്‌സിക്കോളജിസ്റ്റായ ഫോബ് സ്റ്റാപ്പിൾട്ടൺ പറഞ്ഞു.
Check out More Articles Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us