ദിവസവും ഏതാനും മുടിയിഴകൾ നഷ്ടപ്പെടുന്നത് സ്വാഭാവികമാണ്. എന്നാൽ അവയുടെ എണ്ണം കൂടിയാൽ ശ്രദ്ധിക്കണം. മിക്കപ്പോഴും മുടി കൊഴിച്ചിലിന്റെ കാരണം ഭക്ഷണക്രമവും ശാരീരിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. മറ്റു നിരവധി കാരണങ്ങൾ കൊണ്ടും മുടി കൊഴിച്ചിൽ ഉണ്ടാകാം.
ചിലർക്ക് ഗർഭാവസ്ഥയിലും പ്രസവശേഷവും മുടി കൊഴിയാറുണ്ട്. ഹോർമോൺ വ്യതിയാനം മൂലവും മുടി കൊഴിയാം. തൈറോയ്ഡ് രോഗമുളളവർക്ക് മുടി കൊഴിയാറുണ്ട്. തലയോട്ടിയിലെ അണുബാധകൾ, സമ്മർദം, വിഷാദം എന്നിവയൊക്കെ മുടി കൊഴിച്ചിലിന് ഇടയാക്കും. ഉയർന്ന രക്തസമ്മർദ്ദം, അർബുദം, സന്ധിവാതം മുതലായവയും ചിലപ്പോൾ കാരണമായേക്കാം.
ആവശ്യത്തിന് പ്രോട്ടീൻ ലഭിക്കാതിരിക്കുക
മുടി വളർച്ചയ്ക്ക് പ്രോട്ടീൻ ആവശ്യമാണ്. ഭക്ഷണത്തിൽ ആവശ്യത്തിന് പ്രോട്ടീൻ ഇല്ലെങ്കിൽ മുടി വളർച്ച കുറയുകയും കൊഴിയാനും തുടങ്ങും. പ്രോട്ടീൻ സമ്പുഷ്ടമായ സീഡ്സ്, നട്സ്, മുട്ട, പാൽ ഉൽപ്പന്നങ്ങൾ, ചീസ്, തൈര്, ചിക്കൻ, മത്സ്യം എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
സമ്മർദം
സ്ട്രെസ് കൂടുതലാണെങ്കിൽ മുടി കൊഴിയും. ജോലിയിലെ പ്രകടനത്തെക്കുറിച്ചുളള ഉത്കണ്ഠ, പ്രിയപ്പെട്ടവരുടെ വേർപാട് ഇവയൊക്കെ സമ്മർദത്തിന്റെ കാരണങ്ങളാവാം. സമ്മർദം കുറയുമ്പോൾ മുടി കൊഴിച്ചിലിനും കുറവുണ്ടാകും.
ഹെയർ ഉൽപ്പന്നങ്ങൾ
ഹെയർ ഉൽപ്പന്നങ്ങൾ ചിലപ്പോൾ മുടി കൊഴിച്ചിലിന് കാരണമാകും. മുടി സ്ട്രെയ്റ്റണിങ് ചെയ്യുന്നതിന് രാസവസ്തുക്കൾ പ്രയോഗിക്കുന്നതും മുടി ഹീറ്റ് ചെയ്യുന്നതും മുടി കൊഴിയാനുള്ള സാധ്യത വർധിപ്പിക്കും.
Read More: നനഞ്ഞ മുടിയുമായി ഉറങ്ങിയാൽ എന്തു സംഭവിക്കും?