മുടി സംരക്ഷണം ശ്രദ്ധയോടെ ചെയ്യേണ്ട ഒന്നാണ്. ചിലർ ഇക്കാര്യത്തിൽ വളരെ അലസത കാണിക്കാറുണ്ട്. ഓരോരുത്തരും അവരുടെ മുടിക്ക് അനുയോജ്യമായ ഒരു പാറ്റേൺ മനസ്സിലാക്കുകയും അത് പിന്തുടരുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
മിക്ക ആളുകളും ആഴ്ചയിൽ ഒരിക്കലെങ്കിലും മുടി കഴുകാറുണ്ട്. പക്ഷേ, ഷാംപൂ ശരിയായി ഉപയോഗിക്കുന്നതിനെക്കുറിച്ച് പലർക്കും അറിയില്ല. മുടിക്ക് ശരിയായ പരിചരണവും ശ്രദ്ധയും ആവശ്യമാണെന്നാണ് സ്കിൻസെസ്റ്റ് സ്ഥാപകനും കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റുമായ ഡോ.നൂപൂർ ജെയിൻ ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോട് പറയുന്നത്. “മുടി സംരക്ഷണ ദിനചര്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടങ്ങളിലൊന്നാണ് ഷാംപൂ ചെയ്യുന്നത്, അതിന്റെ ശരിയായ ഉപയോഗ രീതിയെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കണം,” അവർ പറഞ്ഞു.
മുടി സംരക്ഷണത്തിനായി അഞ്ച് ടിപ്സുകൾ ഡോക്ടർ പറഞ്ഞിട്ടുണ്ട്
1. ഷാംപൂ തലയോട്ടി വൃത്തിയാക്കാൻ മാത്രമുളളതാണ്, മുടിയിഴകൾക്ക് വേണ്ടിയല്ല
ഷാംപൂ തലയോട്ടിക്ക് മാത്രമുള്ളതാണ്, ഉൽപ്പന്നത്തിന്റെ തീവ്രതയനുസരിച്ച് തലയോട്ടിയിൽ 30 സെക്കൻഡോ അതിൽ കൂടുതലോ മസാജ് ചെയ്യണം. മുടി നനച്ചതിനുശേഷമാണ് ഷാംപൂ ഉപയോഗിക്കേണ്ടതെന്ന് ഓർമ്മിക്കുക.
2. ഷാംപൂ ചെറിയ അളവിൽ ഉപയോഗിക്കണം; വെള്ളത്തിൽ കലർത്തി വേണം
വെള്ളത്തിൽ കലർത്തിയില്ലെങ്കിൽ അമിതമായ വരൾച്ചയ്ക്ക് കാരണമാകും. അമിതമായി ഷാംപൂ പുരട്ടുന്നത് മുടിക്ക് ദോഷം ചെയ്യും. മുടി എത്ര നീളമുള്ളതാണെങ്കിലും, ചെറിയ അളവിലുളള ഷാംപൂ മിക്കവാറും എല്ലാവർക്കും മതിയാവും.
3. ഷാംപൂ ഉപയോഗം ഓരോരുത്തരിലും വ്യത്യസ്തമാണ്
മിക്കവരും ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഷാംപൂ പുരട്ടുന്നു. എന്നാൽ മുടിയുടെ ഘടനയും തലയോട്ടിയുടെ പ്രകൃതവും അനുസരിച്ച് ഇതിൽ മാറ്റം വരുത്തണം. ചിലർക്ക് എല്ലാ ദിവസവും ഷാംപൂ ആവശ്യമായി വന്നേക്കാം. ആ സാഹചര്യത്തിൽ മൈൽഡ് ഷാംപൂ ഉപയോഗിക്കുക. ഷാംപൂ ചെയ്യുമ്പോൾ എന്തെങ്കിലും പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ ഒരു ഡെർമറ്റോളജിസ്റ്റിനെ സമീപിക്കുക.
4. മികച്ച ഷാംപൂ എന്നൊന്നില്ല
മറ്റൊരാൾക്ക് അനുയോജ്യമായത് നിങ്ങൾക്ക് നല്ലതാകണമെന്നില്ല. ഓരോരുത്തരുടെയും മുടി വ്യത്യസ്തമാണ്. മുടിയുടെ പ്രകൃതമനുസരിച്ച് അനുയോജ്യമായ ഷാംപൂ തിരഞ്ഞെടുക്കുക. ഇതിന് ഒരു ഡെർമറ്റോളജിസ്റ്റിന് നിങ്ങളെ സഹായിക്കാനാകും. ചിലർക്ക് തലയോട്ടി വരണ്ടതും ചിലർക്ക് എണ്ണമയമുള്ളതുമാണ്, അതിനാൽ ശരിയായ ഷാംപൂ തിരഞ്ഞെടുക്കുന്നത് അത്ഭുതങ്ങൾ സൃഷ്ടിക്കും.
5. ടവൽ ഉപയോഗിച്ച് നനഞ്ഞ മുടി കെട്ടുന്നത് പൊട്ടലിന് കാരണമാകുന്നു
മുടി കഴുകുന്നതിൽ മാത്രമല്ല, ഉണക്കുന്ന കാര്യത്തിലും ശ്രദ്ധ വേണം. ടവൽ ഉപയോഗിച്ച് മുടി മുറുക്കി കെട്ടുന്നത് കേടുപാടുകൾ വരാനും പൊട്ടാനും ഇടയാക്കും. മുടി ഉണങ്ങുന്നതിനുളള ഏറ്റവും നല്ല മാർഗ്ഗം കോട്ടൺ ടവൽ അല്ലെങ്കിൽ കോട്ടൺ ടി-ഷർട്ട് കൊണ്ട് കെട്ടുന്നതാണ്. അതിന്റെ മൃദുവായ ഘടന മുടിക്ക് ഒരു കേടുപാടുകളും വരുത്തില്ല.
Read More: നീണ്ട, തിളക്കമുള്ള മുടി വേണോ? ഇതാ ചില വഴികൾ