മുടി കൊഴിച്ചിലും മുടിയുടെ കനം കുറയുന്നതും പലരും നേരിടുന്ന പ്രശ്നമാണ്. ക്ലോറിൻ കലർന്ന വെള്ളത്തിൽ തല കഴുകുന്നത്, പൊടി, ഹോർമോൺ വ്യതിയാനങ്ങൾ, പലവിധ രോഗങ്ങൾ, മരുന്നുകളുടെ ഉപയോഗം, ടെൻഷൻ, മുടി സംരക്ഷിക്കുന്നതിലുള്ള അലംഭാവം, തൈറോയ്ഡ് എന്നിങ്ങനെ പലവിധ കാരണങ്ങളാൽ മുടികൊഴിച്ചിൽ ഉണ്ടാവാം.
മുടികൊഴിച്ചിൽ ഫലപ്രദമായി തടയാനും മുടിയുടെ വളർച്ച വർധിപ്പിക്കാനും സഹായിക്കുന്ന ഒരു ഒറ്റമൂലി പരിചയപ്പെടാം. മുടിയ്ക്ക് ഏറെ ഗുണകരമായ ഈ ടോണിക് തയ്യാറാക്കാൻ ചെറിയ ഉള്ളിയും വിറ്റാമിൻ ഇ കാപ്സ്യൂളും മാത്രമാണ് വേണ്ടത്.
മൂന്നു ചെറിയ ഉള്ളിയുടെ നീര് പിഴിഞ്ഞെടുത്ത് അതിലേക്ക് വിറ്റാമിൻ ഇ ഓയിൽ (2 വിറ്റാമിൻ ഗുളികകളുടെ ഓയിൽ) ചേർത്ത് നന്നായി മിക്സ് ചെയ്ത് തലയോട്ടിയിൽ തേച്ചു പിടിപ്പിച്ച് മസാജ് ചെയ്യുക. 20 മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക. ഒന്നിടവിട്ട ദിവസങ്ങളിലായി ഒരാഴ്ച ഈ ഓയിൽ ഉപയോഗിക്കുമ്പോൾ തന്നെ പ്രകടമായ മാറ്റം കാണാം. മാത്രമല്ല, പുതിയ മുടിയിഴകൾ ആരോഗ്യത്തോടെ തഴച്ചു വളരുന്നതും കാണാം.
Read more: മുടിയിൽ ഷാംപൂ ഉപയോഗിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ
ഉള്ളിയിൽ ധാരാളമായി സൾഫർ അടങ്ങിയിട്ടുണ്ട്. ഇത് തലയിലെ രക്തയോട്ടം വർദ്ധിപ്പിക്കാൻ സഹായിക്കുകയും മുടിയുടെ വളർച്ച കൂടുതൽ വേഗത്തിലാകുകയും ചെയ്യും. ഒപ്പം ശിരോ ചർമ്മത്തിൽ ഉണ്ടാകുന്ന താരൻ പോലുള്ളവയെ തടയുന്നതുവഴി മുടി കൊഴിച്ചിൽ നിയന്ത്രിക്കപ്പെടുകയും ചെയ്യും.
ഉള്ളിനീരിന്റെ മണമാണ് പലർക്കും ഇഷ്ടമില്ലാത്ത ഒരു കാര്യം. ഉള്ളിനീര് മുടിയിൽ പുരട്ടിയാൽ മണം തങ്ങിനിൽക്കുമോ എന്ന് സംശയമുള്ളവരും ഉണ്ടാകും. എന്നാൽ പേടിക്കേണ്ടതില്ല, മൈൽഡ് ഷാംപൂ ഉപയോഗിച്ച് തല നന്നായി കഴുകിയാൽ മണം പൂർണമായും പോവും.
ചിലരിൽ ഉള്ളിനീര് അലർജിയുണ്ടാക്കാറുണ്ട്, അതുകൊണ്ട് ഉള്ളി- വിറ്റാമിൻ ഇ മിശ്രിതം നിങ്ങൾക്ക് അലർജിയുണ്ടാക്കില്ലെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയതിനു ശേഷം വേണം ഉപയോഗിക്കാൻ.
ഉള്ളി- വിറ്റാമിൻ ഇ മിശ്രിതം ഒന്നിച്ച് ഉണ്ടാക്കി ഫ്രിഡ്ജിലോ മറ്റോ സ്റ്റോർ ചെയ്ത് വയ്ക്കാൻ സാധിക്കില്ല, കൂടുതൽ നേരം അത്തരത്തിൽ സ്റ്റോർ ചെയ്യുന്നത് മിശ്രിതത്തിന്റെ ഗുണാംശം ഇല്ലാതാക്കും. അതിനാൽ അപ്പപ്പോൾ ഉണ്ടാക്കി ഉപയോഗിക്കുന്നതാണ് ഉത്തമം.
ചെറിയ ഉള്ളി മാത്രമല്ല സവാളയും ഇത്തരത്തിൽ ഹെയർ ടോണിക് ഉണ്ടാക്കാനായി ഉപയോഗിക്കാം. ഒരു സവാളയുടെ ജ്യൂസ് എടുത്ത് അതിലേക്ക് ഒരു വിറ്റാമിൻ ഇ ഗുളികയുടെ ഓയിൽ ചേർത്ത് അര ടീസ്പൂൺ വെളിച്ചെണ്ണയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചും തലയോട്ടിയിൽ പുരട്ടാം. 20 മിനിറ്റ് കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക.