/indian-express-malayalam/media/media_files/EmjhtcvwbRJYvKHxdIfM.jpg)
Credit: Pexels
നമ്മുടെയൊക്കെ അടുക്കളകളിൽ സുലഭമായ പച്ചക്കറികളിൽ ഒന്നാണ് ഉരുളക്കിഴങ്ങ്. പലവിധ വിഭവങ്ങൾ തയ്യാറാക്കാനും ഉരുളക്കിഴങ്ങ് ഉപയോഗിക്കുന്നു. ചിലപ്പോഴൊക്കെ ഉരുളക്കിഴങ്ങിൽ മുളകൾ വരാറുണ്ട്. ഈ മുളകൾ നീക്കം ചെയ്തശേഷം പലരും പാചകത്തിന് ഉരുളക്കിഴങ്ങ് ഉപയോഗിക്കാറുണ്ട്. ഇങ്ങനെ മുളച്ച ഉരുളക്കിഴങ്ങുകൾ ആരോഗ്യത്തിന് ഹാനികരമാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
മുളച്ച ഉരുളക്കിഴങ്ങിൽ ഗ്ലൈക്കോആൽക്കലോയിഡുകൾ, സോളനൈൻ എന്നീ രണ്ട് ദോഷകരമായ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ വലിയ അളവിൽ കഴിക്കുന്നത് ദോഷകരമാണ്. വയറിന് അസ്വസ്ഥത ഉണ്ടാക്കുകയും ഹൃദയത്തെയും നാഡീവ്യൂഹത്തെയും ബാധിക്കുകയും ചെയ്യും. ചില സന്ദർഭങ്ങളിൽ പ്രശ്നം ഗുരുതരമായേക്കാമെന്ന് ബെംഗളൂരുവിലെ ആസ്റ്റർ വൈറ്റ്ഫീൽഡ് ഹോസ്പിറ്റലിലെ ഡയറ്റീഷ്യൻ ഡോ.വി.വീണ പറഞ്ഞു.
ഉരുളക്കിഴങ്ങ് മുളച്ചു തുടങ്ങുമ്പോൾതന്നെ അവയെല്ലാം നീക്കം ചെയ്യുക. മുളച്ച ഉരുളക്കിഴങ്ങുകൾ ദീർഘനാളായതാണെങ്കിൽ ഉപയോഗിക്കാതിരിക്കുന്നതാണ് ഉചിതമെന്ന് അവർ വ്യക്തമാക്കി. ഗ്ലൈക്കോ ആൽക്കലോയിഡുകളുടെ അളവ് കൂടുന്നത് ഉരുളക്കിഴങ്ങിന് കയ്പ് രുചിയേകുമെന്നും കഴിക്കാൻ അനുയോജ്യമല്ലാതാക്കി മാറ്റുമെന്നും ആയുർവേദ ഡോ.വരലക്ഷ്മി യാനമന്ദ്ര അഭിപ്രായപ്പെട്ടു.
കൈകൾ കൊണ്ടോ വെജിറ്റബിൾ പീലർ ഉപയോഗിച്ചോ മുളകൾ പൂർണമായും നീക്കം ചെയ്യുക. മുളയുടെ വേര് ഫലപ്രദമായി നീക്കം ചെയ്യാൻ പീലറുകൾക്ക് കഴിയും. മുളകൾ നീക്കം ചെയ്ത ശേഷം ഉരുളക്കിഴങ്ങ് നന്നായി കഴുകി വൃത്തിയാക്കിയശേഷം ഉപയോഗിക്കാനും ഡോ.വീണ നിർദേശിച്ചു. വെളിച്ചം, ചൂട്, ഈർപ്പം എന്നിവയുൾപ്പെടെ ഉരുളക്കിഴങ്ങ് മുളയ്ക്കുന്നതിന് നിരവധി ഘടകങ്ങളുണ്ടാകാമെന്ന് അവർ പറഞ്ഞു.
തണുത്ത, ഇരുണ്ട, വരണ്ട സ്ഥലങ്ങളിൽ ഉരുളക്കിഴങ്ങ് സൂക്ഷിക്കുന്നത് മുളയ്ക്കുന്നത് മന്ദഗതിയിലാക്കാൻ സഹായിക്കും. ആപ്പിളും ഓറഞ്ചും പോലുള്ള പഴങ്ങൾ ഉരുളക്കിഴങ്ങിൽനിന്നും മാറ്റിവയ്ക്കുക. ഉരുളക്കിഴങ്ങിൽ മുളയ്ക്കുന്ന പ്രക്രിയയെ വേഗത്തിലാക്കുന്ന എഥിലീൻ വാതകം അവ പുറത്തുവിടുന്നുവെന്നും ഡോ.വീണ വ്യക്തമാക്കി.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us