/indian-express-malayalam/media/media_files/2025/04/03/uSOwDkRVS19TnsdH2UcJ.jpg)
Source: Freepik
പോഷകഗുണങ്ങൾ നിറഞ്ഞതാണ് ഈന്തപ്പഴം. ഇവയിൽ അവശ്യ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ശൈത്യകാലത്താണ് ഈന്തപ്പഴം കഴിക്കാൻ ഏറ്റവും അനുയോജ്യമെന്നാണ് പൊതുവേയുള്ള ധാരണ. ഈ സമയത്ത് അവ ശരീരത്തിന് ചൂട് നൽകുന്നു. എന്നാൽ ഇത് ശരിയല്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
ആയുർവേദപ്രകാരം ഈന്തപ്പഴത്തിന് ശരീരത്തെ തണുപ്പിക്കുന്ന ഗുണമുണ്ട്. അതിനാൽതന്നെ വേനൽക്കാല ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താവുന്ന മികച്ച ഒന്നാണ് ഈന്തപ്പഴം. കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം, ചെമ്പ്, ഇരുമ്പ്, വിറ്റാമിൻ ബി6, ഫോളിക് ആസിഡ് എന്നിവയാൽ സമ്പന്നമായ ഇവ മരുന്നുകളുടെ ആവശ്യമില്ലാതെ തന്നെ പോഷകങ്ങൾ നൽകുന്നു. ഈന്തപ്പഴം കഴിച്ചശേഷം ചിലർക്ക് ചൂട് അനുഭവപ്പെടുന്നതിനു കാരണം അവയുടെ നിർജലീകരണ സ്വഭാവമാണ്.
ഈന്തപ്പഴം കഴിച്ചതിനുശേഷം ദാഹമോ നിർജ്ജലീകരണമോ അനുഭവപ്പെടുകയാണെങ്കിൽ, അവ വെണ്ണയുമായി ചേർത്ത് കഴിക്കുക. വേനൽക്കാലത്ത് ഈന്തപ്പഴം കഴിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം മൊസാമ്പി ജ്യൂസിനൊപ്പം കഴിക്കുന്നതാണ്. മൊസാമ്പിയിൽ നിന്നുള്ള വിറ്റാമിൻ സിയും ഈന്തപ്പഴത്തിൽ നിന്നുള്ള ഇരുമ്പും കൂടിച്ചേർന്ന് പോഷകങ്ങളുടെ ആഗിരണം മെച്ചപ്പെടുത്തുന്നു. കുതിർത്ത ഈന്തപ്പഴം രാവിലെ എഴുന്നേറ്റ ഉടൻ കഴിക്കുന്നതാണ് ചൂടുള്ള കാലാവസ്ഥയിൽ ഈന്തപ്പഴം ആസ്വദിക്കുന്നതിനുള്ള മറ്റൊരു മാർഗം.
അതിരാവിലെ ഈന്തപ്പഴം കഴിച്ചാലുള്ള ഗുണങ്ങൾ
ഊർജം വർധിപ്പിക്കുന്നു: ഈന്തപ്പഴം ഗ്ലൂക്കോസ്, ഫ്രക്ടോസ്, സുക്രോസ് തുടങ്ങിയ പ്രകൃതിദത്ത പഞ്ചസാരകളാൽ സമ്പുഷ്ടമാണ്. ഇവ പെട്ടെന്ന് ഊർജം നൽകുന്നു. അതിരാവിലെ കഴിക്കുന്നത് ഊർജം വർധിപ്പിച്ച് ദിവസം മുഴുവൻ സജീവമായി തുടരാൻ സഹായിക്കുന്നു.
ദഹനം മെച്ചപ്പെടുത്തുന്നു: ഈന്തപ്പഴത്തിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇവ ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു. വെറും വയറ്റിൽ അതിരാവിലെ കഴിക്കുന്നത് മലവിസർജനം നിയന്ത്രിച്ച് മലബന്ധം തടയുന്നു. നല്ല കുടൽ ബാക്ടീരിയകളുടെ വളർച്ചയെ സഹായിക്കുന്നു.
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു: ഈന്തപ്പഴത്തിൽ പൊട്ടാസ്യം, മഗ്നീഷ്യം, ഫ്ലേവനോയ്ഡുകൾ പോലുള്ള ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, ഇവയെല്ലാം ഹൃദയാരോഗ്യത്തിന് സഹായിക്കുന്നു. ഈ പോഷകങ്ങൾ രക്തസമ്മർദ്ദം കുറയ്ക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയധമനികളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു: ഈന്തപ്പഴം മധുരമുള്ളതാണെങ്കിലും അവയ്ക്ക് കുറഞ്ഞ ഗ്ലൈസെമിക് സൂചികയുണ്ട്, അതായത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയർത്തുന്നില്ല.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.