/indian-express-malayalam/media/media_files/uploads/2022/08/Ajwain.jpg)
അയമോദകം ഒരു പ്രകൃതിദത്ത ദഹന സഹായിയാണ്
അയമോദകത്തിന് നിറയെ ആരോഗ്യ ഗുണങ്ങളുണ്ട്. വേനൽക്കാലത്ത് വെറും വയറ്റിൽ ഒരു കപ്പ് അയമോദകം ചായ കുടിച്ചാലുള്ള ആരോഗ്യ ഗുണങ്ങളെക്കുറിച്ച് വിദഗ്ധർ വിശദീകരിക്കുന്നു.
മെച്ചപ്പെട്ട ദഹനം
അയമോദകം ഒരു പ്രകൃതിദത്ത ദഹന സഹായിയാണെന്ന് മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലെ ജില്ലാ ആയുഷ് ഓഫീസർ ഡോ.മിഥുൻ രമേഷ് പവാർ അഭിപ്രായപ്പെട്ടു. അയമോദകം ചായ കുടിക്കുന്നത് ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കാനും വയറുവേദന, ഗ്യാസ്, ദഹനക്കേട് എന്നിവ ഒഴിവാക്കാനും സഹായിക്കും.
വിശപ്പ് കൂട്ടും
അയമോദകം ചായ വിശപ്പ് കൂട്ടുമെന്ന് ചില പഠനങ്ങൾ പറയുന്നുണ്ട്. വേനൽക്കാലത്തെ ചൂട് ഭക്ഷണം കഴിക്കുന്നത് കുറയ്ക്കാനുള്ള പ്രവണതയെ മറികടക്കാൻ അയമോദകം ചായ സഹായിക്കും.
ഉപാപചയ പ്രവർത്തനം വർധിപ്പിക്കും
അയമോദകത്തിന് മെറ്റബോളിസം ബൂസ്റ്റിങ് പ്രോപ്പർട്ടികൾ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു, ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു. എന്നാൽ, ഇക്കാര്യം സ്ഥിരീകരിക്കുന്നതിന് കൂടുതൽ ഗവേഷണം ആവശ്യമാണ്.
പരിഗണിക്കേണ്ട ചില കാര്യങ്ങൾ
പരിമിതമായ ഗവേഷണം: അയമോദകത്തിന്റെ സാധ്യതകളെക്കുറിച്ച് ചില പഠനങ്ങൾ നിലവിലുണ്ടെങ്കിലും അവയുടെ ഫലപ്രാപ്തി കൃത്യമായി സ്ഥിരീകരിക്കുന്നതിന് കൂടുതൽ ഗവേഷണം ആവശ്യമാണെന്ന് ഡോ.പവാർ അംഗീകരിച്ചു.
വെറും വയറ്റിൽ കഴിക്കുമ്പോൾ പരിഗണിക്കേണ്ടത്: വെറും വയറ്റിൽ അയമോദകം ചായ കുടിക്കുന്നത് ചിലരിൽ ആമാശയ പാളിയെ പ്രകോപിപ്പിക്കും. ലഘുഭക്ഷണത്തിനുശേഷം ചായ കുടിക്കുന്നതാണ് നല്ലത്.
അളവ്: അമയോദകം ചായയ്ക്ക് പ്രത്യേക അളവുകളൊന്നുമില്ല. അമിതമായ ഉപയോഗം ഓക്കാനം, ഛർദ്ദി, അല്ലെങ്കിൽ വയറിളക്കം തുടങ്ങിയ പാർശ്വഫലങ്ങൾക്ക് കാരണമാകും. എന്തെങ്കിലും മരുന്നുകൾ കഴിക്കുന്നവർ ഈ ചായ കുടിക്കുന്നതിന് മുമ്പ് ഡോക്ടറെ കാണുക.
ശരീരഭാരം കുറയ്ക്കാനുള്ള പ്രതിവിധിയല്ല: അയമോദകം ചായ മെറ്റബോളിസത്തെ ചെറുതായി വർധിപ്പിക്കുമെങ്കിലും ശരീരഭാരം കുറയ്ക്കാനുള്ള ഒരു മാന്ത്രിക പരിഹാരമല്ല. സമീകൃതാഹാരവും ചിട്ടയായ വ്യായാമവും ശരീര ഭാരം നിയന്ത്രിക്കുന്നതിന് നിർണായകമാണ്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.