/indian-express-malayalam/media/media_files/muQ5ycu8J4UBcuqv9jdN.jpg)
Photo Source: Pexels
ഉലുവയ്ക്ക് നിറയെ ആരോഗ്യ ഗുണങ്ങളുണ്ട്. കാർബോഹൈഡ്രേറ്റിന്റെയും പഞ്ചസാരയുടെയും ആഗിരണം മന്ദഗതിയിലാക്കി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ലയിക്കുന്ന നാരുകൾ ഇവയിലുണ്ട്. അതിനാൽതന്നെ പ്രമേഹമുള്ളവർക്ക് മികച്ചതാണ്. 14 ദിവസം ഉലുവ കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കുമെന്ന് അറിയാമോ?.
ഉലുവയുടെ ആരോഗ്യപരമായ ഗുണങ്ങൾ കണക്കിലെടുക്കുമ്പോൾ 14 ദിവസം കഴിക്കുന്നത് ശരീരത്തിന് നല്ലതാണെന്ന് ജിൻഡാൽ നേച്ചർക്യൂർ ഇൻസ്റ്റിറ്റ്യൂട്ടിലെ ചീഫ് ഡയറ്റീഷ്യൻ സുഷമ പി.എസ് പറഞ്ഞു. നാരുകൾ, പ്രോട്ടീൻ, ഇരുമ്പ് എന്നിവയാൽ സമ്പന്നമാണ് ഉലുവ. ദഹനത്തെ സഹായിക്കുന്നതിനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ഉലുവ സഹായിക്കുമെന്ന് അവർ പറഞ്ഞു.
രണ്ടാഴ്ച ഉലുവ പതിവായി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും വയറുവേദന, ദഹനക്കേട്, മലബന്ധം അടക്കമുള്ള ദഹനപ്രശ്നങ്ങൾ കുറയ്ക്കാനും സഹായിക്കും. ഉലുവയിലെ ഉയർന്ന ഫൈബർ ഉള്ളടക്കം മലവിസർജനം നിയന്ത്രിക്കുന്നതിലൂടെ കുടലിന്റെ ആരോഗ്യത്തെ സഹായിക്കുമെന്ന് സുഷമ അഭിപ്രായപ്പെട്ടു. ഉലുവയ്ക്ക് ഹൈപ്പോഗ്ലൈസമിക് ഗുണങ്ങൾ ഉണ്ടെന്ന് കരുതപ്പെടുന്നു. അതിനാൽതന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും. പ്രമേഹമുള്ളവർക്കും പ്രമേഹ സാധ്യതയുള്ളവർക്കും മികച്ചതാണ് ഉലുവയെന്ന് അവർ പറഞ്ഞു.
രണ്ടാഴ്ച തുടർച്ചയായി ഉലുവ കഴിക്കുന്നത് ലിപിഡ് പ്രൊഫൈലുകളും ഹൃദയാരോഗ്യവും മെച്ചപ്പെടുത്തുന്നതിന് സഹായിക്കുമെന്ന് ന്യൂഡൽഹിയിലെ എൻഎഫ്‌സി ആർട്ടെമിസ് ലൈറ്റിലെ സംഗീത തിവാരി പറഞ്ഞു. ഉലുവ വയർ നിറഞ്ഞ സംതൃപ്തി നൽകുകയും വിശപ്പ് ശമിപ്പിക്കുകയും ചെയ്യുന്നു, ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും. 14 ദിവസം ഉലുവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ആസക്തി നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളെ സഹായിക്കുകയും ചെയ്യുമെന്ന് തിവാരി അഭിപ്രായപ്പെട്ടു.
ചില ആളുകൾക്ക് ഉലുവ അമിതമായി കഴിച്ചാൽ വയറിളക്കം അല്ലെങ്കിൽ അലർജി പോലുള്ള നെഗറ്റീവ് പാർശ്വഫലങ്ങൾ ഉണ്ടാക്കാം. അതിനാൽ, ഭക്ഷണക്രമത്തിൽ എന്ത് മാറ്റവും വരുത്തുന്നതിനു മുൻപ് ആരോഗ്യ വിദഗ്ധരുമായി കൂടിയാലോചിക്കുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.