/indian-express-malayalam/media/media_files/2025/06/25/alcohol-fi-05-2025-06-25-11-17-23.jpg)
Source: Freepik
ആഘോഷ സമയത്ത് മദ്യം ഒഴിച്ചു കൂടാനാവാത്ത ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. വ്യത്യസ്ത തരത്തിലും മദ്യം ഇന്ന് വിപണിയിൽ ലഭ്യമാണ്. അവയുടെ എണ്ണമറ്റ ഇനങ്ങളും കോമ്പിനേഷനുകളും ഏത് തിരഞ്ഞെടുക്കണമെന്ന ആശയക്കുഴപ്പം പലർക്കും ഉണ്ടാക്കാറുണ്ട്. എന്നാൽ വ്യത്യസ്ത തരം മദ്യം കലർത്തുമ്പോൾ ശരീരത്തിന് എന്ത് സംഭവിക്കും?.
വ്യത്യസ്ത തരം മദ്യം മിക്സ് ചെയ്യുന്നത് ദോഷകരമാണെന്നത് ഒരു മിഥ്യയാണ്. ഇത് കുടിക്കുന്ന അളവിനെ ആശ്രയിച്ചിരിക്കുന്നുവെന്ന് ഡയറ്റീഷ്യൻ കനിക മൽഹോത്ര പറഞ്ഞു. പല തരത്തിലുള്ള മദ്യം ഒരുമിച്ച് കഴിക്കുമ്പോൾ അമിതമായി മദ്യം കുടിക്കുന്നതിനുള്ള സാധ്യത കൂടുതലാണ്. ഇതിലൂടെ രക്തത്തിലെ ആൽക്കഹോൾ സാന്ദ്രത (BAC) വർധിക്കുന്നു. ഇത് ശരീരത്തെ ഹ്രസ്വകാലത്തേക്ക് എങ്ങനെ ബാധിക്കുമെന്ന് അറിയാം.
1. ഇൻടോക്സിക്കേഷനുള്ള സാധ്യത വർധിപ്പിക്കുന്നു: ബിയർ, സ്പിരിറ്റ് തുടങ്ങിയ പാനീയങ്ങൾ ഒരുമിച്ച് കുടിക്കുന്നത് അമിത ഉപഭോഗത്തിന് കാരണമാകും. ഇത് മദ്യത്തെ മെറ്റബോളിസ് ചെയ്യാനുള്ള കരളിന്റെ കഴിവിനെ ബാധിക്കുന്നു. ഇത് ഉയർന്ന ബിഎസിയിലേക്ക് നയിക്കുന്നു.
Also Read: 3 മാസം കൊണ്ട് 25 കിലോ കുറയ്ക്കാം; രാവിലെ 11 മണിക്ക് ഈ പഴങ്ങൾ കഴിക്കൂ
2. നിർജലീകരണം: മദ്യം ഒരു ഡൈയൂററ്റിക് ആയി പ്രവർത്തിക്കുന്നു, ഇത് മൂത്രത്തിന്റെ അളവ് വർധിപ്പിക്കുന്നു. വിവിധ തരം മദ്യം കലർത്തി കുടിക്കുന്നത് നിർജലീകരണത്തിന് കാരണമാകും. തലവേദന, തലകറക്കം, ക്ഷീണം എന്നിവയിലേക്ക് നയിക്കും.
3. വയറിലെ അസ്വസ്ഥത: മദ്യം ആമാശയ പാളിയെ പ്രകോപിപ്പിക്കും. വ്യത്യസ്ത തരം മദ്യം കലർത്തുന്നത് ഓക്കാനം, അസിഡിറ്റി, ഗ്യാസ്ട്രൈറ്റിസ് എന്നിവയ്ക്ക് കാരണമാകും.
4. മദ്യവിഷബാധ: വിവിധ തരം മദ്യത്തിന്റെ അമിത ഉപഭോഗം മദ്യവിഷബാധയ്ക്കുള്ള സാധ്യത വർധിപ്പിക്കും.
ദീർഘാനാൾ വ്യത്യസ്ത തരം മദ്യം കലർത്തി കുടിച്ചാലുള്ള ദോഷഫലങ്ങൾ എന്തൊക്കെയെന്ന് അറിയാം.
1. കരളിന് കേടുപാടുകൾ: അമിതമായി മദ്യപിക്കുന്നത് സിറോസിസ്, ഫാറ്റി ലിവർ, ആൽക്കഹോളിക് ഹെപ്പറ്റൈറ്റിസ് തുടങ്ങിയ അവസ്ഥകളിലേക്ക് നയിച്ചേക്കാം.
Also Read: ഫാറ്റി ലിവർ പ്രതിരോധിക്കാൻ ഞാവൽപ്പഴം ഗുണകരമോ? ഒരു ദിവസം എത്ര എണ്ണം കഴിക്കാം?
2. ദഹനസംബന്ധമായ പ്രശ്നങ്ങൾ: പതിവായി മദ്യപിക്കുന്നത് ആമാശയ പാളിക്ക് കേടുപാടുകൾ വരുത്തുകയും പോഷകങ്ങളുടെ ആഗിരണം തടസപ്പെടുത്തുകയും വിട്ടുമാറാത്ത ആമാശയ അസ്വസ്ഥതകൾക്കും അൾസറിനും കാരണമാവുകയും ചെയ്യുന്നു.
3. വൈജ്ഞാനിക ശേഷി കുറയുന്നു: മദ്യം കാലക്രമേണ തലച്ചോറിന്റെ പ്രവർത്തനത്തെ തകരാറിലാക്കുകയും, ഓർമ്മക്കുറവ്, വൈജ്ഞാനിക ശേഷി കുറയൽ, വിറ്റാമിൻ ബി1 ന്റെ അഭാവവുമായി ബന്ധപ്പെട്ട വെർണിക്കെ-കോർസകോഫ് സിൻഡ്രോം പോലുള്ള അവസ്ഥകൾ എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുന്നു.
4. ഹൃദയ സംബന്ധമായ അപകടസാധ്യതകൾ: അമിതമായ മദ്യപാനം ഉയർന്ന രക്തസമ്മർദം, പക്ഷാഘാതം, ഹൃദ്രോഗം എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു. ഒരേ തരത്തിലുള്ള മദ്യമോ, വ്യത്യസ്ത തരം കലർത്തിയോ വലിയ അളവിൽ കുടിച്ചാലും ഇത്തരം രോഗാവസ്ഥകൾ ഉണ്ടാകാം.
മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണ്. മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.