/indian-express-malayalam/media/media_files/2025/07/11/diabetes-fi-06-2025-07-11-16-06-37.jpg)
Source: Freepik
പ്രമേഹമെന്നത് ഒരു ജീവിതശൈലി രോഗമാണ്. ജീവിതശൈലിയിലെ തിരഞ്ഞെടുപ്പുകളാണ് പ്രമേഹ രോഗകാരണമായി ചൂണ്ടിക്കാട്ടുന്നത്. കുടുംബത്തിൽ ഒരാൾക്ക് പ്രമേഹം ഉണ്ടെങ്കിൽ, അതായത് നിങ്ങളുടെ മാതാപിതാക്കൾ രണ്ടുപേർക്കും പ്രമേഹമുണ്ടെങ്കിൽ, നിങ്ങളുടെ ശീലങ്ങൾ, ഭക്ഷണക്രമം, ശാരീരികക്ഷമത എന്നിവ പുനഃപരിശോധിക്കേണ്ട സമയമാണിത്, ഒരു ജീവിതശൈലി പുനഃക്രമീകരിക്കേണ്ട സമയമാണിത്. എന്തുകൊണ്ട്?.
മാതാപിതാക്കൾ രണ്ടുപേർക്കും പ്രമേഹമുണ്ടെങ്കിൽ, പ്രത്യേകിച്ച് ടൈപ്പ് 2 പ്രമേഹമുണ്ടെങ്കിൽ, ജനിതകവും പാരിസ്ഥിതികവുമായ ഘടകങ്ങൾ കാരണം അത് വരാനുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ധർ പറയുന്നു. "നിങ്ങളുടെ മാതാപിതാക്കൾക്ക് ടൈപ്പ് 2 പ്രമേഹമുണ്ടെങ്കിൽ, നിങ്ങൾക്ക് പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്. ജനിതകശാസ്ത്രം ഒരു പ്രധാന പങ്ക് വഹിക്കുന്നു. കൂടാതെ, മാതാപിതാക്കൾ രണ്ടുപേർക്കും പ്രമേഹം ഉണ്ടെങ്കിൽ അപകടസാധ്യത 50 ശതമാനത്തിലധികമായി വർധിപ്പിക്കുമെന്ന് പഠനങ്ങൾ കാണിക്കുന്നു," ഡോ. രാജീവ് കോവിൽ പറഞ്ഞു.
Also Read: 35 കിലോ സിംപിളായി കുറയ്ക്കാം, ഈ 6 കാര്യങ്ങൾ ചെയ്തോളൂ
ഈ കുടുംബബന്ധം കാരണം നിങ്ങൾക്ക് ഇൻസുലിൻ റെസിസ്റ്റൻസ് അല്ലെങ്കിൽ ബീറ്റാ-സെൽ പ്രവർത്തന വൈകല്യം പാരമ്പര്യമായി ലഭിച്ചേക്കാം. ഇത് ശരീരം രക്തത്തിലെ പഞ്ചസാരയെ എങ്ങനെ നിയന്ത്രിക്കുന്നു എന്നതിനെ ബാധിക്കുന്നു. "കാലക്രമേണ, ഈ മാറ്റങ്ങൾ ചെറുപ്പത്തിൽ രോഗലക്ഷണങ്ങളൊന്നുമില്ലെങ്കിൽ പോലും, പ്രായപൂർത്തിയാകുമ്പോൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഉയരുന്നതിനോ ഗ്ലൂക്കോസ് ടോളറൻസ് കുറയുന്നതിനോ കാരണമാകും," ഹൈദരാബാദിലെ ഡോ. ഹിരൺ എസ് റെഡ്ഡി അഭിപ്രായപ്പെട്ടു.
പാരമ്പര്യപരമായി പ്രമേഹം വരാമെങ്കിലും ജീവിതശൈലി നിർണായക പങ്ക് വഹിക്കുന്നതായി ഡോ. കോവിൽ അഭിപ്രായപ്പെട്ടു. ടൈപ്പ് 2 പ്രമേഹത്തെ സംബന്ധിച്ചിടത്തോളം അത് തടയാൻ കഴിയുമെന്നത് ആശ്വാസകരമായ കാര്യമാണ്. "ആരോഗ്യകരമായ ഭാരം നിലനിർത്തുന്നത് വളരെ പ്രധാനമാണ്. ശരീരഭാരത്തിൽ 5-7 ശതമാനം കുറവ് പോലും അപകടസാധ്യത ഗണ്യമായി കുറയ്ക്കും. പച്ചക്കറികൾ, ധാന്യങ്ങൾ, ലീൻ പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയ സമീകൃതാഹാരം കഴിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. പഞ്ചസാര അടങ്ങിയ പാനീയങ്ങളും ഉയർന്ന അളവിൽ സംസ്കരിച്ച ഭക്ഷണങ്ങളും ഒഴിവാക്കുക," ഡോ. കോവിൽ നിർദേശിച്ചു.
Also Read: നാല് ആഴ്ചത്തേക്ക് ദിവസവും രണ്ട് കിവി കഴിച്ചാൽ എന്ത് സംഭവിക്കും?
നിങ്ങൾക്ക് അമിതഭാരമുണ്ടെങ്കിൽ അല്ലെങ്കിൽ പ്രീ ഡയബറ്റിസ് ഉണ്ടെങ്കിൽ, പതിവ് പരിശോധനകളും നേരത്തെയുള്ള മെഡിക്കൽ മാർഗനിർദേശങ്ങളും പ്രമേഹം വരുന്നത് വൈകിപ്പിക്കാനോ തടയാനോ സഹായിക്കും. പ്രത്യേകിച്ച് 25 വയസിനു മുകളിൽ പ്രായമുള്ളവരോ അമിതവണ്ണം അല്ലെങ്കിൽ ഉദാസീനമായ ജീവിതശൈലി പോലുള്ള മറ്റ് അപകട ഘടകങ്ങളോ ഉണ്ടെങ്കിൽ, പതിവായി പരിശോധന നടത്തുന്നത് പ്രമേഹമുണ്ടോയെന്ന് നേരത്തെ കണ്ടുപിടിക്കാൻ സഹായിക്കും.
പ്രമേഹം വരുന്നത് തടയാൻ ആരോഗ്യകരമായ ശീലങ്ങൾ സ്വീകരിക്കുക. "നാരുകൾ ധാരാളമായി അടങ്ങിയതും സംസ്കരിച്ച കാർബോഹൈഡ്രേറ്റുകൾ കുറഞ്ഞതുമായ സമീകൃതാഹാരം, സ്ഥിരമായ ശാരീരിക പ്രവർത്തനങ്ങൾ, ആരോഗ്യകരമായ ഭാരം നിലനിർത്തൽ, പുകവലിയോ അമിതമായ മദ്യമോ ഒഴിവാക്കൽ എന്നിവയെല്ലാം പ്രമേഹം തടയാനോ വൈകിപ്പിക്കാനോ സഹായിക്കും," ഡോ. റെഡ്ഡി പറഞ്ഞു.
നിങ്ങളുടെ കുടുംബ ചരിത്രം മാറ്റാൻ കഴിയില്ലെങ്കിലും, നിങ്ങളുടെ ഭാവി മാറ്റാൻ കഴിയുമെന്ന് ഡോ. കോവിൽ ഉറപ്പിച്ചു പറഞ്ഞു. “ആരോഗ്യകരമായ തിരഞ്ഞെടുപ്പുകളിലൂടെയും പതിവ് നിരീക്ഷണത്തിലൂടെയും, ടൈപ്പ് 2 പ്രമേഹത്തെ അകറ്റി നിർത്താനാകും,” ഡോ. കോവിൽ പറഞ്ഞു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ഈന്തപ്പഴം കഴിക്കുന്നതിനുള്ള 5 വഴികൾ, ഒരു ദിവസം എത്ര എണ്ണം കഴിക്കാം?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.