scorecardresearch

വയ്യായ്ക വന്നാൽ ഇന്റർനെറ്റിൽ തിരയുന്ന സ്വഭാവമുണ്ടോ? എങ്കിൽ ശ്രദ്ധിക്കുക

ഓൺലൈനിൽ നിന്നും ലഭിക്കുന്ന വിവരങ്ങളുമായി എത്തുന്ന രോഗികൾ ഡോക്ടർമാരുടെ നിർദ്ദേശങ്ങൾ സ്വീകരിക്കാൻ പലപ്പോഴും തയ്യാറാവാറില്ലെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു

ഓൺലൈനിൽ നിന്നും ലഭിക്കുന്ന വിവരങ്ങളുമായി എത്തുന്ന രോഗികൾ ഡോക്ടർമാരുടെ നിർദ്ദേശങ്ങൾ സ്വീകരിക്കാൻ പലപ്പോഴും തയ്യാറാവാറില്ലെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
internet Doctor

ചിത്രീകരണം: വിഷ്ണു റാം

ഇടയ്ക്കിടെയുള്ള തലവേദന, അതിയായ ക്ഷീണം എന്നിവയുടെ കാരണം കണ്ടെത്താൻ എപ്പോഴെങ്കിലും ഇൻ്റർനെറ്റിൽ  തിരഞ്ഞിട്ടുണ്ടോ?. ഇത്തരം തിരച്ചിലുകൾ നിങ്ങളെ മറ്റു പല രോഗങ്ങളിലേക്കായിരിക്കും കൊണ്ടെത്തിക്കുക. കേൾക്കുമ്പോൾ തമാശയെന്നു തോന്നാമെങ്കിലും ഇന്റർനെറ്റിന്റെ അമിതമായ ഉപയോഗം മൂലമുള്ള ഗുരുതരമായൊരു ആരോഗ്യപ്രശ്നമാണിത്. 

Advertisment

അറിവ് തേടാൻ ഉപയോഗിക്കാം എന്നതിനപ്പുറം ഓൺലൈനില്‍ ലഭിക്കുന്ന വിവരങ്ങൾ അന്ധമായി വിശ്വസിക്കുന്നതിലൂടെ ആർക്കും വന്നേക്കാവുന്ന മാനസികാവസ്ഥയാണ് 'സൈബർകോൺട്രിയാസിസ് (Cyberchondriasis).

ശരീരത്തിൽ സ്വാഭാവികമായി അനുഭവപ്പെടുന്ന ചെറിയ അസ്വസ്ഥതകൾക്ക് ഇൻ്റർനെറ്റിൽ തിരഞ്ഞ് സ്വയം രോഗ നിർണ്ണയവും ചികിത്സാ രീതികളും സ്വീകരിക്കുന്നവരെ ഈ വിഭാഗത്തിൽ ഉൾപ്പെടുത്താം. വ്യത്യസ്തമായ പല രോഗങ്ങളും ഉയർന്നു വരുന്ന സാമൂഹികാന്തരീക്ഷത്തിൽ സ്വന്തം ആരോഗ്യത്തെക്കുറിച്ച് ആശങ്ക തോന്നുക എന്നത് സ്വഭാവികമാണ്. ഇതാണ് അവരെഓൺലൈനിൽ തിരയാൻ പ്രേരിപ്പിക്കുന്നത്. 

ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടുമുള്ള മനുഷ്യരിൽ കുറച്ചാളുകളെങ്കിലും ഇത്തരം ശീലം ഉള്ളവരായിരിക്കും. അമേരിക്ക പോലെയുള്ള രാജ്യങ്ങളിൽ മൂന്നിൽ ഒരാളെങ്കിലും ഇൻ്റനെറ്റിലൂടെ സ്വയം ചികിത്സാ രീതി തേടുന്നവരാണെന്ന് നാഷണൽ ലൈബ്രറി ഓഫ് മെഡിക്കൽ സയൻസിൻ്റെ പഠനത്തിൽ വ്യക്തമാക്കുന്നു.

Advertisment

ഇൻ്റർനെറ്റിൽ ലഭ്യമാകുന്ന 20  രോഗ ലക്ഷണങ്ങളിൽ ഏതെങ്കിലും ഒരെണ്ണവുമായി  സാമ്യം തോന്നിയാൽ അത് സ്വയം രോഗ നിർണ്ണയത്തിലേയ്ക്ക് എത്തിച്ചേരുവാൻ വഴിയൊരുക്കുന്നുവെന്ന് പഠനത്തിൽ പറയുന്നു. ശരാശരി 15.49 ശതമാനം ആളുകളും വിദഗ്ധ ചികിത്സ തേടുന്നതിനു മുമ്പായി രോഗലക്ഷണങ്ങളെക്കുറിച്ച് ഇൻ്റർനെറ്റിൽ തിരയാറുണ്ട്.

ചെറിയ തലവേദനയുടെ കാരണം തിരയാൻ പോലും നേരെ ഇൻ്റർനെറ്റിൽ എത്തുന്നു. ഇതിനു മറുപടിയായി ലഭിക്കുന്ന വിവരങ്ങൾ അതിനെ സംബന്ധിച്ചുള്ള കൂടുതൽ കാര്യങ്ങൾ അറിയുവാനുള്ള ആകാംക്ഷ കൂട്ടുന്നു.

ഇത് എത്തിക്കുന്നത് കാൻസർ പോലെയുള്ള രോഗ ലക്ഷണങ്ങളിലേയ്ക്കാവും. സ്വന്തം രോഗാവസ്ഥയെക്കുറിച്ച് നിശ്ചയമില്ലാത്തതിനാൽ ഇത്തരം വിവരങ്ങൾ അപ്പാടെ വിശ്വസിക്കുന്നവര്‍ ആരോഗ്യവിദഗ്ധരുടെ നിർദ്ദേശങ്ങളോ അഭിപ്രായങ്ങളോ തേടാൻ മിനക്കെടാറില്ല.

സെർച്ച് ചെയ്തു ലഭിക്കുന്ന രോഗനിർണ്ണയങ്ങളിൽ വിശ്വാസം ഉറപ്പിക്കുന്നു. അതുപയോഗിച്ച് വലിയ കേസ് ഷീറ്റുകൾ വരെ എഴുതി സൂക്ഷിക്കുന്നവർ നമുക്കിടയിലുണ്ടെന്നത് വിശ്വസിക്കാൻ ചിലപ്പോൾ പ്രയാസം തോന്നും.

ഇങ്ങനെ രോഗം നിർണ്ണയിച്ച് തലവേദനയ്ക്ക് ബ്രെയ്ൻ ട്യൂമർ ചികിത്സ വരെ ആവശ്യപ്പെടുന്ന ഗൂഗിൾ രോഗികളുടെ എണ്ണം ഏറി വരുന്നതായി ആരോഗ്യ വിദഗ്ധർ ചൂണ്ടികാണിക്കുന്നുണ്ട്. "ഓൺലൈനിൽ നിന്നും ലഭിക്കുന്ന വിവരങ്ങളുമായി എത്തുന്ന രോഗികൾ തങ്ങളുടെ നിർദ്ദേശങ്ങൾ സ്വീകരിക്കാൻ തയ്യാറാവാറില്ല" എന്ന് പുണെയില്‍ സൈക്കോളജിസ്റ്റായ ബി അപൂർവ്വ പറയുന്നു.

"സാങ്കേതിക വിദ്യയുടെ വളർച്ച മൂലം ഇത്തരം സ്വയം രോഗനിർണയങ്ങൾ വർധിച്ചുവരുന്നുണ്ട്. ചില രോഗങ്ങളുമായി സാമ്യമുള്ള ലക്ഷണങ്ങളാണെന്ന് കണ്ടെത്തിയാൽ താൻ ആ രോഗത്തിന് അടിമയാണെന്ന് സ്വയം ഉറപ്പിക്കുന്നു" എന്ന് കോഴിക്കോട് മൈൻഡ് വീവേഴ്സിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്ലീന നസ്റിൻ പറഞ്ഞു.

വെറും ലക്ഷണങ്ങൾ കൂട്ടിച്ചേർത്ത് ഇല്ലാത്ത രോഗത്തിനായി ചികിത്സ തേടുന്ന ഇത്തരക്കാരിൽ ഏറെയും ഉന്നത വിദ്യാഭ്യാസമുള്ളവരാണെന്നതും രസകരമാണ്.

ഓൺലൈനിൽ തിരയുന്നവർ ഇക്കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കൂ

വിവര സാങ്കേതിക വിദ്യയുടെ വളർച്ച മൂലം സമൂഹത്തിൽ ധാരാളം മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് എന്നത് ശരിയാണ്. ഏതു വിഷയത്തെക്കുറിച്ചുള്ള അറിവുകളും പരിധികളില്ലാതെ എല്ലാവരിലേയ്ക്കും എത്തിപ്പെടാനുണ്ടായ കാരണമിതാണ്. പല അപകട സാഹചര്യങ്ങളിലും ഇങ്ങനെ മനസ്സിലാക്കിയ പ്രഥമശുശ്രൂഷകൾ സഹായകരമായാകാറുണ്ട്.

ചെറുപ്പക്കാർ, യുവതികൾ, ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർ, എന്നിവരാണ് ആരോഗ്യ സംബന്ധമായ വിഷയങ്ങൾ അധികവും ഇൻ്റർനെറ്റിൽ തിരയാറുള്ളത്. ഇത് ഒരുതരത്തിൽ വ്യക്തികളുടെ അറിവ് വർധിപ്പിക്കുന്നതിനും സഹായകരമാണ്.

ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശങ്ങളും നിഗമനങ്ങളും ഉൾക്കൊള്ളുന്നതിനും അവരുമായി ആശയ വിനിമയം നടത്തുന്നതിനും ഇത്തരം വിവരങ്ങൾ സഹായിക്കും.  ഒരു പക്ഷേ കൃത്യ സമയത്ത് ചികിത്സ തേടുന്നതിനു വരെ ഉപകരിക്കാം.

എന്നാൽ, പരിധിയിൽ കൂടുതലുള്ള അറിവുകളുടെ പ്രയോഗം അപകടങ്ങളിലേയ്ക്ക് എത്തിക്കും. ചിലർ ഇത്തരം വിവരങ്ങളിൽ ആഴത്തിൽ വിശ്വസിച്ച് ചികിത്സകൾ വരെ നിഷേധിക്കുന്നു. "അവരുടെ ഓൺലൈൻ കണ്ടെത്തലുകൾ എൻ്റെ ചികിത്സാ രീതിയുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ,  പലരും ചികിത്സ ഉപേക്ഷിച്ച് പുതിയ ഡോക്ടർമാരെ സമീപിക്കാൻ തീരുമാനിക്കുന്നു", കൊച്ചിയിൽ പ്രാക്ടീസ് ചെയ്യുന്ന ഹോമിയോപ്പതി  ഡോക്ടർ സീന സോമൻ അഭിപ്രായപ്പെട്ടു.

നേരിട്ട് ആരോഗ്യ വിദഗ്ധരെ കാണുവാനുള്ള സാമ്പത്തിക സ്ഥിതിയോ, ചികിത്സയ്ക്കാവശ്യമായ ഇൻഷ്വറൻസ് പരിരക്ഷകളോ ഇല്ലാത്തവരും പകരമായി ഇത്തരം  വെബ്സൈറ്റുകളെയാണ് ആശ്രയിക്കാറുള്ളത്.

യാതൊരു പണ ചെലവും ഇല്ലാതെ തന്നെ അവശ്യമായ  വിവരങ്ങളും പരിഹാരങ്ങളും നിർദ്ദേശിക്കപ്പെടുന്നതിനാൽ അവർ കൂടുതലായി ഇതിലേയ്ക്ക് ആകർഷിക്കപ്പെടുന്നു. എന്നാൽ ഡേക്ടറെ നേരിട്ട് കണ്ട് ചികിത്സ തേടുന്നതിന് പകരമാകില്ല ഇത്. 

ആരോഗ്യപരമായ വിവരങ്ങൾ നൽകുന്ന വെബ്സൈറ്റുകളുടെ വിശ്വാസ്യതയാണ് പലപ്പോഴും ശ്രദ്ധിക്കേണ്ടത്. കാലഘട്ടത്തിനനുസരിച്ച രോഗാവസ്ഥകളിലും ലക്ഷണങ്ങളിലും മാറ്റം വന്നിട്ടുണ്ടാകാം.

ഇത്തരം വിവരങ്ങളെല്ലാം ഉൾപ്പെടുത്തി യഥാസമയം വിലയിരുത്തലുകളും പുതുക്കലുകളും നടത്തുകയും അത് രേഖപ്പെടുത്തുകയും ചെയ്തിട്ടുള്ള വെബ്സൈറ്റ് വിവരങ്ങളാണ് വിശ്വസയോഗ്യമായിട്ടുള്ളവ. റിവ്യൂ ചെയ്ത തീയതിയും വിവരങ്ങളും  ലേഖനത്തോടൊപ്പം ചേർത്തിട്ടുണ്ട് എന്ന് ഉറപ്പു വരുത്തുക.

രോഗനിർണ്ണയങ്ങൾക്കും ചികിത്സയ്ക്കും ഉള്ള അവസാന വാക്ക് ആരോഗ്യ വിദഗ്ധരാണ്. ഗൂഗിളിൽ തിരഞ്ഞ് കിട്ടുന്ന രോഗ ലക്ഷണങ്ങൾക്ക് നിങ്ങളുടേതുമായി സാമ്യം തോന്നി എന്നതു കൊണ്ട് മാത്രം വിശ്വസിക്കരുത്. ലക്ഷണങ്ങൾ കണ്ട് ഗൂഗിളിൽ സെർച്ച് ചെയ്യുന്നതിനു പകരം ആരോഗ്യ വിദഗ്ധരുടെ അഭിപ്രായങ്ങൾ ചോദിച്ചറിയുക. 

തയ്യാറാക്കിയത്: ഉമ. എസ്, ഇൻ്റേൺ,ഇന്ത്യൻ എക്‌സ്പ്രസ്. കോം

Read More

Cyber Frauds Mental Health Health Tips Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: