/indian-express-malayalam/media/media_files/2025/01/18/TmLhCDTXEV784rq2dxrQ.jpg)
Source: Freepik
ആരോഗ്യകരമായ ജീവിതത്തിന് ഭക്ഷണം കഴിക്കുന്ന സമയം പ്രധാനമാണ്. ഉച്ചഭക്ഷണത്തിനും അത്താഴത്തിനും ഇടയിലെ സമയദൈർഘ്യവും വളരെ പ്രധാനമാണ്. ഉപാപചയപ്രവർത്തനം, ഊർജ നില, ദഹനം എന്നിവയെ ഇത് സ്വാധീനിച്ചേക്കാം. ഭക്ഷണം കഴിച്ചതിനുശേഷം, ഭക്ഷണം ദഹിക്കാനും പോഷകങ്ങൾ നന്നായി ആഗിരണം ചെയ്യാനും ശരീരത്തിന് സമയം ആവശ്യമാണ്. അതിനാൽ, ഭക്ഷണങ്ങൾക്കിടയിലുള്ള ഇടവേള 4 മുതൽ 6 മണിക്കൂർ വരെ ആയിരിക്കണമെന്ന് ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നു.
ഇത്രയും സമയം ലഭിക്കുന്നതിലൂടെ ആമാശയത്തിന് മുമ്പത്തെ ഭക്ഷണം ദഹിപ്പിക്കാൻ അനുവദിക്കുകയും പിന്നീട് മറ്റൊന്ന് നൽകുകയും ചെയ്യുന്നു. ഇതിലൂടെ രാത്രിയിൽ അമിതമായി ഭക്ഷണം കഴിക്കുന്നതിന് ഇടയാക്കില്ല. ഉച്ചഭക്ഷണം കഴിച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ അടുത്ത ഭക്ഷണം കഴിക്കുന്നത് ദഹനക്കേട്, വയർവീർക്കൽ അല്ലെങ്കിൽ ശരീരഭാരം വർധിപ്പിക്കുന്നതിന് കാരണമാകും. അതേസമയം, വളരെ വൈകി കഴിക്കുന്നത് അമിതമായ വിശപ്പിന് കാരണമാകും. ഇതുവഴി അത്താഴ സമയത്ത് അമിതമായി ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കും.
ഉച്ചഭക്ഷണം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ അത്താഴം കഴിച്ചാൽ, ഉച്ചഭക്ഷണത്തിൽനിന്നുള്ള പോഷകങ്ങൾ ആഗിരണം ചെയ്യാൻ ശരീരത്തിന് ആവശ്യത്തിന് സമയം കിട്ടില്ല. വളരെ വൈകിയാണ് അത്താഴം കഴിക്കുന്നതെങ്കിൽ, ക്ഷീണം, അസ്വസ്ഥത, അല്ലെങ്കിൽ രക്തത്തിലെ പഞ്ചസാര കുറഞ്ഞതിനാൽ മാനസികമായി ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്തതായി തോന്നും. അതിനാൽ ഉച്ചഭക്ഷണത്തിനും അത്താഴത്തിനും ഇടയിലെ ഇടവേള കൃത്യമായി പാലിക്കണം.
ഒരു പതിവ് ഭക്ഷണക്രമം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുതിച്ചുയരുകയോ കുറയുകയോ ചെയ്യുന്നത് തടയുന്നു. ഉച്ചഭക്ഷണത്തിന് ശേഷം വളരെ വേഗം അത്താഴം കഴിക്കുന്നത് അധിക കലോറി സംഭരണത്തിന് കാരണമായേക്കാം, അതേസമയം വൈകിയുള്ള അത്താഴം ഉപാപചയ പ്രവർത്തനങ്ങളെ മന്ദഗതിയിലാക്കുകയും ദഹനത്തെ തടസപ്പെടുത്തുകയും ചെയ്യും, പ്രത്യേകിച്ച് ഉറക്കസമയത്തിന് മുമ്പ് കഴിച്ചാൽ. ഉച്ചഭക്ഷണത്തിനും അത്താഴത്തിനും ഇടയിൽ 4 മുതൽ 6 മണിക്കൂർ വരെ ഇടവേള നിലനിർത്തുന്നത് രാത്രി വൈകിയുള്ള വിശപ്പ് ഒഴിവാക്കാനും നല്ല ഉറക്കം കിട്ടാനും സഹായിക്കും.
രാവിലെ 9 മുതൽ 5 വരെ ജോലിയുള്ള വ്യക്തികൾക്ക്, ഉച്ചഭക്ഷണം പലപ്പോഴും ഉച്ചയ്ക്ക് 12 നും 1 നും ഇടയിലാണ്, അതിനാൽ അത്താഴം വൈകുന്നേരം 6 മണിക്കോ 7 മണിക്കോ ആണ് അനുയോജ്യം. ജോലി സമയം പല സമയത്ത് ഉള്ളവർ അതിനനുസരിച്ച് ക്രമീകരിക്കേണ്ടതുണ്ട്. പ്രമേഹം പോലുള്ള ചില മെഡിക്കൽ അവസ്ഥകൾ ഉള്ളവർക്ക് ചെറിയ അളവിൽ ഇടയ്ക്കിടെ ഭക്ഷണം കഴിക്കാം. വിദഗ്‌ധ ഉപദേശത്തിനായി ഒരു ആരോഗ്യ വിദഗ്‌ധനെ സമീപിക്കണം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.