/indian-express-malayalam/media/media_files/2025/08/15/khushbu-2025-08-15-12-23-10.jpg)
ഖുശ്ബു
ശരീര ഭാരം കുറച്ച് അമ്പരപ്പിച്ച നിരവധി സിനിമാ താരങ്ങളുണ്ട്. നടി ഖുശ്ബു അവരിൽനിന്നും വേറിട്ടു നിൽക്കും. ജിമ്മിൽ പോകാതെ വീട്ടിലിരുന്നാണ് ഖുശ്ബു വണ്ണം കുറച്ചത്. അടുത്തിടെ നലം ക്ലിനിക്കിന്റെ ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്ത ഖുശ്ബു തന്റെ ശരീര ഭാരം കുറയ്ക്കാനുള്ള യാത്രയെക്കുറിച്ച് സംസാരിച്ചിരുന്നു.
"ഞാൻ ശരീര ഭാരം കുറച്ചതിനെക്കുറിച്ച് ധാരാളം ആളുകൾ എന്നോട് ചോദിക്കാറുണ്ട്. 'നിങ്ങൾ ശസ്ത്രക്രിയ നടത്തിയോ?', 'കുത്തിവയ്പ് എടുത്തോ?' എന്നിങ്ങനെ നിരവധി ചോദ്യങ്ങൾ. കൊറോണ സമയത്തെ ലോക്ക്ഡൗൺ ആണ് എനിക്ക് ശരീരഭാരം കുറയ്ക്കാൻ പ്രചോദനം നൽകിയത്. എന്റെ ഭർത്താവാണ് എനിക്ക് ആ പ്രചോദനം നൽകിയത്. എല്ലാ ദിവസവും രാവിലെ അദ്ദേഹം നടക്കാൻ പോകുന്നത് ഞാൻ കണ്ടു. തുടക്കത്തിൽ, 'അദ്ദേഹത്തിന് സമയമുണ്ട്, പക്ഷേ എനിക്ക് സമയമില്ല' എന്ന് ഞാൻ കരുതി. പക്ഷേ, കോവിഡ് സമയത്ത് വീടിനുള്ളിൽ തന്നെ ഇരുന്നുകൊണ്ട് അദ്ദേഹം ദിവസവും ഒരു മണിക്കൂർ വ്യായാമവും യോഗയും ചെയ്യുന്നത് എനിക്ക് പ്രചോദനം നൽകി," ഖുശ്ബു പറഞ്ഞു.
Also Read: ജിമ്മിൽ പോയാലും വണ്ണം കുറയില്ല; ഇത് നിയന്ത്രിക്കണമെന്ന് ഡോക്ടർ
8,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഞങ്ങളുടെ വീട്ടിൽ അന്ന് ജോലിക്കാർ ഇല്ലാതിരുന്നതിനാൽ, പുലർച്ചെ 4 മണി മുതൽ ഞാൻ എല്ലാ ജോലികളും സ്വയം ചെയ്യാൻ തുടങ്ങി. പാചകം, വീട് വൃത്തിയാക്കൽ, പാത്രങ്ങൾ കഴുകൽ, തുണി അലക്കൽ എന്നിവയെല്ലാം ചെയ്തു. ഈ ജോലികൾ ചെയ്യാൻ ഞാൻ അങ്ങോട്ടും ഇങ്ങോട്ടും ഓടുമ്പോൾ, എന്റെ ചർമ്മവും മുടിയും ഉൾപ്പെടെ എല്ലാം ആരോഗ്യകരമായി മാറുന്നത് ഞാൻ ശ്രദ്ധിച്ചു. എനിക്ക് കൂടുതൽ ഫിറ്റ്നസും തോന്നിയെന്ന് ഖുശ്ബു വ്യക്തമാക്കി.
Also Read: 6 മാസം കൊണ്ട് കുറച്ചത് 13 കിലോ; 78 ൽനിന്ന് 65 ലേക്ക് വണ്ണം കുറച്ച് യുവതി
നിങ്ങളുടെ ആരോഗ്യം നിങ്ങളുടെ കൈകളിലാണ്
"മൂന്നര വർഷം മുമ്പ്, എനിക്ക് ഏകദേശം 98 കിലോ ഭാരമുണ്ടായിരുന്നു, പക്ഷേ ഞാനത് അത്ര കാര്യമാക്കിയില്ല. ശരീര ഭാരം കുറച്ചശേഷം എന്റെ പഴയ ഫോട്ടോ നോക്കിയപ്പോഴാണ് ഞാൻ എത്ര തടിച്ചവളാണെന്ന് എനിക്ക് മനസിലായത്. എന്റെ ചുറ്റുമുള്ള ആളുകൾ എന്നെ എല്ലാ ദിവസവും കാണുന്നതിനാൽ അവർക്കും അതൊരു പ്രശ്നമായി തോന്നിയില്ല. ഞാൻ ശരീര ഭാരം കുറച്ചപ്പോഴാണ്, അവർ അതിശയത്തോടെ നിനക്ക് ഇത്രയും വണ്ണം ഉണ്ടായിരുന്നോയെന്ന് ചോദിച്ചത്. ശരീര ഭാരം കുറയ്ക്കാനുള്ള യാത്ര ഞാൻ ആസ്വദിച്ചാണ് ചെയ്തത്. എന്റെ പ്രിയപ്പെട്ട ഭക്ഷണങ്ങൾ ഒന്നും തന്നെ ഒഴിവാക്കിയില്ല. ഐസ്ക്രീം മുതൽ മധുരപലഹാരങ്ങൾ വരെ എല്ലാം മിതമായി കഴിച്ചു. എവിടെ നിർത്തണമെന്ന് എനിക്കറിയാമായിരുന്നു. ഭാരം കുറയ്ക്കുന്നത് എളുപ്പമാണ്. അത് നിലനിർത്തുക എന്നതാണ് ബുദ്ധിമുട്ടുള്ള കാര്യം. 6 മാസത്തിനുള്ളിൽ ഭാരം കുറയ്ക്കുകയും അടുത്ത 6 മാസത്തിനുള്ളിൽ വീണ്ടും 10 കിലോ കൂടുകയും ചെയ്യുന്നതിൽ അർത്ഥമില്ല."
Also Read: രാവിലെ ഭക്ഷണം കഴിക്കുന്നതിന് മുൻപേ ബ്ലഡ് ഷുഗർ ഉയരുന്നോ? ഇതാവാം കാരണം
നിങ്ങളുടെ ശരീരം പറയുന്നത് കേൾക്കൂ
"ശരീര ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ. നമ്മുടെ ശരീരത്തിന് ആവശ്യമുള്ളത് നമ്മൾ കഴിക്കാറില്ല. നമ്മുടെ നാവിന് ഇഷ്ടമുള്ളത് നമ്മൾ കഴിക്കും. ഇതാണ് നമ്മൾ ചെയ്യുന്ന ഏറ്റവും വലിയ തെറ്റ്. ഞാൻ ഒരിക്കലും ചായയിൽ ഒരു സ്പൂൺ പഞ്ചസാര ചേർക്കുന്നത് നിർത്തിയില്ല. പക്ഷേ, എന്റെ കാലറി എവിടെയാണ് കുറയ്ക്കേണ്ടതെന്ന് എനിക്കറിയാമായിരുന്നു. ശരീര ഭാരം കുറയുമ്പോൾ, നിങ്ങൾക്ക് ശാരീരികമായി മാത്രമല്ല, മാനസികമായും ആരോഗ്യം അനുഭവപ്പെടും. നിങ്ങളുടെ ശരീരം, ചർമ്മം, മുടി, എല്ലാം തിളങ്ങും. നിങ്ങൾ കൂടുതൽ സന്തോഷവതിയായി മാറും," ഖുശ്ബു തുറന്നു പറഞ്ഞു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Readb More: പ്രമേഹം ഉണ്ടെന്ന് കണ്ടെത്തിയാൽ ചോറ് കഴിക്കുന്നത് കുറയ്ക്കണോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.