/indian-express-malayalam/media/media_files/wXdQ7bnWGRUKWO5G5inG.jpg)
പേടിഎം പേയ്‌മെന്റസ് ബാങ്കിന് കനത്ത തിരിച്ചടിയായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണം. ബാങ്കിന്റെ ചില സേവനങ്ങൾക്കാണ് ആർബിഐ നിയന്ത്രണം ഏർപ്പെടുത്തിയത്. മാർച്ച് മുതല്‍ പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കാനോ വാലറ്റുകള്‍ ടോപ്പ് അപ്പ് ചെയ്യാനോ പാടില്ലെന്നും പുതിയ ഉപഭോക്താക്കളെ ചേര്‍ക്കരുതെന്നുമാണ് നിർദേശം. ഇത് കമ്പനിയുടെ ബിസിനസിലെ കാര്യമായി ബാധിച്ചിട്ടുണ്ട്.
ആർബിഐയുടെ പുതിയ നടപടി സാങ്കേതികമായി പേടിഎം പേയ്‌മെന്റ്സ് ബാങ്കിന്റെ ലൈസൻസ് റദ്ദാക്കലല്ലെങ്കിലും, കമ്പനിയുടെ പ്രവർത്തനങ്ങളെ ഒരു പരിധി വരെ പരിമിതപ്പെടുത്തുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാനാവില്ലെങ്കിലും അക്കൗണ്ടില്‍ നിലവിലുള്ള തുക പിന്‍വലിക്കുന്നതിന് യാതൊരുവിധ തടസവുമില്ല. എന്നാൽ, ആർബിഐയുടെ ഈ നടപടി വലിയൊരു വിഭാഗം ഉപഭോക്താക്കളെ ബാധിച്ചേക്കാം. ആര്‍ബിഐയുടെ ചട്ടങ്ങളില്‍ പേടിഎം പേയ്‌മെന്റസ് ബാങ്ക് തുടര്‍ച്ചയായി വീഴ്ചകള്‍ വരുത്തുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പുതിയ നടപടി.
ആർബിഐ നിർദേശത്തിൽ എന്താണ് പറയുന്നത്?
ഏതെങ്കിലും ഉപഭോക്തൃ അക്കൗണ്ടിൽനിന്നുള്ള നിക്ഷേപങ്ങളോ അല്ലെങ്കിൽ ടോപ്പ്-അപ്പുകളോ സ്വീകരിക്കുക, പ്രീപെയ്ഡ് ഉപകരണങ്ങൾ, വാലറ്റുകൾ, ഫാസ്‌ടാഗുകൾ, നാഷണൽ കോമൺ മൊബിലിറ്റി കാർഡ് (എൻസിഎംസി) തുടങ്ങി എല്ലാ പ്രധാന സേവനങ്ങളും നൽകുന്നതിൽനിന്ന് പേടിഎം പേയ്‌മെന്റ്സ് ബാങ്കിനെ സെൻട്രൽ ബാങ്ക് വിലക്കിയിട്ടുണ്ട്.
തുക കൈമാറ്റങ്ങൾ പോലെയുള്ള മറ്റ് ബാങ്കിങ് സേവനങ്ങളൊന്നും (AEPS, IMPS, പോലുള്ളവ), BBPOU, UPI സൗകര്യങ്ങൾ 2024 ഫെബ്രുവരി 29-ന് ശേഷം ബാങ്ക് നൽകേണ്ടതില്ലെന്ന് ആർബിഐ പറയുന്നു. മാതൃ കമ്പനിയായ One97 കമ്മ്യൂണിക്കേഷൻസിന്റെയും പേടിഎം പേയ്‌മെന്റ്സ് സേവനങ്ങളുടെയും നോഡൽ അക്കൗണ്ടുകൾ ഫെബ്രുവരി 29-ന് ശേഷം എത്രയും വേഗം അവസാനിപ്പിക്കണമെന്നും നിർദേശത്തിലുണ്ട്.
ഫെബ്രുവരി 29-നോ അതിനുമുമ്പോ ആരംഭിച്ച എല്ലാ ട്രാൻസാക്ഷനുകളും മാർച്ച് 15-നകം അവസാനിപ്പിക്കണമെന്നും അതിനുശേഷം ഒരു ഇടപാടുകളും അനുവദിക്കില്ലെന്നും നിർദേശമുണ്ട്.
ഉപഭോക്താക്കള്‍ക്ക് അക്കൗണ്ടില്‍ നിലവിലുള്ള തുക പിന്‍വലിക്കാന്‍ കഴിയുമോ?
സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾ, കറന്റ് അക്കൗണ്ടുകൾ, പ്രീപെയ്ഡ് ഇൻസ്ട്രുമെന്റ്സ്, ഫാസ്ടാഗുകൾ, NCMC മുതലായവ ഉൾപ്പെടെയുള്ള അവരുടെ പേടിഎം അക്കൗണ്ടുകളിൽ നിന്ന് ഉപഭോക്താക്കൾക്ക് പണം പിൻവലിക്കുകയോ വിനിയോഗിക്കുകയോ ചെയ്യുന്നതിന് യാതൊരുവിധ തടസവുമില്ലെന്ന് ആർബിഐ പറയുന്നു. എന്നാൽ, വായ്പകൾ, മ്യൂച്വൽ ഫണ്ടുകൾ, ബിൽ പേയ്‌മെന്റുകൾ, ഡിജിറ്റൽ ഗോൾഡ്, ക്രെഡിറ്റ് കാർഡുകൾ തുടങ്ങിയ നിരവധി സേവനങ്ങളെക്കുറിച്ച് ആർബിഐ പ്രസ്താവനയിൽ പരാമർശിക്കുന്നില്ല.
പേടിഎമ്മിനെതിരായ ആർബിഐയുടെ നടപടിക്ക് കാരണമെന്ത്?
പേടിഎം പേയ്‌മെന്റ്സ് ബാങ്ക് 2018 മുതൽ ആർബിഐയുടെ സൂക്ഷ്മ നിരീക്ഷണത്തിലായിരുന്നു. എന്നാൽ, പേടിഎമ്മിനെതിരായ ഏറ്റവും പുതിയ നടപടിയുടെ കൃത്യമായ കാരണങ്ങൾ ആർബിഐ വ്യക്തമാക്കിയിട്ടില്ല. കെവൈസി പാലിക്കുന്നതിലും ഐടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമാണ് പുതിയ നടപടിക്ക് ഇടയാക്കിയതെന്നാണ് വൃത്തങ്ങളിൽനിന്നും ലഭിക്കുന്ന വിവരം.
പേടിഎം പേയ്‌മെന്റ്സ് ബാങ്കും അതിന്റെ മാതൃസ്ഥാപനമായ One97 കമ്മ്യൂണിക്കേഷനും ആർബിഐ ചട്ടങ്ങളിൽ തുടർച്ചയായി വീഴ്ച വരുത്തിയതും അവരുടെ ഓഹരി വഴി പേയ്‌മെന്റുകളിൽ പരോക്ഷ ഷെയർഹോൾഡർമാരായ ചൈന ആസ്ഥാനമായുള്ള കമ്പനിയിലേക്കുള്ള ഡാറ്റ ആക്‌സസ്സും ആർബിഐ പരിശോധനയ്ക്ക് വിധേയമായതായി അറിയുന്നു. ഈ ആശങ്കകൾ ഒന്നിലധികം തലങ്ങളിൽ ദീർഘനാളായി പരിഹരിക്കുന്നതിൽ പരാജയപ്പെട്ടതാണ് ആർബിഐയുടെ ഏറ്റവും പുതിയ നടപടിയിലേക്ക് നയിച്ചത്.
ചൈനീസ് കമ്പനിയായ ആലിബാബയുമായി സംയോജിച്ച ആൻഡ്ഫിൻ, One97 കമ്മ്യൂണിക്കേഷൻസിലെ അവരുടെ ഓഹരികൾ കുറയ്ക്കുന്നുണ്ടെങ്കിലും ഇപ്പോഴും അവർ കമ്പനിയുടെ ഒരു ഓഹരിയുടമയാണ്. സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഡാറ്റ പ്രകാരം ഡിസംബർ 31 വരെ ആൻഡ്ഫിന് പേടിഎം കമ്പനിയിൽ 9.89 ശതമാനം ഓഹരിയുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്ര ബന്ധം മോശമായത് കണക്കിലെടുത്ത്, ഇന്ത്യൻ കമ്പനികളിലെ ചൈനീസ് നിക്ഷേപം ആർബിഐയുടെ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്.
പേടിഎമ്മിനെതിരായ ആർബിഐയുടെ മുൻ നടപടികൾ
ചട്ടങ്ങൾ പാലിക്കാത്തതിനാൽ 2023 ഒക്ടോബറിൽ, പേടിഎം പേയ്‌മെന്റ്സ് ബാങ്കിന് 5.39 കോടി രൂപ ആർബിഐ പിഴ ചുമത്തിയിരുന്നു. 2022 മാർച്ചിൽ, പുതിയ ഉപഭോക്താക്കളെ ചേർക്കുന്നത് നിർത്താൻ പേടിഎം പേയ്‌മെന്റ്സ് ബാങ്കിന് ആർബിഐ നിർദേശം നൽകിയിരുന്നു.
Read More
- 'രാം ലല്ല' മിഴി തുറന്നു; കനത്ത സുരക്ഷയിൽ അയോധ്യ
- താൽക്കാലിക ആശുപത്രികൾ, ഫസ്റ്റ് എയ്ഡ് ബൂത്തുകൾ; അയോധ്യയിൽ മെഡിക്കൽ ടീമുകൾ സജ്ജം
- രാമക്ഷേത്രത്തിലേക്ക് പൊതുജന പ്രവേശനം എന്നു മുതൽ? വിഗ്രഹ പ്രതിഷ്ഠക്ക് മുന്നോടിയായി നടക്കുന്ന പൂജാവിധികൾ; 'രാം ലല്ലയുടെ' പ്രതിഷ്ഠാ വിശേഷങ്ങൾ
- ദേശീയ നേതൃത്വത്തിന്റെ എതിർപ്പിനിടയിലും അയോധ്യ സന്ദർശിച്ച് യു പിയിലെ കോൺഗ്രസ് നേതൃത്വം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.