/indian-express-malayalam/media/media_files/MJPvqIV3xthF9QKefYUB.jpg)
ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന മലൈക്കോട്ടൈ വാലിബൻ എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ. 2024 ജനുവരി 25ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറുകളും ട്രെയിലറുമെല്ലാം വരാനിരിക്കുന്നത് ഒരു ഗംഭീര ദൃശ്യാനുഭവം ആയിരിക്കുമെന്ന പ്രതീക്ഷയാണ് സമ്മാനിക്കുന്നത്.
മലൈക്കോട്ടൈ വാലിബൻ എന്ന പേര് എങ്ങും നിറഞ്ഞു നിൽക്കുമ്പോൾ ഒരിക്കലെങ്കിലും നിങ്ങൾ ഓർത്തുകാണില്ലേ? എന്താണ് ഈ മലൈക്കോട്ടൈ എന്ന്? യഥാർത്ഥത്തിൽ മലൈക്കോട്ടൈ എന്നു പറഞ്ഞൊരു സ്ഥലമുണ്ടോ? അതോ സാങ്കൽപ്പികദേശമാണോ?
മലൈക്കോട്ടൈ ഒരു സാങ്കൽപ്പിക ദേശത്തിന്റെ പേരല്ല. തമിഴ്നാട്ടിലെ കാവേരി നദി തീരത്ത് തിരുച്ചിറപ്പള്ളി നഗരത്തിൽ ഒരു മലൈക്കോട്ടെ സ്ഥിതി ചെയ്യുന്നുണ്ട്. തിരുച്ചിറപ്പള്ളി റോക്ക്ഫോർട്ട് എന്നറിയപ്പെടുന്ന ഈ കോട്ട പ്രദേശവാസികൾക്ക് മലൈക്കോട്ടൈ ആണ്. നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ലാൻഡ്മാർക്കാണ് ഈ മലൈക്കോട്ടൈ.
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നിർമ്മിതികളിൽ ഒന്നാണ് ഈ പാറ എന്നാണ് പറയപ്പെടുന്നത്. ഇതിന് 3.8 ബില്യൺ വർഷങ്ങൾ പഴക്കമുണ്ടെന്നാണ് കണക്ക്. ഗ്ലാസ് നിർമ്മാണത്തിൽ ഉപയോഗിക്കുന്ന ക്വാർട്സ്, സെറാമിക്സിൽ ഉപയോഗിക്കുന്ന ഫെൽഡ്സ്പാർ എന്നിവയുടെ സാന്നിധ്യം ഈ പാറക്കൂട്ടത്തിൽ കാണപ്പെടുന്നു.
ഏതാണ്ട് 83 മീറ്റർ (272 അടി) ഉയരമുള്ള പാറയിലാണ് ഈ കോട്ട നിർമ്മിച്ചിരിക്കുന്നത്. മാത്രമല്ല, ഒരു ക്ഷേത്ര സമുച്ചയം കൂടിയാണ് ഇത്. കോട്ടയ്ക്ക് അകത്ത് ഏതാനും ക്ഷേത്രങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്. ലളിതാംകുര പല്ലവേശ്വര ഗൃഹം, മാണിക്ക വിനായകർ ക്ഷേത്രം, മലമുകളിലെ ഉച്ചി പിള്ളയാർ ക്ഷേത്രം, തായുമനസ്വാമി ക്ഷേത്രം എന്നിവയാണവ. കല്ലിൽ വെട്ടിയ 344 പടികൾ കയറി വേണം കോട്ടയ്ക്കു മുകളിലെത്താൻ.
മലൈക്കോട്ടൈയുടെ ചരിത്രം
വലിയൊരു പാറയിൽ തീർത്ത ഈ കോട്ടയ്ക്ക് ചരിത്രപരമായും വലിയ പ്രാധാന്യമുണ്ട്. മധുരൈ നായ്ക്കരും ബീജാപ്പൂരിലെ ആദിൽ ഷാഹി രാജവംശവും കർണാടക മേഖലയിലെ മറാത്ത സാമ്രാജ്യത്വ സേനയും തമ്മിലുള്ള ഘോരമായ യുദ്ധങ്ങൾക്ക് ഈ കോട്ട സമുച്ചയം സാക്ഷ്യം വഹിച്ചിട്ടുണ്ട് എന്നാണ് ചരിത്രം പറയുന്നത്. കർണാടിക് യുദ്ധസമയത്തും ഈ കോട്ട പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു.
പുരാതനകാലത്ത് ഇതൊരു സൈനിക കോട്ടയായിരുന്നു. മഹേന്ദ്രവർമൻ ഒന്നാമന്റെ കാലത്ത് പല്ലവർ പണികഴിപ്പിച്ച ഒരു ഗുഹാക്ഷേത്രമാണ് കോട്ടയിലെ ഏറ്റവും പഴക്കമുള്ള നിർമിതികളിൽ ഒന്ന്. പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ഈ പ്രദേശം വിജയനഗര സാമ്രാജ്യത്തിന്റെ മുൻ ഗവർണർമാരായ മധുരൈ നായ്ക്കരുടെ നിയന്ത്രണത്തിലായത്.
മധുരൈ നായ്ക്കരുടെകീഴിലാണ് തിരുച്ചിറപ്പള്ളി അഭിവൃദ്ധി പ്രാപിച്ച് ഇന്നു കാണുന്ന രീതിയിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടത്. മധുരൈ നായ്ക്കർ റോക്ക് ഫോർട്ട് ടെമ്പിൾ തടാകവും പ്രധാന മതിലുകളും അടിത്തറയായി നിർമ്മിച്ച് നഗരത്തെ ഒരു വ്യാപാര നഗരമായി മാറ്റി. പിന്നീട് അത് മധുരൈ നായ്ക്കരുടെ തലസ്ഥാനമായി മാറി.
നായ്ക്കുകൾക്ക് ശേഷം, ചന്ദാ സാഹിബ് മലൈക്കോട്ടെ കൈവശപ്പെടുത്തി, ഫ്രഞ്ചുകാരുമായി സഖ്യം ചേർന്ന് നാട് ഭരിച്ചു. എന്നാൽ, കർണാടക യുദ്ധത്തിനുശേഷം ഫ്രഞ്ചുകാരിൽ നിന്നും ബ്രിട്ടീഷുകാർ കോട്ട പിടിച്ചെടുത്തതോടെ കോട്ടയ്ക്ക് മേലുള്ള ചന്ദാ സാഹിബിന്റെ അധികാരം നഷ്ടപ്പെട്ടു. അതോടെ ബ്രിട്ടീഷുകാർ തമിഴ്നാട്ടിലും പിന്നീട് ദക്ഷിണേന്ത്യയിലും കാലുറപ്പിച്ചു.
ഇന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ചെന്നൈ സർക്കിളാണ് മലൈക്കോട്ടയുടെ പരിപാലനവും ഭരണവും നടത്തുന്നത്. തമിഴ്നാട്ടിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഇപ്പോൾ മലൈക്കോട്ടെ.
1849ൽ റോക്ക്‌ഫോർട്ടിനകത്തെ ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും പെട്ട് ഏകദേശം 500 പേർ മരിച്ചതായി ജാനകിരാമൻ എഴുതിയ നന്ദന്തൈ വഴി കാവേരി എന്ന പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്.
തിരുച്ചിറപ്പള്ളിയിലെ ഇതേ മലൈക്കോട്ടെ ആണോ ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ മലൈക്കോട്ടെ വാലിബന് ക്യാൻവാസ് ആയതെന്നു കാത്തിരുന്നു അറിയണം.
Read More Entertainment Stories Here
- സൂര്യന്റെ തീ, ഈ കോട്ട ചാമ്പലാക്കും; ദൃശ്യവിരുന്നൊരുക്കി 'മലൈക്കോട്ടൈ വാലിബൻ' ട്രെയിലർ
- മദഭര മിഴിയോരം; മോഹൻലാലിനൊപ്പം സുചിത്ര, മലൈക്കോട്ടയിലെ പുതിയ ഗാനമെത്തി
- ആനയുടെ തലവട്ടം കണ്ടാൽ ജയറാമിനറിയാം ആരാണ് ആ കേമനെന്ന്: വീഡിയോ
- ലഗേജ് എത്താൻ വൈകി; കാത്തിരിപ്പുസമയം ആഘോഷമാക്കി ശിവമണിയുടെ പെർഫോമൻസ്
- ഗേറ്റ് എവിടെക്കണ്ടാലും ആടിക്കോണം, പ്രായമൊന്നും നോക്കരുതെന്ന് അംബിക; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.