/indian-express-malayalam/media/media_files/2024/12/06/3NHOBfj5bbcKd0xed0B4.jpg)
അല്ലു അർജുൻ, ജിസ് ജോയ്
റിമോട്ടിൽ മ്യൂട്ട് ബട്ടൺ അമർത്തി സിനിമ കാണുന്നതു പോലെയാവും, മലയാളിയെ സംബന്ധിച്ച് ജിസ് ജോയുടെ ശബ്ദമില്ലാതെ ഒരു അല്ലു അർജുൻ പടം കാണുന്നത്! അല്ലു അർജുന്റെ അഭിനയത്തിനും ആക്ഷനും ഡാൻസിനും ഒപ്പം ജിസ് ജോയുടെ ശബ്ദം കൂടി ചേരുമ്പോഴേ മലയാളികൾക്ക് അവരുടെ കാഴ്ചാനുഭവം പൂർണമാകൂ. കാരണം, അത്രയേറെ ആഴത്തിൽ അല്ലു അർജുനുമായി മലയാളികളുടെ മനസ്സിൽ താദാത്മ്യം പ്രാപിച്ചു കഴിഞ്ഞു ജിസ് ജോയുടെ ശബ്ദം.
അർജുനെ മലയാളി ആദ്യം കേട്ടത് ജിസ് ജോയുടെ ശബ്ദത്തിലൂടെയാണ്. ആര്യ മുതൽ ഇങ്ങോട്ട്, അല്ലു അർജുന്റെ എല്ലാ സിനിമകൾക്കും മലയാളത്തിൽ ഡബ്ബ് ചെയ്യുന്നത് ജിസ് ജോയ് ആണ്. ഒരൊറ്റ തവണ മാത്രം പക്ഷേ ആ പതിവു തെറ്റി, 'കില്ലാടി' എന്ന ചിത്രത്തിന്റെ കാര്യത്തിലായിരുന്നു അത്. അതുവരെ അല്ലു അർജുൻ ചിത്രങ്ങൾ മലയാളത്തിലേക്ക് ഡബ്ബ് ചെയ്തിറക്കിയ ഖാദർ ഹസ്സൻ ആയിരുന്നില്ല അത്തവണ, അല്ലു ചിത്രം ഏറ്റെടുത്തത്. മറ്റൊരു നിർമാതാവായിരുന്നു. ആരു ഡബ്ബ് ചെയ്താൽ എന്താണെന്നു കരുതിയാവാം ആ നിർമാതാവ് ജിസ് ജോയുടെ ശബ്ദമല്ലാതെ വേറൊരാളുടെ ശബ്ദം പരീക്ഷിച്ചു നോക്കി. പക്ഷേ, ആളുകൾ ആ ശബ്ദം തിരസ്കരിച്ചു, ഫലമോ 'കില്ലാഡി' മലയാളത്തിൽ ഫ്ളോപ്പായി. പിന്നീട്, അല്ലുവിനായി ജിസിനെയല്ലാതെ മറ്റൊരാളെ പരീക്ഷിക്കാൻ ആരും ശ്രമിച്ചില്ല. അല്ലു സിനിമകൾക്കൊപ്പമുള്ള ജിസിന്റെ യാത്ര ഇപ്പോൾ തിയേറ്ററിൽ വിജയകരമായി പ്രദർശനം തുടരുന്ന പുഷ്പ 2വിൽ വരെ എത്തി നിൽക്കുന്നു.
ഓരോ പടം കഴിയുമ്പോഴും ഒരു നടനെന്ന രീതിയിൽ കൂടുതൽ മെച്ച്വേർഡ് ആവുന്നുണ്ട് അല്ലു എന്നാണ് ജിസ് പറയുന്നത്. "അല്ലു ഓരോ പടം കഴിയുന്തോറും അഭിനയത്തിൽ ഒരുപാട് മെച്വേർഡ് ആയിട്ടുണ്ട്. ശരിക്കും ഒരു എന്റർടെയിൻമെന്റ് പാക്കേജ് ആണ് അല്ലു. കോമഡി ചെയ്യുക എന്നത് വലിയ കഷ്ടപ്പാടുള്ള കാര്യമാണ്. അല്ലു പക്ഷേ നന്നായി കോമഡി ചെയ്യും, നന്നായി ഡാൻസ് ചെയ്യും. ഇതു രണ്ടും സിനിമയിൽ വലിയ ബുദ്ധിമുട്ടുള്ള കാര്യങ്ങളാണ്. അതിനാൽ തന്നെ അതുരണ്ടും ഗംഭീരമായി ചെയ്യുമ്പോൾ നമുക്കും ശ്രദ്ധിക്കാതിരിക്കാനാവില്ല. മികച്ച നടനുള്ള നാഷണൽ അവാർഡ് പോലും ആ സംസ്ഥാനത്തേക്ക് ആദ്യമായി കൊണ്ടുചെല്ലുന്നത് അല്ലുവാണ്. ഓരോ സിനിമകൾ കഴിയുമ്പോഴും അല്ലു സ്വയം മെച്ചപ്പെടുന്നു," ജിസ് പറഞ്ഞു.
'പുഷ്പ 2' പൂർത്തിയാക്കിയത് 12 ദിവസം കൊണ്ട് അല്ലുവിനു വേണ്ടി ഡബ്ബ് ചെയ്തു തുടങ്ങുന്ന കാലത്ത് ഡബ്ബിംഗ് തിരുവനന്തപുരത്തായിരുന്നു നടന്നിരുന്നത്. പിന്നീട് ഹൈദരാബാദിൽ പോയി കുറേ ചിത്രങ്ങൾക്ക് ഡബ്ബ് ചെയ്തിട്ടുണ്ട്. എന്നാൽ, 'പുഷ്പ 2'ന്റെ ഡബ്ബിംഗ് മുഴുവനും കൊച്ചിയിലായിരുന്നു. ഇവിടെ ആയപ്പോൾ കുറച്ചുകൂടി സൗകര്യമായി. മൂന്നുമണിക്കൂർ വച്ച് 12 ദിവസം കൊണ്ടാണ് പുഷ്പ 2വിന്റെ ഡബ്ബിംഗ് ഞാൻ തീർത്തത്. നല്ല അനുഭവമായിരുന്നു അത്.
കഷ്ടപ്പെട്ടും കഷ്ടപ്പെടുത്തിയും പൂർത്തിയാക്കിയ ആര്യയിൽ അല്ലുവിനു ഡബ്ബ് ചെയ്യാൻ വിളിക്കുമ്പോൾ, എനിക്ക് ഈ ഡബ്ബിംഗ് പടങ്ങൾ ചെയ്തതിന്റെ എക്സ്പീരിയൻസ് ഒന്നുമില്ലായിരുന്നു. അതിനാൽ തന്നെ കുറേ സമയമെടുത്താണ് ഞാൻ ആര്യ പൂർത്തിയാക്കിയത്. ആ സമയത്ത് ഞാൻ ഫുൾടൈം ഡബ്ബിംഗ് ആർട്ടിസ്റ്റായി ജോലി ചെയ്യുകയാണ്. ഏഴോളം സീരിയലുകളിലെ നായകന്മാർക്ക് ശബ്ദം നൽകുന്നുണ്ടായിരുന്നു.
കായംകുളം കൊച്ചുണ്ണി എന്ന സീരിയലിൽ മണിക്കുട്ടനു ശബ്ദം നൽകിയതും ഞാനായിരുന്നു. ആ സെയിം വോയിസ് ആണ് ഞാൻ ആദ്യം ആര്യയ്ക്കു വേണ്ടി കൊടുത്തത്. പക്ഷേ അതു ശരിയായില്ല, അതിൽ കുറേ മാറ്റങ്ങൾ വരുത്തേണ്ടി വന്നു. തിരുവനന്തപുരത്ത് ശ്രീമൂവീസ് തിയേറ്ററിൽ പോയി, അവിടെയായിരുന്നു ഡബ്ബിംഗ്. മൂന്നു ദിവസം കൊണ്ട് ഒരുപാട് കഷ്ടപ്പെട്ടും കഷ്ടപ്പെടുത്തിയുമൊക്കെയാണ് ആ പടം പൂർത്തിയാക്കിയത്. പക്ഷേ കഷ്ടപ്പാടിനു ഫലമുണ്ടായ, ആര്യ കേരളത്തിൽ വലിയ ഹിറ്റായി മാറി.
അല്ലുവിന്റെ രണ്ടു പടത്തിനു ഡബ്ബ് ചെയ്തതിനു ശേഷമാണ്, ഞാൻ അല്ലുവിനെ നേരിൽ കാണുന്നത്. അല്ലുവിന്റെ പടങ്ങൾ കേരളത്തിൽ ഹിറ്റായി തുടങ്ങിയതോടെ ആളിവിടെ പ്രമോഷനും മാർക്കറ്റിംഗിനുമൊക്കെ വരാൻ തുടങ്ങി. ആ സമയത്ത്, അല്ലു അർജുൻ പടങ്ങളെ കേരള മാർക്കറ്റിനു പരിചയപ്പെടുത്തിയ പ്രൊഡ്യൂസർ ഖാദർ ഹസ്സൻ ആണ് എന്നെ ഇവന്റിലേക്ക് ക്ഷണിക്കുന്നത്. അദ്ദേഹം തന്നെ എന്നെ നേരിട്ട് അല്ലുവിനു പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്തു.
മലയാളികളിൽ പലരും അല്ലു സംസാരിക്കുന്നത് മുൻപ് അധികം കേട്ടിരുന്നില്ല. അതുകൊണ്ടു തന്നെ, അല്ലു എന്നു ഓർക്കുമ്പോൾ അവർക്ക് എന്റെ ശബ്ദമാണ് ഓർമ വരിക. കുറേനാൾ സിനിമകളിൽ അല്ലുവിന്റെ ശബ്ദമായി എന്റെ ശബ്ദം കേട്ടിട്ട്, പിന്നീട് അല്ലു അഭിമുഖങ്ങളിലും മറ്റും സംസാരിക്കുന്നതു കേട്ടിട്ട് ഇതെന്താ ഇങ്ങനെ എന്നൊക്കെ ചോദിച്ച ആളുകളുണ്ട്. അവർക്കത് പെട്ടെന്ന് അംഗീകരിക്കാൻ പറ്റില്ല. തിരിച്ചും രസകരമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഞാൻ ഫോണിലൊക്കെ സംസാരിക്കുമ്പോൾ ഇതെന്താ അല്ലു അർജുന്റെ വോയിസ് എന്നു അമ്പരക്കുന്നവരുമുണ്ട്.
കളിച്ചു നടക്കാതെ, നന്നായി പഠിക്കാൻ മക്കളെ അല്ലു അർജുന്റെ ശബ്ദത്തിൽ ഒന്നു ഉപദേശിക്കാമോ എന്നൊക്കെ ചോദിച്ച് വരുന്ന പാരന്റ്സ് ഉണ്ട്. ചിലർ വിളിക്കുക, അല്ലു അർജുന്റെ ശബ്ദത്തിൽ ഒരു പിറന്നാൾ വിഷ് തരാമോ? ചങ്ങാതിമാരെ സർപ്രൈസ് ചെയ്യിപ്പിക്കാനാണ് എന്നൊക്കെ പറഞ്ഞാണ്. അല്ലുവിന്റെ ശബ്ദത്തിൽ വിഷസ് ചോദിച്ച് ഒരുപാട് പേർ എന്നെ വിളിക്കാറുണ്ട്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.