/indian-express-malayalam/media/member_avatars/N5ZjXXWsNcIdzMM523Jm.jpg )
/indian-express-malayalam/media/media_files/2024/12/05/tx5gbNm6gOOrGCztcsNu.jpg)
ഏതൊരു താരവും കൊതിക്കുന്ന ബോക്സോഫീസ് വരവേൽപ്പോടെ, അല്ലു അർജുൻ നായകനായ 'പുഷ്പ 2' ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. 105 കോടിയോളം രൂപയാണ് ചിത്രം അഡ്വാൻസ് ബുക്കിംഗിലൂടെ നേടിയത്. അല്ലു അർജ്ജുനെ പോലെയൊരു താരത്തെ സംബന്ധിച്ച് കോടികളുടെ കണക്കുകൾ ഇന്നത്ര പുത്തരിയല്ല. എന്നാൽ, അല്ലു ഇന്ന് കാണുന്ന പാൻ ഇന്ത്യൻ സൂപ്പർസ്റ്റാറായി മാറുന്നതിനു മുൻപ്, കൃത്യമായി പറഞ്ഞാൽ 20 വർഷങ്ങൾക്കു മുൻപു, അയാളിലെ താരത്തെ തിരിച്ചറിഞ്ഞൊരു മലയാളിയുണ്ട്. ആ മനുഷ്യനാണ്, അല്ലുവിനെ മലയാളികൾക്കു പരിചയപ്പെടുത്താനും അത്രയൊന്നും മാർക്കറ്റ് വാല്യൂ അവകാശപ്പെടാനില്ലാതിരുന്ന ആ 22കാരനെ മലയാളികളുടെ മനസ്സിലേക്കെത്തിക്കുന്നതിനും ചുക്കാൻ പിടിച്ചത്. ദീർഘവീക്ഷണമുള്ള, സിനിമാപ്രേമിയായ ആ മനുഷ്യന്റെ പേര് ഖാദർ ഹസ്സൻ. അല്ലു അർജുനെ മല്ലു അർജുനാക്കി മാറ്റിയ രസകരമായ ആ കഥ പറയുകയാണ് ഖാദർ ഹസ്സൻ.
'ആര്യ,' 'ഹാപ്പി,' 'ബണ്ണി,' 'കൃഷ്ണ,' 'ഹീറോ,' 'ബദ്രിനാഥ്,' 'ഗജപോക്കിരി,' 'ഗംഗോത്രി,' 'അല വൈകുണ്ഠപുരമുലു' തുടങ്ങി പത്തോളം അല്ലു അർജുൻ ചിത്രങ്ങൾ മൊഴിമാറ്റി മലയാളത്തിലേക്ക് എത്തിച്ച ഖാദർ ഹസ്സനെ സംബന്ധിച്ച് അല്ലു അർജുൻ ബണ്ണിയാണ്. ബണ്ണിയെ മലയാളത്തിന്റെ പ്രിയങ്കരനാക്കിയ ആ കഥ ഇങ്ങനെ.
"2002-2003 കാലഘട്ടം. തെലുങ്ക് സിനിമ വീണ്ടുമൊന്നു ശ്രദ്ധിക്കപ്പെട്ടു വരുന്ന സമയമായിരുന്നു അത്. അച്ഛനമ്മമാരുടെ വഴിയെ, അടുത്ത തലമുറയിലെ കുട്ടികൾ സിനിമയിൽ സജീവമായി തുടങ്ങിയ കാലം. ചെന്നൈയിൽ നിന്നും തെലുങ്ക് സിനിമ ഹൈദരാബാദിലേക്ക് മാറിയിട്ടും അധികനാൾ ആയിരുന്നില്ല. ആ സമയത്താണ് ഞാനും അവിടേക്ക് എത്തുന്നത്. അല്ലു അർജുന്റെ അച്ഛൻ (അല്ലു അരവിന്ദ്) അന്നേ അറിയപ്പെടുന്ന ആളാണ്. അതുകൊണ്ടുതന്നെ, അദ്ദേഹത്തിന്റെ രണ്ടാമത്തെ മകൻ സിനിമയിലേക്കു വരുന്നു എന്നു കേട്ടപ്പോൾ മുതൽ എല്ലാവർക്കും ആകാംക്ഷയുണ്ട്. കുഞ്ഞുനാളു മുതലേ നന്നായി ഡാൻസ് കളിക്കുന്ന പയ്യനാണ് എന്നൊക്കെയാണ് അന്ന് സിനിമയിൽ പറഞ്ഞു കേട്ട കാര്യങ്ങൾ. പക്ഷേ എന്നെ സ്വാധീനിച്ചത് ആ പയ്യന്റെ സ്മാർട്ട്നെസ്സ് ആണ്," അല്ലുവിന്റെ തുടക്കക്കാലം ഖാദർ ഹസ്സൻ ഓർത്തെടുത്തു.
വളരെ ചെറുപ്പത്തിൽ ഒന്നു രണ്ടു പടങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും അല്ലു ആദ്യമായി നായകനാവുന്നത് 2003ൽ റിലീസ് ചെയ്ത 'ഗംഗോത്രി'യിലാണ്. സംവിധായകൻ കെ. രാഘവേന്ദ്ര റാവു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് അശ്വിനി ദത്തും അല്ലുവിന്റെ അച്ഛൻ അല്ലു അരവിന്ദും ചേർന്നായിരുന്നു. സംവിധായകന്റെയും പ്രൊഡക്ഷൻ ഹൗസുകളുടെയും പേരും പെരുമയും ചിത്രത്തിനു ശക്തമായ തുടക്കമേകി, ചിത്രം ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിലെ നായകനായ അല്ലുവിന്റെ പ്രകടനവും പ്രശംസ പിടിച്ചുപറ്റി. എന്നാൽ അതിനെല്ലാം, തെലുങ്ക് സിനിമാലോകത്തു ഒതുങ്ങി നിൽക്കാൻ മാത്രം തലപ്പൊക്കമേ ഉണ്ടായിരുന്നുള്ളൂ. തെലുങ്കിനപ്പുറത്ത് മറ്റൊരു ഭാഷയിൽ തന്റെയൊരു ചിത്രം ഹിറ്റായി മാറുമെന്ന് അന്ന് അല്ലു അർജുൻ പോലും കരുതി കാണില്ല!
എന്നാൽ, അല്ലുവെന്ന ഇരുപത്തിരണ്ടുകാരനിൽ ഖാദർ ഹസ്സൻ അന്നേയൊരു താരത്തെ കണ്ടു. മലയാളത്തിൽ യൂത്തൻമാർ കുറവായിരുന്ന ആ സമയത്ത്, അല്ലുവിനെ കൃത്യമായി ഇവിടെ 'ലോഞ്ച്' ചെയ്യാൻ ഒരു മാസ്റ്റർപ്ലാൻ തന്നെ ഖാദർ ഹസ്സൻ ഒരുക്കി.
"ആര്യയ്ക്ക് മുൻപും, തെലുങ്കിൽ നിന്നുള്ള ചിത്രങ്ങൾ ഡബ്ബ് ചെയ്ത് ഞാൻ മലയാളത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. പ്രണയമായി പോലുള്ള് ഹിറ്റ് ചിത്രങ്ങൾ. ഡബ്ബിംഗ് ചിത്രങ്ങൾക്ക് സൗണ്ട് റീൽ അറ്റാച്ച് ചെയ്യുന്ന രീതിയായിരുന്നു അന്നുണ്ടായിരുന്നത്. ഡബ്ബിംഗ് പടങ്ങൾ എഡിറ്റിംഗ് ടേബിളിൽ വച്ച് സിങ്ക് ചെയ്തെടുക്കും. അന്ന് സ്റ്റുഡിയോയിൽ ഡബ്ബിംഗ് പടങ്ങൾ ചെയ്യുന്ന രീതിയില്ല. എന്തു കൊണ്ട് പ്രൊഫഷണൽ ഡബ്ബിംഗ് രീതിയിൽ ഈ ചിത്രങ്ങൾ മൊഴി മാറ്റികൂടാ എന്നു തോന്നി. സംവിധായകനാവാൻ വന്നിട്ട് യാദൃശ്ചികമായി പ്രൊഡ്യൂസറായി മാറിയ ആളാണ് ഞാൻ. 1987 മുതൽ കുറേ വർഷങ്ങൾ സിനിമയിൽ അസിസ്റ്റന്റായി ജോലി ചെയ്തിട്ടുണ്ട്. അതു കൊണ്ടു തന്നെ, സിനിമയെ കുറിച്ചു അടിസ്ഥാനപരമായ കാര്യങ്ങളറിയാം. ഒന്നു ശ്രമിച്ചാൽ എനിക്കതു ചെയ്യാൻ പറ്റുമെന്നു തോന്നി. ക്വാളിറ്റിയോടു കൂടി ഡബ്ബിംഗ് ചെയ്താൽ കുറച്ചു കൂടി പെർഫെക്ഷൻ വരുത്താനാവുമെന്നു തോന്നിയപ്പോൾ ചെയ്തു തുടങ്ങിയതാണ്."
ആദ്യകാഴ്ചയിൽ മനസ്സിൽ കയറിയ ബണ്ണി
"ആദ്യം കണ്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ട 'ആര്യ' ഞാൻ വാങ്ങിച്ചു. ഇവിടെ കൊണ്ടു വന്ന് മൊഴിമാറ്റാനുള്ള പരിപാടികളൊക്കെ തുടങ്ങി വച്ചു. 'ആര്യ'യിൽ ഞാൻ കണ്ടത് ഒരു സിനിമ എന്ന രീതിയിൽ വിജയിക്കാൻ ആവശ്യമായ വിജയ ഫോർമുലകളാണ്. എല്ലാ തരം കണ്ടന്റും അതിൽ ഉണ്ടായിരുന്നു. മാറ്റിനി കണ്ടിറങ്ങിയിട്ട് വീണ്ടും ഫസ്റ്റ് ഷോ കാണാൻ ഞാൻ കയറണമെങ്കിൽ അതിൽ എന്നെ ആകർഷിച്ച എന്തോ ഉണ്ടാവുമല്ലോ. ആദ്യ കാഴ്ചയിൽ തന്നെ എനിക്ക് ആ സ്പാർക്ക് കിട്ടി. 'പവർ ഓഫ് യൂത്ത്' എന്ന വാക്കാണ് എന്റെ മനസ്സിലാദ്യം വന്നത്. ഈ ചിത്രം മലയാളത്തിലേക്ക് എത്തിച്ചാൽ യൂത്ത് ഏറ്റെടുക്കുമെന്ന് തോന്നി. ആ സമയത്ത് മലയാളത്തിൽ യൂത്ത് എന്നു പറയാവുന്ന തരത്തിലുള്ള താരങ്ങൾ കുറവാണ്. പൃഥ്വിരാജ് അപ്പോഴേക്കും തന്റെ അരങ്ങേറ്റം കുറിച്ചിരുന്നു, നല്ല നടൻ എന്ന പേരു നേടിയിരുന്നെങ്കിലും വലിയ രീതിയിൽ ഫാൻസ് ജനറേറ്റ് ആയിരുന്നില്ല. രാജുവല്ലാതെ മലയാള സിനിമയിൽ അന്ന് വേറെ യുവതാരങ്ങൾ ആരുമില്ല.
പക്ഷേ അല്ലുവിനെ മലയാളത്തിലേക്ക് 'ലോഞ്ച്' ചെയ്യാൻ അതുമാത്രം മതിയാവില്ലായിരുന്നു. ഒരു മലയാള സിനിമ ഇവിടെ എങ്ങനെ വരുന്നുവോ അതു പോലുള്ള മാർക്കറ്റിംഗ് തന്ത്രങ്ങളും പ്ലാൻ ചെയ്യണമായിരുന്നു. ഞാനന്ന് നിർമാതാവു കൂടിയാണ്, വലിയ കുഴപ്പമില്ലാതെ കാര്യങ്ങൾ മാനേജ് ചെയ്യാനാവുന്ന സാമ്പത്തിക സ്ഥിതിയുണ്ട്. ഞാൻ പ്രിയദർശൻ ചേട്ടനെ സമീപിച്ചു, അദ്ദേഹമെനിക്കൊരു ഉപകാരം ചെയ്തുതന്നു. ആര്യ കണ്ടിട്ട് അദ്ദേഹം പറഞ്ഞ കമന്റ് ഞാൻ പരസ്യത്തിനായി ഉപയോഗിച്ചു. ആര്യയ്ക്കു വേണ്ടി പ്രത്യേകം ഒരു പാട്ടു തന്നെ നിർമ്മിച്ചു. 'ആര്യാ... ആര്യാ...' എന്നു തുടങ്ങുന്ന ഇമോഷണലി ഇംപാക്റ്റ് ഉണ്ടാക്കുന്ന ഒരു ഗാനം. അതുവഴി തരംഗം ഉണ്ടാക്കാൻ ശ്രമിച്ചു. ഇതൊക്കെ ചെയ്തതിനു ശേഷമാണ് ആ സിനിമ 'ലോഞ്ച്' ചെയ്തത്. ഒരു തരംഗം സൃഷ്ടിക്കാനുള്ള പശ്ചാത്തലമൊക്കെ ആദ്യമേ ഒരുക്കി വച്ചു.
യൂത്തിനെ ആകർഷിക്കാൻ വേണ്ടി മാഗസിനുകളിലും പത്രങ്ങളിലുമെല്ലാം റിലീസിനു മുൻപേ പരസ്യങ്ങൾ നൽകി. എസിവി പോലുള്ള ടെലിവിഷൻ ചാനലുകൾക്ക് അങ്ങോട്ട് പണം നൽകി കൃത്യമായ ഇടവേളകളിൽ ചിത്രത്തിലെ പാട്ടുകളും ട്രെയിലറും പ്ലേ ചെയ്യാൻ ധാരണയായി. മലയാള സിനിമ അൽപ്പം മോശം അവസ്ഥയിലൂടെ കടന്നു പോവുന്ന സമയം കൂടിയായിരുന്നു അത്. മാർക്കറ്റ് സാധ്യതകൾ മനസ്സിലാക്കി നന്നായി ഹോം വർക്ക് ചെയ്തു. കൃത്യമായ പിആർ പരിപാടികൾ നടത്തി. യൂത്തിനെ ഇളക്കാൻ വേണ്ടി കോളേജ് തലത്തിലൊക്കെ പ്രൊമോഷൻ ചെയ്തു. അന്ന് ഹിറ്റായിരുന്ന ഓർക്കുട്ട് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും പ്രമോഷനായി ഉപയോഗിച്ചു. കോളേജ് ബസ്സുകളുടെ പിറകിലൊക്കെ സിനിമയുടെ പരസ്യം വച്ചു. വാരാന്ത്യ പത്രങ്ങളിൽ പരസ്യങ്ങൾ കൊടുത്തു. എന്തെങ്കിലുമൊക്കെ സിനിമയിൽ ചെയ്യണമെന്നു വിചാരിച്ചു ഈ ഇൻഡസ്ട്രിയിലേക്കു വന്ന വ്യക്തിയാണല്ലോ ഞാൻ, അതെല്ലാം ഞാൻ യൂട്ടലൈസ് ചെയ്തത് ബണ്ണിയ്ക്കു വേണ്ടിയാണ്."
അല്ലു, മല്ലു അർജുനായി മാറുന്നു
'ആര്യ' മലയാളത്തിൽ ഹിറ്റായി മാറി. പിന്നാലെ, 'ബണ്ണി,' 'ഹാപ്പി,' 'ആര്യ 2,' 'ബദ്രിനാഥ്' തുടങ്ങി നിരവധി ചിത്രങ്ങൾ ഖാദർ ഹസ്സൻ മലയാളത്തിലേക്ക് മൊഴിമാറ്റി. അതോടെ അല്ലു മലയാളത്തിലെ തരംഗമായി മാറുകയായിരുന്നു, അല്ലു അർജുനെ ഏറ്റവും സ്നേഹത്തോടെ മലയാളികൾ മല്ലു അർജുൻ എന്നു വിളിച്ചുതുടങ്ങി.
"ആദ്യമൊക്കെ അല്ലു ചിത്രങ്ങളെ ഒരു വിഭാഗം എതിർത്തിരുന്നു. എന്നാൽ, പിന്നീട് അതെല്ലാം മാറി. അല്ലു അർജുൻ 'മല്ലു അർജുൻ' ആയതല്ല, ആക്കിയതാണ്. മല്ലു അർജുൻ, അഡോപ്റ്റഡ് സൺ എന്നീ വാക്കുകൾ അവസരോചിതമായി കൊണ്ടു വരികയായിരുന്നു. 'മലയാളികളുടെ മല്ലു അർജുനായി മാറി കഴിഞ്ഞ അല്ലു അർജുൻ' എന്ന് മനോരമയിൽ വന്നൊരു ക്യാപ്ഷനിലൂടെയാണ് അതു സംഭവിച്ചത് എന്നാണ് എന്റെയോർമ്മ.
അന്ന് 40 ലക്ഷമൊക്കെ പത്രപരസ്യത്തിനായി ചെലവാക്കിയിരുന്ന മലയാള സിനിമകൾ പോലും അപൂർവ്വമായിരുന്നു. ആ സമയം 9 പത്രങ്ങളിലൊക്കെയാണ് അല്ലു ചിത്രങ്ങളുടെ പരസ്യം പോയത്. നല്ല രീതിയിൽ പണം ചെലവഴിച്ചു തന്നെയാണ് അല്ലു അർജുൻ ചിത്രങ്ങൾക്ക് വളരാനുള്ള മാർക്കറ്റ് ഇവിടെയൊരുക്കിയത്.
/indian-express-malayalam/media/media_files/2024/12/05/fmydxxkHBFdGqkkKWzYr.jpg)
അല്ലുവുമായുള്ള കൂടിക്കാഴ്ച
'ആര്യ' കഴിഞ്ഞയുടനെ തന്നെ ബണ്ണിയെ നേരിൽ കണ്ടിരുന്നു. കാണുമ്പോഴൊക്കെ ഏറെ സ്നേഹവും ബഹുമാനവും കാണിക്കാറുണ്ട് ബണ്ണി. 'ആര്യ'യ്ക്കു ശേഷം ഇറങ്ങിയ എല്ലാ മൊഴിമാറ്റ ചിത്രങ്ങളുടെ കാര്യത്തിലും ബണ്ണി വലിയ താൽപ്പര്യം കാണിച്ചിട്ടുണ്ട്. അല്ലുവിന്റെ പുതിയ ചിത്രങ്ങൾ ഇറങ്ങുമ്പോൾ, നിർമാതാക്കളിൽ നിന്ന് കൃത്യമായി വിളി വരും. ബണ്ണിയും ഇടയ്ക്ക് വിളിക്കുമായിരുന്നു. ഇന്നും ബണ്ണിയ്ക്ക് മലയാളത്തോട് ആ സ്നേഹമുണ്ട്. 'പുഷ്പ രണ്ടി'ൽ ഒരു മലയാളം പാട്ടു തന്നെ അല്ലുവിന്റെ താൽപ്പര്യപ്രകാരം ഹുക്ക് ലൈനായി ഉപയോഗിച്ചിട്ടുണ്ട്. ഷിജു തുറവൂർ എഴുതിയ ആ വരികൾ എല്ലാ ഭാഷയിലും ഉൾപ്പെടുത്തിയിട്ടുണ്ട്. തെലുങ്കിനും മുൻപ്, തന്നെ സൂപ്പർസ്റ്റാറാക്കിയ മലയാളത്തോട് അല്ലുവിനു പ്രത്യേക സ്നേഹമുണ്ട്, എന്നും.
ജിസ് ജോയുടെ ശബ്ദം
ഡബ്ബ്ഡ് സിനിമകളുടെ കാര്യത്തിൽ ശബ്ദത്തിന്റെ കാര്യത്തിൽ ഞാൻ നന്നായി ശ്രദ്ധിക്കാറുണ്ട്. ഒരു നായികയ്ക്കു വേണ്ടി പോലും 8-9 പേരുടെ ശബ്ദമൊക്കെ ട്രൈ ചെയ്തു നോക്കാറുണ്ട്. ആ സമയത്തൊക്കെ, ഡബ്ബിംഗ് എന്നു പറയുന്നത് ഡ്രാമ സ്റ്റൈലിൽ ആണ്. സൗണ്ട് എഫക്ട്സ് കൂടുതൽ കൊടുക്കുമായിരുന്നു. ഡബ്ബിംഗിൽ പോലും ഒരു നീട്ടൽ ഉണ്ടാവും. അതു മാറ്റണമെന്ന് എനിക്കുണ്ടായിരുന്നു. കുറേക്കൂടി സ്വാഭാവികത വേണം ഡബ്ബിംഗിന് എന്നു ആഗ്രഹം തോന്നി. കുറേ പേരെ പരീക്ഷിച്ചു. അന്ന് ജിസ് മോൻ ഒരു സീരിയലിനു ഡബ്ബ് ചെയ്യുന്നുണ്ടായിരുന്നു. ആളെ നേരിട്ട് വിളിപ്പിച്ചു, ഡബ്ബ് ചെയ്തു നോക്കി. ആദ്യം കേട്ടപ്പോൾ അതിലും ചില ചെറിയ പ്രശ്നങ്ങൾ തോന്നിയിരുന്നു, അതിനെ കൂടുതൽ നാച്യുറലാക്കുകയായിരുന്നു പിന്നീട്. ജിസ് ചിത്രവുമായി നന്നായി സഹകരിച്ചു, വൃത്തിയായി തന്നെ ചെയ്തു. അല്ലുവിന്റെ ശബ്ദമായി ജിസ് മാറുകയായിരുന്നു. ഇടയ്ക്ക് അല്ലുവിന്റെ ഒരു ചിത്രത്തിനു വേണ്ടി മറ്റൊരു പാർട്ടി, ജിസ് ജോയുടെ ശബ്ദമല്ലാതെ വേറൊരാളുടെ ശബ്ദം പരീക്ഷിച്ചു നോക്കിയിരുന്നു. അതു പക്ഷേ ഫ്ളോപ്പായി പോയി. ആളുകൾ ആ ശബ്ദം തിരസ്കരിച്ചു. ജിസ് മോന്റെ ശബ്ദത്തിൽ അല്ലുവിനെ കേൾക്കാനാണ് മലയാളികൾക്കിഷ്ടം."
ഡബ്ബിംഗിൽ മാത്രമല്ല, മിക്സിംഗിലും പാട്ട് എഴുത്തിലും എഡിറ്റിംഗിലുമെല്ലാം ഒരുപാട് പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ടെന്നും ഖാദർ ഹസ്സൻ കൂട്ടിച്ചേർത്തു.
എല്ലാം നിമിത്തമാണ്
അല്ലുവിന്റെ മലയാളത്തിലെ വിജയം കണ്ട് തെലുങ്കിലെ ചില യുവതാരങ്ങളും അവരുടെ പിആർ ടീമുമൊക്കെ ആ ചിത്രങ്ങൾ മലയാളത്തിലേക്കു പ്രമോട്ട് ചെയ്യാനാവുമോ എന്ന് ചോദിച്ച് ഖാദർ ഹസ്സനെ സമീപിച്ചു. എന്നാൽ അതെല്ലാം സ്നേഹത്തോടെ നിരസ്സിക്കുകയായിരുന്നു ഖാദർ.
"രാം ചരണിന്റെ ആദ്യസിനിമ തന്നെ എനിക്കു വന്നതാണ്, അല്ലുവിന്റെ അച്ഛൻ നിർമ്മിച്ച രാം ചരണിന്റെ മഗധീര എന്ന ചിത്രവും. പിന്നീട് പ്രഭാസിന്റെ ചിത്രം വന്നു. അവരെയൊക്കെ മലയാളത്തിൽ ലോഞ്ച് ചെയ്യാമോ എന്ന് ചോദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒന്നു രണ്ടു മീറ്റിംഗുകളും നടന്നു. പക്ഷേ, ഞാനത് ഏറ്റെടുത്തില്ല. സ്നേഹപൂർവ്വം നിരസ്സിച്ച്, വിദഗ്ധമായി തെന്നിമാറി. അതാണ് ഞാൻ ബണ്ണിയ്ക്ക് വേണ്ടി ചെയ്ത മറ്റൊരു കാര്യം. അതൊന്നും അഹംഭാവം കൊണ്ടല്ല നിരസ്സിച്ചത്, എനിക്കെന്തോ അതു ഏറ്റെടുക്കാൻ തോന്നിയില്ല. ഇതൊക്കെ ഒരു നിമിത്തമാണെന്നു വിശ്വസിക്കുന്ന ആളാണ് ഞാൻ. ബണ്ണിയെ മലയാളികൾക്കു പരിചയപ്പെടുത്തുക എന്നതായിരിക്കണം എന്റെ നിയോഗം."
Read More
- മോഹൻലാലിന്റെ കരിയറിലെ ഒരു അസാധാരണ വർഷം
- New malayalam OTT Release: നെറ്റ്ഫ്ളിക്സിലും പ്രൈമിലും കാണാം; ഏറ്റവും പുതിയ 12 മലയാള ചിത്രങ്ങൾ
- സ്വർണ്ണ പട്ടുസാരിയിൽ ശോഭിത, പാരമ്പര്യതനിമയിൽ നാഗചൈതന്യ; രാജകീയം ഈ വിവാഹം
- ഫഹദ് ഫാസിൽ ബോളിവുഡിലേക്ക്; ആകാംക്ഷയിൽ ആരാധകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.