scorecardresearch

വിനീത് നിവിനെ സ്നേഹിക്കും പോലെ....

ബോക്സ്ഓഫീസിൻ തോഴനെ തിരികെ കൊണ്ടുവന്ന് വിനീത്.... സിനിമയ്ക്ക് അതീതമായൊരു സൗഹൃദത്തിന്റെ കഥകൂടി പറയുന്നുണ്ട് 'വർഷങ്ങൾക്കു ശേഷം'

ബോക്സ്ഓഫീസിൻ തോഴനെ തിരികെ കൊണ്ടുവന്ന് വിനീത്.... സിനിമയ്ക്ക് അതീതമായൊരു സൗഹൃദത്തിന്റെ കഥകൂടി പറയുന്നുണ്ട് 'വർഷങ്ങൾക്കു ശേഷം'

author-image
Entertainment Desk
New Update
Nivin Pauly | Vineeth Sreenivasan

മലയാളത്തിലെ ഹിറ്റ് സംവിധായകൻ- നായകൻ ജോഡികളിലൊന്നാണ് വിനീത് ശ്രീനിവാസനും നിവിൻ പോളിയും.  മലർവാടി ആർട്സ് ക്ലബ്ബ്, തട്ടത്തിൻ മറയത്ത്, ഒരു വടക്കൻ സെൽഫി, ജേക്കബിന്റെ സ്വർഗ്ഗരാജ്യം തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ ഈ കോമ്പോയിൽ നിന്നും പിറന്നിട്ടുണ്ട്. 

Advertisment

നിവിനെ സംബന്ധിച്ച്, വിനീത് ഗുരുതുല്യനാണ്, യാതൊരുവിധ സിനിമാ പാരമ്പര്യവുമില്ലാതിരുന്ന നിവിൻ എന്ന ആലുവക്കാരനെ സിനിമയുടെ ലോകത്തേക്ക് കൈപ്പിടിച്ചുകൊണ്ടുവന്ന സംവിധായകൻ. നല്ല സൗഹൃദം വിനീതുമായി ഉണ്ടെങ്കിലും ആ സൗഹൃദത്തിൽ ആരാധനയും ബഹുമാനവും കലർന്ന സ്നേഹമാണ് മുന്നിട്ടു നിൽക്കുന്നതെന്ന് നിവിൻ  തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

സമീപകാലത്ത് വലിയ ഹിറ്റുകളൊന്നുമില്ലാതെയാണ്  നിവിന്റെ കരിയർ മുന്നോട്ടു പോവുന്നത്. ഏറ്റവുമൊടുവിലായി തിയേറ്ററുകളിലെത്തിയ പടവെട്ട്, സാറ്റർഡേ നൈറ്റ്, തുറമുഖം, രാമചന്ദ്ര ബോസ് ആൻഡ് കോ തുടങ്ങിയ ചിത്രങ്ങൾക്കൊന്നും തന്നെ ബോക്സ് ഓഫീസിൽ നിന്നും വലിയ വിജയം നേടാൻ സാധിച്ചിരുന്നില്ല. അതിനാൽ തന്നെ, ഹിറ്റ് അടിച്ചുകൊണ്ടുള്ള ഒരു തിരിച്ചുവരവ് നിവിന്റെ കരിയറിൽ നിർണായകമാണ്.  പ്രേക്ഷകരും നിവിൻ പോളിയുടെ ഒരു ഗംഭീര തിരിച്ചുവരവ് കാത്തിരിക്കുന്നുണ്ട്.

ഈ സാഹചര്യത്തിൽ, നിവിന് വിനീത് നൽകിയ വിഷു സമ്മാനമാണ് വർഷങ്ങൾക്കു ശേഷത്തിലെ നിതിൻ മോളി എന്ന കഥാപാത്രം. ഗുരു മനസ്സറിഞ്ഞു നൽകിയ ആ സമ്മാനമാവട്ടെ, നിവിന് അനുഗ്രഹമായി മാറിയിരിക്കുകയാണ്.

Advertisment

ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവർ രണ്ടര മണിക്കൂറിലേറെ നിറഞ്ഞുനിൽക്കുന്ന ചിത്രത്തിൽ തനിക്കു ലഭിച്ച ഏതാനും മിനിറ്റുകൾ മാത്രമുള്ള വേഷം തകർത്തടുക്കിയിരിക്കുകയാണ് നിവിൻ പോളി.  'കൾട്ട്' എന്നെഴുതിയ കോട്ടുമിട്ട് സ്ക്രീനിലേക്ക് കയറിവരുന്ന നിവിൻ, ചുരുങ്ങിയ സമയം കൊണ്ട് തകർപ്പൻ പെർഫോമൻസ് കാഴ്ച വച്ച് തിയേറ്റർ ഇളക്കി മറിക്കുകയാണ്. 

ചിത്രത്തെ കുറിച്ച് പ്രേക്ഷകർക്ക് സമ്മിശ്ര പ്രതികരണമുണ്ടാവാം, എന്നാൽ ചിത്രം കണ്ടിറങ്ങുന്ന ആർക്കും നിവിന്റെ പെർഫോമൻസ് തള്ളി കളയാനാവില്ല. അത്രയേറെ പ്രാധാന്യത്തോടെയും സ്നേഹത്തോടെയുമാണ് നിതിൻ മോളി എന്ന കഥാപാത്രം വിനീത് ഒരുക്കിയത്. നിവിന്റെ പ്ലസും നെഗറ്റീവും ഏറ്റവും നന്നായി മനസ്സിലാക്കിയ സുഹൃത്തായതിനാൽ ആവാം, വളരെ ബ്രില്ല്യന്റായിട്ടാണ് വിനീത് ആ കഥാപാത്രത്തെ സമീപിച്ചിരിക്കുന്നത്. 

നിവിന്റെ എൻട്രിയ്ക്ക് ഒപ്പം വരുന്ന 'പ്യാരാ മേരാ വീരാ' എന്നു തുടങ്ങുന്ന ഗാനത്തിൽ പോലും നിവിൻ എന്ന നടനോട് വിനീതിനുള്ള സ്നേഹം പ്രകടമായി കാണാം.  "ബോക്സ്ഓഫീസിൻ തോഴാ തിരികെ നീ വാടാ," എന്നൊക്കെയുള്ള വരികൾ നിവിന്റെ കംബാക്ക് ആഗ്രഹിച്ചുകൊണ്ട് വിനീത് എഴുതിയതു പോലെയുണ്ട്. 

അതുപോലെ, സെൽഫ് ട്രോളുകൾ കൊണ്ട് അമ്മാനമാടുന്ന കഥാപാത്രമാണ് ചിത്രത്തിലെ  നിതിൻ മോളി. ശരീരഭാരം കൂടിയതിന്റെ പേരിൽ പലകുറി സമൂഹമാധ്യമങ്ങളിൽ നിന്നും ബോഡി ഷേമിംഗ് നേരിട്ടുകൊണ്ടിരിക്കുന്ന നിവിന് വിമർശകർക്കെല്ലാം ചുട്ട മറുപടി നൽകാനായി നിവിന് തട്ടൊരുക്കിയതുപോലെയാണ് ചിത്രത്തിലെ ചില രംഗങ്ങൾ പ്രേക്ഷകർക്ക് അനുഭവപ്പെടുക.  അതുകൊണ്ടാവാം, ചിത്രം കണ്ടിറങ്ങുന്നവർ വിനീതിനെ പോലെയൊരു ചങ്ങാതി കൂടെയുണ്ടെങ്കിൽ, നിവിനു മറ്റെന്തുവേണം? എന്ന് ചോദിക്കുന്നത്.

 "നിവിന്റെ ഏറ്റവും സ്ട്രോങ്ങ് സോൺ ഹ്യൂമറാണ്. അവൻ ചിരിക്കുമ്പോൾ ഓഡിയൻസിനും ഓട്ടോമാറ്റിക്കായി ചിരി വരും. വർഷങ്ങൾക്കു ശേഷത്തിലും അവന്റെ ആ ഒരു ഏരിയ ഞാൻ മാക്സിമം എക്സ്പ്ലോർ ചെയ്തിട്ടുണ്ട്. തട്ടത്തിൻ മറയത്തിലെ സൈദാർപള്ളി ടീം പോലെയാണ് ഇതിൽ നിവിന്റെ പോർഷൻ. ചെറിയ സമയം കൊണ്ട് മാക്സിമം സ്കോർ ചെയ്യുന്ന ക്യാരക്ടറാണ് അവന്റേത്. വെറുമൊരു ഗസ്റ്റ് റോൾ ആയിരിക്കില്ല എന്നത് ഉറപ്പിച്ചു പറയാൻ പറ്റും," എന്നാണ് വർഷങ്ങൾക്ക് ശേഷം റിലീസിനു മുൻപ് നൽകിയ ഒരു അഭിമുഖത്തിൽ വിനീത് നിവിനെ കുറിച്ചു പറഞ്ഞത്.



ചിത്രം റിലീസിനെത്തി നിവിന്റെ കംബാക്കിനെ കുറിച്ച് ഏവരും ചർച്ച ചെയ്യുമ്പോഴും വിനയാന്വിതനാവുന്ന വിനീതിനെയാണ് കാണാനാവുക. "നിവിനെ തിരിച്ചു കൊണ്ടുവരിക എന്ന സംഭവം ഒന്നുമില്ല. നിവിൻ എപ്പോഴും ഇവിടെയുണ്ട്. നിവിന് ശരിക്കും വിളയാടാനുള്ള ഒരു സ്പേസ് കിട്ടി കഴിഞ്ഞാൽ അവൻ കളം നിറഞ്ഞ് കളിച്ചോളും. ഇതിൽ ആ സ്പേസ് ഉണ്ടായിരുന്നു. അവനത് നന്നായി ഉപയോഗിച്ചു. ഞാൻ തിരക്കഥയിൽ എഴുതി വെച്ചത് തന്നെയാണ് നിവിൻ ചെയ്തത്. ചില സീനുകളിലെല്ലാം ചില നുണുക്ക് പരിപാടികൾ അവൻ ആഡ് ചെയ്തിട്ടുണ്ട്." 

എന്തായാലും, സിനിമയിലെ സൗഹൃദത്തിന്റെ മാത്രമല്ല, ജീവിതത്തിലെ സൗഹൃദങ്ങളുടെ കൂടെ കഥ പറയാതെ പറയുന്നുണ്ട് വിനീതിന്റെ വർഷങ്ങൾക്കു ശേഷം.

Read More Entertainment Stories Here

Vineeth Sreenivasan Nivin Pauly

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: