scorecardresearch

'ലഹരി ഉപയോഗിച്ച് എല്ലാവരുടെയും മുന്നിൽവച്ച് ആ നടൻ മോശമായി പെരുമാറി;' വെളിപ്പെടുത്തലുമായി വിൻസി

'ആ നടൻ ലഹരി ഉപയോഗിക്കുന്നുണ്ടെന്നും സിനിമ സൈറ്റിൽ തന്നെ ഉപയോഗിക്കുന്നുണ്ടെന്നും വ്യക്തമായിരുന്നു'

'ആ നടൻ ലഹരി ഉപയോഗിക്കുന്നുണ്ടെന്നും സിനിമ സൈറ്റിൽ തന്നെ ഉപയോഗിക്കുന്നുണ്ടെന്നും വ്യക്തമായിരുന്നു'

author-image
Entertainment Desk
New Update
Vincy Aloshious

ചിത്രം: ഇൻസ്റ്റഗ്രാം

നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ ശ്രദ്ധനേടിയ നടിയാണ് വിന്‍സി അലോഷ്യസ്. ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം സിനിമയിൽ അഭിനയിക്കില്ലെന്ന് അടുത്തിടെ വിൻസി നടത്തിയ പ്രസ്താവന ശ്രദ്ധനേടിയിരുന്നു. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വൈറലായ വീഡിയോയിൽ നടക്കിതിരെ വിമർശനവും ഉയർന്നിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ വിശദീകരണവുമായെത്തിയിരിക്കുകയാണ് വിൻസി.

Advertisment

ഒരുമിച്ച് അഭിനയിച്ച ഒരു പ്രധാന നടൻ ലഹരി ഉപയോഗിച്ച് സെറ്റിലെത്തിയെന്നും തന്നോട് മോശമായി പെരുമാറിയെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ വിൻസി പറഞ്ഞു. ആ സംഭവത്തിൽ സംവിധായകന്‍ ഉള്‍പ്പെടെയുള്ളവർ തന്നോട് ക്ഷമ പറഞ്ഞതുകൊണ്ട് മാത്രമായിരുന്നു തുടർന്ന് സഹകരിച്ചതെന്നും നടി വ്യക്തമാക്കി.

വിൻസിയുടെ വാക്കുകൾ

'കുറച്ചു ദിവസം മുൻപ് ഞാൻ ലഹരി വിരുദ്ധ പ്രചാരണം മുൻനിർത്തിക്കൊണ്ട് ചെയ്യുന്ന ഒരു പ്രോഗ്രാമിൽ പങ്കെടുക്കുകയും അവിടെ സംസാരിക്കുന്നതിനിടയിൽ ഒരു പ്രസ്താവന പറയുകയും ചെയ്തിരുന്നു. എന്‍റെ അറിവില്‍ ലഹരി ഉപയോഗിക്കുന്നവരുമായി ഞാന്‍ ഇനി സിനിമ ചെയ്യില്ല. ഇക്കാര്യങ്ങൾ പല മീഡിയകളും പങ്കുവച്ചിരുന്നു. അതിന്‍റെ കമന്‍റ് സെക്ഷന്‍ വായിച്ചപ്പോള്‍ ചില കാര്യങ്ങള്‍ വ്യക്തമാക്കണം എന്ന് തോന്നി. 

എന്തുകൊണ്ട് ഞാനാ പ്രസ്താവന നടത്തിയെന്നും എന്റെ നിലപാടുകൾ വ്യക്തമാക്കണമെന്നുമുള്ള തോന്നലിൻമേലാണ് ഈ വീഡിയോ ചെയ്യുന്നത്. പലതരം കാഴ്ചപ്പാടാണ് ആളുകൾക്കുള്ളതെന്ന് കമന്റുകൾ വായിച്ചപ്പോഴാണ് മനസിലായത്. വ്യക്തമായി അതിന്റെ കാരണം പറഞ്ഞാൽ ആളുകൾക്ക് പല കഥകൾ ഉണ്ടാക്കേണ്ടതില്ലല്ലോ. ഞാനൊരു സിനിമയുടെ ഭാ​ഗമായപ്പോൾ ആ സിനിമയിലെ പ്രധാന താരത്തിൽ നിന്ന് നേരിടേണ്ടിവന്ന അനുഭവമാണ് ആ പ്രസ്താവനക്ക് കാരണം. 

Advertisment

ഞാൻ ഭാഗമായ ഒരു സിനിമയുടെ പ്രധാന കഥാപാത്രമായിരുന്ന ആർട്ടിസ്റ്റ് ലഹരി ഉപയോഗിച്ചിരുന്നു. അദ്ദേഹത്തിൽ നിന്നുമുണ്ടായ എക്സ്പീരിയൻസ് മോശമായിരുന്നു. അദ്ദേഹം ഇത് ഉപയോഗിച്ച് വളരെ മോശമായ രീതിയിൽ എന്തുപറഞ്ഞാലും മനസ്സിലാകാത്ത രീതിയിൽ എന്നോടും എന്റെ സഹപ്രവർത്തകയോടും പെരുമാറിയിട്ടുണ്ട്. മോശം എന്ന് പറയുമ്പോൾ ഞാൻ അത് വ്യക്തമാക്കാം. ഒരിക്കൽ എന്റെ ഡ്രസ്സിന്റെ ഷോൾഡറിന് ഒരു ചെറിയ പ്രശ്നം വന്ന് അത് ശരിയാക്കാൻ പോയപ്പോൾ എന്റെ അടുത്ത് വന്നിട്ട് 'ഞാൻ നോക്കട്ടെ ഞാനിത് ശരിയാക്കി തരാം' എന്നൊക്കെ എന്നോട് പറഞ്ഞു. 

എല്ലാവരുടെയും മുന്നിൽവെച്ച് എന്നോട് അങ്ങനെ മോശമായ രീതിയിൽ പെരുമാറിയപ്പോൾ പിന്നീട് ആ സിനിമയുമായി സഹകരിച്ചു പോകാൻ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. മറ്റൊരു അവസരത്തിൽ ഞങ്ങൾ ഒരു സീൻ പ്രാക്ടീസ് ചെയ്യുന്നതിന് ഇടയിൽ എന്തോ ഒരു വെള്ള പൊടി വായിൽ നിന്ന് പുറത്തേക്ക് തുപ്പുന്നത് കണ്ടു. അദ്ദേഹം ലഹരി ഉപയോഗിക്കുന്നുണ്ടെന്നും സിനിമ സൈറ്റിൽ തന്നെ ഉപയോഗിക്കുന്നുണ്ടെന്നും വ്യക്തമായിരുന്നു.

വ്യക്തിപരമായി ലഹരി ഉപയോഗിക്കുന്നതൊക്കെ മറ്റൊരു കാര്യമാണ്. പക്ഷേ സിനിമ സെറ്റിൽ ഉപയോഗിച്ച് അത് മറ്റുള്ളവർക്ക് ഉപദ്രവകരം ആകുമ്പോൾ സഹിക്കാൻ കഴിയില്ല. അതെല്ലാം സഹിച്ചുകൊണ്ട് ജോലി ചെയ്യാനും അത്രയും ബോധമില്ലാത്ത ഒരാളുടെ കൂടെ അഭിനയിക്കാനും  എനിക്ക് താൽപര്യമില്ലായിരുന്നു.  എന്റെ വ്യക്തിപരമായ അനുഭവം കാരണം ഞാൻ എടുക്കുന്ന തീരുമാനമാണിത്. 

ഞാൻ അൺകംഫർട്ടബിൾ ആയത് സെറ്റിൽ എല്ലാവരും അറിയുകയും സംവിധായകൻ അയാളോട് സംസാരിക്കുകയും ചെയ്തു.പ്രധാനതാരമായി തിരഞ്ഞെടുത്ത ആളാണ്. അവർക്ക് എങ്ങനെയെങ്കിലും ഈ സിനിമ തീർക്കണമല്ലോ. ആ ഒരു നിസ്സഹായാവസ്ഥയും ഞാൻ കണ്ടിട്ടുണ്ടായിരുന്നു. പ്ലീസ് എന്ന് എല്ലാവരും പറഞ്ഞ് എന്നെ കംഫർട്ടാക്കിയാണ് ആ സിനിമ തീർത്തത്. സിനിമ പക്ഷേ നല്ലതായിരുന്നു. പക്ഷേ ആ വ്യക്തിയിൽനിന്നുണ്ടായ അനുഭവം അങ്ങനെയല്ലായിരുന്നു.

അതിന്റെ പേരിലാണ് ഞാൻ ആ തീരുമാനമെടുക്കുന്നത്. അതിന്റെ ഭാ​ഗമായി ഓരോരോ വ്യാഖ്യാനങ്ങളാണ് ആളുകളിൽനിന്നുണ്ടാവുന്നത്. എങ്കിലും അതിനെ നല്ല രീതിയിലെടുത്ത എല്ലാവരോടും നന്ദിയുണ്ട്. എന്തിനേയും കളിയാക്കുന്ന മറുവിഭാഗമുണ്ടല്ലോ. നിനക്കെവിടെയാണ് സിനിമ? സിനിമ ഇല്ലാത്തതുകൊണ്ട് ഈ കാരണവും പറഞ്ഞ് സിനിമയിൽ നിന്ന് പുറത്തായി എന്ന് വരുത്തിത്തീർക്കാനുള്ള ബുദ്ധിയല്ലേ ഇത് എന്നെല്ലാം പറയുന്നവർക്കുള്ള മറുപടിയാണിത്.

സൂപ്പര്‍താരം ആണെങ്കിലും സാധാരണക്കാരനായാലും ഒരു നിലപാട് എടുത്താന്‍ അത് നിലപാട് തന്നെയാണ് ആ ബോധം കമന്‍റ് ചെയ്യുന്നവര്‍‍ക്ക് വേണം. എനിക്കെതിരെ ഇത്തരം കമന്‍റ് ഇടുമ്പോള്‍ നിങ്ങള്‍ പരോക്ഷമായി ലഹരി ഉപയോഗത്തെ പിന്തുണയ്ക്കുകയാണ്. ഇവര്‍ക്ക് ഇപ്പോഴും സിനിമയും ഉണ്ട്. അവരെ വച്ച് സിനിമ ചെയ്യാന്‍ ആള്‍ക്കാരുമുണ്ട്.ഇവര്‍ക്ക് ഇതെല്ലാം വിനോദമാണ്.എന്‍റെ ജീവിതത്തില്‍ മനസിനെയും ആരോഗ്യത്തെയും ബാധിക്കുന്ന ഒരു ലഹരിയും ഉണ്ടാകില്ല അത് ഉറപ്പിച്ചതാണ്," വിന്‍സി പറഞ്ഞു.

Read More:

Drugs Malayalam Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: