scorecardresearch

മത്സരിച്ചഭിനയിച്ച് ഉർവശിയും പാർവതിയും; അടിമുടി ഉലച്ചുകളയുന്ന കാഴ്ചാനുഭവമായി 'ഉള്ളൊഴുക്ക്': Ullozhukku Movie Review

Ullozhukku Movie Review: "മലയാളത്തിലെ ഏറ്റവും മികച്ച രണ്ടു അഭിനേത്രികൾ സ്ക്രീനിൽ മത്സരിച്ച് അഭിനയിക്കുമ്പോൾ കണ്ണുനിറയാതെ കണ്ടിരിക്കാനാവില്ല ആ പ്രകടനങ്ങൾ, ഉള്ളിൽ വിങ്ങലും കരച്ചിലും കനം വയ്ക്കും," ഗംഭീരകാഴ്ചാനുഭവമായി ഉള്ളൊഴുക്ക്

Ullozhukku Movie Review: "മലയാളത്തിലെ ഏറ്റവും മികച്ച രണ്ടു അഭിനേത്രികൾ സ്ക്രീനിൽ മത്സരിച്ച് അഭിനയിക്കുമ്പോൾ കണ്ണുനിറയാതെ കണ്ടിരിക്കാനാവില്ല ആ പ്രകടനങ്ങൾ, ഉള്ളിൽ വിങ്ങലും കരച്ചിലും കനം വയ്ക്കും," ഗംഭീരകാഴ്ചാനുഭവമായി ഉള്ളൊഴുക്ക്

author-image
Dhanya K Vilayil
New Update
Ullozhukku | Movie Review

Ullozhukku Movie Review

Ullozhukku Movie Review & Rating: വേദന, സങ്കടം, കുറ്റബോധം, നിസ്സഹായത എല്ലാം കൂടി മനസ്സിനെ ഉലച്ചു കളയുന്ന, നിലയില്ലാ കയത്തിലേക്കെന്ന പോലെ ചുഴറ്റി കളയുന്ന അനുഭവം, വൈകാരികതയുടെ ശക്തമായ ഉള്ളൊഴുക്ക്. സിനിമയുടെ പേരിനെയും അതിന്റെ അർത്ഥവ്യാപ്തിയേയും ആത്മാവിലേക്ക് ആവാഹിക്കുകയാണ് ക്രിസ്റ്റോ ടോമി ഒരുക്കിയ ഉള്ളൊഴുക്ക്  എന്ന ചിത്രം. പ്രേക്ഷകരെ അടിമുടി ഉലച്ചുകളയുന്ന കാഴ്ചാനുഭവമാണ് ഈ ചിത്രം സമ്മാനിക്കുന്നത്. 

Advertisment

മലയാളത്തിലെ ഏറ്റവും മികച്ച രണ്ടു അഭിനേത്രികൾ സ്ക്രീനിൽ മത്സരിച്ച് അഭിനയിക്കുമ്പോൾ കണ്ണുനിറയാതെ കണ്ടിരിക്കാനാവില്ല ആ പ്രകടനങ്ങൾ, ഉള്ളിൽ വിങ്ങലും കരച്ചിലും കനം വയ്ക്കും. ഏറെ നാളുകൾക്കു ശേഷം നിറഞ്ഞ കണ്ണുകളോടെ തിയേറ്റർ വിട്ടിറങ്ങിയ അനുഭവം കൂടിയാണ് ഉള്ളൊഴുക്ക് സമ്മാനിച്ചത്. 

മഴയൊന്നു ശക്തിയായി പെയ്താൽ പോലും വെള്ളപ്പൊക്കം ഉണ്ടാകുന്ന കുട്ടനാടാണ് കഥയുടെ പശ്ചാത്തലം. കായൽക്കരയിലെ ഒരു വീട്ടിലാണ്  ജോസൂട്ടിയും  (പ്രശാന്ത് മുരളി)   അമ്മ ലീലാമ്മയും (ഉർവശി) ഭാര്യ അഞ്ജുവും (പാർവതി തിരുവോത്ത്) താമസം. ഏറെനാളായി രോഗശയ്യയിലായ ജോസൂട്ടി ആ മഴക്കാലത്ത് മരണപ്പെടുകയാണ്. ഇടതടവില്ലാതെ പെയ്യുന്ന മഴയ്‌ക്കിടയിൽ, ജോസൂട്ടിയുടെ ശവസംസ്‌കാര ചടങ്ങുകൾ സ്തംഭിച്ചിരിക്കുകയാണ്. മകനെ കുടുംബകല്ലറയിൽ, അവന്റെ ചാച്ചന് അരികിൽ  തന്നെ അടക്കണമെന്ന് ശഠിക്കുകയാണ് ലീലാമ്മ. അതിനായി, മഴ തോരുന്നതും നോക്കി കാത്തിരിക്കുകയാണ് ആ കുടുംബം. ജോസൂട്ടിയുടെ ഗർഭിണിയായ ഭാര്യ അഞ്ജു തന്നിൽ നിന്ന് എന്തോ മറയ്ക്കുന്നുവെന്ന് ലീലാമ്മയുടെ കഥാപാത്രം സംശയിച്ചു തുടങ്ങുന്നതോടെ അവർക്കിടയിൽ പിരിമുറുക്കം ഉടലെടുക്കുന്നു. തീവ്രമായ മാനസിക സംഘർഷങ്ങളിലൂടെയാണ് പിന്നീടങ്ങോട്ട് കഥയുടെ സഞ്ചാരം. കനം വച്ച മനസ്സോടെ ആ തോരാമഴ മൊത്തം കൊണ്ടു തീർക്കുകയാണ് ലീലാമ്മയും അഞ്ജുവും. 

Urvashi Ullozhukku

Advertisment

ലീലാമ്മ, അഞ്ജു എന്നീ കഥാപാത്രങ്ങളാണ് ഉള്ളൊഴുക്കിന്റെ മർമ്മം. ഇരുവരും കടന്നുപോവുന്ന പ്രശ്നങ്ങൾ, സംഘർഷങ്ങൾ, വൈകാരികത.... അതിസങ്കീർണ്ണമായ കുടുംബാന്തരീക്ഷമാണ് ഉള്ളൊഴുക്കിന്റെ പശ്ചാത്തലം. പുരുഷാധിപത്യത്തെ ഉയർത്തിപ്പിടിക്കുന്ന, സോഷ്യൽ കണ്ടീഷനിംഗിന്റെ ഭാഗമായി ജീവിക്കുന്ന ടിപ്പിക്കൽ അമ്മ കഥാപാത്രമാണ് ലീലാമ്മ. അതേസമയം, ധാർമ്മികത, കുടുംബത്തിന്റെ അന്തസ്സ് തുടങ്ങി പുരുഷാധിപത്യ സമൂഹം പടുത്തുയർത്തിയ കാഴ്ചപ്പാടുകളിൽ നിന്നും നോക്കുമ്പോൾ വെറുക്കപ്പെട്ടവളായി മാറുന്നൊരു കഥാപാത്രമാണ് അഞ്ജു. എന്നാൽ, മനുഷ്യ മനസ്സിന്റെ ഗ്രേ ഏരിയകളെ ആരുടെയും പക്ഷംപിടിക്കാതെ സംവിധായകൻ തുറന്നു കാണിക്കുമ്പോൾ ആരാണ് ശരി, ആരാണ് തെറ്റ് എന്ന് വിധിക്കാനാവാതെ, ആർക്കൊപ്പം നിൽക്കണമെന്ന് അറിയാതെ പ്രേക്ഷകരും ഒരുവേള സംശയത്തിലാവും. 

വേദനയാൽ ജ്ഞാനസ്നാനപ്പെട്ട ഒരമ്മ- ഉർവശിയുടെ ലീലാമ്മയെ അങ്ങനെ വിശേഷിപ്പിക്കാം. മകനോടും മരുമകളോടും അഗാധമായ സ്നേഹം മനസ്സിലേറ്റുന്ന അമ്മയാണവർ. മുന്നിലേക്ക് നോക്കാൻ പ്രത്യാശയുടെ ഒരു പിടിവള്ളിയ്ക്കായി കേഴുന്ന ഒരമ്മയുടെ സങ്കടങ്ങളെ നെഞ്ചിൽ തറയ്ക്കുംവിധം ഉർവശി പകർത്തിവയ്ക്കുന്നു.  കഥാപാത്രം കടന്നുപോവുന്ന പരിവർത്തനങ്ങളെയും വിസ്മയകരമായ രീതിയിലാണ് ഉർവശി അവതരിപ്പിക്കുന്നത്.  അഞ്ജുവെന്ന കഥാപാത്രത്തിനെ പാർവതിയും ഗംഭീരമായി തന്നെ പോർട്രൈ ചെയ്തിട്ടുണ്ട്. ഉള്ളൊഴുക്ക് എന്ന ഇമോഷണൽ ഡ്രാമയെ ആദ്യാവസാനം എൻഗേജിംഗാക്കിയും മുന്നോട്ടു കൊണ്ടുപോവുന്നത് ഉർവശിയുടെയും പാർവതിയുടെയും കയ്യടക്കത്തോടെയുള്ള അഭിനയമാണ്. അലന്‍സിയര്‍, പ്രശാന്ത്‌ മുരളി, അര്‍ജുന്‍ രാധാകൃഷ്ണന്‍, ജയാ കുറുപ്പ് എന്നിവരും തങ്ങളുടെ വേഷങ്ങൾ മികച്ചതാക്കി. 

Parvathi Ullozhukku

'കറി& സയനൈഡ്' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചര്‍ ഫിലിമാണ് ഉള്ളൊഴുക്ക്.  2018ല്‍ ആമിർ ഖാൻ, രാജ് കുമാർ ഹിറാനി എന്നിവര്‍ അടങ്ങുന്ന ജൂറിയുടെ നേതൃത്വത്തില്‍ ദേശീയതലത്തില്‍ നടന്ന 'സിനിസ്ഥാന്‍ ഇന്ത്യ' തിരക്കഥ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ തിരക്കഥ എന്നതും ഉള്ളൊഴുക്കിന്റെ റിലീസിനായുള്ള കാത്തിരിപ്പിനു ആക്കം കൂട്ടിയിരുന്നു. 

ട്രെയിലറിൽ അനുഭവപ്പെട്ട ആ മിസ്റ്ററി ഫീലിന്റെ ചുരുളുകൾ  ക്രിസ്റ്റോ ടോമി അഴിച്ചെടുക്കുന്നതും സൂക്ഷ്മതയോടെയാണ്. കഥാപാത്രങ്ങളുടെ ഭൂതകാലത്തെ ഏതാനും ഫ്രെയിമുകൾ കൊണ്ടുതന്നെ രജിസ്റ്റർ ചെയ്തു മുന്നോട്ടു പോവുകയാണ് ക്രിസ്റ്റോ.  “എല്ലാവർക്കും മറയ്ക്കാൻ എന്തെങ്കിലും ഉണ്ട്; നുണകൾ മുങ്ങും; രഹസ്യങ്ങൾ പുറത്തുവരും," എന്ന ട്രെയിലറിലെ വാക്കുകൾ ചിത്രത്തിന്റെ എസെൻസ് പേറുന്നവയാണ്.  ഗ്രിപ്പിംഗായ തിരക്കഥ തന്നെയാണ് ചിത്രത്തിലേക്ക് പ്രേക്ഷകരെ  ആകർഷിക്കുന്നത്. കഥ പുരോഗമിയ്ക്കും തോറും പ്രേക്ഷകർക്കുള്ളിലെ പിരിമുറുക്കവും  വർദ്ധിക്കും. കാരണം, ഹൃദയത്തിൽ തട്ടും വിധമാണ് ക്രിസ്റ്റോ ടോമി കഥ പറഞ്ഞുപോവുന്നത്. സിനിമ കണ്ടിറങ്ങിയാലും പറഞ്ഞറിയിക്കാനാവാത്തൊരു  വിങ്ങലും പ്രത്യാശയുടെ നുറുങ്ങുസന്തോഷവും കാഴ്ചക്കാരിൽ നിറഞ്ഞുനിൽക്കും. 

Parvathi Urvashi Ullozhukku

ഒരു കഥാപാത്രത്തിനെയും ചിത്രം മഹത്വവത്കരിക്കുന്നില്ല എന്നതാണ് ശ്രദ്ധേയമായി തോന്നിയ ഒരുകാര്യം. മനുഷ്യരുടെ അടിസ്ഥാനപരമായ ആവശ്യങ്ങൾ, ഗതികേടുകൾ, നിസ്സഹായ അവസ്ഥകൾ, ബന്ധങ്ങൾക്കിടയിലെ പൊരുത്തക്കേടുകൾ, പൊരുത്തപ്പെടലുകൾ, സ്വന്തം  തെറ്റുകളെ ന്യായീകരിക്കാനുള്ള ശ്രമങ്ങൾ, കുറ്റപ്പെടുത്തലുകൾ, വൈകാരിക ചൂഷണം, എല്ലാറ്റിനുമപ്പുറം എത്തിച്ചേരുന്ന തിരിച്ചറിവുകൾ... ഒരു ക്ലെൻസിംഗ് ഘട്ടത്തിലൂടെ കടന്നുപോവുന്ന കഥാപാത്രങ്ങളുടെ യാത്ര ക്രിസ്റ്റോയുടെ കയ്യിൽ ഭദ്രമായിരുന്നു.  മനുഷ്യരുടെ വേദനകൾക്കും നിസ്സഹായതകൾക്കുമപ്പുറം ശരിയുടെയും തെറ്റിന്റെയും മാനദണ്ഡങ്ങൾക്ക് വലിയ പ്രസക്തിയൊന്നുമില്ലെന്ന തിരിച്ചറിവിലേക്ക് പ്രേക്ഷകരെ കൊണ്ടെത്തിക്കുന്നുണ്ട് ചിത്രം. 

തീവ്രമായ കാഴ്ചാനുഭവം സമ്മാനിക്കുന്ന ചിത്രത്തിന്റെ ക്വാളിറ്റിയേറിയ മേക്കിംഗും എടുത്തു പറയേണ്ട ഘടകമാണ്. ഛായാഗ്രഹണം, എഡിറ്റിംഗ് എന്നിവയ്ക്ക് ഒപ്പം തന്നെ ചിത്രത്തിന്റെ ആർട്ട് വിഭാഗവും വലിയ കയ്യടി അർഹിക്കുന്നുണ്ട്. വെള്ളക്കെട്ടിൽ മുങ്ങിയ കുട്ടനാടിന്റെ, ദുരിതമാവുന്ന അവിടുത്തെ ജനജീവിതങ്ങളുടെയൊക്കെ നേർക്കാഴ്ചയാവുകയാണ് ചിത്രത്തിലെ ഫ്രെയിമുകൾ. 

ഷെഹനാദ് ജലാൽ ഛായാഗ്രഹണവും കിരൺദാസ് എഡിറ്റിംഗും മുഹമ്മദ് ബാവ കലാസംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. ചിത്രത്തിന്റെ സൗണ്ട് ഡിപ്പാർട്ട്മെന്റും മികച്ചു നിൽക്കുന്നു. ജയദേവൻ ചക്കാടത്ത്, അനിൽ രാധാകൃഷ്ണൻ എന്നിവരാണ് സിങ്ക് സൗണ്ടും, സൗണ്ട് ഡിസൈനും നിർവ്വഹിച്ചത്. കഥാമുഹൂർത്തങ്ങളുടെ മുറുക്കത്തെ തീവ്രമായി അനുഭവവേദ്യമാക്കുന്നതിൽ സുഷിൻ ശ്യാമിന്റെ സംഗീതസംവിധാനത്തിനും പ്രത്യേക റോളുണ്ട്. 

റോണി സ്ക്രൂവാലയും ഹണി ട്രെഹാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍ എസ് വി പിയുടെയും മക്ഗഫിന്‍ പിക്ചേഴ്സിന്റെയും ബാനറുകളിലാണ് ചിത്രം നിർമ്മിക്കുന്നത്. റെവറി എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ സഞ്ജീവ് കുമാര്‍ നായരാണ് സഹനിര്‍മ്മാണം.

പുരുഷ കേന്ദ്രീകൃതമായ ചിത്രങ്ങൾ കൂടുതലായി നിർമ്മിക്കപ്പെടുന്ന മലയാള സിനിമയിൽ നിന്നും രണ്ടു സ്ത്രീകൾ ഷോൾഡറിലേറ്റി മുന്നോട്ടു കൊണ്ടുപോവുന്ന, ഗംഭീര കാഴ്ചാനുഭവം സമ്മാനിക്കുന്ന ചിത്രമെന്ന രീതിയിൽ സമകാലിക മലയാള സിനിമയിൽ 'ഉള്ളൊഴുക്കിന്' ഏറെ പ്രസക്തിയുണ്ട്. തിയേറ്റർ കാഴ്ച ആവശ്യപ്പെടുന്ന, ഒരു മസ്റ്റ് വാച്ച് ചിത്രം തന്നെയാണ്  'ഉള്ളൊഴുക്ക്'. 

Read More Entertainment Stories Here

Film Review

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: