scorecardresearch

സ്വയമാവർത്തിക്കുന്ന ബിജുമേനോൻ; പ്രേക്ഷകരുടെ ക്ഷമ പരീക്ഷിച്ചു 'തുണ്ട്' റിവ്യൂ: Thundu Movie Review

Thundu Movie review and Rating: സ്വയമാവർത്തിക്കുന്ന ബിജു മേനോൻ, അലസമായ തിരക്കഥ, ഒട്ടും ആകർഷണീയമല്ലാത്ത നിർമിതി ഒക്കെയായി പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുകയാണ് തുണ്ട്

Thundu Movie review and Rating: സ്വയമാവർത്തിക്കുന്ന ബിജു മേനോൻ, അലസമായ തിരക്കഥ, ഒട്ടും ആകർഷണീയമല്ലാത്ത നിർമിതി ഒക്കെയായി പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുകയാണ് തുണ്ട്

author-image
Aparna Prasanthi
New Update
Thundu review

Thundu Movie Review and Rating

Thundu Movie Review: ഫ്ലാഷ്ബാക്കുകൾ, നോൺ ലീനിയറായ കഥ പറച്ചിൽ ഒക്കെ പല സിനിമകളെയും പുതുമയുള്ളതും ഭംഗിയുള്ളതുമായ കാഴ്ചനുഭവങ്ങളാക്കി മാറ്റാറുണ്ട്. എന്നാൽ ഇതിനെയൊക്കെ കൃത്യമായി പ്ളേസ് ചെയ്യാതെ ഇടക്ക് ബലമായും കൃത്രിമമായും ചേർത്ത് വച്ചാൽ കാണുന്നവർക്ക് അത്ര സുഖകരമല്ലാത്ത അനുഭവമാകും ഉണ്ടാവുക. അത്തരത്തിൽ അനവസരത്തിൽ ക്രമം തെറ്റിയ കഥ പറച്ചിലും നിർമിതിയും കൊണ്ട് പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുന്ന സിനിമയാണ് 'തുണ്ട്'. എവിടെയോ തുടങ്ങി, എങ്ങനെയോ മുന്നോട്ട് പോയി എന്താണെന്നറിയാതെ അവസാനിച്ച സിനിമ കൂടിയാണിത്. വളരെ നേർത്ത കഥാതന്തുവിനെ അതിദുർബലമായി തുന്നിക്കെട്ടിയാണ് നവാഗതനായ റിയാസ് ഷെരീഫ് പ്രേക്ഷകർക്ക് മുന്നിലെത്തിച്ചത്. അലസത മൂടിയ ശരീര ഭാഷയുണ്ട് ബിജു മേനോന്. വെള്ളിമൂങ്ങക്ക് ശേഷം അദ്ദേഹം നായകനായി വന്ന ചില ചിത്രങ്ങളിൽ കഥാപാത്രങ്ങൾക്ക് ആ അലസത സൗന്ദര്യവുമായിരുന്നു. എന്നാൽ നായകന്റെ അലസത തുണ്ടിലെത്തുമ്പോൾ സിനിമയിലുടനീളം പടരുന്നു.

Advertisment

തുണ്ട് ഒരു പോലിസ് സ്റ്റേഷനുള്ളിലെ മാത്സര്യത്തെ കുറിച്ചും അവിടത്തെ ദൈനംദിന കാഴ്ചകളെ കുറിച്ചും പറയുന്നു. അതിനൊപ്പം സസ്പെൻസ് മുതൽ കുട്ടിക്കാലട്രോമ വരെയുള്ള ഒരുപാട് വിഷയങ്ങൾ സിനിമ സംസാരിച്ചു പോകുന്നുണ്ട്. പക്ഷെ ഇതിനൊന്നും തുടക്കവും തുടർച്ചയും അവസാനവുമില്ല. കുറെ ഫുട്ടേജുകൾ ചേർത്ത് വച്ചത് പോലെ സിനിമ മുന്നോട്ട് പോകുന്നു. അവ്യക്തതകളും ഡിസ്പ്ളേസ്മെന്റും മിസ്പ്ലെസ്മെന്റും കൊണ്ട് നിറഞ്ഞതാണ് തുണ്ട്. ബേബി എന്ന പോലിസുകാരന്റെ ജീവിതത്തിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. അയാളുടെ അലസത, മടി, വാശി, ഭയം, ഈഗോ, പ്രതികാരം ഒക്കെ തുണ്ട് സംസാരിക്കുന്നുണ്ട്. പക്ഷെ ഒരുപാട് പറഞ്ഞു ഒന്നും പറയാനില്ലാത്തത് പോലെയൊരു അനുഭവമായിരുന്നു സിനിമ.

 തുണ്ട് എന്ന വാക്കിനു ഒരുപാട് വ്യാഖ്യാന സാധ്യതകളുണ്ട്. ഇവിടെ പ്രധാന വിഷയം കോപ്പിയടിയാണ്. മകൻ പരീക്ഷക്ക് കോപ്പിയടിക്കുന്നത് മുതൽ സർവീസ് പരീക്ഷക്ക്  കോപ്പിയടിക്കുന്നത് വരേയുള്ള വിഷയങ്ങളും അതിലെ ഹീറോയിസവും ഒക്കെയാണ് തുണ്ട് എന്ന പേരിലൂടെ പറയുന്നത്. വിചിത്രമായ കുറേ തിരിവുകൾ കടന്ന് അവസാനം ഈ പ്രമേയത്തെ പാതിവഴിയിലിട്ട് സിനിമ വേറെ എങ്ങോട്ടോ പോയ പോലെ തോന്നി. അവിചാരിതമായി ആരൊക്കെയോ വന്ന് പോയി എന്തൊക്കെയോ നടക്കും പോലൊരു അനുഭവം എന്നും പറയാം.

ബിജു മേനോനോടൊപ്പം ഷൈൻ ടോം ചാക്കോ, കോട്ടയം നസീർ, ഉണ്ണിമായ പ്രസാദ്, ഗോകുലൻ, ജോണി ആന്റണി, ബൈജു തുടങ്ങി  വലിയ താരനിര സിനിമയിലുണ്ട്. കഥാനിർമിതി പോലെ തന്നെ കഥാപാത്ര നിർമിതിയും ഒരു സിനിമക്ക് എത്ര പ്രധാനപ്പെട്ടതാണ് എന്ന് ഇവരുടെ റോളുകൾ കണ്ടാൽ ബോധ്യപ്പെടും. കാര്യകാരണങ്ങൾ ഇല്ലാതെ പരസ്പര വിരുദ്ധമായി ഇവരൊക്കെ തൊട്ടടുത്ത രംഗങ്ങളിൽ പെരുമാറുന്നത് പോലെ പലപ്പോഴും തോന്നും. ബിജു മേനോൻ  തന്റെ തന്നെ ചില കഥാപാത്രങ്ങളുടെ തുടർച്ചയിൽ നിൽക്കും പോലെ തോന്നി. സാൾട്ട് മംഗോ ട്രീ, ഒരായിരം കിനാക്കളാൽ തുടങ്ങി ശ്രദ്ധിക്കപ്പെട്ടതും അല്ലാത്തതുമായ നിരവധി റോളുകളുടെ ആവർത്തനം അദ്ദേഹത്തിൽ അടിമുടി പ്രകടമാണ്. ചിലപ്പോൾ അയ്യപ്പനും കോശിയും വരെ കടന്നു വരുന്നുണ്ട്. ഷൈൻ ടോം ചാക്കോ കഥാപാത്രങ്ങളിലും ഈ ആവർത്തനം പ്രകടമാണ്. ഈ സിനിമയുടെ തിരക്കഥയും നിർമിതിയുമൊക്കെ ആ ആവർത്തനത്തെ പിൻപറ്റുന്ന രീതിയിലായിരുന്നു.

Advertisment

സാങ്കേതികതകളിൽ അധികം ശ്രദ്ധിക്കാതെ ഒരു ഫീൽ ഗുഡ് പോലിസ് ഡ്രാമ ഇറക്കുകയായിരുന്നു തുണ്ടിന്റെ ലക്ഷ്യം എന്ന് തോന്നുന്നു. അത് കൊണ്ട് തന്നെ വളരെ പ്രശസ്തരായ സ്വയം തെളിയിച്ച പിന്നണിക്കാർ വരെ ഒന്നും പ്രത്യേകിച്ച് ചെയ്യാത്തത് പോലെ തോന്നി.അത് സ്വാഭാവികമായും പ്രേക്ഷകരുടെ ശ്രദ്ധ പൂർണമായും സിനിമയുടെ കഥാഗതിയിലേക്കാക്കി. ആ ഭാഗമാകട്ടെ പൂർണമായും നിരാശപ്പെടുത്തുകയും ചെയ്തു. ചുരുക്കിപറഞ്ഞാൽ വെള്ളിമൂങ്ങക്ക് ശേഷം പുറത്ത് വന്ന ബിജു മേനോൻ നായകനായ സിനിമകളുടെ എല്ലാ ഫോർമുലകളും ഒന്നിച്ചു ചേർത്ത്, ഒന്നും കൂടി ചേരാതെ അദ്ദേഹത്തെ കൊണ്ട് സ്വയം അനുകരിപ്പിച്ച് പ്രേക്ഷകരെ പരീക്ഷിക്കുന്ന സിനിമയാണ് തുണ്ട്.

Read More Entertainment Stories Here

Biju Menon New Release Film Review

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: