/indian-express-malayalam/media/media_files/n4xDw40hBis9X0ftFs2D.jpeg)
Bhramayugam Movie Review
Bramayugam malayalam Movie Review: ഓരോ സിനിമയും പ്രേക്ഷകർക്കു സമ്മാനിക്കുന്നത് ആസ്വാദനത്തിന്റെ വിവിധ തലങ്ങളാണ്. ചിലത് രസിപ്പിക്കും, കരയിപ്പിക്കും, ഹൃദയം തൊടും, വിങ്ങൽ അവശേഷിപ്പിക്കും, ത്രസിപ്പിക്കും... മറ്റു ചിലതാവട്ടെ ഭീതിയുടെ മുൾമുനയിൽ നിർത്തും. മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത 'ഭ്രമയുഗം' മലയാളത്തിൽ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത തീർത്തും വ്യത്യസ്തമായൊരു കാഴ്ചാനുഭവം സമ്മാനിക്കുന്നതിനൊപ്പം മറ്റേതോ ലോകത്തിലേക്ക് കൂടിയാണ് പ്രേക്ഷകരെ കൂട്ടികൊണ്ടുപോവുന്നത്. പേരും കാലവും മറന്നു പോവുന്ന അർജുൻ അശോകൻ കഥാപാത്രത്തെ പോലെ ആ മനയുടെ ഇരുട്ടിലും നിഗൂഢതയിലും പ്രേക്ഷകരും കുടുങ്ങി പോവും.
പൂർണമായും കറുപ്പിലും വെളുപ്പിലുമായി ഒരുക്കിയ ചിത്രമാണ് 'ഭ്രമയുഗം.' പുതിയ കാലത്തിന്റെ പ്രേക്ഷകരെ സംബന്ധിച്ച് ഇതൊരു വേറിട്ട കാഴ്ചയാണ്. എന്നാൽ കണ്ടിരിക്കുന്നത് ഒരു ബ്ലാക്ക് ആൻ്റ് വൈറ്റ് ചിത്രമാണെന്ന വസ്തുതയൊക്കെ വളരെ എളുപ്പത്തിൽ തന്നെ പ്രേക്ഷകൻ മറികടക്കും. കാട്ടിൽ വഴിതെറ്റിയെത്തിയ തേവനൊപ്പം (അർജുൻ അശോകൻ) പ്രേക്ഷകരും നടന്നു തുടങ്ങും. അലഞ്ഞുതിരിഞ്ഞ്, അവശനായി തേവൻ ചെന്നെത്തുന്നത് ഇടിഞ്ഞുപൊളിഞ്ഞ, നിഗൂഢത തോന്നിപ്പിക്കുന്ന ഒരു മനയിലാണ്. കൊടുമൺ പോറ്റിയുടെ മനയാണത്. വളരെ കാലത്തിനു ശേഷം മനയ്ക്കലെത്തിയ ആ അതിഥിയെ പോറ്റി സ്വീകരിക്കുന്നു. ഭക്ഷണവും അഭയവും നൽകുന്നു. ആ പാണന്റെ പാട്ടിനെ മുക്തകണ്ഠം പ്രശംസിക്കുന്നു. വിശക്കുന്നവനു മുന്നിൽ ഭക്ഷണം നീട്ടുന്നവനാണല്ലോ ദൈവം. തേവനും പോറ്റിയെ ദൈവമായി കണ്ട് കൈകൂപ്പുന്നു. എന്നാൽ തേവനെ ആ മനയിൽ കാത്തിരുന്നത് വിചിത്രവും ഭയാനകവുമായ അനുഭവങ്ങളായിരുന്നു.
പോറ്റിയോളം നിഗൂഢതയുണ്ട് ആ മനയ്ക്കും. മച്ചിനു മുകളിൽ നിന്നും കേൾക്കുന്ന ചങ്ങലകിലുക്കങ്ങൾ, മെതിയടി ശബ്ദം, മാറാല നിറഞ്ഞ അകത്തളങ്ങൾ... കുട്ടിക്കാലത്തു കേട്ടുമറന്ന യക്ഷിക്കഥകളുടെയും ചാത്തൻ കഥകളുടെയും പശ്ചാത്തലത്തിൽ നിന്നുകൊണ്ടാണ് രാഹുൽ സദാശിവനും ടി ഡി രാമകൃഷ്ണനും 'ഭ്രമയുഗത്തി'ന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. തേവനെ ആ മന എത്രത്തോളം ഭയപ്പെടുത്തുന്നുവോ അത്രത്തോളം തന്നെ പ്രേക്ഷകർക്കുള്ളിലും ഭീതിയുടെ നിഴൽ വീഴ്ത്തുന്നുണ്ട് ഭ്രമയുഗ കാഴ്ചകൾ. തിയേറ്ററിൽ ചുറ്റും ആളുകളുണ്ടെങ്കിലും ഭീതി ചൂഴുന്നത് പ്രേക്ഷകർ അറിയും, തേവനൊപ്പം ആ മനയിൽ കാഴ്ചക്കാരനും ട്രാപ്പായതു പോലൊരു അനുഭവം.
വന്യവും പൈശാചികവുമായ ചിരിയോടെ ആദ്യ സീൻ മുതൽ കാഴ്ചക്കാരുടെ ഉള്ളിൽ ഉൾക്കിടിലം സൃഷ്ടിക്കുന്നുണ്ട് മമ്മൂട്ടിയുടെ കൊടുമൺ പോറ്റി.ശാന്തനായിരിക്കുമ്പോഴും, അയാളിൽ ഒളിഞ്ഞിരിക്കുന്ന നിഗൂഢത ആർക്കും ശ്രദ്ധിക്കാതെ പോവാനാവില്ല. അധികാരവും ഗർവ്വും ശരീരഭാഷയിൽ നിഴലിക്കുന്ന, ആശ്രിതരുടെ വിധേയത്വം ആസ്വദിക്കുന്ന പോറ്റി... നോക്കി നിൽക്കെ രൗദ്ര- ഭീഭത്സഭാവം നിഴലിക്കുന്ന പോറ്റിയുടെ മുഖവും ആർത്തട്ടഹാസങ്ങളുമെല്ലാം അമ്പരപ്പോടെയല്ലാതെ കാണാനാവില്ല. വെറ്റിലക്കറയുള്ള പല്ലുകാട്ടിയുള്ള പോറ്റിയുടെ ആ കൊടൂര ചിരി പ്രേക്ഷകരെ വേട്ടയാടുക തന്നെ ചെയ്യും. കൊടുമൺ പോറ്റിയെന്ന ഈ കഥാപാത്രത്തെ പരീക്ഷിക്കാൻ ഇന്ത്യൻ സിനിമയിൽ നിന്നും മമ്മൂട്ടിയല്ലാതെ മറ്റൊരു സൂപ്പർസ്റ്റാറും ധൈര്യപൂർവ്വം മുന്നോട്ടുവരുമെന്നു തോന്നുന്നില്ല.
നിസ്സഹായതയുടെ ആൾരൂപമായി മാറുകയാണ് അർജുന്റെ തേവൻ. ആ നോട്ടത്തിലെ ദൈന്യത കാഴ്ചക്കാരുടെ ഹൃദയം തൊടും. ഗംഭീരമായി തന്നെ ആ കഥാപാത്രത്തെ അർജുൻ പോർട്രെ ചെയ്തിട്ടുണ്ട്. മനയുടെ നിഗൂഢത ശരീരഭാഷയിലും നിഴലിക്കുന്ന കഥാപാത്രമാണ് സിദ്ധാർത്ഥ് ഭരതൻറേത്. സിദ്ധാർത്ഥിന്റെ കരിയർ ബെസ്റ്റ് പ്രകടനം. വിരലിൽ എണ്ണാവുന്ന അഭിനേതാക്കൾ മാത്രമുള്ള ഭ്രമയുഗത്തിന്റെ ഏറ്റവും വലിയ പ്ലസ് മമ്മൂട്ടി, അർജുൻ, സിദ്ധാർത്ഥ് എന്നിവരുടെ മികച്ച പെർഫോമൻസ് തന്നെയാണ്. അമാൽഡ ലിസ്, മണികണ്ഠ ആചാരി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
മിനിമം സംഭാഷണങ്ങൾ മാത്രമേ ചിത്രത്തിൽ ഉള്ളൂ. എന്നാൽ, ഭീതിയുടെയും ആകാംക്ഷയുടെയും അന്തരീക്ഷം സൃഷ്ടിക്കാൻ അധികം സംഭാഷണങ്ങളുടെയൊന്നും ആവശ്യമില്ലെന്നു തെളിയിക്കുകയാണ് സംവിധായകൻ. പേടിപ്പിക്കാനായി പ്രത്യേകിച്ച് ഗിമ്മിക്കുകളൊന്നും ഇവിടെ ആവശ്യമായി വരുന്നില്ല. പ്ലോട്ടും ലൊക്കേഷനുമെല്ലാം അനായാസമായി ആ ജോലി നിറവേറ്റുന്നു. മേക്കിംഗിലെ മികവു കൂടിയാവുമ്പോൾ ചിത്രം എൻഗേജിംഗായി മുന്നോട്ടു പോവുന്നു. ഒരു മിസ്റ്ററി- ഹൊറർ മൂവി എന്നൊക്കെ ഭ്രമയുഗത്തെ വിശേഷിപ്പിക്കാം.
പതിഞ്ഞ താളത്തിലാണ് ഭ്രമയുഗകാഴ്ചകളിലേക്ക് ചിത്രം പ്രേക്ഷകരെ ക്ഷണിക്കുന്നത്. ആ പതിയെ പോക്കിൽ നിന്നും സാവധാനം കൊട്ടിക്കയറി താണ്ഡവത്തിൽ അവസാനിക്കുകയാണ് ചിത്രം. കൊടുമൺ പോറ്റിയെന്ന കഥാപാത്രത്തിനു പിന്നിലെ നിഗൂഢതയുടെ ചുരുളുകൾ അഴിക്കുകയാണ് ആദ്യപകുതിയെങ്കിൽ തേവന്റെ അതിജീവനശ്രമങ്ങളിലൂടെ സംഘർഷഭരിതമായാണ് രണ്ടാം പകുതിയുടെ പ്രയാണം.
ഏറ്റവും അഡ്വാൻസ്ഡായ സിനിമാ സങ്കേതങ്ങളും 4D ചിത്രങ്ങളും വരെ കണ്ടു ശീലിച്ച പ്രേക്ഷകർക്കു മുന്നിലേക്ക് പൂർണമായും ബ്ലാക്ക് ആന്റ് വൈറ്റ് തീമിൽ ഒരു സിനിമ ഒരുക്കുക എന്നത് വളരെ ശ്രമകരമായൊരു ദൗത്യമാണ്. അതിനെ ഏറ്റവും മനോഹരമായി തന്നെ എക്സിക്യൂട്ട് ചെയ്യുകയാണ് ഛായാഗ്രാഹകൻ ഷെഹ്‌നാദ് ജലാൽ. ചിത്രത്തിന്റെ ആർട്ട് ഡിപ്പാർട്ട്മെന്റും പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. ഭീതിയുടെയും നിഗൂഢതയുടെയുമായ ഒരു അന്തരീക്ഷത്തെ ഏറ്റവും ജൈവികമായി തന്നെ ആവിഷ്കരിക്കുന്നുണ്ട് ജ്യോതിഷ് ശങ്കറും ആർട്ട് ഡിപ്പാർട്ട്മെന്റും. ക്രിസ്റ്റോ സേവ്യർ ഒരുക്കിയ പാട്ടുകളും പശ്ചാത്തലസം​ഗീതവും ചിത്രത്തോട് നീതി പുലർത്തുന്നു. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്രയും എസ് ശശികാന്തും ചേർന്നാണ് ഭ്രമയുഗം നിർമ്മിച്ചിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ചു ഭാഷകളിൽ ചിത്രം കാണാം.
തിയേറ്ററിൽ തന്നെ കാണേണ്ട ചിത്രമാണ് ഭ്രമയുഗം. ഒടിടിയ്‌ക്കോ ടെലിവിഷൻ കാഴ്ചയ്‌ക്കോ ചിത്രത്തിന്റെ യഥാർത്ഥ അനുഭൂതി പകർന്നു തരാൻ കഴിയണമെന്നില്ല. 'തുംബാദ്' പോലുള്ള ബോളിവുഡ് ചിത്രങ്ങൾ കണ്ട്, മലയാളത്തിലും അത്തരത്തിലുള്ള പരീക്ഷണ ചിത്രങ്ങൾ കാണാൻ ആഗ്രഹിച്ചവരാണ് നിങ്ങളെങ്കിൽ, ഭ്രമയുഗം നിങ്ങൾക്കു സമ്മാനിക്കുക സമാനതകളില്ലാത്ത കാഴ്ചാനുഭവമാണ്.
Read More on Bhramayugam Here
- മലയാളത്തിന്റെ മമ്മൂട്ടി വരുന്നു; 'ഭ്രമയുഗം' ഇന്ന് മുതൽ
- പേര് മാറ്റി പടമിറക്കും; വച്ച കാല് പിന്നിലേക്കില്ലെന്ന് 'ഭ്രമയുഗം' അണിയറക്കാർ
- സംസാരത്തിൽ എന്തോ തകരാറുണ്ടല്ലോ മമ്മൂക്കാ, മനയ്ക്കലേക്ക് ക്ഷണിക്കുകയാണോ?; മമ്മൂട്ടിയോട് ആരാധകർ
- എന്തെല്ലാം തരത്തിലുള്ള ചിരികളാ, ഇതൊക്കെ എങ്ങനെ സാധിക്കുന്നു?; വൈറലായി വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.