/indian-express-malayalam/media/member_avatars/N5ZjXXWsNcIdzMM523Jm.jpg )
/indian-express-malayalam/media/media_files/2025/10/16/the-pet-detective-review-2025-10-16-15-34-57.jpg)
The Pet Detective Movie Review & Rating
The Pet Detective Movie Review & Rating: ചിരിയിൽ പൊതിഞ്ഞെടുത്ത ഒരു ഡിറ്റക്ടീവ് പടം. ഷറഫുദ്ദീനെ നായകനാക്കി നവാഗതനായ പ്രനീഷ് വിജയൻ ഒരുക്കിയ 'ദി പെറ്റ് ഡിറ്റക്ടീവി'നെ അങ്ങനെ വിശേഷിപ്പിക്കാം. ക്രൈം ത്രില്ലറുകളുടെയും മാസ്സ് ആക്ഷൻ ചിത്രങ്ങളുടെയും ആവർത്തനവിരസതക്കിടയിൽ, മനസ്സുതുറന്ന് ചിരിക്കാനുള്ള ഒരു അവസരമാണ് ഈ ചിത്രം ഒരുക്കുന്നത്.
ലോജിക്കിനെ 'നീയൊരു ചായയൊക്കെ കുടിച്ചിട്ടു പതിയെ വാ' എന്ന് പറഞ്ഞ് തിയേറ്ററിനു പുറത്തുനിർത്തി, കാണേണ്ട ചില ചിത്രങ്ങളുണ്ട്. തീർത്തും ഫൺ മൂഡിൽ ചിരിച്ചും പ്രതീക്ഷകളുടെ അമിതഭാരമില്ലാതെയും കാണാവുന്ന ചിത്രങ്ങൾ. ദി പെറ്റ് ഡിറ്റക്ടീവ് അത്തരത്തിലൊന്നാണ്.
Also Read: അനിയത്തിപ്രാവിലെ ഞങ്ങളുടെ മിനിയെ വീണ്ടും കണ്ടേ; വൈറലായി ശാലിനിയുടെ വീഡിയോ
കഥയിലേക്ക് വന്നാൽ, മെക്സിക്കോയിൽ ഡിറ്റക്ടീവായി പ്രവർത്തിച്ച ജോസ് അലൂലയിൽ നിന്നാണ് കഥ തുടങ്ങുന്നത്. ഒരു ഘട്ടത്തിൽ പ്രാണരക്ഷാർത്ഥം മെക്സിക്കോ വിട്ട് ജോസ് അലൂലയ്ക്ക് നാട്ടിലേക്ക് വണ്ടികയറേണ്ടി വരുന്നു. അതിനു കാരണമായതാവട്ടെ, മെക്സിക്കൻ അധോലോകത്തേയും പൊലീസിനെയും ഇന്റലിജൻസ് ബ്യൂറോകളെയുമെല്ലാം ഞെട്ടിച്ച പീറ്റർ മുണ്ടാക് സമ്പായിയെന്ന മാഫിയ തലവനും.
നാട്ടിലെത്തിയ ജോസ് അലൂല, പഴയ മെക്സിക്കൻ ഡിറ്റക്ടീവ് വീരസാഹസിക കഥകൾ പൊടിപ്പും തൊങ്ങലും മസാലയുമൊക്കെ ചേർത്ത് എഴുതിയും വീരവാദം പറഞ്ഞുമൊക്കെ അങ്ങനെ ജീവിക്കുകയാണ്. ജോസ് അലൂലയുടെ മകൻ ടോണിയ്ക്കും ഡിറ്റക്ടീവ് ജോലിയോട് അത്യാവശ്യം താൽപ്പര്യമുണ്ട്. ഒരു ഘട്ടത്തിൽ പ്രേമിച്ച പെണ്ണിനെ കെട്ടാനായി അച്ഛന്റെ പൂട്ടിപ്പോയ പ്രൈവറ്റ് ഡിറ്റക്ടീവ് ഏജൻസി ഏറ്റെടുത്തു നടത്തേണ്ടി വരികയാണ് ടോണി ജോസ് അലൂലയ്ക്ക്. അല്ലറ ചില്ലറ കേസുകളുമായി തട്ടി മുട്ടി മുന്നോട്ടു പോവുന്നതിനിടയിൽ അയാളുടെ മുന്നിലേക്ക് ഒരു ഇന്റർനാഷണൽ കേസ് എത്തുന്നു, പ്ലാറ്റിനം അരോവാനയുടെ രൂപത്തിൽ, അതാവട്ടെ ടോണിയുടെ തലവര മാറ്റുകയും ചെയ്യുന്നു.
Also Read: ആ ഹിറ്റ് മലയാള ചിത്രങ്ങള്‍ ഒടിടിയിലേക്ക്; എവിടെ കാണാം? New malayalam OTT Releases
ടോണി ജോസ് അലൂലയായി എത്തുന്നത് ഷറഫുദ്ദീനാണ്. കൈകേയി എന്ന നായികാകഥാപാത്രമായി അനുപമ പരമേശ്വരനും എസ് ഐ രജത്തായി വിനയ് ഫോർട്ടുമെല്ലാം ചേർന്ന് ഒരു ഫൺ റൈഡിലേക്കാണ് പ്രേക്ഷകരെ കൂട്ടികൊണ്ടുപോവുന്നത്. കോമഡി സീനുകളിൽ നല്ല ടൈമിംഗുള്ള നടനാണ് താനെന്ന് ഷറഫുദ്ദീൻ മുൻപും തെളിയിച്ചതാണ്. കോമഡിയ്ക്ക് ഒപ്പം ആക്ഷൻ സീനുകളിലും തിളങ്ങുന്ന ഷറഫുദ്ദീനെയാണ് പെറ്റ് ഡിറ്റക്ടീവിൽ കാണാനാവുക. രഞ്ജി പണിക്കർ, വിജയരാഘവൻ, മാലാപാർവതി, ഭഗത് മാനുവൽ, നിഷാന്ത് സാഗർ, വിനായകൻ, ജോമോൻ ജ്യോതിർ, ഷോബി തിലകൻ, സഞ്ജു, നിലീൻ സാന്ദ്ര എന്നിവരും തങ്ങളുടെ റോളുകൾ മികച്ചതാക്കി.
സംവിധായകനായ പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിഐഡി മൂസയൊക്കെ സൃഷ്ടിച്ച കാഴ്ചയുടെയും ആസ്വാദനത്തിന്റെയും മീറ്ററു പിടിക്കാൻ ശ്രമിക്കുന്നൊരു ചിത്രമായിട്ടാണ് ദി പെറ്റ് ഡിറ്റക്ടീവ് അനുഭവപ്പെട്ടത്. ആദ്യ പകുതിയിൽ ചിത്രം അൽപ്പം മന്ദഗതിയിലാണെങ്കിലും, രണ്ടാം പകുതിയോടെ കൃത്യമായ ട്രാക്കിലേക്ക് കടക്കുകയും പിന്നെ അങ്ങോട്ട് വീഗാലാൻഡിലെ ഒരു രസികൻ റൈഡിൽ കയറിയ ഫീൽ സമ്മാനിക്കുകയും ചെയ്യുന്നു.
Also Read: 28കാരിയെ സൈഡാക്കിയ പെർഫോമൻസുമായി 51കാരി: മലൈക ഒരു ജിന്നെന്ന് ആരാധകർ
ആനന്ദ് സി. ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. അഭിനവ് സുന്ദർ നായക് ആണ് ചിത്രത്തിന്റെ എഡിറ്റർ. കലൈ കിംഗ്സൺ ഒരുക്കിയ സംഘട്ടനരംഗങ്ങളും മികവു പുലർത്തുന്നുണ്ട്. തമാശകൾക്കൊപ്പം തന്നെ ആക്ഷനും പ്രാധാന്യം നൽകി കൊണ്ടാണ് ചിത്രം മുന്നേറുന്നത്. പശ്ചാത്തലസംഗീതമൊരുക്കിയ രാജേഷ് മുരുകേശൻ പ്രത്യേക പരാമർശം അർഹിക്കുന്നുണ്ട്. ക്ലൈമാക്സ് ഭാഗത്തെ ചെയ്സിംഗ് സീനുകളെയൊക്കെ രസകരമാക്കി തീർക്കുന്നതിൽ ചിത്രത്തിന്റെ സംഗീതസംവിധായകനും നല്ല പങ്കുണ്ട്.
ഷറഫുദ്ദീൻ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ നായകനായ ഷറഫുദ്ദീൻ തന്നെ നിർമ്മിച്ച ഈ ചിത്രം, കുടുംബപ്രേക്ഷകരെയും കുട്ടികളെയും ലക്ഷ്യം വെക്കുന്നു. തിയേറ്ററിലിരുന്ന് ചിരിക്കാൻ ആഗ്രഹിക്കുന്നവർക്ക് ധൈര്യമായി ടിക്കറ്റെടുക്കാം. പ്രേക്ഷകരെ ചിരിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ ഒരുക്കിയ ചിത്രം, ആ ഉദ്യമത്തിൽ പൂർണ്ണമായി വിജയിക്കുന്നുണ്ട്.
Also Read: സമയമെടുക്കും, എൻ്റെ വിരലുകൾ വേദനിക്കുന്നുണ്ട്; ഹാങ്ങ് ഡ്രമ്മിനെ വരുതിയിലാക്കാൻ പേളി മാണി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.