scorecardresearch

Thankamani Movie Review: ദിലീപ് ദിലീപിനെ തന്നെ അനുകരിക്കുമ്പോൾ; തങ്കമണി റിവ്യൂ

Thankamani Movie Review: വിഷയത്തിൽ നിന്ന് തെന്നി മാറുന്ന ഒരു റിവഞ്ച് ഡ്രാമ എന്ന് തങ്കമണിയെ വിശേഷിപ്പിക്കാം

Thankamani Movie Review: വിഷയത്തിൽ നിന്ന് തെന്നി മാറുന്ന ഒരു റിവഞ്ച് ഡ്രാമ എന്ന് തങ്കമണിയെ വിശേഷിപ്പിക്കാം

author-image
Aparna Prasanthi
New Update
Thankamani Review | Dileep

Thankamani Movie Review Rating

Thankamani Movie Review & Rating: കേരളത്തിലെ ഏറ്റവും ക്രൂരമായ സംഭവങ്ങളിലൊന്നായ തങ്കമണി വെടിവെപ്പിന്റെ ചലച്ചിത്രാവിഷ്ക്കാരമാണ് രതീഷ് രഘുനന്ദന്റെ 'തങ്കമണി.' സമാനതകൾ ഇല്ലാത്ത ഈ പോലീസ് ഭീകരതയെ കുറച്ചു സാങ്കല്പിക കഥാപാത്രങ്ങളെ കൂടി ചേർത്താണ് സംവിധായകൻ സ്ക്രീനിലെത്തിക്കുന്നത്. പക്ഷെ സിനിമ തുടങ്ങിയവസാനിക്കുമ്പോൾ ആ കഥാപാത്രങ്ങൾ സ്‌ക്രീനിൽ തന്നെ നിൽക്കുകയും തങ്കമണി സംഭവം വെറും പശ്ചാത്തലമാവുകയും ചെയ്തു. വിഷയത്തിൽ നിന്ന് തെന്നി മാറുന്ന ഒരു റിവഞ്ച് ഡ്രാമ എന്നൊക്കെ ഈ സിനിമയെ വിശേഷിപ്പിക്കാം.

Advertisment

തങ്കമണി വെടിവെപ്പ് നടന്നിട്ട് മൂന്നര പതിറ്റാണ്ട് കഴിഞ്ഞിരിക്കുന്നു. പല കാലങ്ങളിൽ, പലപ്പോഴായി രാഷ്ട്രീയ ചർച്ചയായ ആ സംഭവത്തെ വളരെ സത്യസന്ധമായി ചർച്ച ചെയ്യാനും അതിനെ പക്ഷഭേദമില്ലാതെ സമീപിക്കാനും സിനിമയുടെ അണിയറ പ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്. സംവിധായകൻ രതീഷ് രഘുനന്ദൻ ആ സംഭവത്തെ മാത്രം സ്‌ക്രീനിൽ എത്തിക്കാതെ അതിന്റെ തുടർച്ചകളെ അന്വേഷിക്കുകയും ചെയ്തു. പക്ഷേ ദിലീപും അദ്ദേഹം അവതരിപ്പിച്ച സാങ്കല്പിക കഥാപാത്രമായ ആബേൽ ജോഷുവ മാത്യുവിന്റെ ഒറ്റക്കുള്ള പ്രതികാരവും സ്‌ക്രീനിൽ ബാക്കിയാവുന്നു. ഒരു റിവഞ്ച് ഡ്രാമയുടെ സാങ്കേതികവും സിനിമാറ്റിക്കുമായ സാധ്യതകൾ സിനിമക്കുള്ളിൽ വന്നില്ല.

ഒരു പ്രദേശത്തെ മുഴുവൻ  പോലീസ് ഉദ്യോഗസ്ഥരും അധികാര സ്വാധീനമുള്ളവരും ചേർന്ന് തകർത്തു ഇല്ലാതാക്കുന്നതിന്റെ ഉദാഹരണമാണ് തങ്കമണി സംഭവം. അതിന്റെ ഇരകൾ ഇന്നും ജീവിച്ചിരിക്കുന്നു. സ്വാഭാവികമായും അത്തരമൊരു വിഷയം ഒരു റിവഞ്ച് ഡ്രാമയായി ചുരുക്കാമോ എന്ന് സംശയമാണ്. തങ്കമണിയിലെ പോലീസ് ഭീകരത അനുഭവിച്ചവരിൽ ഒരാൾ ഒറ്റക്ക്,  ആ കുറ്റകൃത്യത്തിൽ നേരിട്ടും അല്ലാതെയും പങ്കാളികളായവരെ തേടി പോകുന്നത് സിനിമാറ്റിക്ക് ആയി നോക്കുമ്പോൾ രസകരമായ ചിന്തയാണ്. കാലത്തിൻറെ കാവ്യനീതി എന്നൊക്കെ വേണമെങ്കിൽ തോന്നിപ്പിക്കാവുന്ന രീതിയിൽ അതിനെ ഉപയോഗിക്കുകയും ചെയ്യാം. പക്ഷെ ആ ചിന്ത ഒരു രീതിയിലും ഇവിടെ വിജയിച്ചതായി തോന്നിയില്ല. വിചിത്രമായ പ്രതികാര നടപടികളിൽ ആ സംഭവത്തിൽ ഇന്നും ഒളിവിൽ ആയവർ വരെ നായകന്റെ സ്വാഗിന് ഇരയാവുന്നത് വിചിത്രമാണ്. ഫോക്കസ് നായകനു കൊടുത്ത്  തങ്കമണി സംഭവത്തെ അതിനൊരു പശ്ചാത്തലം മാത്രമായി ഉപയോഗിച്ചു. തങ്കമണി സംഭവം കാണിക്കുന്ന സീനുകളും അതിന്റെ പശ്ചത്തലവും സൈഡ് ലൈൻ ചെയ്യപ്പെട്ടു.

സിനിമയ്ക്ക് പിന്നിലുള്ളവർ നേരിട്ട ആശയക്കുഴപ്പം ഈ സിനിമയെ ഏത് ഗണത്തിൽ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കണം എന്നതാണെന്ന് തോന്നുന്നു. ഇപ്പോഴത്തെ ട്രെൻഡായ സീരിയൽ കില്ലറിലേക്ക് നീളുന്ന അന്വേഷണ മാതൃകയിൽ നിന്നാണ് ഈ സിനിമ തുടങ്ങുന്നത്. സ്മാർട്ടായ പോലീസ് ഉദ്യോഗസ്ഥ, ഉന്നതനായ ഒരു നേതാവിന്റെ മരണം കൊണ്ട് വല്ലാത്ത പ്രഷർ അനുഭവിക്കുന്ന അവരുടെ മേലധികാരി തുടങ്ങി മലയാള സിനിമയുടെ നിത്യ കാഴ്ചകൾ എല്ലാം സിനിമയിലുണ്ട്. നായകന്റെ ഫ്ലാഷ്ബാക്കിൽ തുടങ്ങി സിനിമ പഴയ വൈകാരിക കുടുംബ ചിത്രങ്ങളുടെ പാറ്റേൺ പിന്തുടരുന്നു. കുടുംബം, സ്നേഹം, പ്രണയം ഒക്കെ അതിവൈകാരികതകളുടെ അതി പ്രസരത്തിലേക്ക് നീങ്ങുന്നു. ബലിഷ്ടരായ പോലീസ് അധികാരികൾ തോക്ക് അടക്കമുള്ള സങ്കേതകൾ കൊണ്ട് ചുറ്റും നിന്നിട്ടും, വൃദ്ധനും സമാനതകൾ ഇല്ലാത്ത പോലീസ് അതിക്രമങ്ങൾ പല കുറി നേരിട്ട് തളർന്നവനുമായ നായകൻ അവരെ അവിശ്വസനീയമാം വിധത്തിൽ തല്ലി തോൽപ്പിക്കുന്നതുമായ ആക്ഷൻ സിനിമയായി 'തങ്കമണി' പിന്നീട് മാറുന്നു. ഇതിനിടയിൽ എവിടെയോ യഥാർത്ഥ സംഭവം നടക്കുന്നുണ്ട്. ഇതൊന്നും തന്നെ പ്രേക്ഷകരുമായി കണക്റ്റ് ആവുന്ന വിധത്തിൽ സ്‌ക്രീനിൽ എത്തുന്നില്ല. 

Advertisment

ദിലീപ്, ദിലീപിനെ തന്നെ അനുകരിക്കുമ്പോൾ മറ്റു കഥാപാത്രങ്ങളൊക്കെ മലയാള സിനിമയുടെ പതിവ് ക്‌ളീഷേ പാറ്റേൺ അതേ പോലെ പിന്തുടർന്നവരാണ്. സ്‌ക്രീനിന് പിന്നിലും ഒരു മേഖലയും ഓർക്കാവുന്ന ഒന്നും തന്നില്ല. അതിഭാവുകത്വങ്ങളുടെ കുത്തൊഴുക്കാണ് പിന്നെ നടക്കുന്നത്... അധികാര ദുർവിനിയോഗത്തിന്റെ ഇരകൾക്കാണ് ഈ സിനിമ സമർപ്പിച്ചിരിക്കുന്നത്. .

ഇടിപ്പാസ്, പ്രതിപക്ഷം അധികാരത്തിൽ എത്തിയ ശേഷം പോലിസ് ഉദ്യോഗസ്ഥർ സെർവീസിൽ തിരിച്ചു കയറിയത്, ഇതിലെ പ്രധാന കുറ്റാരോപിതനായ ബസ് മുതലാളി പിന്നീട് സൂര്യനെല്ലി കേസില്‍ പ്രതിയായി ഒളിവിൽ പോയത് ഒക്കെ സിനിമയിലുണ്ട്. പക്ഷെ അനാവശ്യ നീളകൂടുതലുള്ള ഷോട്ടുകൾ, പഴയ കാലത്തെ കാണിക്കാൻ സ്ഥിരം ഉപയോഗിക്കുന്ന മടുപ്പിക്കുന്ന കളർ ടോൺ, യഥാർത്ഥ സംഭവത്തിൽ നിന്ന് മാറി പ്ലെയ്സ് ചെയ്ത കുറേ ട്രെൻഡ് ഒപ്പിക്കുന്ന കാഴ്ചകൾ, ക്‌ളീഷേ സംഭാഷണങ്ങൾ,  യുക്തിഭദ്രത തൊട്ടു തീണ്ടിയിട്ടില്ലാത്ത നായകന്റെ ആക്ഷൻ മാസ് ഒക്കെ കൂടി മലയാള സിനിമയിലെ പതിവുകളെ അത് പോലെ പിന്തുടരുന്നു സിനിമ.  

Read More Entertainment Stories Here

New Release Film Review Dileep

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: