/indian-express-malayalam/media/media_files/2025/08/03/kalabhavan-navas-suraj-venjarammoodu-2025-08-03-15-10-45.jpg)
ചിത്രം: ഫേസ്ബുക്ക്
മലയാളികൾ എന്നെന്നും ഓർത്തിരിക്കുന്ന ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ സിനിമാലോകത്ത് ശ്രദ്ധനേടിയ നടനാണ് മിമിക്രികലാകാരൻകൂടിയായ കലാഭവൻ നവാസ്. നവാസിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കം സിനിമാലോകത്തിനും സുഹൃത്തുക്കൾക്കും വിട്ടുമാറിയിട്ടില്ല. ഇന്നലെ വൈകീട്ട് ആറുമണിയോടെ ആലുവ സെൻട്രൽ ജുമാ മസ്ജിദ് കബർസ്ഥാനിലായിരുന്നു നവാസിന്റെ കബറടക്കം.
നവാസിന്റെ വിയോഗത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് അടുത്ത സുഹൃത്തും നടനുമായ സുരാജ് വെഞ്ഞാറമൂട്. സിനിമയിലൂടെ ജീവിതത്തിലേക്കെത്തിയ വളരെകുറച്ചു സുഹൃത്തുക്കളിൽ ഒരാളായിരുന്നു പ്രിയപ്പെട്ട നവാസിക്കയെന്നും, ഒരു കലാകാരൻ എന്ന നിലയിൽ മാത്രമല്ല ഒരുപാട് നന്മയും മറ്റുള്ളവരോട് കരുതലുമുള്ള ഒരു തികഞ്ഞ മനുഷ്യസ്നേഹിയായിരുന്നു അദ്ദേഹമെന്നും സുരാജ് ഫേസ്ബുക്കിൽ കുറിച്ചു.
Also Read: എൻ്റെ മരണശേഷം നിനക്കത് ഓർത്തുവെക്കാം; അന്ന് നവാസ് രഹ്നയോട് പറഞ്ഞത്
കുറിപ്പിന്റെ പൂർണരൂപം
"സിനിമയിലൂടെ എന്റെ ജീവിതത്തിലേക്ക് കൂടി നടന്നു കയറിയ വളരെകുറച്ചു ചങ്ങാതിമാരിൽ ഒരാളായിരുന്നു പ്രിയപ്പെട്ട നവാസിക്ക. ഒരു കലാകാരൻ എന്ന നിലയിൽ മാത്രമല്ല ഒരുപാട് നന്മയും മറ്റുള്ളവരോട് കരുതലുമുള്ള ഒരു തികഞ്ഞ മനുഷ്യസ്നേഹി. ഞങ്ങൾ പരിചയപ്പെടുന്ന കാലത്ത് ഞാൻ സിനിമയിൽ ഇല്ല. ഞങ്ങളുടെ പ്രോഗ്രാം വേദികളിൽ ഗസ്റ്റ് ആയിട്ട് സിനിമ താരമായ നവാസിക്കയെ കൊണ്ട് വരിക എന്നതായിരുന്നു അക്കാലത്തെ ഏറ്റവും വലിയ അഭിമാനം.
ഒരു നിശ്വാസത്തിനിടയിൽ പുരുഷന്റെയും സ്ത്രീയുടെയും ശബ്ദം മാറി മാറി എടുക്കാൻ കഴിയുന്ന അപൂർവമായ കഴിവിന് അപ്പുറം ഇക്ക ഒരു അസ്സൽ ഗായകൻ കൂടിയാണ്. ഒരു തികഞ്ഞ കലാകാരൻ. കാലങ്ങൾ കഴിഞ്ഞു പോകവേ ഓരോ കാഴ്ചയിലും ഞങ്ങൾ ഓരോ വേദികളിലും പങ്കിട്ട നിമിഷങ്ങളെ കുറിച്ചും അവിടുണ്ടായ രസകരമായ നിമിഷങ്ങളെയും കുറിച്ചു പറയുകയും ആർത്തലച്ചു ചിരിക്കുകയും ചെയ്യും.
Also Read: നടൻ മാത്രമല്ല, നല്ലൊരു ഗായകനും; പാട്ടിലൂടെ നവാസ് വിസ്മയിപ്പിച്ചപ്പോൾ, വീഡിയോ
ഈ അടുത്ത കാലത്ത് ഗംഭീര വേഷങ്ങളാണ് ഇക്കയെ തേടി എത്തിയിരുന്നത്. അതിന്റെ സന്തോഷവും അവസാനം കണ്ടപ്പോൾ പങ്കുവച്ചു കൈയുയർത്തി യാത്ര പറഞ്ഞങ്ങു നടന്നു പോയി. വിശ്വസിക്കാൻ ആകുന്നില്ല. ഓടി എത്തിയപ്പോഴേക്കും കാണുവാനും കഴിഞ്ഞില്ല. ഒരു നിമിഷം കൂടെ ഉണ്ടായിരുന്ന ഒരു മനുഷ്യൻ ഒന്നും പറയാതെയങ്ങു പോയി. രഹ്‌നയോടും മക്കളോടും എന്തു പറയുമെന്ന് അറിയില്ല. ആശ്വസിപ്പിക്കാൻ വാക്കുകളില്ല. അവർക്കു ഈ വേദനയെ അതിജീവിക്കാൻ കഴിയട്ടെ. വിട," സുരാജ് കുറിച്ചു.
വെള്ളിയാഴ്ച രാത്രിയാണ് ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അൻപത്തിയൊന്നുകാരനായ നവാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 'പ്രകമ്പനം' എന്ന സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് കഴിഞ്ഞ 25 ദിവസങ്ങളായി ഹോട്ടലിൽ താമസിച്ചു വരികയായിരുന്നു നവാസ്.
Read More: എപ്പോഴും പുഞ്ചിരിക്കുന്ന മുഖവുമായാണ് നവാസിനെ കാണാറുള്ളത്; പ്രിയ സഹോദരന് ആദരാഞ്ജലി: മോഹൻലാൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.