/indian-express-malayalam/media/media_files/2025/08/02/kalabhavan-navas-vinod-kovoor-2025-08-02-15-08-47.jpg)
കലാഭവൻ നവാസിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിലാണ് കേരളം. വെള്ളിയാഴ്ച രാത്രിയാണ് 51കാരനായ നവാസിനെ ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം. കാഴ്ചയിൽ പൂർണ ആരോഗ്യവാനായി തോന്നിപ്പിക്കുന്ന നവാസിനു പെട്ടെന്ന് എന്തു സംഭവിച്ചു എന്ന ആശങ്ക ഏവർക്കുമുണ്ട്.
‘പ്രകമ്പനം’എന്ന ചിത്രത്തിൽ അഭിനയിച്ചു വരുന്നതിനിടയിലാണ് നവാസ് അന്തരിച്ചത്. നവാസിന് സെറ്റിൽ വച്ച് മുൻപ് നെഞ്ചുവേദനയുണ്ടായിരുന്നെന്നും എന്നാൽ ഷൂട്ടിന് ബുദ്ധിമുട്ടാകുമെന്നു കരുതി ആശുപത്രിയില്‍ പോവാതെ അഭിനയം തുടരുകയായിരുന്നു നടൻ എന്നുമാണ് നടൻ വിനോദ് കോവൂർ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത്.
വിനോദ് കോവൂരിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
നവാസ്ക്കാ എന്തൊരു പോക്കാ ഇത്. വിവരം അറിഞ്ഞപ്പോൾ ഫേക്ക് ന്യൂസ് ആവണേ എന്ന് ആഗ്രഹിച്ചു. പക്ഷെ...... കളമശ്ശേരി മോർച്ചറിയുടെ മുമ്പിൽ വെച്ച് ഇന്നലെ രാത്രി 11 മണിക്ക് ചേതനയറ്റ ശരീരം കണ്ടപ്പോൾ ആദ്യം അഭിനയിച്ച് ഉറങ്ങുകയാണോ എന്ന് തോന്നി. കവിളത്ത് തട്ടി നവാസ്ക്കാന്ന് വിളിച്ച് നോക്കി. കണ്ണ് അൽപ്പം തുറന്ന് കിടന്നിരുന്നു അപ്പോൾ, പ്രിയപ്പെട്ടവരെ മുഴുവൻ കാണാതെ ആ കണ്ണുകൾ അടയില്ല. ജീവനറ്റ ശരീരം മോർച്ചറിയിലേക്ക് കയറ്റിയതിന് ശേഷം വീട്ടിലേക്കുള്ള യാത്രയിൽ നവാസ്ക്കയുടെ ഓർമ്മകൾ മാത്രമായിരുന്നു.
Also Read: നടൻ മാത്രമല്ല, നല്ലൊരു ഗായകനും; പാട്ടിലൂടെ നവാസ് വിസ്മയിപ്പിച്ചപ്പോൾ, വീഡിയോ
ചോറ്റാനിക്കര സിനിമാ സെറ്റിൽ 5 മണി വരെ അഭിനയിച്ച് താമസിക്കുന്ന ഹോട്ടൽ റൂമിൽ എത്തി യഥാർത്ഥ ജീവിതത്തിലെ റോളും പൂർത്തിയാക്കി നവാസ്ക്ക കാലായവനികക്കുള്ളിൽ മറഞ്ഞു. ഇത്രയേയുള്ളു മനുഷ്യൻ്റെ കാര്യം. ഏത് നിമിഷവും പൊട്ടി പോകുന്ന ഒരു നീർകുമിളയാണ് നമ്മുടെ ഓരോരുത്തരുടേയും ജീവൻ.
സെറ്റിൽ വെച്ച് നെഞ്ച് വേദനയുണ്ടായെന്നും ഡോക്ടറെ വിളിച്ച് സംസാരിച്ചെന്നും ഷൂട്ടിന് ബുദ്ധിമുട്ടാവണ്ട എന്ന് കരുതി ആശുപത്രിയിൽ പോകാതെ അഭിനയജോലിയിൽ മുഴുകിയെന്നും അറിഞ്ഞു. ഷൂട്ട് കഴിഞ്ഞിട്ട് പോകാമെന്ന് കരുതിയിട്ടുണ്ടാകും. പക്ഷേ, അപ്പോഴേക്കും രംഗബോധമില്ലാത്ത കോമാളി വന്ന് ജീവൻ തട്ടിയെടുത്തു. വേദന വന്ന സമയത്തേ ഡോക്ടറെ പോയി കണ്ടിരുന്നെങ്കിൽ എന്ന് ചിന്തിച്ച് പോയി. എങ്കിലുകൾക്ക് ഇവിടെ സ്ഥാനമില്ലല്ലോ. നവാസ്ക്കയുടെ സമയം വന്നു, നവാസ്ക്ക പോയി അത്ര തന്നെ.
കഴിഞ്ഞ അമ്മയുടെ കുടുംബ സംഗമത്തിൽ പാട്ടുപാടിയും വ്യത്യസ്ത കോമഡി കാണിച്ചും എല്ലാവരുടെ പ്രശംസക്കും പാത്രമായിരുന്നു നവാസ്ക്ക. ഞാൻ ഒന്ന് കെട്ടിപിടിച്ചോട്ടെന്ന് പറഞ്ഞ് കെട്ടിപിടിച്ചത് ഓർക്കുന്നു. ഒരുമിച്ച കുറേ സ്റ്റേജ് പ്രോഗ്രാമുകൾ. അതിലുപരി ഒരു സഹോദര സ്നേഹമായിരുന്നു നവാസ്ക്കക്ക്. ഇനി നവാസ്ക്ക ഓർമ്മകളിൽ മാത്രം. വിശ്വസിക്കാൻ പ്രയാസം. പടച്ചോൻ നവാസ്ക്കയുടെ കബറിടം വിശാലമാക്കി കൊടുക്കട്ടെ.
കുടുംബത്തിൻ്റെ വേദനയിൽ പങ്കുചേരുന്നു. ഇന്നലെ രാത്രി മുഴുവൻ മോർച്ചറിയിൽ കിടക്കേണ്ടി വന്നു, ഇന്ന് പോസ്റ്റ് മാർട്ടം. സഹിക്കാനാകുന്നില്ല നവാസ്ക്ക.
Also Read: നവാസേ, എന്തൊരു പോക്കാണിത്, താങ്ങാനാവുന്നില്ല: വേദനയോടെ സിനിമാലോകം
ഉച്ചക്ക് ശേഷം ആലുവയിലെ വീട്ടിലേക്ക് പോകണം ഒരു നോക്കു കൂടി കാണാൻ. ശരിക്കും പേടിയാവുകയാണ്, അമ്പത്തിയൊന്നാമത്തെ വയസിലാണ് നവാസ്ക്കയുടെ മരണം. ഒരു ഗ്യാരണ്ടിയുമില്ലാത്ത ജീവിതമാണ് നമ്മുടെ ഓരോരുത്തരുടേയും. വേഷം തീർന്നാൽ വേദി ഒഴിയണ്ടേ ആരായാലും?
പ്രണാമം.
Also Read: നടൻ മാത്രമല്ല, നല്ലൊരു ഗായകനും; പാട്ടിലൂടെ നവാസ് വിസ്മയിപ്പിച്ചപ്പോൾ, വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.