/indian-express-malayalam/media/member_avatars/N5ZjXXWsNcIdzMM523Jm.jpg )
/indian-express-malayalam/media/media_files/2025/02/12/painkili-review.jpg)
Painkili Movie Review & Rating
Painkili Movie Review & Rating: വളരെ ലൗഡായ ചിത്രമാണ് നടൻ ശ്രീജിത്ത് ബാബുവിന്റെ ആദ്യസംവിധാനസംരംഭമായ പൈങ്കിളി. കോമഡിയുടെ ട്രാക്കിൽ സഞ്ചരിച്ച് ചിലപ്പോൾ സ്പൂഫായി തോന്നിപ്പിക്കുകയും അടുത്ത നിമിഷം 'ഓവർഡു' (Overdo) ആയി പോവുകയും ചെയ്യുന്നുണ്ട് പൈങ്കിളി.
ഫേസ്ബുക്കിലെ കാൽപ്പനിക ലോകത്ത് ജീവിക്കുന്നയാളാണ് സുകു വേഴാമ്പൽ എന്നറിയപ്പെടുന്ന സുകു സുജിത്കുമാർ. 'ബിഎ വരെ പഠിച്ചാലും, എംഎ വരെ പഠിച്ചാലും, എന്നെ മറക്കരുത്' എന്നൊക്കെയുള്ള പഴയ ഓട്ടോഗ്രാഫ് സാഹിത്യത്തെ മുറുകെ പിടിക്കുന്ന ഒരാൾ. വീട്ടിൽ അൽപ്പം തറുതല പറയുന്നവനാണെങ്കിലും അയൽക്കാർക്കൊക്കെ അയാൾ പരോപകാരിയാണ്. നാട്ടുകാരും ചങ്ങാതിമാരും അവർക്കൊപ്പമുള്ള ഒത്തുചേരലുകളുമൊക്കെയായി അയാൾ ഹാപ്പിയാണ്. ഇടയ്ക്ക് ചില വയ്യാവേലികളിൽ അയാൾ നൈസായിട്ട് ചെന്നുവീഴുന്നുമുണ്ട്. ഒരു യാത്രയ്ക്കിടയിൽ പോയി ചാടിയ വയ്യാവേലിയിൽ അയാളൊന്നു പതറുന്നു. അതിൽ നിന്ന് തലയൂരാനുള്ള അയാളുടെ ശ്രമങ്ങളാവട്ടെ കൂടുതൽ സങ്കീർണ്ണമായ പ്രശ്നങ്ങളിലേക്കാണ് സുകുവിനെ നയിക്കുന്നത്.
അൽപ്പം മിസ്റ്റിക് സ്വഭാവമുള്ള കഥാപാത്രമാണ് അനശ്വര രാജന്റെ ഷീബ ബേബി. വീട്ടുകാർ ഉറപ്പിച്ച കല്യാണം മുടക്കണം എന്നതു മാത്രമാണ് ഷീബയുടെ ഏകലക്ഷ്യം. പല തവണ ഒളിച്ചോടാൻ ശ്രമിച്ചെങ്കിലും ഷീബ ബേബിയുടെ ആ ശ്രമങ്ങളെല്ലാം പരാജയപ്പെടുന്നു. ഒരു പോയിന്റിൽ വച്ച് സുകുവിന്റെയും ഷീബ ബേബിയുടെയും വഴികൾ കൂട്ടിമുട്ടുകയാണ്. പിന്നീടങ്ങോട്ട് സുകുവിന്റെയും ഷീബയുടെയും ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്.
അൽപ്പം എക്സെൻട്രിക് എന്നു തോന്നുന്ന നിരവധി കഥാപാത്രങ്ങളെ പൈങ്കിളിയിൽ കണ്ടെത്താം. നായകനായ സുകുവിനും നായികയായ ഷീബ ബേബിയ്ക്കും വരെയുണ്ട് ആ എക്സെൻട്രിസിറ്റി. രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളുടെ സംവിധായകനായ ജിതു മാധവനാണ് പൈങ്കിളിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രോമാഞ്ചത്തിലെ സിനു സോളമനെയും ആവേശത്തിലെ രംഗണ്ണനെയുമൊക്കെ വാർത്ത അതേ വാർപ്പിലാണ് ജിതു മാധവൻ പൈങ്കിളിയിലെ ചില കഥാപാത്രങ്ങളെയും വാർത്തതെന്നു തോന്നും.
സജിൻ ഗോപു ആദ്യമായി നായകനാവുന്ന ചിത്രമാണിത്. സപ്പോർട്ടിംഗ് റോളുകളിൽ നിന്നും സിനിമയുടെ കേന്ദ്രകഥാപാത്രമായി പെർഫോം ചെയ്യാൻ കിട്ടിയ അവസരം സജിൻ തന്നാലാവും വിധം മികച്ചതാക്കിയിട്ടുണ്ട്. ചിലപ്പോഴൊക്കെ ഉള്ളുതൊട്ടും മറ്റു ചിലപ്പോൾ ചിരിപ്പിച്ചുമാണ് സുകുവിന്റേ കഥാപാത്രം മുന്നേറുന്നത്. പക്ഷേ, രണ്ടാംപകുതിയിലെ ക്ലൈമാക്സിനോട് അടുത്ത ചില രംഗങ്ങളിൽ പ്രകടനത്തിനു മേലുള്ള കയ്യടക്കം സജിനു നഷ്ടപ്പെട്ടതുപോലെ തോന്നി. എന്നിരുന്നാലും വേറിട്ട തരത്തിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് തന്റെ കഴിവു തെളിയിച്ചു തന്നെയാണ് സജിൻ ഗോപുവിന്റെ മുന്നേറ്റം. രോമാഞ്ചത്തിലും ആവേശത്തിലും പൊൻമാനിലുമൊന്നു കണ്ട സജിനെയല്ല പൈങ്കിളിയിൽ കാണാനാവുക.
എന്താണ് ഈ പെൺകുട്ടിയിങ്ങനെ? എന്നു കാഴ്ചക്കാരെ കൊണ്ടു ത എന്ന കഥാപാത്രത്തിന്. ആ കിറുക്ക് ഫീൽ കൃത്യമായി കാഴ്ചക്കാരിലേക്ക് അനശ്വര പകരുന്നുമുണ്ട്. റിയാസ് ഖാനെയൊക്കെ ഇതുപോലൊരു റോളിൽ അടുത്തൊന്നും മലയാളി കണ്ടുകാണില്ല. വെബ് സീരീസുകളിലൂടെ ശ്രദ്ധ നേടിയ ജിസ്മ വിമലിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം കൂടിയാണ് പൈങ്കിളി. സുമ എന്ന ആ കഥാപാത്രത്തെ വളരെ രസകരമായി തന്നെ ജിസ്മ അവതരിപ്പിച്ചിട്ടുണ്ട്. അബു സലിമിന്റെ അച്ഛൻ വേഷവും ശ്രദ്ധ നേടുന്നുണ്ട്. റോഷൻ ഷാനവാസ്, ചന്തു സലീംകുമാർ, അബു സലിം, ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങിയവരും പ്രേക്ഷകരുടെ ശ്രദ്ധകവരുന്ന പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്.
ഫഹദ് ഫാസിൽ ആന്‍റ് ഫ്രണ്ട്സിന്‍റേയും അർബൻ ആനിമലിന്‍റേയും ബാനറിൽ ഫഹദ് ഫാസിൽ, ജിതു മാധവൻ എന്നിവർ ചേർന്നാണ് പൈങ്കിളി നിർമിച്ചിരിക്കുന്നത്. അർജുൻ സേതുവിന്റെ ക്യാമറയും ജസ്റ്റിൻ വർഗീസിന്റെ സംഗീതവും ചിത്രത്തിന്റെ മൊത്തത്തിലുള്ള ലൗഡ് സ്വഭാവത്തോട് നീതി പുലർത്തിയിട്ടുണ്ട്. കിരൺ ദാസാണ് ചിത്രത്തിന്റെ എഡിറ്റർ.
പ്രേക്ഷകരെ രസിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് പൈങ്കിളി എത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ലോജിക്കിന്റെ കണ്ണുകൊണ്ട് ഈ ചിത്രത്തെ കാണാനാവില്ല. അൽപ്പം കിറുക്കുള്ള മനുഷ്യർ, അവർ കടന്നുപോവുന്ന വിചിത്രമായ ചില കഥാസന്ദർഭങ്ങൾ... അങ്ങനെ മൊത്തത്തിൽ അൽപ്പം വിചിത്രമാണ് പൈങ്കിളിയിലെ ലോകം. ആ എക്സെൻട്രിസിറ്റി തന്നെയാണ് പൈങ്കിളിയുടെ മർമ്മം എന്നു തിരിച്ചറിഞ്ഞാണ് സിനിമ കാണുന്നതെങ്കിൽ ഒരോളത്തിൽ ചിരിച്ചും രസിച്ചും പ്രേക്ഷകനു മുന്നോട്ടുപോവാനാവും. അതല്ല, 'ഓവർഡോസ് കോമഡിയും' ലൗഡ് പ്രകടനങ്ങളുമൊക്കെ അത്ര പിടിക്കാത്തവരാണെങ്കിൽ പൈങ്കിളി നിങ്ങളെ നിരാശരാക്കിയേക്കാം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.