/indian-express-malayalam/media/member_avatars/N5ZjXXWsNcIdzMM523Jm.jpg )
/indian-express-malayalam/media/media_files/2025/01/22/RHYJbmFRKLYqDBm6BD3i.jpg)
കടുത്ത സിനിമാഭ്രാന്തനായ, സിനിമ കണ്ട് തിയേറ്റർ വിടുമ്പോൾ കഥാപാത്രങ്ങളെ അവിടെതന്നെ ഉപേക്ഷിച്ചുകളയാതെ കൂടെ കൂട്ടുന്നൊരു ചെറുപ്പക്കാരൻ. കണ്ട സിനിമകൾ ആവർത്തിച്ചു കാണുന്നത് അയാളെ രസം പിടിപ്പിച്ചു. ആ കാഴ്ചയിൽ അതുവരെ കാണാത്തൊരു പുതുകാഴ്ച ഓരോ ചിത്രത്തിൽ നിന്നും അയാൾ കണ്ടെടുത്തു കൊണ്ടിരുന്നു. 'കൺമുന്നിൽ ഉണ്ടായിട്ടും കാണാതെ പോവുന്ന മനുഷ്യരെ' കുറിച്ചോർത്തോർത്തു ആ ചെറുപ്പക്കാരൻ എഴുതിയ സിനിമ ഇന്ന് കേരളത്തിലെ തിയേറ്ററുകളിൽ വിജയകരമായി ഓടികൊണ്ടിരിക്കുകയാണ്.
മലയാള സിനിമയുടെ ചരിത്രവും ഫിക്ഷനും ഒരു മജീഷ്യന്റെ മിടുക്കോടെ ചേർത്തുവച്ച്, സത്യമേത്, മിഥ്യയേത് എന്നു മനസ്സിലാക്കാനാവാത്ത രീതിയിൽ പ്രേക്ഷകരെ അമ്പരപ്പിച്ചൊരു കഥയും തിരക്കഥയുമായി രേഖാചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുമ്പോൾ, തന്റെ സിനിമായാത്രയെ കുറിച്ച് ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോട് സംസാരിക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ രാമു സുനിൽ. ജോൺ മന്ത്രിക്കലുമായി ചേർന്നാണ് രാമു രേഖാചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.
സിനിമ വിസ്മയിപ്പിച്ച കുട്ടിക്കാലം
നിറയെ സിനിമാഭ്രാന്തന്മാരുള്ള ഒരു കുടുംബത്തിലാണ് ഞാൻ വളർന്നത്. . വീട്ടിൽ എല്ലാവരും എൺപതുകളിലെ സിനിമകളുടെ കടുത്ത ആരാധകരായിരുന്നു, അവരെപ്പോഴും സിനിമയുമായി ബന്ധപ്പെട്ട കഥകൾ വീട്ടിൽ സംസാരിക്കും. അങ്ങനെയൊക്കെയാവും എനിക്കും സിനിമയോട് ഒരു ഫാസിനേഷൻ വന്നത്. അച്ഛൻ ഒരു കടുത്ത സിനിമാപ്രേമിയാണ്. അടൂരിന്റെ പടങ്ങൾ മുതൽ കൊമേഴ്സ്യൽ സിനിമകൾവരെ, എല്ലാ തരം സിനിമകളും അച്ഛൻ കൊണ്ടുപോയി കാണിക്കും.
എൽകെജി മുതൽ രണ്ടാം ക്ലാസ് വരെ തിരുവനന്തപുരത്തായിരുന്നു ഞാൻ താമസിച്ചിരുന്നത്. വട്ടിയൂർക്കാവിലായിരുന്നു ഞങ്ങളുടെ വീട്. വീടിനടുത്താണ് ശാന്തി തിയേറ്റർ. എന്റെ വല്യച്ഛന്റെ മകൻ സുജിച്ചേട്ടനും വലിയ സിനിമാപ്രേമിയാണ്, ആളുടെ ഫ്രണ്ടിന്റെ തിയേറ്ററായിരുന്നു അത്. ആ തിയേറ്ററിൽ സുജിച്ചേട്ടന് എപ്പോ വേണമെങ്കിലും കയറിച്ചെല്ലാനുള്ള ഫ്രീഡമുണ്ട്. ചേട്ടൻ എല്ലാ പടങ്ങളും കണ്ട് എനിക്ക് കഥ പറഞ്ഞു തരും. ആളൊരു അസാധ്യ സ്റ്റോറി ടെല്ലറാണ്. അങ്ങനെയാണ് സിനിമാക്കഥകളോട് എനിക്കു അടുപ്പം തോന്നുന്നത്. ഇനി മൂപ്പര് പടം കണ്ടില്ലെങ്കിലും ശാന്തി തിയേറ്ററിൽ പടം മാറിയാൽ എങ്ങനെയെങ്കിലും ഞാനറിയും. തൊണ്ണൂറുകളുടെ അവസാനമാണിതൊക്കെ.
1998ൽ, അമ്മയ്ക്ക് സിവിൽ എഞ്ചിനീയറായി തൃശൂരിൽ ജോലി കിട്ടി. അമ്മ തൃശൂരിലേക്ക് പോയതോടെ ഞാനാകെ ഒറ്റപ്പെട്ടു. ആ സമയത്ത് അച്ഛന്റെ സുഹൃത്ത് അനിൽ അങ്കിളാണ് എന്നെ സന്തോഷിപ്പിക്കാനുള്ള ജോലി ഏറ്റെടുത്തത്. സിനിമ മാത്രമാണ് എന്നെ ഹാപ്പിയാക്കാനുള്ള വഴിയെന്ന് അങ്കിളിനു അറിയാമായിരുന്നു. പുള്ളി എന്നെയും ബൈക്കിലിരുത്തി എല്ലാ സിനിമയ്ക്കും പോവും. ഒരാഴ്ച ഞങ്ങൾ മൂന്നു പടമൊക്കെ കണ്ട സമയമുണ്ട്.
സിനിമകൾ കണ്ടു വളർന്നതിനാലാവാം, പത്താം ക്ലാസ് ആയപ്പോഴേക്കും ഇനിയെന്തു തിരഞ്ഞെടുക്കണമെന്ന കാര്യത്തിൽ ഞാനൊരു തീരുമാനത്തിൽ എത്തിയിരുന്നു. സിനിമയിൽ എത്തിപ്പെടണമെങ്കിൽ അതിനുള്ള വഴി, വിഷ്വൽ കമ്മ്യൂണിക്കേഷൻ പഠിക്കുകയാണെന്ന് ഇന്റർനെറ്റൊക്കെ നോക്കി ഞാൻ മനസ്സിലാക്കി. അപ്പോഴേക്കും ഞങ്ങൾ തൃശൂരിലേക്ക് താമസം മാറിയിരുന്നു. കോലഴി ചിന്മയ വിദ്യാലയത്തിൽ പ്ലസ് ടു പൂർത്തിയാക്കിയതിനുശേഷം, കോയമ്പത്തൂർ ജിആർഡി കോളേജിൽ വിഷ്വൽ കമ്മ്യൂണിക്കേഷനു ചെയ്തു. പഠിക്കുന്ന സമയത്ത് കുറച്ച് ഹ്രസ്വചിത്രങ്ങൾ ചെയ്തു. കോളേജിൽ എന്റെ സൂപ്പർ സീനിയർ ആയിരുന്നു മുകുന്ദനുണ്ണിയുടെ സംവിധായകനായ അഭിനവ് സുന്ദർ. പുള്ളിയ്ക്ക് എന്റെ ഷോർട്ട് ഫിലിമുകൾ ഇഷ്ടമായി.
അഭിനവ് ആദ്യമായി എഡിറ്റ ചെയ്ത ചിത്രമാണ് 2013ൽ ഇറങ്ങിയ, ദുൽഖറും നസ്രിയയും അഭിനയിച്ച 'വായെ മൂടി പേശവും' (സംസാരം ആരോഗ്യത്തിനു ഹാനികരം) എന്ന ചിത്രം. ആ പടത്തിലേക്ക് അസിസ്റ്റന്റ് ഡയറക്ടർമാരെ തേടുന്ന സമയമായിരുന്നു, അഭിനവ് എന്നോട് ബയോഡേറ്റ അയക്കാൻ പറഞ്ഞു. അങ്ങനെ 21-ാം വയസ്സിൽ ആ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറായി കൊണ്ട് ഞാൻ സിനിമയുടെ ലോകത്തെത്തി.
/indian-express-malayalam/media/media_files/2025/01/22/ptK2a5miWat4DMnjjDBj.jpg)
കൺമുന്നിൽ ഉണ്ടായിട്ടും കാണാതെ പോയ മനുഷ്യർ
അതുവരെ സിനിമ എന്നെ സംബന്ധിച്ചൊരു സ്വപ്നലോകമായിരുന്നു. പക്ഷേ, സംവിധാന സഹായിയായി ജോലി ചെയ്തു തുടങ്ങിയപ്പോഴാണ് റിയാലിറ്റി ഹിറ്റ് ചെയ്യുന്നത്. ഒരു സിനിമയുടെ ഹൈറാര്‍ക്കി ഘടനയില്‍ അങ്ങേയറ്റത്തു നിൽക്കുന്ന ആളുകളാണ് അസിസ്റ്റന്റ് ഡയറക്ടർമാർ.
മൂന്നാറിലായിരുന്നു ചിത്രത്തിന്റെ ഷൂട്ട്. പ്രൊഡക്ഷൻ മാനേജർ മാർട്ടിൻ തമിഴനായിരുന്നു. അതിനാൽ ജൂനിയർ ആർട്ടിസ്റ്റ് കോർഡിനേഷൻ എന്നെയായിരുന്നു ഏൽപ്പിച്ചിരുന്നത്. ജൂനിയർ ആർട്ടിസ്റ്റുകളെയൊക്കെ അന്ന് കൊച്ചിയിൽ നിന്നായിരുന്നു കൊണ്ടുവന്നിരുന്നത്. ഓരോ ദിവസവും എത്ര ഫീമെയ്ൽ ആർട്ടിസ്റ്റുകൾ വേണം, എത്ര പുരുഷന്മാർ വേണം, അവരുടെ കോസ്റ്റ്യൂം എന്താണ് തുടങ്ങിയ കാര്യങ്ങളൊക്കെ നോക്കണം. നല്ല ബുദ്ധിമുട്ടുള്ള ജോലിയായിരുന്നു അത്.
ഞാൻ അന്ന് കുറേക്കൂടി ഇന്നസെന്റ് ഏജിൽ ആണല്ലോ, അതാവാം അവരുടെ റിയാലിറ്റി എന്നെ വല്ലാതെ ഹിറ്റ് ചെയ്തിരുന്നു. അസിസ്റ്റന്റ് ഡയറക്ടർമാരേക്കാളും കഷ്ടമാണ് അവരുടെ കാര്യം. നമുക്കും ചിലപ്പോൾ അവരോട് കയർക്കേണ്ടി വരും. വലിയ ആൾക്കൂട്ടമുള്ള സീനിലൊക്കെ ചിലപ്പോൾ ആരേലും അറിയാതെ സ്ക്രീനിലേക്ക് നോക്കും, അതിനു വഴക്കു പറയേണ്ടി വരും. പക്ഷേ എനിക്ക് അതിൽ പലപ്പോഴും കുറ്റബോധം തോന്നിയിരുന്നു, എന്റെ അമ്മയുടെ പ്രായമുള്ള ആളുകളോട് ഒക്കെയാവും ചിലപ്പോൾ സാഹചര്യത്തിന്റെ പ്രഷർ മൂലം ദേഷ്യപ്പെടേണ്ടി വരുന്നത്. ആ സമയത്താണ് ഇവരുടെ ജീവിതമൊക്കെ ഞാൻ വളരെ അടുത്തു കാണുന്നത്. അവരുടെ ജീവിതവുമായി എനിക്കെവിടെയോ ഒരു ഇമോഷണൽ ഹുക്കുണ്ടായിരുന്നു.
മറ്റൊരു സംഭവവും ഉണ്ടായി. ഞാൻ താമസിക്കുന്ന ഹോട്ടലിൽ ഒരു റിസപ്ഷനിസ്റ്റ് പെൺകുട്ടി ഉണ്ടായിരുന്നു. നല്ല ചിരിയാണ് ആളുടേത്. നമ്മൾ വർക്കൊക്കെ കഴിഞ്ഞു വരുമ്പോൾ അവരുടെ ചിരി കാണുന്നത് ഒരു ആശ്വാസമാണ്. അവരുടെ ഹസ്ബെൻഡും ആ ഹോട്ടലിലെ സ്റ്റാഫാണ്. രണ്ടാളും എവിടുന്നോ ഒളിച്ചോടി വന്ന് കല്യാണം കഴിച്ച് അവിടെ താമസിക്കുകയാണ്. സാമ്പത്തിക ബുദ്ധിമുട്ടുകളുമുണ്ട് അവർക്ക്.
ഒരു ദിവസം ഞാൻ നോക്കുമ്പോൾ ആ പെൺകുട്ടി ഷൂട്ടിംഗ് ലൊക്കേഷനിലുണ്ട്. ജൂനിയർ ആർട്ടിസ്റ്റുകളെ കൊച്ചിയിൽ നിന്ന് കൊണ്ടുവരാനുള്ള ബുദ്ധിമുട്ടുകൊണ്ട് മൂന്നാറിൽ തന്നെയുള്ള അഭിനയിക്കാൻ താൽപ്പര്യമുള്ള ആളുകളെ സംഘടിപ്പിച്ചതാണ്. ലൊക്കേഷനിൽ എന്നെ കണ്ടപ്പോൾ പതിവുപോലെ ആള് ചിരിച്ചു. പക്ഷേ ആളപ്പോൾ ഷൂട്ടിനായി ഫ്രെയിമിൽ നിൽക്കുകയായിരുന്നു. ഷോട്ടിനിടെ ചിരിച്ചതിനു അസോസിയേറ്റ്സ് ആരോ ഭയങ്കരമായി ഷൗട്ട് ചെയ്തു. ഒട്ടും പരിചയമില്ലാത്ത മേഖലയല്ലേ, ആൾക്കത് ഭയങ്കര ഷോക്കായി. അവർ പകച്ച് എന്നെ നോക്കി. എനിക്കും അതു വല്ലാതെ കൊണ്ടു. അതുവരെ ഈക്വലായി കണ്ട ഒരാള് സിനിമ ലൊക്കേഷനിൽ എത്തിയപ്പോൾ ഹൈറാര്‍ക്കിയുടെ ഏറ്റവും ഒടുവിലെത്തി നിൽക്കുകയാണല്ലോ! ഈ സംഭവവും എന്റെ ഉള്ളിൽ തട്ടി. ഈ പെൺകുട്ടി എവിടെ നിന്നായിരിക്കും വന്നിരിക്കുക, എവിടെയായിരിക്കും സ്വദേശം എന്നൊക്കെയുള്ള ചിന്ത അന്നു മനസ്സിലൂടെ കടന്നുപോയിരുന്നു.
പിന്നീട് ഒന്നു രണ്ടു കൊല്ലത്തേക്ക് കണ്ട സിനിമകൾ ആവർത്തിച്ചു കാണുമ്പോൾ, ബാക്ക് ഗ്രൗണ്ടിൽ നിൽക്കുന്നവരെയാണ് ഞാൻ ശ്രദ്ധിച്ചിരുന്നത്. അവരെ അങ്ങനെ ശ്രദ്ധിച്ചു തുടങ്ങിയപ്പോഴാണ് മനസ്സിലായത്, അവരെല്ലാം പല സിനിമകളിലും ഉണ്ട്. അതുവരെ ലൈഫിൽ ഞാനവരെ ശ്രദ്ധിച്ചതേയില്ലായിരുന്നു. കൺമുന്നിൽ ഉണ്ടായിട്ടും കാണാതെ പോയ മനുഷ്യർ! ആ ചിന്തയാണ് സത്യത്തിൽ രേഖയെന്ന കഥാപാത്രത്തിലേക്കുള്ള തുടക്കം.
അതൊരു കഥയായി മനസ്സിൽ രൂപം പ്രാപിച്ചു വരുമ്പോഴാണ് ഞാനൊരു പത്രവാർത്ത കാണുന്നത്. 2015ലാണ്. ചേലക്കരയിലോ മറ്റോ ആണ്, കൃത്യമായ സ്ഥലം എനിക്കോർമ്മയില്ല. പൊലീസ് സ്റ്റേഷനിലേക്ക് ഒരു ഊമകത്ത് വന്നു. ഒരിടത്ത് ആരെയോ കുഴിച്ചിട്ടുണ്ട് എന്നായിരുന്നു കത്തിലെ വിവരം. കുറ്റസമ്മതം പോലെയായിരുന്നു ആ കത്ത്. പൊലീസ് അന്വേഷിച്ചപ്പോൾ അവർക്ക് അസ്ഥിക്കൂടം കിട്ടി. പക്ഷേ ആരാണെന്ന് അറിയില്ല. പിന്നെ അതിനെ കുറിച്ച് വാർത്തകളും കണ്ടില്ല. ചിലപ്പോൾ വ്യക്തമായ തെളിവുകൾ ഇല്ലാത്തതിനാൽ അന്വേഷണം പാതിവഴിയിൽ നിന്നതാവാം.
എന്തായാലും, ഈ പത്രവാർത്ത കൂടി കണ്ടതോടെ, അതും മനസ്സിലുള്ള ആശയവും തമ്മിൽ ഏതോ ഒരു പോയിന്റിൽ വച്ച് മെർജായി. അതാണ് രേഖാചിത്രത്തിന്റെ ബേസിക് ഐഡിയയായി മാറിയത്. കഥ വികസിപ്പിച്ചെടുത്തപ്പോൾ എനിക്കാദ്യം മനസ്സിലായത്, ഈ സിനിമ ഒരു ഫിക്ഷണൽ സ്പേസിൽ വർക്കാവില്ല എന്നാണ്. ഒരു യഥാർത്ഥ സിനിമയുടെ പശ്ചാത്തലത്തിൽ നിന്നു പറഞ്ഞാൽ മാത്രമേ അതു വർക്കാവൂ. ആൾട്ടർനേറ്റീവ് ഹിസ്റ്ററിയുടെ സാധ്യതകളിലേക്ക് വരുന്നത് അങ്ങനെയാണ്.
ജോഫിനോട് കഥ പറയുന്നു
2018ൽ എന്റെ ഒരു ഷോർട്ട് ഫിലിമിന് ഫെഫ്കയുടെ അവാർഡ് കിട്ടിയിരുന്നു. അന്ന് ഞാൻ കൊച്ചിയിൽ എത്തിയ സമയമാണ്. ജോഫിൻ എന്റെ ഫ്രണ്ടാണ്. ആളന്ന് പ്രീസ്റ്റ് ചെയ്തിട്ടില്ല. ഞങ്ങളൊരു ദിവസം അരവിന്ദന്റെ അതിഥികൾ കണ്ടുകൊണ്ടിരുന്നപ്പോൾ അതിന്റെ ഇന്റർവെൽ സമയത്താണ് ഞാൻ എന്റെ മനസ്സിലുള്ള ഈ ഐഡിയ ജോഫിനോട് ആദ്യമായി പറയുന്നത്. കഥ കേട്ടപ്പോൾ തന്നെ ജോഫിന് ഇഷ്ടമായി. നമുക്ക് എന്തായാലും ഇതു ചെയ്യണമെന്നായി ജോഫിൻ.
80കളിലെ സിനിമകളോടും സംവിധായകരോടും വലിയ ഒബ്സെഷനുള്ള ആളാണ് ഞാൻ. എന്റെ ആ അഭിനിവേശത്തിൽ നിന്നുമാണ് കാതോടു കാതോരത്തിലേക്ക് എത്തുന്നത്. എല്ലാവർക്കും അറിയാവുന്ന ഒരു സിനിമ, എല്ലാവരും കണ്ടിട്ടുള്ള ഒരു പാട്ടുസീനിന്റെ പശ്ചാത്തലമാണ് ചിത്രത്തിനു വേണ്ടതെന്നു തോന്നി. ദേവദൂതർ പാടി എന്ന പാട്ടിലേക്ക് എത്തുന്നത് അങ്ങനെയാണ്. അന്ന് 'ന്നാ താൻ കേസ് കൊട്' ഇറങ്ങിയിട്ടില്ല.
പിന്നെ കാതോടു കാതോരത്തെ കുറിച്ചു കൂടുതലറിയാനുള്ള റിസർച്ചായിരുന്നു. കമൽ സാർ ആണ് ആ ചിത്രത്തിന്റെ അസിസ്റ്റന്റ് എന്നറിഞ്ഞു. അദ്ദേഹം ഭരതൻ സാറിന്റെ അസിസ്റ്റന്റായി വർക്ക് ചെയ്ത ഏക ചിത്രമാണത്. സെവൻ ആർട്സിന്റെ ആദ്യത്തെ പ്രൊഡക്ഷൻ. എല്ലാറ്റിനുമപ്പുറം ജോൺ പോൾ സാറും കമൽ സാറുമായുള്ള ബന്ധം... ഇങ്ങനെ കുറേ കാര്യങ്ങൾ കൂടി മനസ്സിലാക്കിയതോടെ പ്ലോട്ട് പെട്ടെന്ന് മൂവായി തുടങ്ങി.
ഇവരിൽ നിന്നെല്ലാം പെർമിഷൻ എടുക്കുക എന്നതായിരുന്നു അടുത്തഘട്ടം. ആ ഘട്ടത്തിൽ ഏറ്റവും കൂടുതൽ സഹായിച്ചത് ആന്റോ ജോസഫ് ആണ്. ജോഫിൻ പ്രീസ്റ്റ് ചെയ്ത സമയമാണത്. അതുകഴിഞ്ഞപ്പോഴാണ് ഈ പ്രൊജക്റ്റിനു മുന്നോട്ടുള്ള വാതിലുകൾ തുറന്നിട്ടുകൊണ്ട് ആന്റോ ചേട്ടൻ വന്നത്. എല്ലാവരെയും കാണാനും സംസാരിക്കാനുമൊക്കെയുള്ള സാഹചര്യം അദ്ദേഹം ഒരുക്കി തന്നു. കമൽ സാറിനെയും ജോൺ പോൾ സാറിനേയുമെല്ലാം കണ്ട്, അന്നത്തെകഥകളൊക്കെ കേട്ട് അങ്ങനെ... രസകരമായ യാത്രയായിരുന്നു അത്. ആ സംസാരമാണ് പല സംഭവങ്ങളും കൂട്ടിയിണക്കി കഥയെ മുന്നോട്ട് കൊണ്ടുപോവാൻ സഹായിച്ചത്.
ജോൺ പോൾ സാർ മരിക്കുന്നതിനു മുൻപ് ഞങ്ങൾ അദ്ദേഹത്തെ പോയി കണ്ടിരുന്നു. കോട്ടയത്ത് ഒരു ആയുർവേദ കേന്ദ്രത്തിൽ വച്ചായിരുന്നു കൂടിക്കാഴ്ച. അദ്ദേഹം കുറേ കഥകൾ പറഞ്ഞുതന്നു. ചിത്രത്തിൽ ജോൺപോൾ സാറും അഭിനയിക്കാൻ ഇരുന്നതാണ്. പക്ഷേ പിന്നീട് അദ്ദേഹത്തിന്റെ അഭാവത്തിൽ ആ സീനുകൾ എഐ ചെയ്യുകയായിരുന്നു.
ചരിത്രമായി മാറിയ മമ്മൂക്കയുടെ യെസ്
പെർമിഷൻ എടുക്കാനായി ആദ്യം പോയത് മമ്മൂക്കയുടെ അടുത്താണ്. മമ്മൂക്ക യെസ് പറഞ്ഞാലേ ഈ പ്രൊജക്റ്റ് നടക്കുകയുള്ളൂ. അദ്ദേഹം നൽകിയ പിന്തുണ പറഞ്ഞറിയിക്കാനാവില്ല. കഥ കേട്ടപ്പോൾ മുതൽ എഐ വരെയുള്ള കാര്യങ്ങളിൽ മമ്മൂക്ക കൂടെ നിന്നു.
മുത്താരംകുന്ന് പിഒ എന്ന സിനിമയുടെ ലിങ്ക് പോലും മമ്മൂക്ക ഇല്ലെങ്കിൽ സംഭവിക്കില്ലായിരുന്നു. ക്ലൈമാക്സ് ഞങ്ങളാദ്യം വേറെയൊരു രീതിയിലായിരുന്നു പ്ലാൻ ചെയ്തത്. അത് കൺവീൻസ് ചെയ്യാൻ അൽപ്പം ബുദ്ധിമുട്ടായിരുന്നു. മമ്മൂക്കയാണ് ഇങ്ങനെയൊരു സാധ്യതയെ കുറിച്ചു പറഞ്ഞത്.
അന്നൊക്കെ വുഡ്സ് ലാൻഡ് ഹോട്ടലിൽ ഒരുപാട് കത്തുകൾ മമ്മൂക്കയ്ക്കു വരുമായിരുന്നത്രെ. മമ്മൂക്കിയും ശ്രീനിയേട്ടനുമൊക്കെ ഒന്നിച്ചിരുന്നാണ് പലപ്പോഴും ആ കത്തുകൾ വായിച്ചിരുന്നത്. ഞങ്ങൾ വിചാരിച്ചതിലും കൂടുതൽ ഓർഗാനിക് ആയി ആ എലമെന്റ് സിനിമയുമായി മാച്ചാവുകയായിരുന്നു. വല്ലാത്തൊരു ഹൈ കിട്ടിയ മൊമന്റായിരുന്നു അത്. ആ കാലഘട്ടത്തിൽ അമ്മിണിക്കുട്ടിയെ പോലെ പലരും അദ്ദേഹത്തെ മമ്മൂട്ടി ചേട്ടൻ എന്നു വിളിച്ചിരിക്കണം! ആ കാലത്ത് ആർക്കൊക്കെയോ അദ്ദേഹം മമ്മൂട്ടിച്ചേട്ടൻ കൂടിയായിരുന്നു.
മമ്മൂട്ടിച്ചേട്ടൻ കണക്ഷൻ മുത്താരംകുന്ന് പിഒയിലേക്ക് എടുത്തത് ശ്രീനിയേട്ടനാണ്. സ്ഥിരമായി മമ്മൂട്ടിച്ചേട്ടൻ എന്ന അതിസംബോധനയോടെ വന്നിരുന്ന ആ പഴയ കത്തുകളിൽ നിന്ന് പ്രചോദനം ഉൾകൊണ്ടാണ് ശ്രീനിയേട്ടൻ അതിന്റെ തിരക്കഥ തയ്യാറാക്കിയത്. രേഖാചിത്രത്തിലേക്ക് എത്തിയപ്പോൾ ഞങ്ങളതിനെ ഫിക്ഷണൈസ് ചെയ്യുകയായിരുന്നു.
റഫറൻസ് ഒക്കെ പൂർത്തിയാക്കി എഴുത്തു തുടങ്ങിയത് കോവിഡിനു ശേഷമാണ്. 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിൽ ദേവദൂതർ പാടി ഉപയോഗിച്ചതു കണ്ടപ്പോൾ അതുകൂടി ചിത്രത്തിൽ ഉൾപ്പെടുത്തിയാൽ നല്ലൊരു ലിങ്കാവുമെന്നു തോന്നി. പുതിയ കാലത്തിലേക്കുള്ള ഒരു വാതിലായി അതിനെ ഉപയോഗപ്പെടുത്താമെന്നു തോന്നി.
രേഖാചിത്രത്തിന്റെ തിരക്കഥ എഴുത്തിന്റെ പ്രധാന ഘട്ടത്തിലാണ് കൂട്ടെഴുത്തുകാരനായി ജോൺ എത്തുന്നത്. ജോണിനെ കണക്റ്റ് ചെയ്ത് തന്നത് ജോഫിൻ ആണ്. ഫൈനൽ ഡ്രാഫ്റ്റിൽ ജോൺ നൽകിയ സംഭാവനകൾ വലുതാണ്, പ്രത്യേകിച്ചും ക്രൈം ഇൻവെസ്റ്റിഗേഷൻ ഭാഗങ്ങളിലൊക്കെ.
/indian-express-malayalam/media/media_files/2025/01/22/yQpMrn0AdKrFEDXHLX57.jpg)
പെർഫെക്ഷനായി ജോഫിൻ നടത്തിയ ശ്രമങ്ങൾ
എഐ, കാസ്റ്റിംഗ് പോലുള്ള ഏരിയയിൽ അത്ര നല്ല റിസൽറ്റ് കിട്ടിയതിനു പിന്നിൽ ജോഫിന്റെ കഠിനാധ്വാനമുണ്ട്. ഫ്ളാഷ് ബാക്ക് സീനുകളൊക്കെ എഴുതുമ്പോഴും ഇതെങ്ങനെ സിനിമയിൽ കൊണ്ടുവരും എന്ന കാര്യത്തിൽ എനിക്കു ഏറെ സംശയങ്ങളുണ്ടായിരുന്നു. പക്ഷേ ജോഫിന് അക്കാര്യങ്ങളിൽ കൃത്യമായ ധാരണയുണ്ടായിരുന്നു, പ്രത്യേകിച്ച് കാസ്റ്റിംഗുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ. കമൽ സാറിന്റെ ചെറുപ്പം, ഭരതൻ സാർ, ജോൺ പോൾ സാറിന്റെ ചെറുപ്പമൊക്കെ ചെയ്യാൻ ആർട്ടിസ്റ്റുകളെ തിരഞ്ഞെടുത്ത കാര്യത്തിൽ ജോഫിനു തെറ്റുപറ്റിയില്ല. കമൽസാറിന്റെ മകൻ ഡയറക്ടർ ജെനൂസ് ആണ് അദ്ദേഹത്തിന്റെ ചെറുപ്പം അവതരിപ്പിച്ചത്. അതുപോലെ ടിജി രവി സാറിന്റെ മകൻ ശ്രീജിത്ത് രവി, സിദ്ദിഖ് സാറിന്റെ മകൻ ഷഹീൻ എന്നിവരും പെർഫെക്റ്റ് കാസ്റ്റിംഗ് ആയിരുന്നു.
ഫ്ളാഷ് ബാക്ക് സീനുകളിൽ പെർഫെക്ഷൻ കൊണ്ടുവരാനും ജോഫിൻ ഏറെ കഷ്ടപ്പെട്ടിട്ടുണ്ട്, എഐ ഔട്ട് മികച്ചതാക്കാനും. അതിന്റെ റിസൽറ്റാണ് സിനിമയിൽ കാണുന്നത്. അതും പരിമിതമായ ബജറ്റിൽ, അത്രയേറെ പ്ലാനിംഗോടെ ജോഫിൻ ഇതെല്ലാം ചെയ്തെടുത്തു എന്നതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്.
വിചാരിച്ചതിലും മുകളിലുള്ള റിസൽറ്റ് തന്ന് ആസിഫും അനശ്വരയും
കഥ എഴുതുമ്പോൾ തന്നെ വിവേക് എന്ന കഥാപാത്രത്തിന് ആസിഫിന്റെ മുഖമായിരുന്നു മനസ്സിൽ. 2018 സമയമാണ്, അന്ന് ആസിഫ് ഇത്രയേറെ പൊലീസ് വേഷങ്ങൾ ചെയ്തിട്ടില്ല. രേഖാചിത്രം പൂർത്തിയാക്കി ആദ്യത്തെ റഫ് കട്ട് കണ്ടപ്പോഴേ ഞാൻ തൃപ്തനായിരുന്നു. ആസിഫ് ഇമോഷണൽ ആർക്ക് പിടിച്ച ആ രീതിയിൽ ഞാൻ ഹാപ്പിയായിരുന്നു.
ഓഡിയൻസിന്റെ വീക്ഷണത്തിലാണല്ലോ ആസിഫിന്റെ കഥാപാത്രം വരുന്നത്. രേഖയുടെ ഇമോഷൻസ് ആണ് സിനിമയുടെ കോർ. പക്ഷേ ഓഡിയൻസിന്റെ പെർസ്പെക്റ്റീവ് ആസിഫിലൂടെയാണ് വെളിപ്പെടുക. ഒരു നല്ല ആർട്ടിസ്റ്റിനു മാത്രമേ ഇതുപോലെ ഇമോഷണൽ ആർക്ക് പിടിക്കാനാവൂ. വളരെ ഡിറ്റാച്ച്ഡ് ആയ വിവേക് ഗോപിനാഥ് എന്ന പൊലീസ് ഓഫീസറിൽ നിന്നു തുടങ്ങി അവസാനരംഗത്തിൽ ഫോട്ടോ കൊടുത്ത് മടങ്ങുന്നതുവരെയുള്ള രംഗങ്ങൾ ആസിഫ് അവതരിപ്പിച്ച രീതി അഭിനന്ദിക്കേണ്ടതാണ്.
രേഖയെന്ന കഥാപാത്രത്തിനു ആദ്യം അനശ്വരയെ അല്ല തീരുമാനിച്ചത്. ഒരു പുതുമുഖ നടി ആയാലോ എന്നായിരുന്നു ചിന്ത. ഈ കഥ ശരിക്കും ഉണ്ടായതാണോ എന്ന പ്രേക്ഷകരുടെ സംശയത്തിനെ കുറേക്കൂടി ബലപ്പെടുത്താൻ ഒരു പുതുമുഖ നായികയാവൂം നല്ലത് എന്നു തോന്നി. ആ രീതിയിൽ ആയിരുന്നു പ്ലാനിംഗ്. അതിനായി കുറേ ഓഡിഷൻ നടത്തി. പക്ഷേ ഒന്നും വർക്കായില്ല. അങ്ങനെയാണ് അനശ്വരയിലേക്കു വരുന്നത്. ഇന്ന് നിസ്സംശയം പറയാനാവും, ഈ സിനിമയുടെ കാര്യത്തിൽ ഞങ്ങളെടുത്ത ഏറ്റവും നല്ല തീരുമാനങ്ങളിലൊന്ന് ആ റോളിലേക്ക് അനശ്വരയെ തിരഞ്ഞെടുത്തു എന്നതാണ്. ഞാൻ മനസ്സിൽ കണ്ട രേഖയെ അനശ്വര ജീവസ്സുറ്റതാക്കി മാറ്റി. അനശ്വരയുടെ ആ പ്രകടനമാണ് പ്രേക്ഷകരെ പിടിച്ചിരുത്തുന്നത്. അസാധ്യ ആർട്ടിസ്റ്റുകളാണ് ആസിഫും അനശ്വരയും. വിചാരിച്ചതിലും മുകളിലുള്ള റിസൽറ്റാണ് ഇരുവരും തന്നത്."
പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ് രാമു ഇപ്പോൾ. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാവുമെന്നും രാമു പറയുന്നു.
Read More
- ഇത് അവസാനിപ്പിക്കൂ, ദൈവത്തെ ഓർത്ത് ഞങ്ങളെ വെറുതേവിടൂ; പാപ്പരാസികളോട് കരീന കപൂർ
- സെയ്ഫ് അലി ഖാനെ ആക്രമിച്ച പ്രതിയെ കുടുക്കിയത് യുപിഐ ഇടപാട്
- Pani OTT: പണി ഒടിടിയിലെത്തി; എവിടെ കാണാം?
- ഞങ്ങളില്ലാതെ അപ്പനെന്ത് ആഘോഷം; പണിയിൽ താരമായി ജോജുവിന്റെ മക്കളും
- വിരസകാഴ്ചകൾ, ഏൽക്കാതെ പോയ കോമഡികൾ; പ്രാവിൻകൂട് ഷാപ്പ് റിവ്യൂ; Pravinkoodu Shappu Review
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.