scorecardresearch

Bromance Review: ചിരിയുടെ ഒരു റോളർ കോസ്റ്റർ റൈഡ്; ബ്രൊമാൻസ് റിവ്യൂ

Bromance Movie Review & Rating: ക്രൈം ത്രില്ലർ- റിവഞ്ച് ഡ്രാമകൾക്ക് തൽക്കാലം ബ്രേക്ക് നൽകി, തിയേറ്ററിൽ ചിരിക്കാഴ്ചയൊരുക്കുകയാണ് ബ്രൊമാൻസ്

Bromance Movie Review & Rating: ക്രൈം ത്രില്ലർ- റിവഞ്ച് ഡ്രാമകൾക്ക് തൽക്കാലം ബ്രേക്ക് നൽകി, തിയേറ്ററിൽ ചിരിക്കാഴ്ചയൊരുക്കുകയാണ് ബ്രൊമാൻസ്

author-image
Dhanya K Vilayil
അപ്‌ഡേറ്റ് ചെയ്‌തു
New Update
Bromance Review

Bromance Movie Review & Rating

Bromance Movie Review & Rating: ചേച്ചി- അനിയത്തി ബന്ധം പോലെയല്ല, പലപ്പോഴും സഹോദരന്മാർക്കിടയിലെ ബന്ധം. പ്രത്യക്ഷത്തിലുള്ള സ്നേഹപ്രകടനങ്ങളോ ചേർത്തുപിടിക്കലുകളോ ഒന്നും അവർക്കിടയിൽ ഉണ്ടാവണമെന്നില്ല. പക്ഷേ സഹോദരന് എന്തെങ്കിലും പറ്റിയെന്നറിഞ്ഞാൽ, അവനൊരു അപകടത്തിലാണെന്നറിഞ്ഞാൽ വെറുതെയിരിക്കാൻ മറ്റേയാൾക്കാവില്ല. ആ സ്നേഹത്തെ, അന്തർലീനമായ കണക്ഷനെ തന്നെയല്ലേ  ബ്രോമാൻസ് എന്നു വിളിക്കേണ്ടത്.

Advertisment

സഹോദരങ്ങളായ ഷിന്റോയുടെയും ബിന്റോയുടെയും അവരുടെ ഒരുപറ്റം കൂട്ടുകാരുടെയും കഥയാണ് അരുൺ ഡി ജോസ് സംവിധാനം ചെയ്ത 'ബ്രൊമാൻസ്' പറയുന്നത്. ഷിന്റോ (ശ്യാം മോഹൻ) വീട്ടുകാരുടെ കണ്ണിൽ മാതൃകാപുത്രൻ ആണ്. നാട്ടുകാർക്കും പള്ളിക്കാർക്കുമൊക്കെ വലിയ മതിപ്പാണ് ഷിന്റോയുടെ കാര്യത്തിൽ. നന്നായി പഠിച്ച് നല്ല പ്രതിഫലമുള്ള ജോലി നേടി ജീവിതത്തിൽ വിജയിച്ച ചെറുപ്പക്കാരൻ. ആ പഞ്ചായത്തിലെ തന്നെ മോസ്റ്റ് എലിജിബിൾ ബാച്ച്ലർ. പക്ഷേ ചേട്ടൻ 'നല്ലവനായ ഉണ്ണി'യായി മാറിയതിന്റെ പ്രഷർ മുഴുവൻ ഏറ്റുവാങ്ങുന്നത് അനിയൻ ബിന്റോ (മാത്യു തോമസ്) ആണ്. ഷിന്റോയെ പോലെയാവാനുള്ള സമ്മർദ്ദം നാട്ടുകാരിൽ നിന്നും വീട്ടുകാരിൽ നിന്നും പള്ളിയിൽ നിന്നുമൊക്കെ ഏറ്റുവാങ്ങുന്നവനാണ് ബിന്റോ. 

ഒരു പ്രത്യേക സാഹചര്യത്തിൽ ഷിന്റോയെ കാണാതെയാവുന്നു. ചേട്ടനെ അന്വേഷിച്ച് ഇറങ്ങുകയാണ് ബിന്റോ. അൽപ്പം മുൻകോപമുള്ള ബിന്റോയ്ക്ക് ദേഷ്യം നിയന്ത്രിക്കുക അത്ര എളുപ്പമല്ല. ഒരു ടിപ്പിക്കൽ കലിപ്പൻ തന്നെയാണ് ബിന്റോ. ചേട്ടൻ  ജോലി ചെയ്തിരുന്ന കൊച്ചിയിലേക്കാണ് ബിന്റോയുടെ യാത്ര. ഷിന്റോയെ കണ്ടെത്താനുള്ള യാത്രയിൽ ബിന്റോയ്ക്ക് ഒപ്പം ഷിന്റോയുടെ കുറച്ചു സുഹൃത്തുക്കൾ കൂടി അണിചേരുന്നതോടെ ഒരു റോളർ കോസ്റ്റർ റൈഡിനു സമാനമായ സാഹചര്യമാണ് ഉടലെടുക്കുന്നത്.

ആദ്യം മുതൽ അവസാനം വരെ, ചിരിപ്പിച്ചും രസിപ്പിച്ചുമാണ് 'ബ്രോമാൻസി'ന്റെ പ്രയാണം. തല്ലുമാലയൊക്കെ തന്ന ആ പൊളി വൈബാണ് ബ്രോമാൻസും കാഴ്ചക്കാർക്കു നൽകുന്നത്. സിറ്റുവേഷണൽ കോമഡികളും അഭിനേതാക്കളുടെ മികച്ച പ്രകടനവും ചിത്രത്തെ വളരെ ലൈവാക്കി മാറ്റുന്നുണ്ട്.

Advertisment

മാത്യു തോമസ്, അർജുൻ അശോകൻ, മഹിമ നമ്പ്യാർ , സംഗീത് പ്രതാപ്, കലാഭവൻ ഷാജോൺ, ശ്യാം മോഹൻ, ബിനു പപ്പു തുടങ്ങിയവരെല്ലാം മികച്ച പെർഫോമൻസാണ് കാഴ്ച വയ്ക്കുന്നത്. രണ്ടാം പകുതിയിൽ 'ഹൈ' ആവുന്ന അർജുൻ അശോകനും രസക്കാഴ്ചകളാണ് സമ്മാനിക്കുന്നത്.  സംഗീത് അവതരിപ്പിച്ച ഹരിഹരസുധൻ എന്ന എത്തിക്കൽ ഹാക്കറാണ് ചിത്രത്തിലുടനീളം ചിരിയുണർത്തുന്ന സാന്നിധ്യം.  മഹിമയുടെ കാസർക്കോഡ് സ്ലാങിനെ ഏറ്റവും നല്ല ഭംഗിയായി തന്നെ ചിത്രം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. 

ത്രില്ലർ ചിത്രങ്ങൾക്കും ക്രൈം ത്രില്ലർ- റിവഞ്ച് ഡ്രാമകൾക്കുമൊക്കെ ഇടയിൽ കുറച്ചുകാലമായി മലയാള സിനിമ മിസ്സ് ചെയ്യുന്ന ഒന്നാണ് ചിരിയും കളിയും തമാശയുമൊക്കെയായി പ്രേക്ഷകരെ ഹാപ്പിയാക്കുന്ന  കംപ്ലീറ്റ് എന്റർടെയിനർ ഴോണർ ചിത്രങ്ങൾ. ആ ഒരു മിസ്സിംഗ് ആണ് ബ്രോമാൻസ് നികത്തുന്നത്. സംവിധായകൻ അരുൺ ഡി ജോസ് പ്രത്യേകം കയ്യടി അർഹിക്കുന്നു. ജോ ആൻഡ് ജോ, 18+ എന്നീ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം അരുൺ ഡി ജോസ് സംവിധാനം ചെയ്ത ചിത്രമാണ് 'ബ്രോമാൻസ്'.  തോമസ്.പി.സെബാസ്റ്റ്യനും രവീഷ് നാഥും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. 

തല്ലുമാലയുടെ നിർമാതാവായ ആഷിഖ് ഉസ്മാൻ തന്നെയാണ് 'ബ്രോമാൻസും' നിർമിച്ചിരിക്കുന്നത്. അഖിൽ ജോർജിന്റെ വിഷ്വലുകൾ ബ്രോമാൻസിനെ കളർഫുളാക്കുന്നു. ചമ്മൻ ചാക്കോയാണ് എഡിറ്റിംഗ്. ഗോവിന്ദ് വസന്തയുടെ പാട്ടുകളും ചിത്രത്തിനോട് നീതി പുലർത്തുന്നു. ചിത്രത്തിന്റെ കഥാഗതിയോട് ഇണങ്ങുന്ന രീതിയിലാണ് പാട്ടുകളുടെയെല്ലാം പ്ലേസിംഗ്. കൊഡവ വെഡ്‌ഡിങ് സോങും പ്രത്യേകം കയ്യടി അർഹിക്കുന്നുണ്ട്. 

വളരെ കളർഫുള്ളായ, യൂത്തിന്റെ വൈബിനു സെറ്റാവുന്ന ചിത്രമാണ് ബ്രൊമാൻസ്. ഫൺ മൂഡിലുള്ള ഈ ചിത്രം തിയേറ്ററിന്റെ ഓളത്തിലിരുന്ന് തന്നെ കണ്ട് ആസ്വദിക്കേണ്ട ഒന്നാണ്. 

Read More

New Release Film Review

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: