/indian-express-malayalam/media/member_avatars/N5ZjXXWsNcIdzMM523Jm.jpg )
/indian-express-malayalam/media/media_files/2025/08/28/odum-kuthira-chaadum-kuthira-review-2025-08-28-22-34-17.jpg)
Odum Kuthira Chaadum Kuthira Movie Review & Rating: ഓടും കുതിര ചാടും കുതിര റിവ്യൂ
Odum Kuthira Chaadum Kuthira Movie Review & Rating: ചില സിനിമകൾ നിങ്ങളെ രസിപ്പിക്കും. ചിലത് ഹൃദയത്തിൽ തൊടും, ചിലപ്പോൾ മനസ്സിൽ നോവു പടർത്തും. കൂട്ടത്തിൽ പ്രേക്ഷകന്റെ ക്ഷമ പരീക്ഷിക്കുന്ന ചില ചിത്രങ്ങളുമുണ്ട്. ആ ഗണത്തിലേക്ക് ചേർത്തുവയ്ക്കാം അൽത്താഫ് സലിം സംവിധാനംചെയ്ത 'ഓടും കുതിര ചാടും കുതിര'. ഹൈപ്പറായ ഒരു പറ്റം കഥാപാത്രങ്ങളും ലോജിക് തൊട്ടുതീട്ടിയിട്ടില്ലാത്ത കഥാപരിസരവുമൊക്കെ ചേർന്ന് 2:30 മണിക്കൂർ പ്രേക്ഷകരെ കഷ്ടപ്പെടുത്തുന്നുണ്ട് ചിത്രം.
Also Read: മലയാളത്തിനുമുണ്ടേ ഒരു കലക്കൻ സൂപ്പർഹീറോ യൂണിവേഴ്സ്! ലോക റിവ്യൂ- Lokah Chapter 1: Chandra Review
വിവാഹിതരാവാൻ ഒരുങ്ങുകയാണ് എബിയും നിധിയും. കല്യാണത്തലേന്ന് നിധിയൊരു സ്വപ്നം കാണുന്നു. ഹൽവ പോലുള്ള ഒരു വെള്ള കുതിരയുടെ പുറത്ത് ഫ്ളോറൽ പ്രിന്റുള്ള ഷെർവാണിയും തലപ്പാവുമൊക്കെ അണിഞ്ഞു വിവാഹവേദിയിലേക്ക് എത്തുന്ന എബി. ആ സ്വപ്നം യാഥാർത്ഥ്യമായി കാണാനുള്ള തന്റെ ആഗ്രഹം നിധി എബിയോട് പറയുന്നു. എബിയാവട്ടെ, രാത്രിയ്ക്ക് രാത്രി തന്നെ തന്റെ കൂട്ടുകാരുടെ സഹായത്തോടെ ഹൽവാകഷ്ണം പോലെ സുമുഖനായൊരു വെള്ളക്കുതിരയെ സംഘടിപ്പിക്കുകയും ചെയ്യുന്നു.
പിറ്റേന്ന്, നിധിയുടെ സ്വപ്നത്തിലേതു പോലെ തന്നെ ഫ്ളോറൽ പ്രിന്റ് ഷെർവാണിയൊക്കെ അണിഞ്ഞ് കുതിരപ്പുറത്തേറി എബി മണ്ഡപത്തോളം എത്തുന്നു. പക്ഷേ, അവിടുന്നങ്ങോട്ട് എല്ലാം തകിടം മറിയുകയാണ്. കുതിര ഇടഞ്ഞ് എല്ലാം അലങ്കോലമാക്കുന്നു. കുതിരപ്പുറത്തു നിന്നു വീണ എബിയാവട്ടെ തലയ്ക്ക് ഏറ്റ പരുക്കിനെ തുടർന്ന് കോമയിലാവുകയും ചെയ്യുന്നു. ഏതാണ്ട് ഒരു വർഷത്തിനു ശേഷം എബി കോമയിൽ നിന്ന് ഉണർന്നെങ്കിലും അവിടുന്നങ്ങോട്ട് സ്വപ്നത്തിന്റെയും യാഥാർത്ഥ്യത്തിന്റെയും ഇടയിലൂടെയുള്ള നൂൽപാലത്തിലൂടെയാണ് എബിയുടെ സഞ്ചാരം. ആ സങ്കീർണ്ണതകളെയും ബന്ധങ്ങളിൽ വന്നുചേരുന്ന ആശയക്കുഴപ്പങ്ങളെയുമൊക്കെയാണ് ചിത്രം അഡ്രസ് ചെയ്യാൻ ശ്രമിക്കുന്നത്. പക്ഷേ വളരെ ബാലിശമായാണ് സംവിധായകൻ പ്രമേയത്തെ നോക്കി കാണുന്നത് എന്നിടത്താണ് ചിത്രം പാളി പോവുന്നത്.
നായികാനായകന്മാരായ ഫഹദ്, കല്യാണി എന്നിവരുടെ കഥാപാത്രങ്ങളൊന്നും ഒരു രീതിയിലും കാഴ്ചക്കാരുമായി കണക്റ്റ് ചെയ്യുന്നില്ല എന്നതാണ് ചിത്രത്തിന്റെ ഒരു പ്രധാന പോരായ്മ. ലാൽ, വിനയ് ഫോർട്ട്, സുരേഷ് കൃഷ്ണ എന്നിവരുടെ റോളുകളും വളരെ വിചിത്രമായ ക്യാരക്ടർ ആർക്കിൽ വാർത്തെടുത്ത കഥാപാത്രങ്ങളാണ്. നോർമലായിട്ട് ആരുമില്ലേ ഈ കഥയിൽ എന്ന് ഇടയ്ക്ക് പ്രേക്ഷകന് സംശയം തോന്നിയാൽ തെറ്റു പറയാൻ പറയില്ല. ധ്യാൻ ശ്രീനിവാസൻ, റാഫി, അനുരാജ്, ഇടവേള ബാബു, വിനീത് ചാക്യാർ, സാഫ് ബോയ്, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവരും ചിത്രത്തിൽ വന്നുപോവുന്നുണ്ട്.
'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള'യ്ക്ക് ശേഷം അൽത്താഫ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന രീതിയിൽ വളരെ പ്രതീക്ഷയോടെ 'ഓടും കുതിര ചാടും കുതിര'യുടെ റിലീസിനു കാത്തിരുന്ന നിരവധി പേരുണ്ട്. പക്ഷേ, കാഴ്ചക്കാരെ നിരാശപ്പെടുത്തുന്ന കാഴ്ചയാണ് ചിത്രം സമ്മാനിക്കുന്നത്.
നിസാരപ്രശ്നങ്ങൾ വരുമ്പോഴേക്കും കയറെടുക്കുന്ന മനുഷ്യരെ ചിത്രത്തിൽ കാണാം. തമാശ ജനിപ്പിക്കാൻ വേണ്ടി, ആത്മഹത്യ പോലുള്ള വിഷയങ്ങളെ ഒക്കെ എത്ര അപക്വമായാണ് സംവിധായകൻ കൈകാര്യം ചെയ്തിരിക്കുന്നത്.
എന്തായാലും, ഒരു കാര്യത്തിൽ അൽത്താഫിനെ സമ്മതിച്ചേ മതിയാവൂ! ഫഹദ് ഫാസിൽ, കല്യാണി പ്രിയദർശൻ എന്നിവർ ഇന്ന് കേരളത്തിൽ മാത്രമല്ല, മറ്റു ഇൻഡസ്ട്രികളിലും താരമൂല്യമുള്ള അഭിനേതാക്കളാണ്. സിനിമ സ്വപ്നം കാണുന്ന എത്രയോ നവാഗതരായ സംവിധായകർ അവരിലേക്ക് എത്തിപ്പെടാനോ ഡേറ്റ് വാങ്ങിക്കാനോ കഴിയാതെ കഷ്ടപ്പെടുന്നുണ്ട്. അതിനിടയിൽ, ഇത്രയും വിചിത്രമായതും വിരസമായതുമായൊരു കൺസെപ്റ്റ് ഈ അഭിനേതാക്കളെ അൽത്താഫ് എങ്ങനെ കൺവീൻസ് ചെയ്തെടുത്തു എന്നത് ആരെയുമൊന്ന് അമ്പരപ്പിക്കുന്ന കാര്യമാണ്. ഇനി സൗഹൃദത്തിന്റെ പുറത്താണെങ്കിൽ കൂടി, 'നോ പറയേണ്ടിടത്ത് നോ പറയാൻ പഠിക്കുക' എന്നത് എത്രത്തോളം പ്രധാനമാണെന്ന് മനസ്സിലാക്കാനും ഈ ഒരൊറ്റ സിനിമ മതിയാവും.
Also Read: Hridayapoorvam Review: ഹൃദയം തൊട്ടും ചിരിപ്പിച്ചും 'ഹൃദയപൂർവ്വം'; റിവ്യൂ
ഒരു ഉത്സവ സീസണിന് ഇണങ്ങിയ രീതിയിൽ വളരെ കളർഫുളായി ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത് ജിന്റോ ജോർജ് ആണ്. സംഗീതം ജെസ്റ്റിൻ വർഗ്ഗീസും എഡിറ്റിംഗ് അഭിനവ് സുന്ദർ നായികും നിർവ്വഹിച്ചിരിക്കുന്നു. പക്ഷേ, കഥയിലും ട്രീറ്റ്‌മെന്റിലും പാളിയ ചിത്രത്തെ രക്ഷിക്കാൻ ഈ സാങ്കേതിക വശങ്ങൾക്കൊന്നും സാധിക്കുന്നില്ല.
ശക്തമായൊരു കഥയോ പഴുതുകളടച്ചൊരു തിരക്കഥയോ അഭിനേതാക്കളുടെ പ്രകടനമോ മേക്കിംഗ് മികവോ ഒന്നും ഇവിടെ എടുത്തുപറയാനില്ല. ആകെത്തുകയിൽ, എവിടുന്നോ തുടങ്ങി, ഏതൊക്കെയോ വഴികളിലൂടെ ഓടി, എവിടെയൊക്കെയോ വഴിതെറ്റി, ഓടി കിതച്ച് ഒടുവിൽ പഴയിടത്തുതന്നെ തിരിച്ചെത്തുന്ന ഒരു ഭ്രാന്തൻ കുതിരയെ ഓർമിപ്പിക്കുന്നുണ്ട് ചിത്രം. അൽപ്പം അലസനും മടിയനുമായ ഈ കുതിര ബോക്സ് ഓഫീസ് കുതിപ്പിന്റെ ഓണം റേസിൽ ഓടി ജയിക്കുന്ന ലക്ഷണമൊന്നും കാണുന്നില്ല.
Also Read: New OTT Releases: ആഗസ്റ്റിൽ ഒടിടിയിലെത്തിയ ഏറ്റവും പുതിയ 20 ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.