/indian-express-malayalam/media/member_avatars/N5ZjXXWsNcIdzMM523Jm.jpg )
/indian-express-malayalam/media/media_files/2025/08/28/lokah-chapter-1-chandra-review-2025-08-28-13-25-38.jpg)
Lokah Chapter 1 Chandra Movie Review & Rating
Kalyani Priyadarshan & Naslen starrer Lokah Chapter 1 Chandra Film Review & Rating: ഹോളിവുഡിന്റെ മാർവൽ സീരീസ് ചിത്രങ്ങൾ അത്ഭുതത്തോടെ കാണുന്ന തനി മലയാളി പ്രേക്ഷകർക്ക് ഇനി അഭിമാനത്തോടെ പറയാം, ഞങ്ങൾക്കുമുണ്ട് ഒരു കൊച്ചു 'സൂപ്പർഹീറോ യൂണിവേഴ്‌സ്' എന്ന്. ഒരുപക്ഷേ നാളെ മലയാള സിനിമയ്ക്ക് തന്നെ അഭിമാനമായി മാറിയേക്കാവുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്സിലേക്കുള്ള വാതിലുകൾ തുറന്നിട്ടിരിക്കുകയാണ് ലോക- പാർട്ട് 1: ചന്ദ്ര.
ഒരു സുപ്രഭാതത്തിൽ ബാംഗ്ലൂർ നഗരത്തിലേക്ക് താമസം മാറിയെത്തുകയാണ് ചന്ദ്ര. അടിമുടി ദുരൂഹതകളുള്ള ഒരു കഥാപാത്രമാണ് ചന്ദ്ര. രാത്രികാലങ്ങളിൽ ഒരു കഫേയിൽ ജോലി ചെയ്യുന്നുമുണ്ട് കക്ഷി. ചന്ദ്രയുടെ ഫ്ളാറ്റിന്റെ എതിർവശത്തായാണ് സണ്ണി, വേണു, നൈജിൽ എന്നീ മൂന്നു ചെറുപ്പക്കാർ താമസിക്കുന്നത്. സുന്ദരിയായ ചന്ദ്രയോട് സണ്ണിയ്ക്ക് ആകർഷണം തോന്നുന്നു. ചന്ദ്രയോട് കൂട്ടാവാനും ഇംപ്രസ് ചെയ്യാനുമൊക്കെയുള്ള സണ്ണിയുടെ ശ്രമങ്ങൾക്കിടയിൽ ചന്ദ്രയെ സംബന്ധിച്ച ചില നിഗൂഢതകൾ സണ്ണി തിരിച്ചറിയുകയാണ്. അതോടെ സണ്ണിയും പ്രശ്നത്തിലാവുന്നു. ആരാണ് ചന്ദ്ര? ചന്ദ്രയുടെ വരവിന്റെ ഉദ്ദേശമെന്ത്? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം സണ്ണി തേടി തുടങ്ങുന്നതോടെ കാര്യങ്ങൾ സംഭവബഹുലമായി മാറുകയാണ്.
ചന്ദ്ര എന്ന സൂപ്പർ ഹീറോയായി ഗംഭീര പ്രകടനമാണ് കല്യാണി പ്രിയദർശൻ കാഴ്ച വച്ചിരിക്കുന്നത്. മിന്നൽ മുരളി ടൊവിനോയ്ക്ക് വേണ്ടി അളവെടുത്തു തയ്പ്പിച്ച സൂപ്പർ ഹീറോ കുപ്പായമാണെങ്കിൽ, ചന്ദ്ര (നീലി) എന്ന വണ്ടർ വുമണായി മാറാൻ നിലവിൽ മലയാളത്തിൽ കല്യാണിയല്ലാതെ മറ്റൊരു ഓപ്ഷനില്ലെന്നു പറയേണ്ടി വരും. അത്രയും മികവോടെയാണ് കല്യാണി ചന്ദ്രയായി മാറിയിരിക്കുന്നത്.
പ്രണയം, പേടി, അത്ഭുതം എന്നിങ്ങനെയുള്ള വികാരങ്ങളെല്ലാം റോളർ കോസ്റ്റ് റൈഡ് നടത്തുന്ന സണ്ണിയെന്ന കഥാപാത്രമായി നസ്ലനും കയ്യടി നേടുന്നു. പ്രതിനായകനായി എത്തിയ സാൻഡിയുടെ അഭിനയമാണ് എടുത്തു പറയേണ്ട മറ്റൊരു ഘടകം. നായികയ്ക്ക് ഒത്ത വില്ലനായി തിളങ്ങുന്നുണ്ട് സാൻഡി. ചന്തു സലിം കുമാർ, അരുൺ കുര്യൻ, നിഷാന്ത് സാഗർ, വിജയരാഘവൻ, രഘുനാഥ് പലേരി, ശിവജിത്ത് പത്മനാഭൻ, ശരത് സഭ എന്നിവരും തങ്ങളുടെ റോളുകൾ മികച്ചതാക്കി.
ലോക യൂണിവേഴ്സിനെ ബൃഹത്താക്കാൻ കാമിയോ റോളുകളുടെ ഒരു സർപ്രൈസ് പാക്ക് തന്നെ കാത്തുവച്ചിട്ടുണ്ട് സംവിധായകൻ ഡൊമിനിക് അരുൺ. മൂത്തോൻ മുതൽ അങ്ങോട്ട് നീളുന്ന കഥാപാത്രങ്ങൾ സ്ക്രീനിൽ മിന്നിമറഞ്ഞുപോവുമ്പോൾ വരാനിരിക്കുന്നത് ഒരു വമ്പൻ യൂണിവേഴ്സ് ആണെന്ന സൂചന പ്രേക്ഷകർക്കും ലഭിക്കും.
Also Read: ഇതുപോലൊരു കഥ ചെയ്യാൻ ധൈര്യമുള്ളവർ ഇന്ന് ഇല്ല: മോഹൻലാൽ
സംവിധായകനായ ഡൊമിനിക് അരുൺ ആണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചതും. 'ലോക' എന്ന സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ഭാഗമാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. ഫാന്റസിയുടേതായൊരു ലോകമാണ് ലോക നമുക്കു മുന്നിൽ തുറന്നിടുന്നത്. അതിനാവട്ടെ, തനി മലയാളി ടച്ച് നൽകാനും സംവിധായകർക്കും കൂട്ടർക്കും സാധിച്ചിട്ടുണ്ട്. ഓരോ മലയാളിയും കേട്ടു പരിചരിച്ച മിത്തുകളും ഐതിഹ്യങ്ങളും കഥകളുമെല്ലാം ഒരു മാലയിലെന്ന പോലെ രസകരമായി കോർത്തു വെച്ചുകൊണ്ടാണ് ലോക അതിന്റെ ഭാവനാപ്രപഞ്ചം പടുത്തുയർത്തിയിരിക്കുന്നത്. പ്രേതം, യക്ഷി, ചാത്തൻ തുടങ്ങിയ മിത്തുകളെ പുതിയ കാലവുമായി കൂട്ടിയിണക്കിയ രീതിയും അഭിനന്ദനം അർഹിക്കുന്നു.
Also Read: തിരക്കഥയുടെ കരുത്തിൽ തിളങ്ങുന്ന കേരള ക്രൈം ഫയൽ 2; റിവ്യൂ
Lokah Chapter 1 Chandra Movie Review & Rating
Also Read: ആ കൂളിംഗ് ഗ്ലാസ് മാറ്റിയുള്ള നോട്ടം... എന്താ ഭാവം; മമ്മൂട്ടിയുടെ കളങ്കാവൽ ടീസർ പുറത്ത്
സാങ്കേതിക മേഖലകളിലെല്ലാം ലോക മികവു പുലർത്തിയിട്ടുണ്ട്. അത് ഛായാഗ്രഹണമായാലും എഡിറ്റിംഗ് ആയാലും വിഎഫ്എക്സ് ആയാലുമെല്ലാം ഹോളിവുഡ് ലെവൽ മേക്കിംഗിനോട് കിടപിടിക്കുന്നുണ്ട് ചിത്രം. നിമിഷ് രവി ആണ് ഛായാഗ്രഹണം. മറ്റേതൊക്കെയോ ലോകത്തേക്ക് പ്രേക്ഷകരെ കൂട്ടികൊണ്ടുപോവുന്നതിൽ നിമിഷിന്റെ ക്യാമറയ്ക്ക് വലിയൊരു പങ്കുണ്ട്. ചിത്രത്തെ ആകെ മൊത്തം എലിവേറ്റ് ചെയ്യുന്നത് ജേക്‌സ് ബിജോയുടെ ഇന്റർനാഷണൽ ലെവലിലുള്ള സ്കോർ ആണ്. യാഥാർത്ഥ്യവും ഫാന്റസിയുമെല്ലാം ഇതൾ വിരിഞ്ഞുപോവുന്ന ലോകയുടെ കാഴ്ചകൾ ഏറ്റവും സൂക്ഷ്മതയോടെ തന്നെ എഡിറ്റ് ചെയ്തിട്ടുണ്ട് ചമൻ ചാക്കോ. തിയേറ്റർ ആമ്പിയൻസിൽ തന്നെ കണ്ട്, ആസ്വദിച്ച്, അനുഭവിച്ചറിയേണ്ട ചിത്രമാണ് ലോക.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നിർമാതാവെന്ന രീതിയിൽ മാത്രമല്ല, ലോകയുടെ ആത്മാവായി ദുൽഖറും തന്റെ കയ്യൊപ്പു ചാർത്തുന്നുണ്ട് ചിത്രത്തിൽ. ലോക യൂണിവേഴ്സിന്റെ മൂത്തോനായി 'ആ ഇതിഹാസതാരം' കൂടി എത്തിയേക്കാമെന്ന പ്രതീക്ഷയും കേട്ട കഥകളേക്കാൾ ഇനി കേൾക്കാനുണ്ടെന്ന പ്രത്യാശയും സമ്മാനിച്ചുകൊണ്ടാണ് ലോക അവസാനിക്കുന്നത്.
Read More: മോഹൻലാൽ- സത്യൻ അന്തിക്കാട് ചിത്രം ഹൃദയപൂർവ്വം തിയേറ്ററുകളിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.