/indian-express-malayalam/media/member_avatars/N5ZjXXWsNcIdzMM523Jm.jpg )
/indian-express-malayalam/media/media_files/2025/08/28/hridayapoorvam-review-1-2025-08-28-13-14-23.jpg)
Hridayapoorvam Movie Review & Rating: പേരു പോലെ തന്നെ ഇടയ്ക്ക് പ്രേക്ഷകരുടെ ഹൃദയം തൊട്ടും ചിരിപ്പിച്ചും ബോറടിപ്പിക്കാതെയും മുന്നോട്ടു പോവുന്ന ഒരു ഫീൽ ഗുഡ് ചിത്രം, സത്യൻ അന്തിക്കാട്- മോഹൻലാൽ കൂട്ടുക്കെട്ടിന്റെ ഹൃദയപൂർവ്വത്തെ ഒറ്റ വാക്കിൽ അങ്ങനെ വിശേഷിപ്പിക്കാം. സത്യൻ അന്തിക്കാട് ചിത്രങ്ങളുടെ ഒരു വൈകാരിക പരിസരം എവിടെയൊക്കെയോ സൂക്ഷിക്കുമ്പോഴും കുറേക്കൂടി ഫ്രഷ്നെസ്സ് ഫീൽ ചെയ്യുന്നൊരു കഥാപരിസരമാണ് ഹൃദയപൂർവ്വത്തിൽ കാണാനാവുക.
കൊച്ചിയിൽ ഒരു ക്ലൗഡ് കിച്ചൻ നടത്തുകയാണ് സന്ദീപ് ബാലകൃഷ്ണൻ. ഹൃദയത്തിനു ചില തകരാറുകളുള്ള സന്ദീപ് ഒരു ഹാർട്ട് ട്രാൻസ്പ്ലാൻറ് ശസ്ത്രക്രിയയ്ക്കു വിധേയനാവുന്നു. വിജയകരമായ ആ ശസ്ത്രക്രിയയ്ക്ക് ഒടുവിൽ, ഒരു പുതിയ ഹൃദയം അയാളിൽ മിടിച്ചു തുടങ്ങുന്നു.
പുതിയ ഹൃദയതുടിപ്പുകൾ മാത്രമല്ല, അയാളിൽ മിടിക്കുന്ന ആ ഹൃദയത്തെ തേടി ചില പ്രിയപ്പെട്ടവർ കൂടി സന്ദീപിന്റെ ജീവിതത്തിലേക്ക് എത്തുകയാണ്. അതോടെ അയാളുടെ ജീവിതത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. പുതിയ ഹൃദയത്തിനു മുൻപും ശേഷവുമായി സന്ദീപിന്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടു പോവുന്നത്.
വളരെ കൂളായ മോഹൻലാലിനെയാണ് ചിത്രത്തിൽ കാണാനാവുക. സന്ദീപ് എന്ന കഥാപാത്രത്തിന്റെ പരുങ്ങലുകളെയും കൺഫ്യൂഷനുകളെയുമെല്ലാം ഏറ്റവും രസകരമായി തന്നെ മോഹൻലാലിൽ കാണാനാവും. സന്ദീപ്- ജെറി കോമ്പോയാണ് ചിത്രത്തിന്റെ രസച്ചരട് മുറിക്കാതെ മുന്നോട്ടു കൊണ്ടുപോവുന്നത്. മോഹൻലാലും സംഗീത് പ്രതാപും തമ്മിലുള്ള ആ കെമിസ്ട്രി ചിത്രത്തിനുടനീളം ഗുണം ചെയ്യുന്നുണ്ട്.
അച്ഛന്റെ ഓർമകളെ ഏറ്റവും തീവ്രമായി ചേർത്തുപിടിക്കുന്ന ഹരിതയായി മാളവികയും മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. സംഗീത, സിദ്ദീഖ് എന്നിവരും തങ്ങളുടെ റോളുകളിൽ തിളങ്ങുന്നുണ്ട്. സിദ്ദിഖിന്റെ അളിയൻ കഥാപാത്രം കണ്ടിരിക്കെ, അത് യഥാർത്ഥത്തിൽ ഇന്നസെന്റിനു വേണ്ടി എഴുതപ്പെട്ട ഒന്നാണോ എന്നു തോന്നി. ബാബുരാജ്, സബിതാ ആനന്ദ്, ലാലു അലക്സ്, ജനാർദ്ദനൻ, നിഷാൻ, സൗമ്യ പിള്ള തുടങ്ങിയവരും ശ്രദ്ധേയമായ അഭിനയം കാഴ്ച വച്ചു. സർപ്രൈസ് സമ്മാനിച്ച് കൊണ്ട് മലയാളികൾക്കേറെ പ്രിയപ്പെട്ട രണ്ടു മുൻനിര അഭിനേതാക്കളും അതിഥി വേഷത്തിൽ വന്നു പോവുന്നുണ്ട്.
കേരളത്തിൽ നിന്നും പൂനെയിലേക്കുള്ള ആ ഷിഫ്റ്റും കാഴ്ചയ്ക്ക് ഫ്രെഷ്നെസ്സ് സമ്മാനിക്കുന്നുണ്ട്. സന്ദീപിനും ജെറിയ്ക്കുമൊപ്പം പ്രേക്ഷകരും ഒരു പുതിയ നഗരത്തിലെത്തിയ ഫീൽ ഉടനീളം ചിത്രത്തിൽ അനുഭവപ്പെടുന്നു. കേരളത്തിന്റെ ഗ്രാമീണപരിസരം ഏറ്റവും മനോഹരമായി ആവിഷ്കരിച്ചിട്ടുള്ള സംവിധായകരിൽ ഒരാളാണ് സത്യൻ അന്തിക്കാട്. പൂനെയുടെ അർബൻ ജീവിതവും അതിന്റെ തനിമയോടെ തന്നെ ഉൾകൊള്ളാനും ഏറ്റവും മനോഹരമായി പോർട്രെ ചെയ്യാനും അന്തിക്കാടിനു കഴിഞ്ഞിട്ടുണ്ട്.
Also Read: ഇതുപോലൊരു കഥ ചെയ്യാൻ ധൈര്യമുള്ളവർ ഇന്ന് ഇല്ല: മോഹൻലാൽ
Hridayapoorvam Film Review & Rating
Also Read: Bhagavan Dasante Ramarajyam OTT: ഭഗവാൻ ദാസന്റെ രാമരാജ്യം ഒടിടിയിലേക്ക്; എവിടെ കാണാം?
സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് സോനു ടിപിയാണ്. അതിവൈകാരികതയിലേക്ക് വീണു പോവാതെ തീർത്തും സ്വാഭാവികതയോടെയാണ് കഥാമുഹൂർത്തങ്ങളെ തിരക്കഥ ആവിഷ്കരിക്കുന്നത്.
അനൂപ് സത്യനും ചിത്രത്തിൽ അസോസിയേറ്റായി പ്രവർത്തിച്ചിട്ടുണ്ട്. അനു മൂത്തേടത്ത് ക്യാമറയും ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ നിർമ്മിക്കപ്പെട്ട ചിത്രത്തിൽ, പതിവുപോലെ ആന്റണി പെരുമ്പാവൂരും പ്രത്യക്ഷപ്പെടുന്നുണ്ട്.
മാറി ചിന്തിച്ചു തുടങ്ങിയ, പുതിയ കാലത്തിനൊപ്പം സഞ്ചരിക്കാൻ ശ്രമിക്കുന്ന ഒരു സത്യൻ അന്തിക്കാടിനെ ഹൃദയപൂർവ്വത്തിൽ കാണാം. ധാരാളം ഫൺ മൊമന്റുകളുള്ള ചിത്രം കുടുംബപ്രേക്ഷകരെ ലക്ഷ്യമിട്ടാണ് എത്തിയിരിക്കുന്നത്. പ്രേക്ഷകരെ രസിപ്പിക്കുക എന്ന ദൗത്യം മനോഹരമായി തന്നെ നിറവേറ്റുന്നുണ്ട് ഹൃദയപൂർവ്വം. ഒരു ചെറുപുഞ്ചിരിയോടെ മാത്രമേ നിങ്ങൾക്ക് ഈ ചിത്രം കണ്ടിറങ്ങാനാവൂ.
Also Read: New OTT Releases: ഈ മാസം ഒടിടിയിലെത്തിയ ഏറ്റവും പുതിയ 21 ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.