/indian-express-malayalam/media/media_files/2025/08/28/hridhayapoorvam-2025-08-28-19-32-56.jpg)
ചിത്രം: എക്സ്
Hrdayapoorvam Film Review: ഞങ്ങളുടെ ചമ്മനാട് ഒരു ദേവീക്ഷേത്രമുണ്ട്. ഉത്സവക്കാലത്തവിടെ ഗരുഡന്‍തൂക്കം പതിവാണ്. സ്‌റ്റേജില്‍ കെട്ടിത്തൂക്കിയ പഴക്കുലയില്‍ നിന്ന് കൂര്‍ത്ത കൊക്കു വച്ചു കെട്ടി, ആട്ടവേഷത്തിന്റെ വര്‍ണ്ണക്കൊഴുപ്പില്‍ മുങ്ങി, ചുവട് വച്ചു വേദിയില്‍ നിറയുന്ന ഗരുഡന്‍, ഇടക്കിടെ ഓരോ പഴം കൊത്തിയെടുത്ത് സദസ്സിലേക്കെറിയും. കൊത്തിയെറിയലും അതു പിടിച്ചെടുക്കലും ഒപ്പം കഴിയണം - എനിക്കത്ര മെയ്‌വഴക്കമില്ലാത്തിനാലും ഊഹങ്ങള്‍ക്കും കണക്കുകൂട്ടലുകള്‍ക്കുമപ്പുറത്തേക്കുമാണ് ഗരുഡച്ചുണ്ടിന്റെ അതിവേഗതാളം എന്നതിനാലും കുട്ടിക്കാലത്ത് എനിയ്ക്ക് ഒരു പഴം പോലും കിട്ടിയിട്ടില്ല ആ ഗരുഡന്റടുത്തു നിന്ന്.
സദസ്സിലിരിക്കുന്നവര്‍ കണ്ണ്, കാത്, തലച്ചോറ് ഒക്കെ കൂര്‍പ്പിച്ചു വയ്‌ക്കേണ്ടുന്ന ഗരുഡനീക്കങ്ങളാണ് ഇപ്പോഴത്തെ സിനിമകളില്‍ എന്ന് തോന്നാറുണ്ട്. അതിജാഗരൂകത ആവശ്യപ്പെടുന്നു തുടക്കം മുതല്‍ അവസാനം വരെ ഓരോ ഫ്രെയിമും. ഓരോ കളത്തിലും നിറയുന്ന ജിഗ്‌സാപസില്‍ക്കഷണങ്ങള്‍ പിടിച്ചെടുക്കണമെങ്കില്‍ അംഗോപാംഗം നമ്മളുപയോഗിക്കേണ്ടതുണ്ട്. ഏതെങ്കിലും ഒരു പസില്‍ത്തുണ്ട് മിസ്സായാല്‍, അതെന്താ ഇങ്ങനെ, ഇതെന്താ ഇങ്ങനെ എന്ന് സിനിമയിലെ കഥാവ്യാപാരം മനസ്സിലാവാതാവും... ഈ പസില്‍ത്തുണ്ടുകള്‍ ഒന്നു പോലും മിസ്സാവാതെ പിടിച്ചെടുക്കാനായില്ലെങ്കിൽ ഒന്നു തീര്‍ച്ച, ഹതാശരായാവും തീയറ്റര്‍ വിട്ടിറങ്ങേണ്ടി വരിക. അത്രയ്ക്കുണ്ട് ഓരോ സിനിമയും ആവശ്യപ്പെടുന്ന ബുദ്ധിവ്യാപാരവും കൂര്‍മ്മനിരീക്ഷണവുമെല്ലാം.
മറ്റൊരു പുതുസിനിമാപ്രവണത, ഹൃദയാഘാതമുണ്ടാവുന്നത്ര അസഹനീയവും തീക്ഷ്ണവും അതിഘോരവും പൈശാചികവുമായ സംഘട്ടനങ്ങളിലും ഹിംസകളിലും നിന്നും ഒലിച്ചിറങ്ങുന്ന ചോരച്ചുവപ്പാണ്.
Also Read: ഹൃദയം തൊട്ടും ചിരിപ്പിച്ചും 'ഹൃദയപൂർവ്വം'; റിവ്യൂ
അത്തരമൊരു സിനിമാസംസ്‌ക്കാരം തഴച്ചു വളരുന്ന പ്രവണതയ്ക്കിടയിലേക്കാണ് 'ഹൃദയപൂര്‍വ്വ'വുമായി സത്യന്‍ അന്തിക്കാട് എത്തുന്നത്. ഹൃദയത്തെ പിടിച്ചുലയ്ക്കുന്ന കഥയൊന്നുമില്ല ഇതില്‍. മഹത്തരമായ സിനിമയെന്നു പറയാനുമില്ല. അത്തരം അവകാശവാദങ്ങളൊന്നും സിനിമ ഉന്നയിക്കുന്നുമില്ല. കണ്ടിരിക്കാം, ഒന്ന് ചിരിക്കാം എന്ന ക്ഷണമേയുള്ളു ഈ സിനിമയില്‍. കണ്ണും കാതും കാര്യകാരണവിശകലനമിടുക്കും കൂര്‍പ്പിച്ചു വയ്ച്ചു തളരില്ല ഇതു കണ്ടെണീക്കുമ്പോള്‍. പതിവു കൂട്ടാനുകളില്‍ നിന്ന് വമ്പിച്ച വ്യത്യാസമൊന്നുമില്ലെങ്കില്‍പ്പോലും ഓണയൂണു കഴിഞ്ഞ് ഇല മടക്കി വച്ചെണീറ്റ് ഒരു കുഞ്ഞുസന്തോഷവുമായി ഹൃദയപൂര്‍വ്വം നടന്നു പോകും പോലെ തീയറ്റര്‍ വിട്ടു പോകാം ഈ സിനിമ കഴിഞ്ഞ്.
ഒരു മസ്തിഷ്‌ക്കാഘാതം, എടുത്തു മാറ്റപ്പെട്ട ഹൃദയം, ഹെലിക്കോപ്റ്റര്‍ വഴി കൊച്ചിയിലേക്കു കൊണ്ടു വന്ന് അത് തുന്നിപ്പിടിപ്പിക്കുന്ന മറ്റൊരു മനുഷ്യദേഹം, അതിനെത്തുടര്‍ന്ന് തികച്ചും യാദൃച്ഛികമായി ഹൃദയസ്വീകര്‍ത്താവായ സന്ദീപ് ബാലകൃഷ്ണന് പൂനെയിലുള്ള ഡോണര്‍ കുടുംബത്തിലെ മകള്‍ ഹരിതയും അമ്മ ദേവികയുമായി ഇടപഴകേണ്ടി വരുന്ന കുറച്ചു നാളുകള്‍- ഇത്രേയുള്ളു കഥ. മാളവികാ മോഹനനും മോഹന്‍ലാലും നായികാനായകന്മാരായതിനെ മുപ്പതു വയസ്സും അറുപതു വയസ്സും തമ്മിലെന്ത് എന്ന ചോദ്യം ചോദിച്ചു പരിഹസിച്ച് ക്രൂശിക്കുന്നതില്‍ കാര്യമില്ലെന്നു മനസ്സിലാക്കിത്തന്നാണ് സിനിമ തുടങ്ങുന്നതും തീരുന്നതും.
'തുടരും' സിനിമ, വിരലുകളുടെ ചലനങ്ങളില്‍ പോലും താളാത്മകമായ ഒഴുക്കുള്ള പഴയ മോഹന്‍ലാലിന്റെ വീണ്ടെടുപ്പാണെന്നുല്‍ഘോഷിക്കപ്പെട്ടുവെങ്കിലും സ്‌ക്കൂള്‍ കുട്ടികളെ വണ്ടിയിലേക്കു പിടിച്ചിടാനുള്ള ഓട്ടപ്പാച്ചിലില്‍ മാത്രമേ പഴയ മോഹന്‍ലാലിനെ കാണാനായുള്ളു എന്ന പരിഭവം വച്ചു പുലര്‍ത്തുന്ന എന്നെപ്പോലുള്ളവര്‍ക്ക് 'ഹൃദയപൂര്‍വ്വം' ഒരാശ്വാസമാണ്. മോഹന്‍ലാലിന് കണ്ണുണ്ടെന്ന് ഏറെക്കാലം കൂടി കാണാനായി ഈ സിനിമയില്‍. കണ്ണു കൊണ്ട് അഭിനയിക്കുന്ന, കണ്ണില്‍ സ്‌നേഹവും പ്രണയവും കളിചിരികളും തെളിയുന്ന മോഹന്‍ലാലിനെ തിരികെത്തരുന്നു എന്നുള്ളതാണ് ഈ സിനിമയുടെ അടിവരയിട്ടു പറയേണ്ടുന്ന പ്രത്യേകത.
തുന്നിച്ചേര്‍ത്ത ഹൃദയവും നട്ടെല്ലിന് ചെറുപരിക്കുമായി മോഹന്‍ലാല്‍ മെല്ലെയും ബ്രെയ്സുമായി നടക്കുമ്പോള്‍, അയ്യോ എന്നു പരിഭ്രാന്തരായി നമുക്കു ചെന്ന് ഒന്നു താങ്ങാന്‍ തോന്നുന്നയിടങ്ങള്‍ പലതുണ്ട് സിനിമയില്‍. എവിടെയോ വച്ച് മോഹന്‍ലാല്‍ തന്നെ മറന്നു പോയതോ കളഞ്ഞു കുളിച്ചതോ ആയ മോഹനനടനം തിരികെയെത്തുന്ന മുഹൂര്‍ത്തങ്ങളാണ് അതെല്ലാം.
Also Read: ഇതുപോലൊരു കഥ ചെയ്യാൻ ധൈര്യമുള്ളവർ ഇന്ന് ഇല്ല: മോഹൻലാൽ
നസ്‌ലൻ, മാത്യു, സംഗീത് പ്രതാപ് എന്നി യുവതാരങ്ങള്‍ തരുന്ന പ്രതീക്ഷ ഒട്ടും അസ്ഥാനത്തല്ലെന്ന് തെളിയിച്ചാണ് സംഗീതിന്റെ അഭിനയം. 'തുടരും' സിനിമയില്‍ മോഹന്‍ലാലിനെ പുറകിലാക്കി പ്രകാശ് വര്‍മ്മ തിളങ്ങിയില്ലേ എന്ന സംശയത്തിനൊപ്പമാണ് ഈ സിനിമയില്‍ മോഹന്‍ലാലിന്റെ കൂടെയുള്ള സംഗീതിന്റെ നില്‍പ്പ്. എല്ലാക്കാലത്തേക്കുമുള്ളതല്ല പ്രതിഷ്ഠകള്‍ എന്നാവാം ഈ രണ്ടു സിനിമകളും തരുന്ന സൂചന.
മാളവികാ മോഹനന്‍, സത്യന്‍ അന്തിക്കാടു സിനിമയില്‍ കാണാത്തത്ര വസ്ത്രവൈവിദ്ധ്യങ്ങളോടെ സിനിമയുടെ ഒഴുക്കിനൊപ്പം ഒഴുകി അഭിനയിച്ചു. സിനിമാത്തുടക്കം, ചിരിയുടെ സ്വാഭാവികവഴിയിലേക്ക് കയറാനാവാതെ കുറച്ചു നേരം കിതച്ചു നിന്നുവെങ്കിലും, ചിലപ്പോഴൊക്കെ പഴഞ്ചന്‍ ചിരിക്കൂട്ടുകളില്‍ കഥയിലെ ചിരിമുഹൂര്‍ത്തങ്ങള്‍ ഒട്ടൊന്നു മടുപ്പിച്ചുവെങ്കിലും, ഏതൊക്കെയോ ചിലയിടങ്ങളില്‍ സ്വയം മറന്നു ചിരിപ്പിക്കാനായി മോഹന്‍ലാല്‍-സംഗീത് കൂട്ടുകെട്ടിന്. ട്രെയിലറിലെ തമാശകള്‍ രസിച്ചുവെങ്കിലും ട്രെയിലറും അതിലെ തമാശകളും സിനിമയും തമ്മില്‍ ഒരു പരസ്പരബന്ധവുമില്ലാതെ നില്‍ക്കുന്ന കാഴ്ചകളില്‍ പകച്ച് തലയില്‍ കൈവച്ച് ഇരിക്കേണ്ടി വന്നിട്ടുണ്ട് പലപ്പോഴും. സമാധാനം, ഈ സിനിമ അങ്ങനെയല്ല.
മോഹന്‍ലാലിന്റെ അനായാസശരീരചലനങ്ങളും മുഗ്ധഭാവങ്ങളും കണ്ടുമയങ്ങിയിരുന്നപ്പോള്‍, 'കൊണ്ടാട്ടം' മൂഡിനപ്പുറമുള്ള അദ്ദേഹത്തിന്റെ നൃത്തച്ചുവടുകള്‍ക്കു കൂടി ഈ സിനിമ ഇടം കണ്ടെത്തേണ്ടതായിരുന്നു എന്നു തോന്നി. ജസ്റ്റിന്‍ പ്രഭാകരന്റെ ഈണത്തില്‍ നാലോളം പാട്ടുകളുള്ളതിലെവിടെയെങ്കിലും ഒരു സ്വപ്‌നത്തുണ്ടിലെങ്കിലും അതാവാമായിരുന്നു. നട്ടെല്ലും ഹൃദയവും പഴയപടി ആകുമ്പോള്‍ സ്റ്റണ്ടാവാമെങ്കില്‍ താളത്തിലുള്ള കുറച്ചു പദചലനങ്ങള്‍ക്കാണോ പ്രശ്‌നം എന്ന ഒരു ചിരിച്ചോദ്യം എന്റെ ചുണ്ടത്തുണ്ട്.
സത്യൻ അന്തിക്കാട് എന്നാണ് എഴുപതുകളിലെത്തി നിൽക്കുന്ന സംവിധായകൻ്റെ പേരെങ്കിലും അന്തിമങ്ങലിലൂടെയല്ല പകൽ വെളിച്ചത്തിലൂടെയാണ് നടപ്പും നിൽപ്പുമെന്നും തോന്നി യുവത്വത്തിനുമിഷ്ടപ്പെടുന്ന നിറങ്ങളും ആട്ടവും പാട്ടുമുള്ള ഈ സിനിമാ നേരത്ത്
സിനിമാമോഹിതരുടെ ഒരു മൂന്നാള്‍ സംഘത്തിന്റെ ഡയലോഗുകള്‍ വഴി, വയലന്‍സ് നിറഞ്ഞ പുതുസിനിമകള്‍ക്കിട്ട് ഒരു തട്ടും കൊട്ടും കൊടുക്കുന്നുണ്ട് ഈ സിനിമ. ടോക്‌സിക് റിലേഷന്‍ഷിപ്പുകള്‍ ഒരു തരത്തിലും പെണ്‍കുട്ടികള്‍ പ്രോത്സാഹിപ്പിക്കരുതെന്നു പറയുന്ന ഒരു കുഞ്ഞന്‍ സോദ്ദേശ-ഇടവും കൂടിയുണ്ട് ഈ സിനിമയില്‍.
ഓഗസ്റ്റ് 28ന് റിലീസായ ഈ സിനിമയിലെ കേന്ദ്ര കഥാപാത്രമായ സന്ദീപ് ബാലകൃഷ്ണന്റെ പിറന്നാളായി കഥയിലേക്ക്, ആ ഓഗസ്റ്റ് ദിവസം തന്നെ തുന്നിച്ചേര്‍ത്തത് രസമായി എന്നു വിചാരിക്കുമ്പോഴാണ് മറ്റൊരു രസം, സത്യന്‍ അന്തിക്കാടില്‍ നിന്നു തന്നെ അറിഞ്ഞത് -സത്യന്‍ അന്തിക്കാടിന്റെ മൂത്തമകന്‍ അരുണിന്റെ ബര്‍ത്‌ഡേയും ഓഗസ്റ്റ് 28 നാണ്.
Also Read: ഇതാര് ദുർമന്ത്രവാദിനിയോ? ലാലേട്ടന്റെ പഴയ നായികയെ കണ്ട് അമ്പരന്ന് ആരാധകർ
അഖില്‍ സത്യന്റെ മൂലകഥയ്ക്ക് തിരക്കഥാഭാഷ്യം ചമച്ചിരിക്കുന്നത് സോനു ടി പിയാണ്. 'നൈറ്റ് കാള്‍' എന്ന ഒരു ഷോര്‍ട്ട്ഫിലിമിന്റെ എഴുത്തുകാരനും സംവിധായകനുമായ കാഞ്ഞിരപ്പള്ളിക്കാരന്‍ സോനുവിനെ സത്യന്‍ അന്തിക്കാട് അന്വേഷിച്ച് കണ്ടുപിടിച്ച് തന്റെ തിരക്കഥാകാരനാക്കുകയായിരുന്നു.
ജനാര്‍ദ്ദനന്‍, സബിതാ ആനനന്ദ്, സിദ്ദിഖ്, ബാബുരാജ്, ലാലു അലക്‌സ്, സംഗീതാ മാധവന്‍ നായര്‍ ഇവരെല്ലാം ചേര്‍ന്നു തീര്‍ക്കുന്ന ഉപകഥകളിലൂടെയാണ് സിനിമ മുന്നോട്ടു പോകുന്നത്. സത്യന്‍ അന്തിക്കാട് സിനിമകള്‍, കഥാപശ്ചാത്തലം എവിടെയായാലും ഉപകഥകള്‍കൊണ്ട് സമ്പന്നമായിരിക്കും എന്ന പതിവിന് ഇത്തവണയും മാറ്റമില്ല. പ്രൊഡ്യൂസർ ആൻ്റണി പെരുമ്പാവൂരും നടനും സംവിധായകനായ അൽത്താഫും മീരാ ജാസ്മിനും അതിഥി റോളുകളിൽ വന്നു പോകുന്നുവെന്ന കൗതുകം കൂടി സമ്മാനിക്കുന്നുണ്ട് 'ഹൃദയപൂർവ്വം.'
ഏറെ കൊണ്ടാടപ്പെട്ട ഒരു മലയാളസിനിമ കാണാന്‍ മകന്‍ കുഞ്ഞുണ്ണിയെ അവന്റെ വെക്കേഷന്‍ സമയത്ത് ഉന്തിത്തള്ളി പറഞ്ഞയക്കുകയുണ്ടായി കുറച്ചു നാള്‍ മുമ്പ്. എങ്ങനെയുണ്ടായിരുന്നു സിനിമ എന്നു ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞത് അമ്മ കണ്ടിരുന്നെങ്കില്‍ ഒരഞ്ചു തവണയെങ്കിലും ആത്മഹത്യ ചെയ്‌തേനെ എന്നാണ്.
ഏതായാലും ഈ സിനിമ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്നില്ല, മുറുകി നില്‍ക്കുന്ന ഏതോ ഞരമ്പുകളെയൊക്കെ അയയ്ക്കുന്നുണ്ട് എന്നതു തന്നെ മഹാകാര്യം.
സാധാരണയായി ഒരു മലയാളം സിനിമ കണ്ടാല്‍ പിന്നെ തീയറ്ററിന്റെ പരിസരത്തേക്കെത്തിനോക്കാന്‍ പോലും തോന്നാറില്ല, പക്ഷേ 'ഹൃദയപൂര്‍വ്വം' കണ്ടിറങ്ങുമ്പോള്‍ നാളെ പോയി, 'ഓടും കുതിര ചാടും കുതിര' എന്ന ഫഫ സിനിമ കാണാനുള്ള മൂഡ് അവശേഷിക്കുന്നുണ്ട്, അതു തന്നെയാണ് ഈ സിനിമ കൊണ്ടുള്ള ഏറ്റവും വലിയ ഗുണം.
Read More: സൂപ്പർഹീറോയായി കല്യാണി, മലയാളത്തിന്റെ മാർവൽ ലെവൽ പടം; ലോക - ചാപ്റ്റർ വൺ ചന്ദ്ര റിവ്യൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us